കണ്ണൂർ:കണ്ണൂർ കവിത തീയേറ്ററിന് സമീപം പ്രവർത്തിക്കുന്ന ബിജെപി ഓഫീസിനു സമീപത്തു നിന്നും ആയുധങ്ങൾ കണ്ടെത്തി.രണ്ട് വടിവാളുകളും ആറ് ഇരുമ്പ് ദണ്ഡുകളുമാണ് കണ്ടെത്തിയത്. ശുചീകരണം നടത്തുന്നതിനിടെ കോർപറേഷൻ തൊഴിലാളികളാണ് ആയുധങ്ങൾ കണ്ടെത്തിയത്.ഇവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്.
എസ്ബിഐ ശാഖകൾ അടച്ചു പൂട്ടുന്നതിനെതിരെ ബെഫി നാളെ നിരാഹാര സത്യഗ്രഹം നടത്തും
കണ്ണൂർ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകൾ വ്യാപകമായി അടച്ചു പൂട്ടുന്നതിൽ പ്രതിഷേധിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) കണ്ണൂർ ജില്ലാ കമ്മിറ്റി നാളെ രാവിലെ ഒൻപതു മുതൽ എസ്ബിഐ കണ്ണൂർ റീജനൽ ഓഫിസിനു മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തും. സത്യാഗ്രഹം പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. ബാങ്ക് ശാഖകൾ വ്യാപകമായി വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആദ്യഘട്ടത്തിൽ 174 ശാഖകൾ അടച്ചുപൂട്ടാനാണ് തീരുമാനം.കണ്ണൂർ ജില്ലയിൽ 11 ശാഖകളാണ് പൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. പല ശാഖകളും പൂട്ടുന്നതിനെതിരെ ഉയർന്നു വന്ന ജനകീയ പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കാത്ത എസ്ബിഐ മാനേജ്മെന്റിന്റെ നിലപാടുകൾക്കെതിരെ പ്രാദേശിക ജനകീയ സംരക്ഷണ സമിതികളും പ്രവർത്തിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബെഫിയുടെ നേതൃത്വത്തിൽ നിരാഹാര സത്യഗ്രഹം നടത്തുന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ഒരുകോടി രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്:കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി.എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ദോഹ-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷഹീറിന്റെ(24) ബാഗേജിൽ നിന്നാണ് റെവന്യൂ ഇന്റലിജൻസ് വിഭാഗം സ്വർണ്ണം കണ്ടെടുത്തത്.വർക്ക് ഷോപ്പുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സ്പാനറിന്റെ അകത്തെ വെൽഡിങ്ങുകൾ മുറിച്ചു മാറ്റി പകരം സ്വർണത്തിന്റെ ബാറുകൾ മുറിച്ചുവെച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്.ഒരു കിലോയുടെ മൂന്നു സ്വർണ ബാറുകളും മൂന്നു സ്വർണ ബിസ്‌ക്കറ്റുകളുമാണ് ഉണ്ടായിരുന്നത്. കള്ളക്കടത്തത് മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഷഹീർ.ദോഹയിലുള്ള കൊടുവള്ളി സ്വദേശിയാണ് ഇയാൾക്ക് സ്വർണ്ണം കൈമാറിയത്.ഇടപാടുകാർ സ്വർണമടങ്ങിയ ഉപകരണം ഷഹീറിന്റെ വീട്ടിലെത്തി കൈപറ്റുമെന്നാണ് അറിയിച്ചിട്ടുണ്ടായത്.
കൊട്ടിയൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കൊട്ടിയൂർ:കൊട്ടിയൂരിൽ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.അമ്പായത്തോട് സ്വദേശി ബിബിൻ ജോർജ്(25) ആണ് അറസ്റ്റിലായത്.കൊട്ടിയൂരിൽ വ്യാപകമായി കഞ്ചാവ് ഉപയോഗം നടക്കുന്നുണ്ടെന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പേരാവൂർ എക്‌സൈസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ബൈക്കിൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടിയത്.ചോദ്യം ചെയ്യലിൽ വീരാജ്പേട്ടയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ബിബിൻ പറഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പ്രിവന്റീവ് ഓഫീസർ പറഞ്ഞു.പ്രതിയെ കൂത്തുപറമ്പ് കോടതി റിമാൻഡ് ചെയ്തു.
പാലയാട് ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ്
തലശ്ശേരി:പാലയാട് ജാനകി നിലയത്തിൽ രവീന്ദ്രന്റെ വീടിനു നേരെ ബോംബേറുണ്ടായി. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.ബോംബേറിൽ കിടപ്പുമുറിയുടെ ചുമരിനും ജനൽ പാളികൾക്കും കേടുപാടുണ്ടായി.ബോംബിന്റെ ചീളുകളും ജനൽ ചില്ലുകളും മുറിക്കകത്തേക്ക് തെറിച്ചു വീണു.രവീന്ദ്രന്റെ മകൻ വിലോജ് ബിജെപി പ്രവർത്തകനാണ്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.രവീന്ദ്രന്റെ പരാതിയിൽ ധർമടം പോലീസ് കേസെടുത്തു.ഞായറാഴ്ച രാത്രി പാലയാട് ബിജെപി പ്രവർത്തകർ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ നശിപ്പിക്കാനെത്തിയ സിപിഎം പ്രവർത്തകരെ പിടികൂടാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചിരുന്നു.ഇതിനെതിരെ ധർമടം പോലീസ് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് വിലോജിന്റെ വീടിനു നേരെ അക്രമണമുണ്ടായതെന്നു ബിജെപി പ്രവർത്തകർ പറഞ്ഞു.
കടമ്പൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ
കാടാച്ചിറ:കടമ്പൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിക്കുകയും വനിതാ പ്രവർത്തകയെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.മേലൂരിലെ തെക്കൻ വളപ്പിൽ ഹൗസിൽ സുമീഷ്,കുന്നുമ്മൽ ഹൗസിൽ പ്രദീഷ് എന്നിവരാണ് അറസ്റ്റിലായത്.എടക്കാട് എസ് ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.എന്നാൽ ആക്രമണത്തിൽ ബിജെപിക്കോ ആർഎസ്എസിനോ പങ്കില്ലെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആർ ഷാജിത് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കടമ്പൂരിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു.സ്കൂളുകളും പ്രവർത്തിച്ചില്ല.
കണ്ണൂരിനും കോഴിക്കോടിനുമിടയിൽ ഇന്ന് മുതൽ ഒക്ടോബർ 31 വരെ ട്രെയിൻ സർവീസിന് നിയന്ത്രണം
കണ്ണൂർ:കണ്ണൂരിനും കോഴിക്കോടിനുമിടയിൽ ഇന്ന് മുതൽ ഒക്ടോബർ 31 വരെ ട്രെയിൻ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തി.ട്രാക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്.എന്നാൽ 16,23,30 എന്നീ തീയതികളിൽ നിയന്ത്രണം ഉണ്ടാവില്ലെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.കോഴിക്കോട്-കണ്ണൂർ പാസഞ്ചർ പൂർണ്ണമായും സർവീസ് നിർത്തിവെക്കും.മംഗളൂരു-കോഴിക്കോട് പാസഞ്ചർ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കും.മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ കണ്ണൂരിലും കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ഷൊർണൂരിലും സർവീസ് അവസാനിപ്പിക്കും.നാഗർകോവിലിൽ നിന്നും മംഗളൂരുവിലേക്കുള്ള ഏറനാട് എക്സ്പ്രസ് രണ്ടുമണിക്കൂർ വൈകിയോടും.
പെരുമ്പാവൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അദ്ധ്യാപിക മരിച്ചു
എറണാകുളം:പെരുമ്പാവൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അദ്ധ്യാപിക മരിച്ചു.15 വിദ്യാർത്ഥികൾക്കും മൂന്നു അദ്ധ്യാപകർക്കും പരിക്കേറ്റു.വേങ്ങൂർ സാന്തോം സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിലിടിച്ച് മറിയുകയായിരുന്നു.പരിക്കേറ്റവരെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു
കാസർകോഡ്:ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു.ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.പടന്നക്കാട് നെഹ്‌റു കോളേജിന് സമീപത്തെ ദാമോദരൻ-ശാന്ത ദമ്പതികളുടെ മകൻ കെ.വി ഷിജിത്ത്(20) ആണ് മരിച്ചത്.നീലേശ്വരം ശങ്കരാചാര്യ ഇൻസ്ടിട്യൂട്ടിലെ അക്കൗണ്ടിംഗ് വിദ്യാർത്ഥിയായിരുന്നു.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുദൈവിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രിയാണ് അപകടം നടന്നത്.കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.അപകടത്തിന് ശേഷം നിർത്താതെ പോയ ലോറിയെ നാട്ടുകാർ കരിവെള്ളൂരിൽ വെച്ചാണ് പിടികൂടിയത്.സംഭവത്തിൽ ഹെസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക ജയിൽ തളിപ്പറമ്പിൽ സ്ഥാപിക്കും
തളിപ്പറമ്പ്:സംസ്ഥാനത്തെ ആദ്യത്തെ അത്യാധുനിക ജയിൽ തളിപ്പറമ്പിൽ സ്ഥാപിക്കും. ജയിലിനായി നിർദേശിക്കപ്പെട്ട സ്ഥലം റെവന്യൂ വിഭാഗം അളന്നു തിട്ടപ്പെടുത്തി ജയിൽ വിഭാഗത്തിന് കൈമാറി.കുറ്റ്യേരി വില്ലേജിൽ രണ്ടു സർവ്വേ നമ്പറുകളിലായി കിടക്കുന്ന 8.75 ഏക്കർ സ്ഥലമാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് എൻ.എസ് നിർമ്മലാനന്ദന് കൈമാറിയത്. കേരളത്തിലെ മാതൃക ജയിലായിരിക്കും തളിപ്പറമ്പിൽ സ്ഥാപിക്കുക.അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടൊപ്പം തടവുകാർക്ക് കൂടുതൽ സൗകര്യങ്ങളും ഇവിടെ ഉണ്ടാകും.മേശയും കസേരകളും ഉള്ള ഡൈനിങ്ങ് ഹാൾ,ബാത്ത് അറ്റാച്ചഡ് സെല്ലുകൾ,സെല്ലുകളിൽ ഫാൻ തുടങ്ങിയ സൗകര്യമാണ് ഇവിടെ ഒരുക്കുക.300 പേരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉള്ളത്.രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന് ഏഴു മീറ്റർ ഉയരത്തിൽ ചുറ്റുമതിലും മതിലിനു മുകളിൽ വൈദ്യുതിവേലിയും ഉണ്ടായിരിക്കും.ഡൽഹിയിലെ തീഹാർ,തെലങ്കാനയിലെ ഹൈദരാബാദ് സെൻട്രൽ ജയിൽ എന്നിവിടങ്ങളിലുള്ള സൗകര്യങ്ങളാണ് ഇവിടെയും ഒരുക്കുക. 20 കോടി രൂപയാണ് പ്രാഥമിക ചിലവായി കണക്കാക്കുന്നത്.പയ്യന്നൂർ,തളിപ്പറമ്പ് കോടതിയിൽ നിന്നുള്ള തടവുകാർക്ക് പുറമെ ആറ് മാസം വരെ ശിക്ഷ വിധിക്കുന്നവരെയും ഇവിടെ പാർപ്പിക്കും.കണ്ണൂർ ജയിലിന്റെ മാതൃകയിൽ ഭക്ഷ്യോത്പന്ന നിർമാണ ശാലയും ഇവിടെ ആരംഭിക്കും.സെൻട്രൽ ജയിലിൽ ശിക്ഷ തടവുകാരെ മാത്രം പാർപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായിട്ടാണ് ജയിൽ ഇല്ലാത്ത എല്ലാ താലൂക്കിലും പുതിയ ജയിൽ നിർമിക്കാൻ തീരുമാനിച്ചത്.