ഡൽഹിയിൽ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു

keralanews man was killed cut into pieces and kept in the fridge

ന്യൂഡൽഹി:ഡൽഹിയിൽ യുവാവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചനിലയിൽ കണ്ടെത്തി.ഉത്തരാഖണ്ഡ് സ്വദേശി വിപിൻ ജോഷി ആണ്(26) കൊല്ലപ്പെട്ടത്.സുഹൃത്ത് ബാദല്‍ മണ്ഡലിന്റെ വീട്ടിലെ ഫ്രിഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസമായി വിപിന്‍ ജോഷിയെ കാണാനില്ലായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനൊപ്പം കുടുംബാംഗങ്ങളും ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിരുന്നു.ഇതിനിടയിലാണ്  വിപിനെ അന്വേഷിച്ച് കുടുംബാംഗങ്ങൾ ഉറ്റ സുഹൃത്തായ ബാദലിന്റെ വീട്ടിലെത്തിയത്.എന്നാല്‍ അടഞ്ഞുകിടന്ന വീട്ടില്‍ നിന്നു ദുര്‍ഗന്ധം വന്നതില്‍ സംശയം തോന്നി ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ കുത്തിപ്പൊളിച്ചാണു മൃതദേഹം കണ്ടെത്തിയത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബാദലിനായി പൊലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

വേങ്ങരയിൽ യു ഡി എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ വിജയിച്ചു

keralanews udf candidate kna khader won in vengara

മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ വിജയിച്ചു.എന്നാൽ യു ഡി എഫിന്റെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേതിനാൽ ഗണ്യമായി കുറഞ്ഞു.വോട്ടെണ്ണലിൽ ഒരു ഘട്ടത്തിൽ പോലും എൽഡിഎഫ് സ്ഥാനാർഥി പി.പി ബഷീറിന് മുന്നിലെത്താൻ സാധിച്ചിരുന്നില്ല.എസ്.ഡി.പി.ഐ സ്ഥാനാർഥി മൂന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് എസ്.ഡി.പി.ഐ സ്ഥാനാർഥി മണ്ഡലത്തിൽ ഇത്രയധികം വോട്ടുകൾ നേടുന്നത്.ബിജെപിക്ക് നാലാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.പോസ്റ്റൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിയത്.സർവീസ് വോട്ട് ഒരെണ്ണം മാത്രമാണ് ഉള്ളത്.ഇത് എൽഡിഎഫിന് അനുകൂലമായിരുന്നു.പോസ്റ്റൽ വോട്ടുകൾ ഇരുപതെണ്ണം മാത്രമാണ് തിരിച്ചെത്തിയത്.യുഡിഎഫിലെ കെ.എൻ.എ ഖാദറിന് 65,227 വോട്ടുകളാണ് ലഭിച്ചത്.രണ്ടാം സ്ഥാനത്തെത്തിയ എൽ.ഡി.എഫ് സ്ഥാനാർഥി പി.പി ബഷീറിന് 41,917 വോട്ടുകൾലഭിച്ചു.8,648 വോട്ട് നേടിയ എസ്ഡിപിഐ മൂന്നാമതെത്തിയപ്പോൾ‌ ബിജെപിക്ക് 5728 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലീഗ് വിമതൻ നോട്ടയേക്കാളും പിന്നിലായി.നോട്ടയ്ക്ക് 502 പേർ കുത്തിയപ്പോൾ‌ വിമതന് 442 വോട്ടാണ് ലഭിച്ചത്.

റാന്നിയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം

keralanews other state worker was brutally beaten in ranni

പത്തനംതിട്ട:റാന്നിയിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനമേറ്റു.ബീഹാർ സ്വദേശി ചന്ദ്രദേവ് മുഖർജിയാണ്(45) മർദനത്തിന് ഇരയായി അത്യാസന്ന നിലയിൽ കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്നത്.റാന്നി ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷനിലെ കെട്ടിടത്തിൽ താമസക്കാരനായ ചന്ദ്രദേവ് അഞ്ചു വർഷത്തിലേറെയായി ഈ മേഖലകളിൽ മേസ്തിരിപ്പണി അടക്കം വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു.കഴിഞ്ഞ ദിവസം നാട്ടിൽ പോയി മടങ്ങിയെത്തിയ ഇയാൾ തന്റെ 12 വയസ്സുള്ള മകനെയും ഒപ്പം കൂട്ടിയിരുന്നു.കഴിഞ്ഞ ദിവസം ഇട്ടിയപ്പാറയിലുള്ള കടയിൽ നിന്നും സാധനങ്ങൾ വാങ്ങി താമസ സ്ഥലത്തേക്ക് പോകുന്ന വഴി ഇയാളെ രണ്ടു മൂന്നുപേർ ചേർന്ന് തടയുകയും ഇയാളുടെ പോക്കറ്റിൽ നിന്നും  1000 രൂപ പിടിച്ചുപറിച്ചെടുക്കുകയും ചെയ്തു.പണം നഷ്ട്ടപ്പെട്ട ഇയാൾ പിടിച്ചുപറിക്കിടെ നാട്ടുകാരന്റെ മൊബൈൽ കൈക്കലാക്കി അതുമായി താമസസ്ഥലത്തെത്തി വാതിൽ പൂട്ടി.എന്നാൽ പിന്നാലെയെത്തിയ സംഘം വാതിൽ ചവിട്ടിപ്പൊളിച്ച് ചന്ദ്രദേവിനെ മർദിച്ചു.ഇതിനിടയിൽ ഇയാൾ കയ്യിലുണ്ടായിരുന്ന മൊബൈൽ സമീപത്തെ കാട്ടിലേക്ക് വലിച്ചെറിഞ്ഞു.ഇതോടെ നാട്ടുകാരുടെ സംഘം ചന്ദ്രദേവിനെ വീണ്ടും അതി ക്രൂരമായി മർദിച്ചു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ ഇയാളുടെ നില ഗുരുതരമായതിനാൽ അപ്പോൾ തന്നെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ചന്ദ്രദേവിനെ ഇന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കും.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ റാന്നി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേരളത്തിലെ എല്ലാ അരിയിനങ്ങൾക്കും ജി എസ്‌ ടി ചുമത്തും

keralanews gst will be charged for all types of rice in kerala

തിരുവനന്തപുരം:കേരളത്തിലെ എല്ലാ അരിയിനങ്ങൾക്കും ജി എസ്‌ ടി ചുമത്തും.അഞ്ചു ശതമാനം ജി എസ് ടി യാണ് ചുമത്തുന്നത്.റേഷനരി ഒഴികെയുള്ള എല്ലാ അരിയിനങ്ങൾക്കും ഇത് ബാധകമാണ്.അരിവില വർധിക്കുന്നതോടെ സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങൾക്കും വില ഉയരും.ജി എസ് ടി നിലവിൽ വന്നാൽ അരിക്ക് കിലോയ്ക്ക് രണ്ടര രൂപവരെ വില വർധിക്കും. നേരത്തെ രെജിസ്റ്റഡ് ബ്രാന്ഡുകളിലുള്ള ധാന്യങ്ങൾക്കായിരുന്നു ജി എസ് ടി ബാധകമായിരുന്നത്. ചാക്കുകളിലോ പായ്‌ക്കറ്റുകളിലോ ആക്കി കമ്പനികളുടെയോ മില്ലുകളുടെയോ പേരോ ചിഹ്നമോ പതിച്ചിട്ടുള്ള എല്ലാ അരിയും ബ്രാൻഡഡ് ആയി കണക്കാക്കും. രാജ്യത്ത് ഏറ്റവും അധികം അരി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളം.അത് കൊണ്ടുതന്നെ ജി എസ് ടി നിലവിൽ വന്നാൽ ഉത്പാദക സംസ്ഥാനങ്ങൾക്ക് നേട്ടമുണ്ടാകും. ചുമത്തുന്ന ജി.എസ്.ടി യുടെ പകുതി തുക ഈ സംസ്ഥാനങ്ങൾക്കാണ് ലഭിക്കുക. കേരളത്തിൽ ഒരു വർഷത്തിൽ ശരാശരി 40 ലക്ഷം ടൺ അരിയാണ് ഉപയോഗിക്കുന്നത്. ഇതിലാകട്ടെ വെറും നാല് ലക്ഷം ടൺ മാത്രമാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്.ബാക്കി തമിഴ്‌നാട്, കർണാടക, പഞ്ചാബ്,ഒഡിഷ,ബംഗാൾ എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്.

വേങ്ങര ഉപതിരഞ്ഞെടുപ്പ്;യുഡിഎഫിന് ലീഡ്

keralanews vengara byelection lead for udf

മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.ആദ്യ റൌണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ യുഡിഎഫ് ലെ കെ.എൻ.എ ഖാദർ 7000 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്.56 ബൂത്തുകളിലെ വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ 21,147 വോട്ടാണ് കെ.എൻ.എ ഖാദറിന് ലഭിച്ചത്.ഇടതു സ്ഥാനാർഥിയായ പി.പി ബഷീറിന് 13,945 വോട്ടുകളാണ് ലഭിച്ചത്.3045 വോട്ട് നേടി എസ് ഡി പി ഐ സ്ഥാനാർഥി കെ.സി നസീർ മൂന്നാം സ്ഥാനത്തുണ്ട്.ബിജെപി സ്ഥാനാർഥി കെ.ജനചന്ദ്രന് 2583 വോട്ടുകളാണ് ലഭിച്ചത്.

ബേപ്പൂർ ബോട്ടപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം തീരത്തെത്തിച്ചു

keralanews the body of one person who died in beypore boat accident

കോഴിക്കോട്:ബേപ്പൂരിൽ ബോട്ട് തകർന്ന് കാണാതായ നാലു മൽസ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം തീരത്തെത്തിച്ചു.രണ്ടു തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.എന്നാൽ ഇതിൽ ഒരാളുടെ മൃതദേഹം മാത്രമാണ് പുറത്തെടുക്കാനായത്. ബോട്ടുടമ തൂത്തുക്കുടി സ്വദേശി ആന്റണിയുടെ മൃതദേഹമാണ് കരയിലെത്തിച്ചത്. പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്നു. എൻജിനിൽ കുരുങ്ങിക്കിടക്കുന്ന രണ്ടാമത്തെ മൃതദേഹവും മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്.കാണാതായ മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എന്നാൽ മോശം കാലാവസ്ഥ തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ബോട്ട് തകരാൻ കാരണമായ കപ്പലിനെതിരെ കോസ്റ്റൽ പോലീസ് കേസെടുത്തെങ്കിലും കപ്പൽ ഇതുവരെ കണ്ടെത്താനായില്ല.ബേപ്പൂർ തീരത്തു നിന്നും 50 നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് കപ്പലിടിച്ചു മുങ്ങിയത്.

കനത്ത മഴയിൽ ബെംഗളൂരുവിൽ അഞ്ചുപേർ മരിച്ചു

keralanews five persons died in bengalooru in heavy rain

ബെംഗളൂരു:കനത്ത മഴയിൽ ബെംഗളൂരുവിൽ അഞ്ചുപേർ മരിച്ചു.മഴക്കെടുതി മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ അടിയന്തിര സഹായം നല്കാൻ കർണാടക സർക്കാർ ഉത്തരവിട്ടു.വെള്ളം കയറി മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്നും ഒരു വനിതയെ രക്ഷിച്ചിട്ടുണ്ട്.വെള്ളിയാഴ്ച്ച വൈകിട്ട് മുതൽ ഈ പ്രദേശത്തു കനത്ത മഴയാണ് ലഭിച്ചത്.മഴമൂലം നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ദിലീപ് വിഷയത്തിൽ പ്രധാന മന്ത്രിയുടെ ഓഫീസ് ഇടപെടുന്നു

keralanews chief ministers office intervence in dileep issue

ന്യൂഡൽഹി:ദിലീപ് വിഷയത്തിൽ പ്രധാന മന്ത്രിയുടെ ഓഫീസ് ഇടപെടുന്നു.നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് പ്രധാന മന്ത്രിയുടെ ഓഫീസിനു പരാതി ലഭിച്ചു.ഇത് സംബന്ധിച്ച് അന്വേഷണം നടത്തി ഉടൻ റിപ്പോർട് നല്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ചീഫ് സെക്രെട്ടറിക്ക് നിർദേശം ലഭിച്ചു.ഫെഫ്ക അംഗം സലിം ഇന്ത്യയുടെ പരാതിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.ദിലീപിന് അനുകൂലമായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുമെന്ന പ്രതീക്ഷ നേരത്തെ തന്നെ സലിം ഇന്ത്യ മുന്നോട്ട് വെച്ചിരുന്നു.

എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ എംഎസ്എഫ് പ്രവർത്തകൻ അറസ്റ്റിൽ

keralanews msf worker arrested for attacking sfi leaders

കണ്ണൂർ:ശ്രീകണ്ഠപുരത്ത് എസ്എഫ്ഐ നേതാക്കളെ ആക്രമിച്ച കേസിൽ എംഎസ്എഫ് പ്രവർത്തകൻ കസ്റ്റഡിയിൽ. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് വിദ്യാർഥിയായ ഫവാസി (19) നെയാണ് ശ്രീകണ്ഠപുരം എസ്ഐ ഇ.നാരായണന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലർച്ചെ ചെങ്ങളായിയിൽ വെച്ച് പിടികൂടിയത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എഫ്ഐ നേതാക്കൾക്കെതിരെ അക്രമം നടന്നത്. എസ്എഫ്ഐ ശ്രീകണ്ഠപുരം ഏരിയ പ്രസിഡന്‍റ് കെ.എ. സഹീർ (23), സെക്രട്ടറി എ. ശ്രീജിത്ത് (24) എന്നിവർക്ക് നേരെയാണ് അക്രമം നടന്നത്.

പതിനാറാം തീയതി നടത്താനിരിക്കുന്ന ഹർത്താലിൽ മാറ്റമില്ലെന്ന് രമേശ് ചെന്നിത്തല

keralanews hartal on 16th of this month will not change

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരേ പതിനാറാം തീയതി യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിന് ഒരു മാറ്റവുമുണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.സമാധാനപരമായ ഹർത്താലായിരിക്കുന്ന നടക്കുക. സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ കാരണം ഹർത്താൽ നടത്തി പ്രതിഷേധിക്കാൻ പ്രതിപക്ഷം നിർബന്ധിതരാവുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.ഹർത്താൽ നടത്തുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം ഹൈക്കോടതി രംഗത്തെത്തിയിരുന്നു.എന്തിന് വേണ്ടിയാണ് ഹർത്താലെന്ന് പ്രതിപക്ഷ നേതാവ് നേരിട്ടെത്തി വിശദീകരിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഹർത്താലിനെതിരേ കോട്ടയം സ്വദേശി സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്.