ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിൽ തീപിടുത്തം.പാർലമെന്റിലെ സൗത്ത് ബ്ലോക്കിൽ രണ്ടാം നിലയിലുള്ള 242-ആം നമ്പർ മുറിയിലാണ് ഇന്ന് പുലർച്ചെ മൂന്നുമണിയോടെ തീപിടുത്തമുണ്ടായത്.പ്രധാന മന്ത്രിയുടെ ഓഫീസ് കൂടാതെ പ്രതിരോധ മന്ത്രാലയം,വിദേശകാര്യ മന്ത്രാലയം,ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസ്,വിദേശകാര്യ സെക്രട്ടറിയുടെ ഓഫീസ് എന്നിവയും ഈ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.അപകട കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇരുപതു മിനിറ്റിനകം തീ അണച്ചതായാണ് വിവരം.കഴിഞ്ഞ വർഷവും സൗത്ത് ബ്ലോക്കിലെ പ്രധാന മന്ത്രിയുടെ ഓഫീസിൽ തീപിടുത്തമുണ്ടായിരുന്നു.സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ മെഡിക്കൽ കോളജ് പ്രവേശനം:ഓർഡിനൻസ് ഗവർണർ തിരിച്ചയച്ചു
തിരുവനന്തപുരം: കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞവര്‍ഷം പ്രവേശനം ലഭിച്ച 150 വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ഒരുക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി.ഓർഡിനൻസിൽ കൂടുതൽ വ്യക്തത വേണമെന്നു ഓർഡിനൻസ് തിരിച്ചയച്ചുകൊണ്ടു ഗവർണർ അറിയിച്ചു.കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കിയ സഹാചര്യത്തിലാണ് സർക്കാർ ഓർഡിനൻസുമായി മുന്നോട്ടുപോയത്. കോളജിലെ 150 കുട്ടികളുടെ പ്രവേശനം ജയിംസ് കമ്മിറ്റിയും തള്ളിയിരുന്നു. പ്രവേശനം ക്രമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി..കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാതിരുന്ന കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ നേരിട്ടാണ് പ്രവേശനം നടത്തിയത്.ഇക്കാര്യം പരിശോധിച്ച പ്രവേശന മേല്‍നോട്ട സമിതി കരുണയിലെ 30 വിദ്യാര്‍ഥികളുടെയും കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ മൂഴുവന്‍ വിദ്യാര്‍ഥികളുടെയും പ്രവേശനം റദ്ദാക്കിയിരുന്നു.സുപ്രീം കോടതി ഇടപെടലിനെത്തുടര്‍ന്ന് കരുണയിലെ ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും പ്രശ്‌നത്തിന് പരിഹാരമായി. ഇതേത്തുടര്‍ന്നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ 150 വിദ്യാര്‍ഥികള്‍ക്ക് പഠനാവസരം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.ഓര്‍ഡിനന്‍സ് ഇറക്കണമെന്ന നിയമോപദേശമാണ് ഈ വിഷയത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഇറക്കിയ ഓര്‍ഡിനന്‍സാണ് വ്യക്തത ആവശ്യപ്പെട്ട് ഗവര്‍ണര്‍ മടക്കിയത്.
സോളാർ കമ്മീഷൻ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്ക് നൽകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു കൈമാറാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയിൽ വയ്ക്കും മുൻപ് ആർക്കും റിപ്പോർട്ട് നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് സഭയിൽ വയ്ക്കും.കമ്മീഷനെ നിയമിച്ചത് മുൻ സർക്കാരാണെന്നും റിപ്പോർട്ടിൻമേലെടുത്തത് പ്രതികാര നടപടിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സോളാർ റിപ്പോർട്ട് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് നൽകാനാവില്ലെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചതിനെ തുടർന്നാണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിക്കു കത്തയച്ചത്. സോളാർ ജുഡീഷൻ റിപ്പോർട്ട് ഇപ്പോൾ പരസ്യപ്പെടുത്താനാവില്ല. റിപ്പോർട്ട് പരസ്യമാക്കുന്നത് നിയമ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാരിന് രണ്ട് തരത്തിൽ നടപടി സ്വീകരിക്കാം. റിപ്പോർട്ട് മാത്രമായോ അതിന്മേൽ സ്വീകരിച്ച നടപടി കൂടി റിപ്പോർട്ടാക്കി നിയമസഭയിൽ വയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.സോളാർ കമ്മീഷന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ബെന്നി ബെഹന്നാൻ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ സർക്കാർ കഴിഞ്ഞ ദിവസം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഇരിട്ടിയിൽ ഹർത്താൽ അനുകൂലികൾ താലൂക്കാഫീസ് ഉദ്യോഗസ്ഥരെ മർദിച്ചു
ഇരിട്ടി:ഇരിട്ടിയിൽ ഹർത്താലനുകൂലികൾ താലൂക്ക് ഓഫീസ് ആക്രമിച്ചു.അക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.പരിക്കേറ്റ സീനിയർ ക്ലാർക്ക് പ്രസാദ്,ഓഫീസിൽ അസിസ്റ്റന്റ് ജയേഷ് എന്നിവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹർത്താൽ ദിനത്തിൽ താലൂക്ക് ഓഫീസിൽ സാധാരണപോലെ പ്രവർത്തിച്ചിരുന്നു.ഇതിനിടയിലാണ് കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗവും ബ്ലോക്ക് പ്രെസിഡന്റുമായ തോമസ് വർഗീസിന്റെ നേതൃത്വത്തിൽ സുമേഷ്,ഷമീൽ മാത്രക്കൽ,ജോസ് ജേക്കബ്,കെ.വി അഖിൽ,നിധിൻ,അജേഷ് എന്നിവരുൾപ്പെട്ട സംഘം താലൂക്കാഫീസിൽ ഇരച്ചുകയറി അക്രമം നടത്തിയത്. ഓഫീസിലെ ഫയലുകളും ഫർണിച്ചറുകളും നശിപ്പിക്കാൻ ശ്രമിച്ചതോടെ ജീവനക്കാർ തടയാൻ ശ്രമിച്ചു.ഇതോടെയാണ് സുമേഷ്,ജോസ് ജേക്കബ്,ഷമീൽ എന്നിവർ ചേർന്ന് ജീവനക്കാരെ മർദിച്ചത്.
ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് എം.എം ഹസ്സൻ
തിരുവനന്തപുരം:ഹർത്താൽ ദിനത്തിൽ അക്രമം നടത്തരുതെന്ന് യു ഡി എഫ് പ്രവർത്തകർക്ക് കർശന നിർദേശം നൽകിയിരുന്നതായി എം.എം ഹസ്സൻ.പ്രവത്തകർ ഇത് ലംഘിച്ചോ എന്ന് പരിശോധിക്കും.അക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു.എന്നാൽ ഹർത്താൽ ദിനത്തിൽ സംസ്ഥാനത്തു പലയിടത്തും അക്രമം ഉണ്ടായതായി റിപ്പോർട്ട്.തിരുവനന്തപുരത്തും കൊച്ചിയിലും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ കല്ലേറുണ്ടായി.കോഴിക്കോട് എൽ ഐ സി ഓഫീസും കണ്ണൂരിൽ ബാങ്കും ഹർത്താൽ അനുകൂലികൾ ബലമായി പൂട്ടിച്ചു.കണ്ണൂർ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ നേതൃത്വത്തിലായിരുന്നു ബാങ്ക് പൂട്ടിച്ചത്.കാസർകോട്ട് ഹർത്താൽ അനുകൂലികൾ മാധ്യമപ്രവർത്തകരുടെ കാർ തടഞ്ഞു.മാതൃഭൂമി ന്യൂസ് സംഘത്തെയാണ് ഹർത്താൽ അനുകൂലികൾ കാർ തടഞ്ഞ് കയ്യേറ്റത്തിന് ശ്രമിച്ചത്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട.മൂന്നുപേരിൽ നിന്നായി ഒരുകോടിയിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ജിദ്ദയിൽ നിന്നും സൗദി എയർലൈൻസ് വിമാനത്തിൽ വന്ന പെരിന്തൽമണ്ണ സ്വദേശി സിദ്ദിഖിന്റെ പക്കൽ നിന്നും രണ്ടു കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്.സ്പീക്കറിന്റെ ട്രാൻസ്ഫോർമറിലുള്ള ചെമ്പുകമ്പി നീക്കം ചെയ്ത ശേഷം പകരം സ്വർണ്ണക്കമ്പി പിടിപ്പിക്കുകയായിരുന്നു. ദുബൈയിൽ നിന്നും ജെറ്റ് എയർവെയ്‌സ് വിമാനത്തിൽ വന്ന കർണാടകം സ്വദേശിയായ സിയാവുൽ ഹഖ് കാൽപ്പാദങ്ങളിൽ ഒട്ടിച്ചു വെച്ച് കടത്താൻ ശ്രമിച്ച 466 ഗ്രാം തൂക്കമുള്ള സ്വർണ്ണ ബിസ്‌ക്കറ്റുകളും പിടികൂടി.ഷാർജയിൽ നിന്നും എയർ ഏഷ്യ വിമാനത്തിൽ വന്ന നിയസിന്റെ പക്കൽ നിന്നും 703 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്.പെർഫ്യൂം ബോട്ടിലിന്റെ അടപ്പിനകത്ത് ചെറിയ മുത്തുകളുടെ രൂപത്തിലാണ് ഇവ ഒളിച്ചു കടത്താൻ ശ്രമിച്ചത്.
ബെംഗളൂരുവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ആറ് മരണം
ബെംഗളൂരു:ബെംഗളൂരുവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകർന്നു വീണ് സ്ത്രീകളടക്കം ആറുപേർ മരിച്ചു.കൂടുതൽപേർ കെട്ടിടത്തിന് ഉള്ളിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.രണ്ടു കുട്ടികളെ പരിക്കുകളോടെ രക്ഷിച്ചു. ജുനേഷ് എന്നയാളുടെ പേരിലാണ് കെട്ടിടം.ഇയാൾ ഇത് നാലു കുടുംബങ്ങൾക്കായി വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.താഴെയും മുകളിലും രണ്ടു കുടുംബങ്ങൾ വീതമാണ് താമസിക്കുന്നത്.കെട്ടിടം ഏതാണ്ട് പൂർണ്ണമായും തകർന്നിട്ടുണ്ട്.
കാഞ്ഞങ്ങാട് വീട് കുത്തിത്തുറന്ന് 71 പവൻ മോഷ്ടിച്ചു
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ആവിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 71 പവൻ മോഷ്ടിച്ചു.ശനിയാഴ്ച സന്ധ്യയോടെയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്.ഗൃഹനാഥൻ അബ്ദുൽ ഗഫൂറും കുടുംബവും നീലേശ്വരം മന്ദംപുറത്തെ ഭാര്യവീട്ടിൽ പോയി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഗഫൂറിന്റെ ഭാര്യ റയിഹാനത്ത് ശനിയാഴ്ച രാവിലെയാണ് വീടുപൂട്ടി നീലേശ്വരത്തേക്ക് പോയത്.സന്ധ്യയ്ക്ക് ഒരുമണിക്കൂറോളം പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.ആ സമയത്ത് അവിടെ വൈദ്യുതിയും ഉണ്ടായിരുന്നില്ല. അടുക്കള ഭാഗത്തെ ആസ്ബറ്റോസ് പതിച്ച ഷെഡ്‌ഡിലൂടെ പിറകുഭാഗത്തെ വരാന്തയിലെത്തി ഗ്രിൽസിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ട്ടാക്കൾ അകത്തു കടന്നത്.കിടപ്പുമുറിയിൽ കയറി സ്റ്റീൽ അലമാരയും കുത്തിത്തുറന്നാണ് സ്വർണം മോഷ്ടിച്ചത്.രാത്രി പത്തുമണിയോടെ വീട്ടിൽ തിരിച്ചെത്തിയ കുടുംബാംഗങ്ങൾ മുൻവശത്തെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അത് അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു.ഇതേതുടർന്ന് പുറകുവശത്തു ചെന്ന് നോക്കിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്.
മികച്ച ഉച്ചഭക്ഷണം നൽകുന്ന സ്കൂളുകൾക്ക് അവാർഡ് നല്കാൻ തീരുമാനം
കല്യാശ്ശേരി:മികച്ച ഉച്ചഭക്ഷണം നൽകുന്ന സ്കൂളുകൾക്ക് അവാർഡ് നല്കാൻ തീരുമാനം.സ്കൂൾ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുത്തത്.ഇത് സർക്കാരിന്റെ അംഗീകാരത്തിന് വിധേയമായി നടപ്പിലാക്കും. സ്കൂളുകളിൽ ഗുണനിലവാരമുള്ള പച്ചക്കറികൾ വിതരണം ചെയ്യുന്നതിനായി കുടുംബശ്രീകളെ ചുമതലപ്പെടുത്തണമെന്നാണ് മറ്റൊരു ശുപാർശ.ഇതിനായി ഒരുകുട്ടിക്ക് രണ്ടുരൂപ നിരക്കിൽ നൽകും.പാചകക്കാരുടെ പ്രായപരിധി 60 വയസാക്കും,ഇരുനൂറ്റി അൻപതിൽ കൂടുതൽ വിദ്യാർഥികളുള്ള സ്കൂളുകളിൽ രണ്ടു പാചകക്കാരെ നിയമിക്കുക,കണ്ടിജൻസി ചാർജുകൾ 100 കുട്ടികൾക്ക് വരെ ഒൻപതു രൂപയായി വർധിപ്പിക്കുക,അരി സിവിൽ സപ്ലൈസിൽ നിന്നും നേരിട്ട് സ്കൂളുകളിൽ എത്തിക്കുക,നവംബർ മുതൽ സ്കൂളുകളിൽ പാചകത്തിനായി പാചകവാതകം ഉപയോഗിക്കുക,പാചകത്തിനായി സ്കൂളുകളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കാൻ സാങ്കേതിക ഏജൻസികളെ ഏർപ്പെടുത്തുക തുടങ്ങിയവയും കമ്മിറ്റിയെടുത്ത പ്രധാന തീരുമാനങ്ങളാണ്.മികച്ച ഉച്ചഭക്ഷണം നൽകുന്ന മൂന്നു സ്കൂളുകൾക്ക് സംസ്ഥാനതലത്തിൽ 3 ലക്ഷം,2 ലക്ഷം,1 ലക്ഷം എന്നിങ്ങനെയും ജില്ലാ തലത്തിൽ 30,000,20,000,10,000 എന്നിങ്ങനെയും സമ്മാനം നൽകും.
ആറളം ഫാം നഴ്സറിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
ആറളം:ആറളം ഫാം നഴ്സറിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.ഇന്നലെ പുലർച്ചെ നഴ്സറിയുടെ കമ്പിവേലി തകർത്ത് അകത്തുകടന്ന കാട്ടാനക്കൂട്ടം വിൽപ്പനയ്ക്ക് തയ്യാറാക്കിയ അഞ്ഞൂറോളം തെങ്ങിൻ തൈകൾ നശിപ്പിച്ചു.നഴ്സറിക്കുള്ളിലെ നിരവധി വലിയ തെങ്ങുകളും നശിപ്പിച്ചിട്ടുണ്ട്. ഫാമിൽ തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാനായി തയ്യാറാക്കിയ താൽക്കാലിക ഷെഡ്ഡും കാട്ടാനക്കൂട്ടം നശിപ്പിച്ചു.വർഷങ്ങൾക്ക് മുൻപ് ഫാമിനകത്തു സ്ഥാപിച്ച ശിലാഫലകവും ആനക്കൂട്ടം നശിപ്പിച്ചു.നാല് ആനകൾ അടങ്ങുന്ന കൂട്ടമാണ് ഫാമിലെത്തിയത്.ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ആറളം ഫാം പുനരധിവാസ മേഖലയും കടന്നാണ് ആനക്കൂട്ടം ഫാമിന്റെ അധീനതയിലെത്തിയിരിക്കുന്നത്.3500 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഫാമിന്റെ മധ്യഭാഗത്തായാണ് നഴ്സറി സ്ഥിതി ചെയ്യുന്നത്.ഫാമിനകത്തു നേരത്തെ കാട്ടാനക്കൂട്ടം നേരത്തെ നാശനഷ്ടങ്ങൾ വരുത്തിയിരുന്നെങ്കിലും നഴ്സറിയിലേക്ക് ഇതുവരെ പ്രവേശിച്ചിരുന്നില്ല.എന്നാൽ ഫാമിന്റെ പ്രധാന വരുമാന മാർഗമായ നഴ്സറിയിലേക്ക് കൂടി കാട്ടാന ശല്യം വ്യാപിച്ചതോടുകൂടി ഫാമിന്റെ നിലനിൽപ്പുതന്നെ അപകടത്തിലായിരിക്കുകയാണ്.വന്യജീവി സങ്കേതത്തിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുക എന്നത് സാഹസികമാണ്.വനം വകുപ്പിന്റെ ഇടപെടലിലൂടെ മാത്രമേ ഇതിനു ഇതിനു പരിഹാരമുണ്ടാക്കാനാകൂ എന്നാണ് ഫാം അധികൃതർ പറയുന്നത്.