മലപ്പുറം:കുറ്റിപ്പുറത്ത് വെച്ച് വെട്ടേറ്റ തമിഴ്നാട്ടുകാരന് മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധിക്കപ്പെട്ടതായി പരാതി.കുറ്റിപ്പുറത്ത് വെച്ച് തമിഴ്‍നാട്ടുകാരനായ രാജേന്ദ്രന്റെ കാൽപ്പാദം മറ്റൊരു തമിഴ്നാട്ടുകാരൻ വെട്ടുകയായിരുന്നു.അറ്റുതൂങ്ങിയ കാൽപാദവുമായി രാജേന്ദ്രനെ ആദ്യം തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും അവിടെ പ്രവേശിപ്പിച്ചില്ല.പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും പണമില്ലാത്തതിനാൽ അവിടെയും പ്രവേശിപ്പിച്ചില്ല.തുടർന്ന് ഇയാളെ കോയമ്പത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുവരുമ്പോഴുള്ള നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് ഡയറക്റ്റർ ഡോ.ആർ.എൽ സരിത അധ്യക്ഷയായ സമിതി കണ്ടെത്തിയിരിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽകോളേജ് ആശുപത്രികളിൽ ഗുരുതരമായ കേസുകൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ പരിശോധിക്കാൻ ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
സർക്കാർ ഓഫീസുകളിലെ പാർട്ട് ടൈം,താൽക്കാലിക ജീവനക്കാർക്കും ഇനി മുതൽ സൗജന്യ റേഷൻ
തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ പാർട്ട് ടൈം,താൽക്കാലിക ജീവനക്കാർക്കും ഇനി മുതൽ സൗജന്യ റേഷൻ നല്കാൻ തീരുമാനം.ഒരു ലക്ഷത്തോളം ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.ഇതിൽ ഏറെപ്പേരും നേരത്തെ ബിപിഎൽ പട്ടികയിൽ ഉണ്ടായിരുന്നവരാണ്. മാസവരുമാനം 25000 രൂപയിൽ താഴെ ഉള്ളവർക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഇവർക്ക് നാലുചക്ര വാഹനമോ ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഉണ്ടാകാൻ പാടില്ല.ക്ലാസ് ഫോർ തസ്തികയിൽ നിന്ന് വിരമിച്ച പെൻഷൻ വാങ്ങുന്നവരെയും 5000 രൂപയ്ക്ക് താഴെ പെൻഷൻ വാങ്ങുന്നവരെയും 10000 രൂപയ്ക്ക് താഴെ സ്വാതന്ത്യ പെൻഷൻ വാങ്ങുന്നവരെയുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുക.
കൊച്ചി മെട്രോ ചൊവ്വാഴ്ച്ച മുതൽ മഹാരാജാസ് വരെ ഓടി തുടങ്ങും
കൊച്ചി:കൊച്ചി മെട്രോ ചൊവ്വാഴ്ച്ച മുതൽ മഹാരാജാസ് വരെ ഓടി തുടങ്ങും.മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് പുരിയും ചേര്‍ന്നാവും ഉദ്ഘാടനം നിര്‍വഹിക്കുക. ഇരുവരും ചേർന്ന് പുതിയ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തിന് ശേഷം പുതിയ പാതയിലൂടെ യാത്ര ചെയ്ത ചെയ്യും. തുടര്‍ന്ന് ടൗൺ ഹാളിൽ ഉദ്ഘാടനച്ചടങ്ങും നടക്കും.അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ആകെ ദൂരം 18 കിലോമീറ്ററാവും.നഗരത്തിലെ പ്രധാന ഭാഗങ്ങളിലേക്ക് കൂടി മെട്രോ സർവീസ് ആരംഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കെഎംആര്‍എലിന്റെ പ്രതീക്ഷ.അഞ്ച് സ്റ്റേഷനുകളാണ് കലൂര്‍ മുതല്‍ മഹാരാജാസ് വരെയുള്ള ഭാഗത്ത് ഉള്ളത്. നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി, എംജി റോഡ്, മഹാരാജാസ് എന്നിവയാണ് സ്റ്റേഷനുകള്‍.വ്യത്യസ്തവും ആകര്‍ഷകവുമായ തീമുകളും ഡിസൈനുകളുമാണ് ഉപയോഗിച്ചാണ് അഞ്ച് സ്റ്റേഷനുകളും അണിയിച്ചൊരുക്കിയിരിക്കുന്നത്
കാസർകോഡ് കാനറാ ബാങ്ക് എ ടി എമ്മിൽ വൻ കവർച്ച ശ്രമം
കാസർകോഡ്:കാസർകോഡ് പെരിയയിൽ കാനറാ ബാങ്ക് എ ടി എമ്മിൽ വൻ കവർച്ച ശ്രമം.16 ലക്ഷത്തോളം രൂപ കവർച്ച ചെയ്യപ്പെട്ടതായാണ് ബാങ്ക് അധികൃതർ പറയുന്നത്.എന്നാൽ പണം നഷ്ട്ടപ്പെട്ടിട്ടില്ല എന്നാണ് പോലീസിന്റെ വാദം.ബാങ്ക് രേഖകൾ പ്രകാരം 20 ലക്ഷം രൂപ എ ടി എമ്മിൽ നിറച്ചിരുന്നു.ഇതിൽ നാലു ലക്ഷം രൂപ ഉപഭോക്താക്കൾ പിൻവലിച്ചിരുന്നു.ബാക്കി പണം ക്യാഷ് ബോക്സിൽ ഉണ്ടെന്നാണ് കരുതുന്നത്.വിദഗ്ദ്ധ സംഘം പരിശോധന നടത്തിയാൽ മാത്രമേ പണം കവർച്ച ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാവുകയുള്ളൂ.മോഷ്ട്ടാക്കളുടെ ദൃശ്യങ്ങൾ സിസിടിവി യിൽ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.മുഖംമൂടി ധരിച്ച രണ്ടുപേരാണ് ദൃശ്യങ്ങളിൽ ഉള്ളത്.സംഭവസ്ഥലത്തു വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തി വരികയാണ്.