തിരുവനന്തപുരം:മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതൽ ആധാർ നിർബന്ധം. സംസ്ഥാന ജനന-മരണ രജിസ്ട്രാർ ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറക്കി.ഒക്ടോബർ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും.സംസ്ഥാനത്തെ എല്ലാ നഗരസഭ,ഗ്രാമപഞ്ചായത്ത്, കോർപറേഷനുകൾ എന്നിവയ്ക്ക് ഇത് സംബന്ധിച്ച സർക്കുലർ വെള്ളിയാഴ്ച ലഭിച്ചു.മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുമ്പോൾ മറ്റു വിവരങ്ങൾക്കൊപ്പം മരിച്ചയാളുടെ ആധാർ നമ്പർ രേഖപ്പെടുത്തണമെന്നാണ് നിർദേശം.മരണപ്പെട്ട വ്യക്തിക്ക് ആധാർ ഇല്ലെങ്കിൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നയാൾ തന്റെ അറിവിൽ ഇയാൾക്ക് ആധാർ ഇല്ലെന്നുള്ള സത്യപ്രസ്താവന സമർപ്പിക്കണം.സർട്ടിഫിക്കറ്റിന് അപേക്ഷ നല്കുന്നയാളുടെ ആധാർ നമ്പറും അപേക്ഷയോടൊപ്പം വാങ്ങാനും നിർദേശമുണ്ട്.
ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാത്രം
ന്യൂഡൽഹി:ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് മാത്രം.ടിക്കറ്റ് ബുക്കിങ്ങിനു ഉപഭോക്താക്കളിൽ നിന്നും കൺവീനിയന്സ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് തർക്കമാണ് നിയന്ത്രണത്തിന് വഴിവെച്ചത്.ഇന്ത്യൻ ഓവർസീസ് ബാങ്ക്,കാനറാ ബാങ്ക്,യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ,ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നീ ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് മാത്രമേ ഐആർസിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ.ബാങ്കുകളെ ഒഴിവാക്കിയ നടപടി പിൻവലിക്കുന്നത് സംബന്ധിച്ച് റെയിൽവേ, ഐആര്‍സിടിസി അധികൃതരുമായി ചർച്ച നടത്തുമെന്ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അറിയിച്ചു.
നിർത്താതെ കരഞ്ഞ ഒരു വയസ്സുകാരിയെ അച്ഛൻ ഓവുചാലിലെറിഞ്ഞു കൊന്നു
ന്യൂഡൽഹി:നിർത്താതെ കരഞ്ഞ ഒരു വയസ്സുകാരിയെ അച്ഛൻ ഓവുചാലിലെറിഞ്ഞു കൊന്നു.ഡൽഹി ജാമിയ നഗറിലാണ് സംഭവം.സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അച്ഛൻ റഷീദ് ജമാലിന്റെ പോലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ റാഷിദ് ഭാര്യയുമായി വഴക്കിട്ടു.ഇതോടെ കുഞ്ഞ് കരയാൻ തുടങ്ങി.ഉടൻതന്നെ കരയുന്ന കുഞ്ഞിനെയുമെടുത്ത് ഇയാൾ വീട്ടിൽ നിന്നിറങ്ങുകയും കുഞ്ഞിനെ അകലെയുള്ള ഓവുചാലിലെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു.ഇയാൾ കുഞ്ഞിനെ എടുത്തു കൊണ്ട് പോകുന്നത് കണ്ട ഭാര്യ ബന്ധുക്കളെയും അയൽക്കാരെയും കൂട്ടി പുറകെ പോയെങ്കിലും അപ്പോഴേക്കും ഇയാൾ കുഞ്ഞിനെ ഓവുചാലിൽ എറിഞ്ഞിരുന്നു.ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
കോട്ടപ്പുറം സ്കൂളിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി
നീലേശ്വരം:കോട്ടപ്പുറം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്എഫ്ഐ-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.മൂന്നുപേർക്ക് പരിക്കേറ്റു.കോട്ടപ്പുറം സ്കൂളിലെ എസ്എഫ്ഐ പ്രവർത്തകനായ ഫാസിലിനെ കല്ലുരാവിയിൽ വെച്ച് എംഎസ്എഫ്-ലീഗ് പ്രവർത്തകർ മർദിച്ചിരുന്നു.ഇതിന് നേതൃത്വം കൊടുത്ത സ്കൂളിലെ എംഎസ്എഫ് പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ ഇന്ന് സ്കൂളിൽ പ്രകടനം നടത്തിയിരുന്നു.ഈ പ്രകടനത്തെ തുടർന്നാണ് സംഘർഷമുണ്ടായത്. അക്രമത്തിൽ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ റഹ്മാൻ(18),എസ്എഫ്ഐ പ്രവർത്തകരായ അർജുൻ രവീന്ദ്രൻ(16),വിപിൻ.കെ(18) എന്നിവർക്കാണ് പരിക്കേറ്റത്.അബ്ദുൽ റഹ്മാനെ കാഞ്ഞങ്ങാട് കേരള ആശുപത്രിയിലും മറ്റുള്ളവരെ നീലേശ്വരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തോമസ് ചാണ്ടി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം
ആലപ്പുഴ:ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ പ്രതിഷേധം.ആലപ്പുഴ കളക്റ്ററേറ്റിന് മുൻപിലാണ് പ്രതിഷേധ സമരം നടന്നത്.പ്രതിഷേധിച്ച പത്തോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.നിരവധി കയ്യേറ്റങ്ങൾ നടത്തിയ തോമസ് ചാണ്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും രാജിവെയ്ക്കുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.
എസ്‌ബിഐയുടെ ആറ് അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകളും ഐ എഫ് എസ് സി കോഡും സെപ്റ്റംബർ 30 ന് ശേഷം അസാധുവാകും
ന്യൂഡൽഹി:എസ്‌ബിഐയുടെ ആറ് അനുബന്ധ ബാങ്കുകളുടെ ചെക്ക് ബുക്കുകളും ഐ എഫ് എസ് സി കോഡും സെപ്റ്റംബർ 30 ന് ശേഷം അസാധുവാകുമെന്ന് എസ് ബി ഐ അറിയിച്ചു.പണമിടപാട് നടത്തണമെങ്കിൽ പുതിയ ചെക്ക് ബുക്കിനും ഐ എഫ് എസ് സി കോഡിനും പുതുതായി അപേക്ഷിക്കണമെന്നും എസ്‌ബിഐ അറിയിച്ചു.എസ്‌ബിഐയുടെ അനുബന്ധ ബാങ്കുകളായ ഭാരതീയ മഹിളാ ബാങ്ക്,സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല,സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പൂർ,സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ ബാങ്കുകൾക്കാണ് നിർദേശം ലഭിച്ചിരിക്കുന്നത്.എസ്‌ബിഐ-എസ്‌ബിറ്റി ലയനത്തെ തുടർന്നാണ് അനുബന്ധ ബാങ്കുകളുടെ ഐ എഫ് എസ് സി കോഡും ചെക്ക് ബുക്കും എസ്‌ബിഐ അസാധുവാക്കുന്നത്.
കേരളത്തിലെ മൂന്ന് മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു
ന്യൂഡൽഹി:കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി അംഗീകരിച്ചു.അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തത ഉണ്ടെന്നു കണ്ടെത്തിയ അടൂർ മൌന്റ്റ് സിയോൺ,വയനാട് ഡി എം,തൊടുപുഴ അൽ അസർ എന്നീ മെഡിക്കൽ കോളേജുകളിലെ പ്രവേശനമാണ് കോടതി അംഗീകരിച്ചത്.ഈ മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകരുടെ എണ്ണത്തിൽ പത്തു ശതമാനത്തോളം കുറവും അടിസ്ഥാന സൗകര്യങ്ങളിൽ അപര്യാപ്തത ഉണ്ടെന്നും ചൂണ്ടിക്കാട്ടി പുതിയ ബാച്ചിന് പ്രവേശനം അനുവദിക്കരുതെന്ന് മെഡിക്കൽ കൗൺസിൽ വാദിച്ചു.എന്നാൽ അപര്യാപ്തതകൾ നിസ്സാരമാണെന്നും 400 ലധികം കുട്ടികളുടെ ഭാവി ത്രിശങ്കുവിൽ ആക്കാൻ അനുവദിക്കില്ല എന്ന നിലപാട് സുപ്രീം കോടതി എടുക്കുകയായിരുന്നു.ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ,എൽ.നാഗേശ്വര റാവു എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്.ഇതോടെ ഈ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അഞ്ചു വർഷം തടസ്സമില്ലാതെ പഠിക്കാൻ കഴിയും.
കോഴിക്കോട് കളക്റ്ററേറ്റിൽ തീപിടുത്തം
കോഴിക്കോട്:കോഴിക്കോട് കളക്റ്ററേറ്റിൽ തീപിടുത്തം.ആർ ഡി ഓ ഓഫീസിന് മുകളിലത്തെ നിലയിലുള്ള തപാൽ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ആളപായമൊന്നും റിപ്പോർട് ചെയ്തിട്ടില്ല.അഗ്‌നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.തപാൽ വകുപ്പിന്റെ ഒട്ടേറെ രേഖകൾ കത്തിനശിച്ചതായി റിപ്പോർട്ടുകളുണ്ട്.
ഓണം ബമ്പർ നറുക്കെടുത്തു;ഒന്നാം സമ്മാനം മലപ്പുറത്ത്
തിരുവനന്തപുരം:ഓണം ബമ്പർ നറുക്കെടുത്തു.ഒന്നാം സമ്മാനമായ പത്തു കോടി രൂപ മലപ്പുറത്ത് വിറ്റ AJ442876 നമ്പർ ലോട്ടറിക്ക് ലഭിച്ചു.442876 എന്ന നമ്പറിലുള്ള എല്ലാ സീരീസിലുള്ള ടിക്കറ്റുകൾക്കും സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ ലഭിക്കും.തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്ര ഹോം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വിജയിയെ തിരഞ്ഞെടുത്തത്.നികുതി കഴിച്ചു 6 കോടി 30 ലക്ഷം രൂപയാണ് ഒന്നാം സമ്മാന വിജയിക്ക് കിട്ടുക.ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബമ്പർ വിൽപ്പനയ്‌ക്കെത്തിയത്.നേരത്തെ സെപ്റ്റംബർ 20 ന് ഓണം ബമ്പർ നറുക്കെടുക്കുമെന്നായിരുന്നു അറിയിച്ചിരിക്കുന്നത്.എന്നാൽ പുതുതായി അച്ചടിച്ച ടിക്കറ്റുകൾ കൂടി വിറ്റഴിക്കാനായിട്ടാണ് നറുക്കെടുപ്പ് 22 ലേക്ക് മാറ്റിയത്.
കളക്റ്ററേറ്റിലെ കവർച്ച;പിടിയിലായവർ മുൻപും മോഷണക്കേസിൽ അറസ്റ്റിലായവർ
കണ്ണൂർ:കണ്ണൂർ കളക്റ്ററേറ്റിലെ കവർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോഴിക്കോട് കൂടരഞ്ഞി കൂലത്തുംകടവ് ഒന്നാംതൊടി കെ.പി.ബിനോയ് (35), പേരാവൂർ പഴയ ടാക്കീസിനു സമീപം കെ.യു.മാത്യു എന്ന ഓന്ത് മാത്യു (50) എന്നിവർ മുൻപും കണ്ണൂർ കോടതിയിലെ കന്റീനിലും കോഴിക്കോട് കോടതിയിലും കവർച്ച നടത്തിയതിനു നേരത്തേ ജയിലിൽ കഴിഞ്ഞിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു.അടുത്തകാലത്തു ജയിലിൽ നിന്നിറങ്ങിയവരുടെ പട്ടികയും പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണു മോഷ്ടാക്കളെ പിടികൂടിയത്. ജയിലിൽ വച്ചാണു ഇവർ പരിചയപ്പെട്ടത്. അടുത്തിടെയാണു രണ്ടുപേരും ജയിലിൽ നിന്നിറങ്ങിയത്. സംഭവദിവസം രാത്രി റെയിൽവേ സ്റ്റേഷനു സമീപത്തെ സിസിടിവി ക്യാമറയിൽ മത്തായിയുടെ ചിത്രം പതിഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു.നഗരത്തിലെ തിയറ്ററിൽ സിനിമ കണ്ട ശേഷമാണ് ഇവർ മോഷണം ആസൂത്രണം ചെയ്തത്.കളക്റ്ററേറ്റിന് സമീപത്തുള്ള പെട്രോൾ പമ്പിൽ മോഷണം നടത്താനാണ് ഇവർ ആദ്യം തീരുമാനിച്ചത്.എന്നാൽ പെട്രോൾ പമ്പിലും സമീപത്തും ആളുകളും വാഹനങ്ങളുടെ വെളിച്ചവും ഉണ്ടായിരുന്നതിനാൽ തീരുമാനം മാറ്റി മതിൽ മതിൽ ചാടിക്കടന്ന് ഇരുവരും കലക്ടറേറ്റിൽ എത്തുകയായിരുന്നു. മോഷണത്തിനു ശേഷം മാനന്തവാടിയിൽ തങ്ങിയ ഇവർ രണ്ടു ദിവസം മുൻപാണു കണ്ണൂരിൽ തിരിച്ചെത്തിയത്.