കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ കണ്ണൂർ ജില്ലയിലെ പര്യടനം ഇന്ന് കൂത്തുപറമ്പിൽ അവസാനിക്കും.പാനൂർ മുതൽ കൂത്തുപറമ്പ് വരെയാണ് ഇന്നത്തെ പര്യടനം.ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ഇന്ന് യാത്രയിൽ പങ്കെടുക്കും.രാവിലെ പതിനൊന്നുമണിക്ക് പാനൂരിൽ നിന്നും യാത്ര ആരംഭിക്കും.കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ ഇന്നത്തെ യാത്രയിൽ പങ്കെടുക്കുന്നുണ്ട്.നാലു ദിവസത്തെ കണ്ണൂർ ജില്ലയിലെ പര്യടനമാണ് ഇന്ന് അവസാനിക്കുന്നത്.അതിനിടെ ഇന്നലെ നടന്ന പദയാത്രയിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെകിലും അവസാന നിമിഷം പിന്മാറുകയായിരുന്നു.മുഖ്യമന്ത്രിയുടെ മണ്ഡലമായ പിണറായിയിലൂടെയായിരുന്നു ഇന്നലെ യാത്ര കടന്നു പോയത്.പ്രധാനമന്ത്രി വിളിച്ചുചേർത്ത അടിയന്തിര യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയായണ് അമിത് ഷാ യാത്രയിൽ നിന്നും പിന്മാറിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.
കർണാടകയിൽ വാഹനാപകടത്തിൽ നാല് മലയാളി എംബിബിഎസ് വിദ്യാർഥികൾ മരിച്ചു
ബെംഗളൂരു:കർണാടകയിലെ രാമനാഗരയിൽ വാഹനാപകടത്തിൽ നാല് മലയാളി എംബിബിഎസ് വിദ്യാർഥികൾ മരിച്ചു.ബെംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജോയദ് ജേക്കബ്,ദിവ്യ,വെല്ലൂർ വി.ഐ.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നിഖിത്,ജീന എന്നിവരാണ് മരിച്ചത്.ബെംഗളൂരു ദേശീയപാതയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലു പേരും സംഭസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ട്രക്കിന്റെ അമിത വേഗതയാണ് അപകടകരണമായത്.
മീസിൽസ്-റൂബെല്ല വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം:സോഷ്യൽ മീഡിയ വഴി മീസിൽസ്-റൂബെല്ല വാക്‌സിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു.കോട്ടയം കടനാട് സെന്റ് സെബാസ്ററ്യൻസ് സ്കൂളിൽ വാക്‌സിനെടുത്ത കുട്ടികൾ ബോധരഹിതരായെന്നു വ്യാജ വാർത്ത പ്രചരിച്ചിരുന്നു.ഇന്റർനാഷണൽ ഹ്യൂമൻ റൈറ്സ് അസോസിയേഷന്റെ ഫേസ്ബുക് പേജിലാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്.തുടർന്ന് ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിൽ വാർത്ത വ്യാജമാണെന്ന് തെളിയുകയായിരുന്നു.സ്‌കൂളിലെ പ്രധാനാദ്ധ്യാപകനും ഈ വാർത്ത തെറ്റാണെന്നു വ്യക്തമാക്കിയിരുന്നു.കുത്തിവെയ്പ്പിനെതിരെ മറ്റു വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് കെ.കെ.ശൈലജ പറഞ്ഞു.
നഴ്സുമാരുടെ ശമ്പള വർദ്ധനവ് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്റുകൾ
തിരുവനന്തപുരം:സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള വര്‍ധനവ് അംഗീകരിക്കാനാകില്ലെന്ന് ആശുപത്രി മാനേജ്മെന്‍റുകള്‍. ജൂലൈ 20ന് നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കികൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച ശമ്പള വര്‍ധനവ് അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നിൽക്കുകയാണ് ആശുപത്രി മാനേജ്മെന്റുകള്‍. ഇന്ന് ലേബര്‍ കമ്മീഷണര്‍ വിളിച്ചുചേര്‍ത്തയോഗത്തിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നിലപാട് അറിയിച്ചത്. നഴ്സുമാരുടെ ശമ്പളവര്‍ധനവില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് ലേബര്‍ കമ്മീഷണറും വ്യക്തമാക്കി.ശമ്പള വര്‍ധനവ് നടപ്പാകുമെന്ന പ്രതീക്ഷയിലാണ് നഴ്സുമാര്‍.
മറ്റ് ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യവും യോഗം ചര്‍ച്ച ചെയ്തു.ഇത് സംബന്ധിച്ച് ഒരാഴ്ചക്കകം ആശുപത്രി മാനേജ്മെന്‍റുകള്‍ തീരുമാനമറിയിക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. അടുത്ത 19ന് ചേരുന്ന യോഗത്തില്‍ മാനേജ്മെന്‍റുകള്‍ തീരുമാനമറിയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും ലേബര്‍ കമ്മീഷണര്‍ അറിയിച്ചു.
യുഡിഎഫിന്റെ രാപ്പകൽ സമരം തുടരുന്നു
തിരുവനന്തപുരം:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് യുഡിഎഫ് നടത്തുന്ന രാപ്പകൽ സമരം തുടരുന്നു.ഇന്ന് രാവിലെ പത്തു മണിക്കാണ് സമരം ആരംഭിച്ചത്.നാളെ രാവിലെ പത്തുമണിക്ക് സമരം അവസാനിക്കും.കേരളത്തിലെ എല്ലാ ജില്ലകളിലും യുഡിഎഫ് ജില്ലാ കമ്മികളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്.എം പിമാർ,എംഎൽഎമാർ,യുഡിഎഫ് നേതാക്കൾ, പഞ്ചായത്ത്,മുനിസിപ്പൽ,കോർപറേഷൻ അംഗങ്ങൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
മദ്യപിച്ച എഎസ്ഐ ഓടിച്ച കാർ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോയിലിടിച്ചു
കോട്ടയം:മദ്യപിച്ച എഎസ്ഐ ഓടിച്ച കാർ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോയിലിടിച്ചു. ചങ്ങനാശ്ശേരി ട്രാഫിക് പോലീസ് യൂണിറ്റിലെ എഎസ്ഐ വി.സുരേഷ് ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്.അപകടത്തിൽ വിദ്യാർഥികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.എഎസ്ഐ മദ്യലഹരിയിലായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചതിനെ തുടർന്ന് പട്രോളിംഗിലുണ്ടായിരുന്ന പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധായനാക്കി.ഇതിൽ ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.ഇതേ തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.ഇയാൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു.
നടി ആക്രമിക്കപ്പെട്ട കേസിൽ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കോതമംഗലം മജിസ്‌ട്രേറ്റിനു മുന്പാകെയാണ് റിമി രഹസ്യമൊഴി നൽകിയത്.നേരത്തെ അന്വേഷണ സംഘം റിമിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഇത് ഉറപ്പിക്കാനാണ് ഇപ്പോൾ സെക്‌ഷൻ 164 പ്രകാരം മജിസ്‌ട്രേറ്റിനു മുൻപിൽ മൊഴി രേഖപ്പെടുത്തുന്നത്.ഇങ്ങനെ നൽകുന്ന മൊഴി കേസിൽ തെളിവായി അംഗീകരിക്കും. ദിലീപ്,കാവ്യാ എന്നിവരുമായി റിമി ടോമിക്ക് അടുത്ത ബന്ധമാണുള്ളത്.ജൂലൈ 27 ന് റിമി ടോമിയെ ഫോണിൽ വിളിച്ചു അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെ കുറിച്ചാണ് പോലീസ് വിവരങ്ങൾ ശേഖരിച്ചത് എന്നാണ് റിമി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്.ദിലീപുമായി റിമിക്ക് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നതരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ഇക്കാര്യങ്ങളും അന്വേഷണ സംഘത്തെ ചോദിച്ചറിഞ്ഞതായാണ് സൂചന.നടി ആക്രമിക്കപ്പെട്ട ദിവസം റിമി ടോമി ദിലീപുമായും കാവ്യയുമായും ഫോണിൽ സംസാരിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ഇതിന്റെ പശ്ചാത്തലത്തിലാണ് റിമിയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചത്
കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തിൽ 40 തോളം പേർക്ക് പരിക്ക്
കോഴിക്കോട്:കോഴിക്കോട് വടകരയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 40 തോളം പേർക്ക് പരിക്ക്.പേപ്പട്ടിയാണ് കടിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.നായയെ ഇനിയും പിടികൂടിയിട്ടില്ല.വടകര റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ആദ്യമായി നായയുടെ കടിയേറ്റിരിക്കുന്നത്.പിന്നീട് 12 കിലോമീറ്ററോളം ഓടിയ നായ നിരവധിപേരെ കടിക്കുകയായിരുന്നു.ആക്രമണത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.മൂന്നും നാലും വയസ്സുള്ള കുട്ടികൾക്കടക്കമാണ് പരിക്കേറ്റിരിക്കുന്നത്.ഇപ്പോഴും ആളുകൾ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നതിനാൽ കടിയേറ്റവരുടെ കൃത്യമായ കണക്കുകൾ പുറത്തു വന്നിട്ടില്ല.
ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് ദിലീപ്
കൊച്ചി:ഫിയോകിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് ദിലീപ്.നിലവിൽ ഒരു സംഘടനയുടെയും നേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്നു ദിലീപ് വ്യക്തമാക്കി.ഇത് സംബന്ധിച്ച് ഫിയോക്കിന്റെ ഭാരവാഹികൾക്ക് ദിലീപ് കത്തുനല്കി.സംഘടനയ്ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും ദിലീപ് പറഞ്ഞു.നേതൃസ്ഥാനത്തേക്ക് വീണ്ടും ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും ദിലീപ് അറിയിച്ചു.
സർവീസ് വയർ ബൈക്കിനു മുകളിൽ പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി യാത്രക്കാരന് പരിക്കേറ്റു
മട്ടന്നൂർ:മട്ടന്നൂർ വായന്തോട്ടിൽ സർവീസ് വയർ ബൈക്കിനു മുകളിൽ പൊട്ടിവീണ് കഴുത്തിൽ കുരുങ്ങി യാത്രക്കാരന് പരിക്കേറ്റു.മുഖത്തും കഴുത്തിനും പരുക്കേറ്റ മണ്ണൂരിലെ കെ.സന്ദീപിനെ (27) കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വായാന്തോട് വൈദ്യുത ലൈനിൽ നിന്നു സമീപത്തെ കെട്ടിടത്തിലേക്ക് വൈദ്യുതി കണക്‌ഷൻ നൽകിയ സർവീസ് വയറാണ് പൊട്ടിവീണത്. റോഡിനു കുറുകെ കെട്ടിയ വയർ ബൈക്കിന് മുകളിൽ വീഴുകയും സന്ദീപിന്റെ കഴുത്തിൽ കുടുങ്ങുകയുമായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞു.കണ്ണൂർ ഭാഗത്തുനിന്നു വർക്‌ഷോപ്പിലേക്ക് ജോലിക്ക് വരുന്നതിനിടെയായിരുന്നു അപകടം.രാവിലെ സർവീസ് വയർ നിലത്തു വീണതിനെ തുടർന്ന് യാത്രക്കാർ ഇത് വലിച്ചു കെട്ടിയതിനു ശേഷം കെ.എസ്.ഇ.ബിയിൽ വിവരമറിയിച്ചിരുന്നു.എന്നാൽ ഇതിനിടെയാണ് വീണ്ടും ബൈക്കിനു മുകളിൽ പൊട്ടിവീണ് അപകടമുണ്ടായത്.പൊട്ടിവീണ സർവീസ് വയർ കെ.എസ്.ഇ.ബി ജീവനക്കാരെത്തി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. …