ഇരിട്ടി:ഇരിട്ടിയിൽ ഷവർമ കഴിച്ച മൂന്നു സ്ത്രീകൾക്ക് ഭക്ഷ്യവിഷബാധയേറ്റു.വ്യാഴാഴ്ച ഇരിട്ടി ടൗണിലുള്ള സി.എം ഷവർമ്മ ഷോപ്പിൽ നിന്നും ഷവർമ്മ കഴിച്ച കെ എസ് ഇ ബി യിലെ മൂന്നു സ്ത്രീകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇരിട്ടിയിൽ യോഗത്തിനെത്തിയ മുഴക്കുന്ന്, മാവിലായി,കീഴ്പ്പള്ളി സ്വദേശിനികളാണ് ഇവർ.ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇവർ ഇരിട്ടി താലൂക്ക് ആശുപത്രി,പേരാവൂർ താലൂക്ക് ആശുപത്രി,കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ചികിത്സ തേടി.എന്നിട്ടും പനിയും വയറ്റിൽ ഉണ്ടായ അസ്വസ്ഥതകളും ഭേതമാകാത്തതിനെ തുടർന്ന് മൂന്നുപേരെയും കണ്ണൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭക്ഷ്യ വിഷബാധ ഏറ്റതാണെന്ന് സ്ഥിതീകരിച്ചതിനെ തുടർന്ന് ഇവർ പരാതി നൽകി. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം കടയിലെത്തി പരിശോധന നടത്തിയതിനു ശേഷം കടപൂട്ടി സീൽ ചെയ്തു.തെളിവ് ശേഖരിക്കേണ്ടതിനാൽ കട തുറക്കരുതെന്നു പോലീസ് കടയുടമകൾക്ക് നിർദേശം നൽകി.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു
തലശ്ശേരി:മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മൂന്നു ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു.തലശ്ശേരി പെട്ടിപ്പാലം കോളനിയിലെ നാസർ-മുർഷീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.വ്യാഴാഴ്ചയാണ് കുഞ്ഞ് ജനിച്ചത്.ശനിയാഴ്ച ഉച്ചയോടെയാണ് അമ്മയും കുഞ്ഞും വീട്ടിലെത്തിയത്.ഞായറാഴ്ച രാവിലെയാണ് കുഞ്ഞിന് ചലനമില്ലാത്തതു രക്ഷിതാക്കൾ കണ്ടത്.ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ തന്നെ മരണം സംഭവിച്ചതിനാൽ മൃതദേഹ പരിശോധന നടത്തിയതിനു ശേഷമേ മൃതദേഹം വിട്ടുതരാൻ കഴിയുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.എന്നാൽ പരാതിയില്ലെന്നും മൃതദേഹ പരിശോധന നടത്തേണ്ടെന്നും രക്ഷിതാക്കൾ എഴുതി നൽകിയിട്ടും ആശുപത്രി അധികൃതർ സമ്മതിച്ചില്ല.മൃതദേഹ പരിശോധന നടത്തുകയാണെങ്കിൽ മൃതദേഹം സ്വീകരിക്കില്ല എന്ന് കുട്ടിയുടെ ബന്ധുക്കൾ പോലീസിനെ അറിയിച്ചു.തുടർന്ന് പോലീസ് ആശുപത്രി അധികൃതരുമായി സംസാരിക്കുകയും മൃതദേഹം വിട്ടുനൽകുകയും ചെയ്തു.
ഇന്ന് യുഡിഎഫ് ഹർത്താൽ;തിരുവനന്തപുരത്ത് കെഎസ്ആർറ്റിസി ബസിനു നേരെ കല്ലേറ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് യുഡിഎഫ് ഹർത്താൽ.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയാണ് ഹർത്താൽ.രാവിലെ ആറുമണിമുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.കോടതി നിർദേശമനുസരിച്ച് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താൽ തികച്ചും സമാധാനപരമായിരിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.അതേസമയം തിരുവനന്തപുരത്ത് കെഎസ്ആർറ്റിസി ബസ്സിന് നേരെ കല്ലേറുണ്ടായി.ആര്യനാട് ഡിപ്പോയിൽ നിന്നും ബസ് പുറത്തിറക്കുമ്പോഴാണ് കല്ലേറുണ്ടായത്.കൊച്ചി പാലാരിവട്ടത്ത് ആലപ്പുഴ-ഗുരുവായൂർ ബസ്സിന് നേരെയും കല്ലേറുണ്ടായി.പോലീസ് സംരക്ഷണം നൽകിയാൽ കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയിലെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു.
തേജസ്സ് എക്സ്പ്രസ്സിൽ ഭക്ഷ്യ വിഷബാധ;24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പോയ തേജസ്സ് എക്സ്പ്രസിലെ യാത്രക്കാർക്ക് ഭക്ഷ്യ വിഷബാധയേറ്റു.ഇതിനെ തുടർന്ന് 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ നൽകിയ പ്രാതൽ കഴിച്ച യാത്രക്കാർക്കാണ് വിഷബാധയേറ്റത്.ഭക്ഷണം കഴിച്ച യാത്രക്കാർക്ക് ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ടതോടെയാണ് സംഭവം ഭക്ഷ്യവിഷബാധയാണെന്നു മനസ്സിലായത്.ഇതേ തുടർന്ന് ട്രെയിൻ ചിപ്ലൂൻ സ്റ്റേഷനിൽ നിർത്തിയിട്ടു.തുടർന്ന് യാത്രക്കാരെ രത്നഗിരി ജില്ലയിലെ ലൈഫ് കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.ഇതിനായി ഭക്ഷണത്തിന്റെ സാമ്പിൾ ശേഖരിച്ചു.
കണ്ണൂരിൽ ആർഎസ്എസ് നേതാവിന് വെട്ടേറ്റു
കണ്ണൂർ:കണ്ണൂർ മുഴപ്പിലങ്ങാട് ആർഎസ്എസ് നേതാവിന് വെട്ടേറ്റു.ആർഎസ്എസ് മുഴപ്പിലങ്ങാട് മണ്ഡലം കാര്യവാഹക് പി.നിധീഷിനാണ് വെട്ടേറ്റത്.കാലിനും കൈക്കും നെറ്റിക്കുമാണ് വെട്ടേറ്റത്.പരിക്കേറ്റ നിധീഷിനെ ആദ്യം തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് ആരോപിച്ചു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
രണ്ട് മലയാളി യുവാക്കൾ തമിഴ്‌നാട്ടിൽ വെട്ടേറ്റു മരിച്ചു
ഇടുക്കി: തമിഴ്നാട്ടിലെ മുന്തലിൽ രണ്ടു മലയാളി യുവാക്കൾ വെട്ടേറ്റ് മരിച്ചു.മൂന്നാർ എല്ലപ്പെട്ടി സ്വദേശികളായ ജോൺപീറ്റർ (19), ശരവണൻ (18) എന്നിവരാണ് മരിച്ചത്. തമിഴ്നാട്ടിൽ നിരവധി കൊലക്കേസിൽ പ്രതിയായ മണി എന്നയാളാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നാണ് സൂചന. ഇയാൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.ഓട്ടോ ഡ്രൈവർമാരാണ് മരിച്ച ജോൺ പീറ്ററും ശരവണനും. തമിഴ്നാട്ടിലേക്ക് ഓട്ടം പോകുന്നു എന്ന് പറഞ്ഞാണ് ജോൺ പീറ്റർ ശനിയാഴ്ച രാത്രി 8.30 ഓടെ വീട്ടിൽ നിന്നും പോയത്. ദൂരത്തേയ്ക്കുള്ള ഓട്ടമായതിനാൽ സുഹൃത്തായ ശ്രാവണിനെ ഒപ്പം കൂട്ടുകയായിരുന്നു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.പ്രതിയെന്ന് സംശയിക്കുന്ന മണി മറ്റൊരു കേസിൽ ജയിലിലായിരുന്നു. ഇയാൾ കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയിരുന്നുവെന്നും സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.പോലീസ് അന്വേഷണം തുടരുകയാണ്.
സൗദിയിൽ വൻ തീപിടുത്തം;10 പേർ മരിച്ചു,3 പേർക്ക് പരിക്കേറ്റു
റിയാദ്:സൗദിയിൽ കാർപെന്ററി വർക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ പത്തുപേർ മരിച്ചു.മൂന്നു പേർക്ക് പരിക്കേറ്റതായും സൗദി സിവിൽ ഡിഫെൻസ് വിഭാഗം അറിയിച്ചു. മരിച്ചവരിൽ എട്ടുപേർ ഇന്ത്യക്കാരാണെന്നു സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്.സൗദി തലസ്ഥാനമായ റിയാദിലെ ബദർ ജില്ലയിലാണ് അപകടം നടന്നത്.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.റിയാദ് സിവിൽ ഡിഫെൻസ് തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
ബേപ്പൂർ ബോട്ടപകടത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ അവസാനിപ്പിച്ചു
കോഴിക്കോട്:ബേപ്പൂർ തുറമുഖത്ത് കപ്പലിടിച്ച് മറിഞ്ഞ മൽസ്യബന്ധന ബോട്ടിൽ നിന്നും കാണാതായവർക്കായുള്ള തിരച്ചതിൽ നിർത്തി.നാലുപേരെയാണ് കാണാതായിരുന്നത്.ഇതിൽ രണ്ടുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.തമിഴ്നാട് കൊളച്ചൽ സ്വദേശിയായ ബോട്ടുടമ ആന്റോ,തിരുവനന്തപുരം സ്വദേശി പ്രിൻസ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.തിരുവനന്തപുരം സ്വദേശിയായ ജോൺസൻ,തമിഴ്നാട് കൊളച്ചൽ സ്വദേശി രമ്യാസ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.കോസ്റ്റ് ഗാർഡും നാവികസേനയും മൂന്നു ദിവസമായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.ഇതിനെ തുടർന്നാണ് തിരച്ചിൽ അവസാനിപ്പിക്കുന്നത്.കോസ്റ്റ് ഗാർഡ് ഹെലിക്കോപ്റ്റർ നടത്തുന്ന പതിവ് നിരീക്ഷണം മാത്രമാണ് ഇനി ഉണ്ടാകുക.എന്നാൽ കന്യാകുമാരിയിൽ നിന്നുള്ള മൽസ്യത്തൊഴിലാളികൾ ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ബേപ്പൂർ തുറമുഖത്തു നിന്നും 50 നോട്ടിക്കൽ മൈൽ അകലെ ബോട്ട് അപകടത്തിൽപെട്ടത്.കൊച്ചി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഇമ്മാനുവേൽ എന്ന ബോട്ട് അജ്ഞാത കപ്പൽ ഇടിച്ചു തകരുകയായിരുന്നു.
ഹർത്താൽ ദിനത്തിൽ ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ പ്രഖ്യാപിച്ച ഹർത്താലിൽ ജനങ്ങൾക്ക് എല്ലാ വിധ സംരക്ഷണവും നല്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് മേധാവിക്ക് നിർദേശം നൽകി.വാഹന ഗതാഗതം തടസ്സപ്പെടുത്തുകയോ കടകൾ നിർബന്ധിച്ച് അടപ്പിക്കുകയോ ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.ഓഫീസുകൾ,പൊതുസ്ഥാപനങ്ങൾ,കോടതികൾ,തുടങ്ങിയവ സുഗമമായി പ്രവർത്തിക്കുന്നതിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയ 6000 മരുന്നുകൾ നിരോധിച്ചു
കൊച്ചി:ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയ 6000 മരുന്നുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു.ചുമ,പനി,പ്രമേഹം എന്നിവയ്ക്ക് ഉപയോഗിക്കുന്ന444 മരുന്നുസംയുക്തങ്ങളാണ് നിരോധിച്ചത്.ഇവ ഇനി മുതൽ നിർമിക്കാനോ വിൽക്കാനോ പറ്റില്ല എന്നാണ് നിർദേശം.ഡ്രഗ്സ് കൺട്രോളറുടെ വെബ്സൈറ്റിൽ വെള്ളിയാഴ്ച രാത്രിയാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.പാരസെറ്റമോൾ,കാഫീൻ,അമോക്സിലിൻ എന്നിവയ്‌ക്കൊപ്പം വിവിധ സംയുക്തങ്ങൾ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ കൂട്ടിച്ചേർത്ത മരുന്നുകളാണ് നിരോധിച്ചത്.കർണാടക കെ എൽ ഇ സർവകലാശാല വൈസ് ചാൻസിലർ ചന്ദ്രകാന്ത് കോകാതെയുടെ നേതൃത്വത്തിലുള്ള ആറംഗ കമ്മിറ്റിയാണ് മരുന്ന് സംയുക്തങ്ങളെ കുറിച്ച് പഠനം നടത്തിയത്.ഇതിൽ ഇന്ത്യയിൽ വിപണിയിലുള്ള 963 മരുന്ന് സംയുക്തങ്ങൾ അപകടകാരികളാണെന്നു കണ്ടെത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ 2016 മാർച്ച് പത്തിന് 344 സംയുക്തങ്ങൾ നിരോധിച്ചിരുന്നു.അതിനു മുൻപ് 95 സംയുക്തങ്ങൾ നിരോധിച്ചിരുന്നു. കഴിഞ്ഞ ജൂൺ എട്ടിന് അഞ്ചിനങ്ങൾ കൂടി നിരോധിച്ചു.പക്ഷെ കോടതി സ്റ്റേ ചെയ്തത് മൂലം ഇത് പ്രാബല്യത്തിൽ ആയില്ല.