കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ചതിനു തൊട്ടുപിന്നാലെ തീയേറ്റർ ഉടമകളുടെ സംഘടനായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ(ഫ്യുയോക്) പ്രസിഡന്റായി ദിലീപിനെ വീണ്ടും തിരഞ്ഞെടുത്തു.കൊച്ചിയിൽ നടന്ന യോഗത്തിലാണ് ദിലീപിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തത്.കേസിൽ ദിലീപ് അറസ്റ്റിലായതിനെ തുടർന്ന് അദ്ദേഹത്തെ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും ഒഴിവാക്കുകയും പകരം വൈസ് പ്രസിഡന്റായിരുന്ന ആന്റണി പെരുമ്പാവൂരിലെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.ദിലീപിനെ സംഘടനയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും തീരുമാനം ദിലീപിനെ ഉടൻ അറിയിക്കുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.ആന്റണി പെരുമ്പാവൂർ വൈസ് പ്രസിഡന്റായി തുടരും.സംഘടനയുടെ പ്രവർത്തനത്തിൽ ദിലീപ് വേണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാലാണ് ദിലീപിനെ തിരികെ എടുത്തതെന്നും ഫിയോക് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.നിലവിൽ കേസിൽ നാദിര്ഷയെ പ്രതിചേർക്കാനുള്ള സാഹചര്യം ഇല്ലെന്നു പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് ജാമ്യ ഹർജി തീർപ്പാക്കിയത്.ആവശ്യമെങ്കിൽ മുൻകൂർ നോട്ടീസ് നൽകി പൊലീസിന് നാദിർഷയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.വഴിയേപോകുന്നവരെയെല്ലാം പ്രതിയാക്കരുതെന്നും സാക്ഷികളെ സാക്ഷിയായി തന്നെ നിലനിർത്തണമെന്നും കോടതി പോലീസിനെ വിമർശിച്ചു.
ഒക്ടോബർ 13 ന് യുഡിഎഫ് ഹർത്താൽ
തിരുവനന്തപുരം:ഒക്ടോബർ 13 ന് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ യുഡിഎഫ് തീരുമാനം.ഇന്ധന വില വർദ്ധനവിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചുമാണ് ഹർത്താൽ.പ്രതിപക്ഷ നേതാവ് രമേശ്ശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.രാവിലെ ആറുമുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ.
സംസ്ഥാന ഉത്തരമേഖലാ സ്കൂൾ ഗെയിമ്സിനു കണ്ണൂരിൽ തുടക്കം
കണ്ണൂർ:സംസ്ഥാന ഉത്തരമേഖലാ സ്കൂൾ ഗെയിംസ് കണ്ണൂരിൽ തുടങ്ങി.ഏഴുജില്ലകളിലെ കായികതാരങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.മേള കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പി.കെ ശ്രീമതി എം.പി ഉൽഘാടനം ചെയ്തു.സ്പോർട്സ് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ജോയിന്റ് ഡയറക്റ്റർ ഡോ.ചാക്കോ ജോസഫ് അധ്യക്ഷത വഹിച്ചു.ഏഴു വേദികളിലായാണ് മത്സരം നടക്കുന്നത്.വിവിധ വിഭാഗങ്ങളിലായി 26 ഇനങ്ങളിലെ മത്സരങ്ങൾ ഇന്നലെ നടന്നു.മേളയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് സംസ്ഥാന സ്കൂൾ ഗെയിംസിൽ മത്സരിക്കാനാകും.
മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്ത സംഭവം;ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി തുടങ്ങി
കണ്ണൂർ:കാസർകോഡ്,മഞ്ചേശ്വരം മേഖലയിൽ നിന്നും ഓണക്കാലത്ത് മായം കലർന്ന വെളിച്ചെണ്ണ പിടിച്ചെടുത്ത സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി തുടങ്ങി.വെളിച്ചെണ്ണയിൽ മായം ചേർത്തിട്ടുണ്ടെന്ന പരാതിയെ തുടർന്ന് കാസർകോഡ്,മഞ്ചേശ്വരം മേഖലയിൽ നിന്നും ഭക്ഷ്യ വകുപ്പ് സാമ്പിൾ പരിശോധിച്ച ആറിൽ അഞ്ചും നിലവാരം കുറഞ്ഞതാണെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു.മൂന്നു കമ്പനികളുടെ ലേബലിലുള്ള വെളിച്ചെണ്ണയാണ് പിടിച്ചെടുത്തത്.മായം കലർന്ന വെളിച്ചെണ്ണ വിപണിയിൽ ഇറക്കിയവർക്കെതിരെ കേസെടുക്കുന്നതിന്റെ മുന്നോടിയായി ഉടൻ തന്നെ നോട്ടീസ് നൽകുമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.
ജനരക്ഷായാത്രയിൽ പങ്കെടുത്ത വാഹനത്തിനു നേരെ അക്രമം
കരിവെള്ളൂർ:കരിവെള്ളൂരിൽ ജനരക്ഷായാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനത്തിനു നേരെ കല്ലേറ്.സിൻഡിക്കേറ്റ് ബാങ്കിന് സമീപമാണ് അക്രമം നടന്നത്.അക്രമത്തിൽ ബാങ്ക് എ ടി എം കൗണ്ടറിന്റെ ചില്ല് തകർന്നു.സമീപത്തുള്ള കെ.വി കുഞ്ഞിരാമൻ,സി.രാമകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് നേരെയും കല്ലേറുണ്ടായി.കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.സ്ഥലത്ത് സിപിഎം പ്രവർത്തകരും സംഘടിച്ചെത്തിയതോടെ നേരിയ തോതിൽ സംഘർഷമുണ്ടായി.പോലീസ് ലാത്തി വീശി.ഒട്ടേറെ ബൈക്ക് യാത്രക്കാർക്ക് മർദ്ദനമേറ്റതായും പറയുന്നു.
ജില്ലയിൽ യുഡിഎഫിന്റെ രാപകൽ സമരം നാളെ രാവിലെ തുടങ്ങും
കണ്ണൂർ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്റ്ററേറ്റിന് മുൻപിൽ രാപകൽ സമരം നാളെ രാവിലെ ആരംഭിക്കും.നാളെ രാവിലെ പത്തുമണിക്ക് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി സമരം ഉൽഘാടനം ചെയ്യും.ആറിന് നടക്കുന്ന സമാപന സമ്മേളനം കെ.സി ജോസഫ് എംഎൽഎ ഉൽഘാടനം ചെയ്യും.യുഡിഎഫ് ജില്ലാ ചെയർമാൻ എ.ഡി മുസ്തഫയാണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.അണികളെ തമ്മിലടിപ്പിക്കുമ്പോഴും ഉന്നതങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള കൂട്ടുകെട്ട് ശക്തമാണെന്ന് അദ്ദേഹം ആരോപിച്ചു.കേന്ദ്രമന്ത്രി സ്ഥാനം സുരേഷ് ഗോപിക്കും കുമ്മനത്തിനും നൽകാതെ അൽഫോൻസ് കണ്ണന്താനത്തിനു നൽകിയത് ഇതിന്റെ തെളിവാണെന്നും മുസ്തഫ പറഞ്ഞു.
ചെമ്പന്തൊട്ടിയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ
ശ്രീകണ്ഠപുരം:ചെമ്പന്തൊട്ടിയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശി അറസ്റ്റിൽ.ഒഡിഷ സ്വദേശി സന്തോഷ് ദോറയെയാണ് അരക്കിലോ കഞ്ചാവുമായി ശ്രീകണ്ഠപുരം എക്‌സൈസ് ഇൻസ്പെക്റ്റർ പി.പി ജനാർദ്ദനനും സംഘവും അറസ്റ്റ് ചെയ്തത്.ആവശ്യക്കാരാണെന്ന വ്യാജേന എക്‌സൈസ് സംഘം ഇയാളെ സമീപിക്കുകയായിരുന്നു.ചെങ്കൽ മേഖലയിൽ ജോലി ചെയ്തു വരികയാണ് ഇയാൾ.ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെയും ഇയാൾ ഇത് വിതരണം ചെയ്തിട്ടുള്ളവരെയും കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.
വൃക്ക രോഗികൾക്കായി സൗജന്യ യാത്രാപദ്ധതി ‘ജീവൻരേഖ’യ്ക്ക് തുടക്കമായി
കണ്ണൂർ:വൃക്ക രോഗികൾക്ക് ചികിത്സയ്ക്കായി സൗജന്യയാത്രാസൗകര്യമൊരുക്കുന്ന പദ്ധതിയായ ‘ജീവൻരേഖ’യ്ക്ക് തുടക്കമായി.പാവപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പദ്ധതിയായ ഫുഡ് ഫ്രീസർ,ബ്ലഡ് ഡോണേഴ്സ് ഫോറം തുടങ്ങിയവ ആവിഷ്‌ക്കരിച്ച അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റാണ് ഈ പദ്ധതിയും ആരംഭിച്ചിരിക്കുന്നത്.എം.എസ്.പി പ്രൈവറ്റ് ലിമിറ്റഡിന്റേയും കാർ വേൾഡ് കണ്ണൂരിന്റെയും സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതി പി.കെ ശ്രീമതി എം.പി ഉൽഘാടനം ചെയ്തു.സ്വന്തമായി വാഹനമില്ലാത്ത നിർധനരായ വൃക്ക രോഗികൾ ചികിത്സക്കായി ആശുപത്രികളിൽ എത്തുന്നത് ഓട്ടോറിക്ഷകളിലാണ്.ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസിനായി ആശുപത്രിയിൽ പോകുന്നവർക്ക് ഈ യാത്ര ചിലവ് ഒരു ബാധ്യതയാണ്. അതുപോലെ തന്നെ ഡയാലിസിസിന് ശേഷം ബസിൽ സഞ്ചരിക്കുന്നത് അപകടകരമാണെന്ന് ഡോക്റ്റർമാർ തന്നെ പറയുന്നു.ഇതിനു പരിഹാരമായാണ് ജീവൻരേഖ പദ്ധതി ആരംഭിച്ചതെന്ന് അന്നപൂർണ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ.ജോസഫ് പൂവത്തോലിൽ പറഞ്ഞു.നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രി,പരിയാരം മെഡിക്കൽ കോളേജ്,പാപ്പിനിശ്ശേരി എം.എം ആശുപത്രി,ഖിദ്മ മെഡിക്കൽ സെന്റർ, നവജീവൻ ഡയാലിസിസ് സെന്റർ എന്നിവിടങ്ങളിലെ നിർധനരായ പതിനാലോളം രോഗികൾക്കാണ് സൗജന്യ യാത്ര സേവനം നൽകുന്നത്.
മാടായി സഹകരണ കോളേജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം
പയ്യന്നൂർ:മാടായി സഹകരണ കോളേജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം.അക്രമത്തിൽ ഏഴുപേർക്ക് പരിക്കേറ്റു.തങ്ങളെ കെഎസ്‌യു പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.എന്നാൽ പുറമെ നിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ തങ്ങളുടെ പ്രവർത്തകരെ മർദിക്കുകയായിരുന്നുവെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.ചൊവ്വാഴ്ച ഉച്ചയോടെ പുറമെനിന്നെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ വിദ്യാർത്ഥികളെ മർദിക്കുകയും അധ്യാപകരെയും മറ്റു ജീവനക്കാരെയും ഭീഷണിപ്പെടുത്തി കോളേജിൽ സംഘർഷം സൃഷ്ട്ടിക്കുകയായിരുന്നുവെന്നും അധികൃതർ പരാതിപ്പെട്ടു. സംഘർഷത്തെ തുടർന്ന് കോളേജ് അനിശ്ചിതമായി അടച്ചിട്ടിരിക്കുകയാണ്.അക്രമത്തിൽ പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകരായ അരുൺകുമാർ,പി.അഖിൽ,നന്ദു ആനന്ദ് എന്നിവർ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും കെഎസ്‌യു പ്രവർത്തകരായ മുഹമ്മദ് റാഹിബ്,ആകാശ് ബെന്നി,അക്ഷയ് അരവിന്ദ്,കെ.സച്ചിൻ എന്നിവർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.