തിരുവനന്തപുരം:രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും.കൊല്ലത്ത് അമൃതാനന്ദമയിയുടെ പിറന്നാളാഘോഷങ്ങളുടെ ഭാഗമായാണ് രാഷ്‌ട്രപതി കേരളത്തിലെത്തുന്നത്.രാവിലെ 9.30 ഓടെ തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും.തുടർന്ന് ഹെലികോപ്റ്ററിൽ കായംകുളം എൻ ടി പി സി ഹെലിപാഡിലെത്തി അവിടെ നിന്നും റോഡ് മാർഗം അമൃതാനന്ദമയി മഠത്തിലെത്തും.രാഷ്ട്രപതിയായ ശേഷം ആദ്യമായാണ് രാംനാഥ് കോവിന്ദ് കേരളത്തിലെത്തുന്നത്.
ഈ മാസം 13 ന് പെട്രോൾ പമ്പ് സമരം
ന്യൂഡൽഹി:ഈ മാസം 13 ന് പെട്രോൾ പമ്പ് സമരം.ദിവസേനയുള്ള ഇന്ധന വില നിശ്ചയിക്കൽ പിൻവലിക്കുക,പെട്രോളിയം ഉൽപ്പന്നങ്ങളെ ജി എസ് ടി യുടെ കീഴിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പെട്രോൾ പമ്പ് ഉടമകൾ രാജ്യവ്യാപകമായി സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്.ആവശ്യങ്ങൾ അംഗീകരിച്ചില്ലങ്കിൽ ഈമാസം 27 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു.
മുംബൈയിൽ എണ്ണ ടാങ്കറുകളിൽ വൻ അഗ്നിബാധ
മുംബൈ:മുംബൈയിലെ ബുച്ചർ ഐലന്റിലുള്ള എണ്ണ ടാങ്കറുകളിൽ വൻ തീപിടുത്തം.ഇന്നലെ രാത്രിയോടെയാണ് ഭാരത് പെട്രോളിയം കോപ്പറേഷന്റെ എണ്ണ ടാങ്കറുകളിൽ തീപിടുത്തമുണ്ടായത്.അപകടത്തിൽ ആളപായമുണ്ടായിട്ടില്ല.അഗ്നിശമന സേന ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.തീ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നു അധികൃതർ വ്യക്തമാക്കി.മിന്നലാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.
ഈമാസം നടക്കുന്ന ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് പണിമുടക്ക് പൊതു ഗതാഗതത്തെ ബാധിക്കില്ല
കണ്ണൂർ:ഈമാസം നടക്കുന്ന ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്‌പോർട്ട് പണിമുടക്ക് പൊതു ഗതാഗതത്തെ ബാധിക്കില്ലെന്ന് ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.വൻകിട ചരക്കു വാഹനങ്ങളുടെ ഉടമകളാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.ട്രേഡ് യൂണിയനുകൾ ചരക്ക് വാഹന ഉടമകൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും സമരം നടത്തുന്നതുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി ആലോചിക്കുകയോ പിന്തുണ തേടുകയോ ചെയ്തിട്ടില്ലെന്ന് ബസ് ട്രാൻസ്‌പോർട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രെഷറർ കെ.ജയരാജൻ പറഞ്ഞു.സമരത്തിൽ കേരളത്തിലെ ബസ്,ഓട്ടോ,ടാക്സി തൊഴിലാളികളും വാഹന ഉടമകളും പങ്കെടുക്കില്ല.ചരക്ക് വാഹന ഉടമകൾ സമരം നടത്തുന്നത് ജി എസ് ടി നടപ്പാക്കിയതിലെ പ്രശ്ങ്ങൾ പരിഹരിക്കുക, ഇൻഷുറൻസ് പ്രീമിയം വർധന,പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധന തുടങ്ങിയവയ്‌ക്കെതിരെയാണ്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു കേരളത്തിലെ വാഹന ഉടമകളും തൊഴിലാളികളും പ്രക്ഷോഭം നടത്താൻ ആസൂത്രണം ചെയ്യുന്നുണ്ട്.
സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി
ബെംഗളൂരു:സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ ബെംഗളൂരു സിവിൽ കോടതി കുറ്റമുക്തനാക്കി. ബെംഗളൂരുവിലെ പ്രമുഖ വ്യവസായി എം.കെ കുരുവിള നൽകിയ കേസിൽ നിന്നാണ് ഉമ്മൻ ചാണ്ടി കുറ്റവിമുക്തനാക്കപ്പെട്ടത്.കേസിൽ അഞ്ചാം പ്രതിയായിരുന്നു ഉമ്മൻ ചാണ്ടി.എന്നാൽ കുരുവിള നൽകിയ പരാതിയിൽ താൻ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപിച്ചിട്ടില്ലെന്നും അതിനാൽ കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്നും കാണിച്ചു ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.നേരത്തെ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതികൾ പിഴയടക്കണമെന്നു കോടതി വിധിച്ചിരുന്നു.എന്നാൽ തന്റെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും കേസിൽ തന്റെ ഭാഗം കേൾക്കണമെന്നും ഉമ്മൻചാണ്ടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ഇത് കോടതി അംഗീകരിക്കുകയായിരുന്നു.തുർന്നാണ് ഉമ്മൻചാണ്ടി തന്നെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന ഹർജി നൽകിയത്.
സ്വകാര്യ ബസ് സംഘടനകൾ ആശിർവാദ് ആശുപത്രി റോഡ് ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു
കണ്ണൂർ:ആശീർവാദ് ആശുപത്രിക്കു മുന്നിലൂടെയുള്ള റോഡ് ബഹിഷ്‌ക്കരിക്കാനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ.റോഡ് ഗതാഗത യോഗ്യമാക്കാത്ത പക്ഷം ഒക്ടോബർ 13 മുതൽ റോഡ് ബഹിഷ്കരിക്കുമെന്നും മെയിൻ റോഡിലൂടെ സർവീസ് നടത്തുമെന്നും സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതിയും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും അറിയിച്ചു.പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന ബസുകൾ ആശിർവാദ് ആശുപത്രിക്കു മുന്നിലൂടെ വരുന്നതു മൂലമുണ്ടാകുന്ന സമയനഷ്ടം,ഇന്ധന നഷ്ടം,അപകട സാധ്യത എന്നിവ പരിഹരിക്കാൻ ഉടനടി നടപടിയെടുക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.പഴയ ബസ് സ്റ്റാൻഡിൽ പുനർ നിർമിച്ച കംഫർട്ട് സ്റ്റേഷൻ പണി പൂർത്തിയായിട്ടും ഉപയോഗിക്കാൻ തുറന്നു കൊടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മേയർക്ക് നിവേദനം നല്കിയിട്ടുണ്ട്.
പയ്യന്നൂർ-പുളിങ്ങോം റൂട്ടിൽ ബസ്സോട്ടം നിലച്ചു
പയ്യന്നൂർ:പയ്യന്നൂർ-പുളിങ്ങോം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. മത്സരയോട്ടത്തിനിടെ ബസിടിച്ച് വിദ്യാർത്ഥി മരിക്കാനിടയായ സാഹചര്യത്തിൽ ശ്രീവിഷ്ണു എന്ന ബസിനെ നാട്ടുകാർ കാങ്കോലിൽ തടഞ്ഞിരുന്നു.ഇതിൽ പ്രതിഷേധിച്ച് കുറച്ചാളുകൾ മറ്റു ബസുകൾ വയക്കരയിൽ തടഞ്ഞതോടെയാണ് ബസോട്ടം നിലച്ചത്.ബസോട്ടം നിലച്ചതിനെ തുടർന്ന് നാട്ടുകാർ വളഞ്ഞു.വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർക്ക് വീടുകളിലെത്താൻ ടാക്സി വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നു.ബസുകളുടെ മത്സരയോട്ടം നിരധി അപകടങ്ങളാണ് ഈ മേഖലയിൽ ഉണ്ടാക്കിയിട്ടുള്ളത്.ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.നേരത്തെ സമയക്രമം പാലിക്കാനായി ബസുടമകൾ തന്നെ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. പെരിങ്ങോം,കൊത്തായിമുക്ക് എന്നിവിടങ്ങളിലായിരുന്നു പഞ്ചിങ് ഉണ്ടായിരുന്നത്.ഇത് ബസുകാർ തന്നെ അട്ടിമറിച്ചു. അനുവദിച്ച റൂട്ടുകളിൽ ബസുകൾ സ്ഥിരമായി ട്രിപ്പ് മുടക്കുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.ബസോട്ടം നിലച്ചതോടെ പെരിങ്ങോം എസ്.ഐ സ്ഥലം സന്ദർശിച്ചു.ഇന്ന് വൈകുന്നേരം നാലുമണിക്ക് പെരിങ്ങോം സ്റ്റേഷനിൽ വെച്ച് ആർടിഒയുടെ നേതൃത്വത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
തൊക്കിലങ്ങാടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്
കൂത്തുപറമ്പ്:കൂത്തുപറമ്പ് തൊക്കിലങ്ങാടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്.ഇന്നലെ ഉച്ചയോടെ കൂത്തുപറമ്പ്-നിടുംപൊയിൽ റൂട്ടിലാണ് അപകടം നടന്നത്.തലശ്ശേരി-കൊട്ടിയൂർ റൂട്ടിലോടുന്ന ശ്രെയസ്സ് ബസും ഇടുമ്പയിലേക്ക് പോകുന്ന തീർത്ഥം ബസുമാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.സ്കൂൾ വിദ്യാർഥികളടക്കം നിരധി യാത്രക്കാർ രണ്ടു ബസിലും ഉണ്ടായിരുന്നു.ബസുകളുടെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും
തിരുവനന്തപുരം:രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നാളെ എത്തും.നാളെ രാവിലെ ഒൻപതരയ്ക്ക് തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കും.തുടർന്ന് ഹെലികോപ്പ്റ്ററിൽ കായംകുളം എൻടിപിസി ഹെലിപാഡിൽ ഇറങ്ങിയശേഷം റോഡ്മാർഗം വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തും. അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണ് രാഷ്‌ട്രപതി എത്തുന്നത്.അമൃതാനന്ദമയി മഠം നടത്തുന്ന ക്ഷേമപദ്ധതികളുടെ ഉൽഘാടനം അദ്ദേഹം നിർവഹിക്കും.രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
സോളാർ കേസ്;ഉമ്മൻചാണ്ടിയുടെ ഹർജിയിൽ വിധി ഇന്ന്
ബെംഗളൂരു:സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ബെംഗളൂരു സിവിൽ കോടതി ഇന്ന് വിധി പറയും.ബെംഗളൂരുവിലെ വ്യവസായി എം.കെ കുരുവിളയാണ് പരാതി നൽകിയിരിക്കുന്നത്.400 കോടി രൂപയുടെ സോളാർ പദ്ധതിയുടെ പേരിൽ ഒന്നരക്കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി.കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതികൾ പിഴയടക്കണമെന്നായിരുന്നു കോടതി ഉത്തരവിട്ടത്.എന്നാൽ ഈ നിർദേശത്തിനെതിരെ ഉമ്മൻ ചാണ്ടി കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.തന്റെ വാദം കേൾക്കാതെയാണ് വിധിയെന്നും വിധി പുനഃപരിശോധിക്കണമെന്നുമുള്ള ഉമ്മൻചാണ്ടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.