കൊല്ലം:കൊല്ലത്ത് പത്താംക്‌ളാസ്സ് വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചു.ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെയാണ് സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും ചാടി വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ രണ്ട് അദ്ധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു.ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന വിധത്തിൽ അദ്ധ്യാപകർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മറ്റൊരു കുട്ടിയുമായുള്ള തർക്കത്തിൽ ഈ കുട്ടിയെ അദ്ധ്യാപകർ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച് വഴക്കുപറഞ്ഞിരുന്നു.ഇതിനു ശേഷമാണ് കുട്ടി കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയത്.വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിദ്യാർഥിനി.സഹപാഠികളിൽ നിന്നും മറ്റ് അധ്യാപകരിൽ നിന്നും പോലീസ് വെള്ളിയാഴ്ച തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ആശുപത്രിയിലെത്തി രക്ഷിതാക്കളിൽ നിന്ന് രാത്രിയിൽതന്നെ പോലീസ് മൊഴിയെടുക്കുകയും ചെയ്തു.
നടൻ ദിലീപിന് സുരക്ഷയൊരുക്കാൻ ഗോവയിൽ നിന്ന് സ്വകാര്യ സുരക്ഷാസേന എത്തി
ആലുവ: നടൻ ദിലീപിന് സുരക്ഷയൊരുക്കാൻ ഗോവയിൽ നിന്നുള്ള സ്വകാര്യ സുരക്ഷ ഏജൻസി എത്തി.നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദിലീപിനെ കാണാൻ വെള്ളിയാഴ്ച ആറ് വാഹനങ്ങളിലായി സുരക്ഷ ഏജൻസിയിലെ ഉദ്യോഗസ്ഥർ എത്തി. ദിലീപിന്‍റെ ആലുവയിലെ വസതിയിൽ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവർ വെള്ളിയാഴ്ച തന്നെ മടങ്ങുകയും ചെയ്തു. എന്നാൽ സുരക്ഷ ഏജൻസിയിലെ മൂന്ന് ഉദ്യോഗസ്ഥർ ആലുവയിലെ ദിലീപിന്‍റെ വസതിയിൽ തന്നെ തുടരുകയാണ്.ദിലീപ് ഇത്തരത്തിൽ സ്വകാര്യ സുരക്ഷ ഏജൻസിയെ ഉപയോഗിച്ച് സംരക്ഷണം ഒരുക്കുന്നതിന്‍റെ കാരണം പോലീസിനും അറിവായിട്ടില്ല.വാർത്ത പരന്നതോടെ പോലീസും അങ്കലാപ്പിലായി. സുരക്ഷാവീഴ്ച സംഭവിച്ചോയെന്നറിയാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ജാകരൂകരായി. ഒടുവിൽ ദിലീപിന്‍റെ വീട്ടിലെ സുരക്ഷാസന്നാഹത്തെക്കുറിച്ച് മാധ‍്യമപ്രവർത്തകർ വിളിച്ചു വിവരം നൽകിയപ്പോഴാണ് പോലീസ് പോലും സംഭവമറിയുന്നത്.മാധ‍്യമപ്രവർത്തകരിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സായുധസേനയിൽ നിന്നും വിരമിച്ച ഒരു കേണലിന്‍റെ നേതൃത്വത്തിലുള്ള സ്വകാര‍്യ സുരക്ഷാ ഏജൻസിയാണ് ആലുവിയിലെത്തിയതെന്ന് സ്ഥിരീകരിച്ചു. തണ്ടർഫോഴ്സിന്‍റെ കേരള മേധാവി വിരമിച്ച ഒരു ഐപിഎസ് ഉദ്യോഗസ്ഥനാണെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ ദിലീപുമായുള്ള പരിചയം പുതുക്കാനാണ് വീട്ടിലെത്തിയതെന്നായിരുന്നു വിശദീകരണം.ദിലീപ് ജാമ‍്യം നേടിയെങ്കിലും പോലീസ് നിരീക്ഷണത്തിലാണിപ്പോഴും. എന്നാൽ ഗോവയിലെ സ്വകാര‍്യ രഹസ‍്യാന്വേഷണ വിഭാഗത്തിന്‍റെ സന്ദർശനത്തെക്കുറിച്ച് വ‍്യക്തമായ വിശദീകരണം നൽകാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
മിനിമം വേതനം നൽകിയില്ലെങ്കിൽ ഒരുലക്ഷം രൂപ പിഴയീടാക്കും
കണ്ണൂർ:വിവിധ തൊഴിൽ മേഖലയിൽ ജോലിചെയ്യുന്നവർക്ക് സർക്കാർ നിശ്ചയിച്ച മിനിമം കൂലി നൽകിയില്ലെങ്കിൽ ഈടാക്കാവുന്ന പിഴ 500 രൂപയിൽ നിന്നും ഒരു ലക്ഷം രൂപയാക്കി ഉയർത്തി.മിനിമം വേതനം സംബന്ധിച്ച നിയമത്തിൽ നിയമസഭാ പാസാക്കിയ ഭേദഗതി ബില്ലിന് രാഷ്‌ട്രപതി കഴിഞ്ഞ ദിവസം അംഗീകാരം നൽകി.മിനിമം വേതനവും മിനിമം വേതന നിയമം അനുശാസിക്കുന്ന മറ്റാനുകൂല്യങ്ങളും സംബന്ധിച്ചുള്ള പരാതികൾ വർഷങ്ങളായി കെട്ടിക്കിടക്കുകയാണ്.പരാതി പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കുവാനുള്ള അധികാരം ഡെപ്യൂട്ടി ലേബർ കമ്മീഷണറിൽ നിന്നും എടുത്തുമാറ്റിയതോടെയാണിത്.എന്നാൽ പുതിയ ഉത്തരവനുസരിച്ച് ലേബർ കമ്മീഷണർക്ക് ഈ അധികാരം തിരികെ ലഭിക്കും.പിഴ തുക ഈടാക്കാനായി ജപ്തിനടപടിക്കും നിർദേശിക്കാം.ഉത്തരവ് പാലിക്കാത്ത സ്ഥാപന ഉടമയ്‌ക്കെതിരെ കോടതിയെ സമീപിക്കുകയും ചെയ്യാം.തൊഴിലാളികളുടെ രേഖകൾ സൂക്ഷിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് അസി.ലേബർ ഓഫീസർമാർക്ക് കേസെടുക്കാം. ഒരു തൊഴിലാളിക്ക് 2000 രൂപ എന്ന നിരക്കിൽ രണ്ടുലക്ഷം രൂപ വരെ ഇതിന് പിഴയീടാക്കാം.
‘അഗതിരഹിത സംസ്ഥാനം’ പദ്ധതി;ജില്ലാതല വിവര ശേഖരണം ഇന്ന് തുടങ്ങും
കണ്ണൂർ:അഗതികളായ മനുഷ്യരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതിയാണ് അഗതിരഹിത സംസ്ഥാനം.ഈ പദ്ധതിയുടെ ജില്ലാതല വിവര ശേഖരണം ഇന്ന് ആരംഭിക്കും.സംസ്ഥാന സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി സംരക്ഷിക്കാൻ ആരുമില്ലാത്തവർ,അഗതിയും അശരണരുമായ വ്യക്തികൾ,കുടുംബങ്ങൾ എന്നിവർക്കാണ് സംരക്ഷണം നൽകുക.ആശ്രയ പദ്ധതി ആരംഭിച്ചു പതിറ്റാണ്ടു കഴിഞ്ഞിട്ടും പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ ഉണ്ടെന്ന പരാതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ അഗതിരഹിത പദ്ധതിയുമായി മുന്നോട്ട് വരുന്നത്.നിലവിൽ ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ടവരും തുടർന്നും സേവനത്തിന് അർഹരായവരെ കണ്ടെത്തുന്ന ഏകീകൃത പദ്ധതി എന്ന നിലയിലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്.സർവേയിലൂടെ അഗതികളെന്നു കണ്ടെത്തുന്നവർക്ക് ഭക്ഷണം, ആരോഗ്യപരിപാലനം,വസ്ത്രം,വിദ്യാഭ്യാസം,ഉപജീവനമാർഗം,എന്നിവ കണ്ടെത്താൻ സഹായിക്കും.പദ്ധതിക്ക് ചിലവാകുന്ന തുകയുടെ നാൽപതു ശതമാനം സർക്കാർ കുടുംബശ്രീ വഴി ഓരോ പഞ്ചായത്തിനും ചലഞ്ച് ഫണ്ടായി നൽകും.പരിശീലനം ലഭിച്ച 560 കുടുംബശ്രീ പ്രവർത്തകരാണ് സർവ്വേ നടത്തുന്നത്.പ്രത്യേകം വികസിപ്പിച്ചെടുത്ത ആൻഡ്രോയിഡ് മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈനായാണ് സമഗ്ര വിവര ശേഖരണം നടത്തുക.അഗതികളുടെ ചുരുക്കപ്പട്ടിക പിന്നീട് പഞ്ചായത്ത് നോട്ടീസ് ബോർഡുകളിലും അങ്കണവാടികളിലും പ്രദർശിപ്പിക്കും.ഇതിൽ പരാതിയുള്ളവർ നവംബർ രണ്ടു മുതൽ അഞ്ചുവരെ രേഖാമൂലം സിഡിഎസ് ചെയർപേഴ്സനെ പരാതി അറിയിക്കണം.പിന്നീട് ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ പരാതി പരിശോധിച്ച് പട്ടിക തയ്യാറാക്കും.അന്തിമ പട്ടിക സംസ്ഥാനത്തെ എല്ലാപഞ്ചായത്തുകളും നവംബർ പതിനാറിന് ഗ്രാമസഭ കൂടി തീരുമാനിക്കും. പൂർത്തീകരിച്ച പട്ടിക കുടുംബശ്രീ ജില്ലാ മിഷൻ മുഖേന സംസ്ഥാന സർക്കാരിന് കൈമാറുകയും ചെയ്യും.അർഹരായ അഗതികളുടെ ആവശ്യങ്ങളും പരിമിതികളും കണ്ടെത്തി മാർഗരേഖ തയ്യാറാക്കേണ്ടത് ജില്ലാ കുടുംബശ്രീ മിഷന്റെ ചുമതലയാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി
കൊച്ചി:വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ വിമർശനവുമായി വീണ്ടും ഹൈക്കോടതി. കോട്ടയം മാന്നാനം കെ.ഇ കോളേജിൽ പ്രിൻസിപ്പലിനെ ഉപരോധിച്ച വിദ്യാർത്ഥികളെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന് കോടതി പോലീസിനോട് ആരാഞ്ഞു.സ്റ്റഡി ലീവായതിനാൽ വിദ്യാർഥികൾ കോളേജിൽ എത്താത്തതാണ് അറസ്റ്റ് വൈകാൻ കാരണമെന്നു പോലീസ് അറിയിച്ചു.എന്നാൽ പൊലീസിന് എന്ത് കൊണ്ട് വിദ്യാർത്ഥികളെ വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്തുകൂടാ എന്ന് ഹൈക്കോടതി ചോദിക്കുകയുണ്ടായി.പോലീസ് നൽകിയ മറുപടി തൃപ്തികരമല്ല.വീട്ടിൽ ചെന്ന് അറസ്റ്റ് ചെയ്ത് ഉചിതമായ ജാമ്യവ്യവസ്ഥയിൽ വിദ്യാർത്ഥികളെ ജാമ്യത്തിൽ വിടാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ വിദ്യാർഥികൾ കോളേജിൽ ചെയ്യുന്നത് എന്തൊക്കെയാണെന്ന് രക്ഷിതാക്കൾ അറിയുമെന്നും കോടതി പറഞ്ഞു.കോളേജിൽ പഠനം തസ്സപ്പെടാതെ നോക്കണമെന്ന മുൻ ഉത്തരവ് പോലീസ് പാലിച്ചില്ലെന്ന് കാണിച്ച് പ്രിൻസിപ്പൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.ഉത്തരവ് പാലിക്കുന്നതിൽ പോലീസ് വീഴ്ച വരുത്തി എന്നും കോടതി കണ്ടെത്തി.പഠനവും രാഷ്ട്രീയവും ഒന്നിച്ചു കൊണ്ടുപോകാനാകില്ലെന്നും രാഷ്ട്രീയം കോളേജിന് പുറത്തു മതി എന്നും കോടതി ഓർമിപ്പിച്ചു.മാന്നാനം കെ.ഇ കോളേജിൽ 2014 ഇൽ ഹൈക്കോടതി പോലീസ് സംരക്ഷണം നിർദേശിച്ചിരുന്നു.എന്നാൽ 2017 ഒക്ടോബർ നാലിന് ഉച്ചയ്ക്കാണ് എസ എഫ് ഐ പ്രവർത്തകരടക്കമുള്ളവരുടെ അറ്റെൻഡൻസ് കുറവ് വകവെച്ചുനൽകാൻ സർവകലാശാലയ്ക്ക് ശുപാർശ നൽകണമെന്നാവശ്യപ്പെട്ട് പ്രിൻസിപ്പലിനെ ഖരാവോ ചെയ്തത്.ഇതിൽ കോളേജ് അധികൃതർ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു.എന്നാൽ പോലീസിന്റെ സാന്നിധ്യത്തിലും വിദ്യാർഥികൾ ഖരാവോ തുടർന്ന്.ഇതിനെതിരെയാണ് ഹർജി സമർപ്പിച്ചത്.
എ ടി എമ്മുകൾ വഴി ഈ വർഷം അവസാനം വരെ 200 രൂപ നോട്ടുകൾ വിതരണം ചെയ്യാനാകില്ല
മുംബൈ:എ ടി എമ്മുകൾ വഴി വർഷാവസാനം വരെ 200 രൂപ നോട്ടുകൾ വിതരണം ചെയ്യാൻ സാധിക്കില്ല.200 രൂപ നോട്ടുകൾ ഉൾക്കൊള്ളാനാകുന്ന തരത്തിൽ എ ടി എം മെഷീനുകൾ നവീകരിക്കാത്തതാണ് ഇതിനു കാരണമെന്ന് എ ടി എം നിർമാതാക്കൾ പറയുന്നു.100 രൂപയ്ക്കും 500 രൂപയ്ക്കും ഇടയിലുള്ള അകലം കുറയ്ക്കാനായാണ് 200 രൂപ നോട്ടുകൾ ഇറക്കിയത്.എ ടി എം നിർമാതാക്കളുടെ കണക്കനുസരിച്ച് മിക്ക ബാങ്കുകളും പുതിയ നോട്ടിന്റെ ലഭ്യത കുറവായതിനാൽ അവരുടെ എ ടി എം മെഷീനുകൾ നവീകരിച്ചിട്ടില്ല. എ ടി എം മെഷീനുകൾ നവീകരിക്കാനുള്ള നടപടികൾ ബാങ്കുകളാണ് എടുക്കേണ്ടതെന്നും അവരുടെ ഭാഗത്തു നിന്നും യാതൊരു നിർദേശവും വന്നിട്ടില്ലെന്നും ഇന്ത്യയിലെ പ്രമുഖ എ ടി എം നിർമാതാക്കളായ എൻ സി ആർ ന്റെ എം ഡി നവ്‌റോസ് ദസ്തർ പറഞ്ഞു.അതേസമയം എ ടി എം നവീകരണ പ്രവർത്തനങ്ങൾക്ക് സമയമെടുക്കുമെന്നും ഇത് കഠിനമായ ഒരു ജോലിയാണെന്നും ബാങ്കുകൾ വ്യക്തമാക്കി.ഇതിനായി ആഴ്ചകളോളം ജോലി ചെയ്യേണ്ടതായി വരും.നോട്ട് നിരോധനം നടപ്പിലാക്കിയപ്പോൾ തൊഴിലാളികൾ ഇതിനായി രാപ്പകലില്ലാതെ കഷ്ട്ടപ്പെട്ടിരുന്നു.എന്നിട്ട്കൂടി ഇതിനായി രണ്ടാഴ്ചയോളം സമയം വേണ്ടിവന്നു.എന്നാൽ അത്തരത്തിലുള്ള ഒരു പ്രതിസന്ധി ഇപ്പോഴില്ലെന്നും അതിനാൽ തന്നെ എ ടി എമ്മുകൾ തിടുക്കപ്പെട്ട് നവീകരിക്കേണ്ട ആവശ്യവുമില്ലെന്ന് ബാങ്കുകൾ വ്യക്തമാക്കി.1, 2, 5, 10, 20, 50, 100, 500 , 2000. എന്ന ശ്രേണിയിൽ 200 ന്റെ അഭാവം പരിഹരിക്കാനാണ് 200 രൂപ നോട്ടുകൾ ഇറക്കുന്നതെന്നാണ് ആർ ബി ഐ പുതിയ 200 രൂപ നോട്ടുകൾ വിപണിയിൽ ഇറക്കിക്കൊണ്ട് വ്യക്തമാക്കിയത്.അടുത്ത വർഷം ഏപ്രിലോടെ പുതിയ 100 രൂപ നോട്ട് വിപണിയിലിറക്കാനും ആർ ബി ഐ ലക്ഷ്യമിടുന്നുണ്ട്.
ബിജെപി പ്രവർത്തകൻ രമിത്ത് കൊല്ലപ്പെട്ട കേസിൽ കുറ്റപത്രം ഇന്ന് സമർപ്പിക്കും
തലശ്ശേരി:ബിജെപി പ്രവർത്തകനും ഡ്രൈവറുമായിരുന്ന പിണറായി ഓലയമ്പലത്തെ രമിത്ത്(26) കൊല്ലപ്പെട്ട കേസിൽ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും.തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് മുന്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക.സിപിഎം പിണറായി ഏരിയ കമ്മിറ്റിയംഗം ഉൾപ്പെടെ 15 പ്രതികളുള്ള കേസിൽ ഒൻപതുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ആറുപേർ ഒളിവിലാണ്.രമിത്തിന്റെ അമ്മ നാരായണി,സഹോദരി എന്നിവർ കേസിൽ സാക്ഷികളാണ്.2016 ഒക്ടോബർ 12 നാണ് ഓലയമ്പലത്തെ പെട്രോൾ പമ്പിന് സമീപത്തുള്ള വീട്ടിനു മുൻപിൽ വെച്ച് രമിത്തിനെ കൊലപ്പെടുത്തിയത്.സിപിഎം പടുവിലായി ലോക്കൽ കമ്മിറ്റിയംഗം വാളാങ്കിച്ചാലിലെ കുഴിച്ചാൽ മോഹനൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് രമിത്തിന്റെ കൊലപാതകം.ചാവശ്ശേരിയിൽ ബസിൽ വെച്ച് കൊല്ലപ്പെട്ട ഡ്രൈവറും ബിജെപി പ്രവർത്തകനുമായ കൃഷ്ണകൃപയിൽ ചോടോൻ ഉത്തമന്റെ ഏകമകനാണ് രമിത്ത്.
കരാറുകാർ നടത്തിവരുന്ന സമരം പിൻവലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് നിർദേശം
കണ്ണൂർ:ജില്ലയിലെ കരാറുകാർ നടത്തിവരുന്ന സമരം പിൻവലിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പൊതുമരാമത്തു വകുപ്പ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് അഭ്യർത്ഥിച്ചു.ജി എസ് ടി ബാധകമാണെന്ന കാര്യം ടെൻഡർ വ്യവസ്ഥകളിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കരാറുകാർ ആശങ്കപ്പെടേണ്ടതില്ലെന്നും യോഗം വിലയിരുത്തി.ജി എസ് ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കരാറുകാർക്ക് അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചിട്ടും സമരം തുടർന്നുകൊണ്ടുപോകുന്നത് ന്യായീകരിക്കാനാകില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു.മണൽ,കരിങ്കല്ല്, ചെങ്കല്ല് തുടങ്ങിയ നിർമാണ സാമഗ്രികൾ ലഭ്യമാക്കുന്നതിന് 15 ക്വാറികൾക്ക് ജില്ലയിൽ പ്രവർത്തനാനുമതി നൽകിയതായും യോഗം അറിയിച്ചു.ഈ മാസം അവസാനത്തോടെ ക്വാറികൾ പ്രവർത്തനക്ഷമമാകും.
പാലയാട് സർവകലാശാല ക്യാംപസിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം,കെഎസ്‌യു വനിതാ നേതാവിന്റെ പല്ലിടിച്ചിളക്കി
തലശ്ശേരി:കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാംപസിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷം.പെൺകുട്ടികൾ ഉൾപ്പെടെ ഒൻപതുപേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ കെഎസ്‌യു പ്രവർത്തകരും രണ്ടാം വർഷ നിയമവിദ്യാർത്ഥികളുമായ ഗുരുവായൂർ ചിറ്റിലപ്പള്ളി സ്വദേശിനി സി.ജെ സോഫി(19),കാഞ്ഞങ്ങാട് സ്വദേശി ഉനൈസ്(19),ഇരിട്ടി സ്വദേശി ജോയിൽ(19) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെഎസ്‌യു തൃശൂർ ജില്ലാ സെക്രെട്ടറിയും പാലയാട് ക്യാംപസ് യുണിറ്റ് സെക്രെട്ടറിയുമായ സോഫിയുടെ മുൻവശത്തെ പല്ല് ഇളകിയ നിലയിലാണ്.അക്രമികൾ മരക്കഷ്ണം കൊണ്ട് മുഖത്തടിച്ചപ്പോഴാണ് പല്ല് ഇളകിയതെന്നു സോഫി പറഞ്ഞു.കെഎസ്‌യു യുണിറ്റ് പ്രസിഡന്റായ ഉനൈസിന്റെ പരിക്ക് ഗുരുതരമായതിനാൽ ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.അക്രമം തടയാനെത്തിയ അമൽ റാസിഖ്,സലിൽ എന്നീ വിദ്യാർത്ഥികൾക്കും പരിക്കേറ്റതിനെ തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകരും ഒന്നാംവർഷ നിയമവിദ്യാർത്ഥികളുമായ പ്രിയേഷ്,മിഥുൻ,രണ്ടാം വർഷ നിയമവിദ്യാർത്ഥികളായ സിൻസി,ആദർശ് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.കെഎസ്‌യു പ്രവർത്തകരുടെ പരാതിയിൽ ഒൻപത് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ധർമടം പോലീസ് കേസെടുത്തു. എസ്എഫ്ഐക്കെതിരെ ക്ലാസ്സിലെ ബെഞ്ചിൽ എഴുതി എന്നാരോപിച്ച് കഴിഞ്ഞ ദിവസം കെഎസ്‌യു പ്രവർത്തകരായ ഫവാസ്,ഷാസ് എന്നിവരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചിരുന്നു.ഇതിൽ പ്രതിഷേധിക്കാൻ കൂട്ടംകൂടി നിന്ന കെഎസ്‌യു പ്രവർത്തകർക്ക് നേരെയാണ് ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്.സംഭവത്തെ തുടർന്ന് പാലയാട് ക്യാംപസ് നിയമവിഭാഗം പഠന കേന്ദ്രം പത്തുദിവസത്തേക്ക് അടച്ചു.
നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ ഇല്ലാതാക്കണമെന്ന് ഹൈക്കോടതി
കൊച്ചി:നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾ ഇല്ലാതാക്കണമെന്ന് ഹൈക്കോടതി നിർദേശം.ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പൂട്ടിക്കാൻ പോലീസ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.മതപരിവർത്തന കേന്ദ്രങ്ങൾ പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.മിശ്ര വിവാഹങ്ങളെ സമൂഹം പ്രോത്സാഹിപ്പിക്കണമെന്നും പ്രണയത്തിനൊടുവിൽ നടക്കുന്ന മിശ്രവിവാഹത്തെ ലവ് ജിഹാദായും ഖർ വാപസിയായും വ്യാഖ്യാനിക്കുന്നത് നടുക്കമുണ്ടാക്കുന്നുവെന്നും കോടതി വ്യക്തമാക്കി.താൻ വിവാഹം ചെയ്ത ശ്രുതി എന്ന പെൺകുട്ടിയെ വിട്ടുകിട്ടാൻ കണ്ണൂർ പരിയാരം സ്വദേശി അനീസ് ഹമീദ് നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമർശം. അനീസുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാൻ തൃപ്പൂണിത്തുറയിലുള്ള യോഗ കേന്ദ്രത്തിൽ താമസിപ്പിച്ച് തന്നെ നിർബന്ധിച്ചിരുന്നതായി ശ്രുതി കോടതിയിൽ മൊഴി നൽകിയിരുന്നു.ശ്രുതിയെ കണ്ടെത്താനുള്ള വാറന്റ് ചോദ്യം ചെയ്ത് ശ്രുതിയുടെ അച്ഛനമ്മമാരായ കണ്ണൂർ മണ്ടൂരുള്ള രാജനും ഗീതയും സമർപ്പിച്ച ഹർജിയും കോടതി പരിഗണിച്ചു.24 വയസ്സുള്ള തന്റെ മകളെ 2017 മെയ് 16 മുതൽ കാണാതായെന്ന് കാണിച്ചു ഇവർ പോലീസിൽ പരാതി നൽകിയിരുന്നു.ഹൈക്കോടതിയിൽ ഹർജിയും നൽകി.ശ്രുതി മതംമാറി അനീസിനെ വിവാഹം ചെയ്തെന്ന് പോലീസ് റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഹർജി തീർപ്പായി.