മലപ്പുറം പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാൻ നീക്കം

keralanews attempt to merge malappuram passport office with kozhikode office

കോഴിക്കോട്:മലപ്പുറം റീജിയണൽ പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാൻ നീക്കം.നിലവിൽ ഒരു റീജിയണൽ പാസ്പോർട്ട് ഓഫീസും ഒരു പാസ്പോര്ട്ട് സേവാകേന്ദ്രവുമാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്.ഇവിടെ നിന്നും  പാസ്പോർട്ട് ഓഫീസ് മാറ്റി പാസ്പോര്ട്ട് സേവാകേന്ദ്രം മാത്രം നിലനിർത്തുന്ന  വിദേശകാര്യ മന്ത്രാലയത്തിന്റെ നീക്കത്തിനെതിരെ മുസ്ലിം ലീഗും പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മലപ്പുറം,പാലക്കാട് ജില്ലകളിൽ നിന്നുള്ള വിദേശത്തു ജോലി ചെയ്യുന്നവരും തീർത്ഥാടകരും ആശ്രയിക്കുന്നത് മലപ്പുറം പാസ്പോര്ട്ട് ഓഫീസിനെയാണ്.ദിനം പ്രതി എഴുനൂറോളം അപേക്ഷകളാണ് ഇവിടെ സ്വീകരിക്കുന്നത്.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള ജില്ലയാണ് മലപ്പുറം.പാസ്പോർട്ട് പുതുക്കുന്നവർക്കും തീർത്ഥാടനത്തിന് പോകുന്നവർക്കും ഏറെ പ്രയാസമുണ്ടാക്കുന്നതാണ് പുതിയ നീക്കം.അതേസമയം ഓഫീസിന്റെ തുടർ പ്രവർത്തനത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ഓഫീസ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. മലപ്പുറം ഓഫീസ് വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.കോഴിക്കോടുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറ്റിയാൽ വാടകയിനത്തിലുള്ള ബാധ്യത ഒഴിവായി കിട്ടുമെന്നും പാസ്പോര്ട്ട് ഓഫീസർ ജി.ശിവകുമാർ പറഞ്ഞു.എന്നാൽ ഭൂമി കണ്ടെത്താനും സ്വന്തം കെട്ടിടം നിർമിക്കാനുമുള്ള എല്ലാ സഹായങ്ങളും മുസ്ലിം ലീഗിന്റെ ഭാഗത്ത്നിന്നും ഉണ്ടാകുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രെട്ടറി കെ.ടി അഷ്‌റഫ് പറഞ്ഞു.ഒന്നേകാൽ ലക്ഷം രൂപയാണ് മലപ്പുറം പാസ്പോർട്ട് ഓഫീസിന്റെ വാടക.ഓഫീസ് പൂട്ടുന്ന മുറയ്ക്ക് ഇവിടെയുള്ള 38 ജീവനക്കാരെയും കോഴിക്കോടേക്ക് മാറ്റുമെന്നാണ് സൂചന.

ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് സ്വന്തം സുഹൃത്ത്

keralanews malayali student was kidnapped and killed by his friend

ബെംഗളൂരു:ബെംഗളൂരുവിൽ മലയാളി വിദ്യാർത്ഥിയായ ശരത്തിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് സ്വന്തം സുഹൃത്ത് തന്നെ.ശരത്തിനെ കാണാതായത് മുതൽ നടന്ന അന്വേഷണത്തിൽ മുന്പന്തിയിലുണ്ടായിരുന്ന വിശാലാണ് തട്ടിക്കൊണ്ടുപോകലിന് നേതൃത്വം നൽകിയത്.ശരത്തിന്റെ സുഹൃത്തും സഹോദരിയുടെ സഹപാഠിയുമായിരുന്ന ഇയാൾ ശരത്തിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു.പെട്ടെന്ന് പണം സമ്പാദിക്കാനുള്ള ആഗ്രഹമാണ് ഇയാളെ സ്വന്തം സുഹൃത്തിനെ തട്ടിക്കൊണ്ടുപോകാനും കൊലപ്പെടുത്താനും പ്രേരിപ്പിച്ചത്.

രാമലീലയെ പിന്തുണച്ച് മഞ്ജു വാര്യർ

keralanews manju varrier supported ramaleela

കൊച്ചി:ദിലീപ് നായകനായ രാമലീല സിനിമയെ പിന്തുണച്ച് മഞ്ജു വാര്യർ രംഗത്ത്. വ്യക്തിപരമായ വിരോധങ്ങളും എതിർപ്പുകളും കാണിക്കേണ്ടത് സിനിമയോടല്ലെന്നും മഞ്ജു ചൂണ്ടിക്കാട്ടി.രാമലീല ബഹിഷ്ക്കരിക്കണമെന്നും തീയേറ്റർ കത്തിക്കണമെന്നുമുള്ള നിലപാട് ദൗർഭാഗ്യകരമാണ്.സിനിമ ഒരാളുടേതു മാത്രമല്ല.ഒരുപാടു പേരുടേതാണ്.അവർ അതിൽ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സർഗ്ഗ വൈഭവമോ മാത്രമല്ല.സിനിമ വിജയിക്കുമ്പോഴും അത് പ്രേക്ഷകർക്ക് ഇഷ്ട്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ യഥാർത്ഥത്തിൽ ആനന്ദിക്കുന്നത്.അത് പണത്തേക്കാൾ വലുതാണ് താനും.രാമലീല പ്രേക്ഷകർ കാണട്ടെ എന്നും കാഴ്ചയുടെ നീതി പുലരട്ടെ എന്നും മഞ്ജു വാര്യർ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

വരുന്നൂ വെജിറ്റബിൾ മുട്ട

keralanews vegetable egg

ഇറ്റലി:പച്ചക്കറിയിൽ നിന്നും രൂപം കൊടുക്കുന്ന കൃത്രിമ മുട്ട വിപണിയിലേക്ക്.പരിശോധന ശാലയിൽ നിന്നും പൂർണ്ണമായും പച്ചക്കറികളിൽ നിന്നും നിർമിച്ച പുഴുങ്ങിയ മുട്ടയാണ് വിപണിയിലെത്തുന്നത്.വി-വെഗി(v-egg-ie-) എന്ന പേരിൽ വിപണിയിലെത്തുന്ന മുട്ടയ്ക്ക് യഥാർത്ഥ മുട്ടയുടെ അതെ രൂപവും ഗുണങ്ങളുമാണുള്ളത്.സോയ ബീനിൽ നിന്നും വെജിറ്റബിൾ ഓയിലിൽ നിന്നുമാണ് ഈ മുട്ട ഉണ്ടാക്കുന്നത്.ഇതിൽ ചേർക്കുന്ന ഉപ്പിൽ നിന്നുമാണ് യഥാർത്ഥ മുട്ടയുടെ രുചി ഇതിനു ലഭിക്കുന്നത്.കൊളസ്ട്രോളിനെ പേടിക്കാതെ ഈ മുട്ട കഴിക്കുകയും ചെയാം.ഒന്നര വർഷത്തോളം ഗവേഷണം നടത്തിയാണ് ഇറ്റലിയിലെ യുഡിൻ സർവകലാശാലയിലെ ഫുഡ് ആൻഡ് ടെക്നോളജി വിദ്യാർഥികൾ ഈ പച്ചക്കറി മുട്ട സൃഷ്ട്ടിച്ചത്.മുട്ടയുടെ നിർമാണ രഹസ്യം ഇവർ ഇത് വരെ പുറത്തുവിട്ടിട്ടില്ല.രുചിയിലും ഗുണത്തിലും യഥാർത്ഥ മുട്ടയ്‌ക്കൊപ്പം നിൽക്കുന്നതാണ് വെഗിയെന്ന് ഗവേഷകർ പറയുന്നു.പുതുതായി ഒരു ഭക്ഷ്യവസ്തു ഉണ്ടാക്കണമെന്ന ആശയത്തെ തുടർന്നാണ് വെജിറ്റബിൾ മുട്ട ഉണ്ടാക്കാനായുള്ള ഗവേഷണം ആരംഭിച്ചത്.

കീഴാറ്റൂർ സമരം;സുരേഷ് കീഴാറ്റൂരിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി

keralanews keezhattoor strike suresh keezhattoor was arrested and shifted to hospital

തളിപ്പറമ്പ്:ദേശീയപാത ബൈപാസ്സിന് വേണ്ടി നെൽവയൽ നികത്താനുള്ള നീക്കത്തിനെതിരേ സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരില്‍ വയൽക്കിളികൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാരസമരം നടത്തിവന്ന സമരനായകന്‍ സുരേഷ് കീഴാറ്റൂരിനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റി.പകരം കര്‍ഷകത്തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി(69) നിരാഹാര സമരം ആരംഭിച്ചു.ബൈപാസ്സിന് വേണ്ടി മണ്ണിട്ട് നികത്താനിരിക്കുന്ന വയലിൽ സമരപന്തൽ കെട്ടി സെപ്റ്റംബർ പത്തിനാണ് സുരേഷ് കിഴാറ്റൂര് സത്യാഗ്രഹം ആരംഭിച്ചത്.പന്ത്രണ്ടു ദിവസമായി നിരാഹാരം തുടരുന്ന സുരേഷിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് എസ്ഐ പി.എ.ബിനുമോഹന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം ഡോക്ടറുമായെത്തി പരിശോധന നടത്തി അറസ്റ്റ് ചെയ്ത് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തളിപ്പറമ്പ് തഹസിൽദാർ എം.മുരളിയുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്. പിന്നീട് കര്‍ഷകത്തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി രണ്ടാംഘട്ട നിരാഹാരം ആരംഭിച്ചു.സുരേഷ് കീഴാറ്റൂരിനെ അറസ്റ്റ് ചെയ്തു മാറ്റും മുമ്പ് തന്നെ സമരം തുടരേണ്ട അടുത്ത വ്യക്തിയാരെന്ന് വയല്‍കിളി കൂട്ടായ്മ ആലോചനകള്‍ നടത്തുന്നതിനിടയിലാണ് വയലിനെ സംരക്ഷിക്കാനുള്ള സമരത്തില്‍ ഞാന്‍ നിരാഹാരമിരിക്കുമെന്ന പ്രഖ്യാപനവുമായി ഇവര്‍ രംഗത്തുവന്നത്. ചെറുപ്പക്കാരായ നിരവധി പ്രവര്‍ത്തകര്‍ സ്വയം സന്നദ്ധരായി രംഗത്തുവന്നുവെങ്കിലും കര്‍ഷക തൊഴിലാളിയായ നമ്പ്രാടത്ത് ജാനകി പിന്മാറാൻ തയ്യാറായിരുന്നില്ല.തുടർന്ന് സമരാനുകൂലികൾ ഇവരെ ചുവപ്പുമാലയണിയിച്ചു സ്വീകരിച്ചു.

വേങ്ങര ഉപതിരഞ്ഞെടുപ്പ്;14 പേർ പത്രിക നൽകി

keralanews vengara byelection 14 submitted nominations

മലപ്പുറം:ഒക്ടോബർ 11 ന് നടക്കുന്ന വേങ്ങര ഉപതിരഞ്ഞെടുപ്പിൽ  മത്സരിക്കുന്നതിനായി 14 പേർ നാമനിർദേശ പത്രിക നൽകി.ഇന്നലെയായിരുന്നു പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.25 നാണു പത്രിക സൂക്ഷമ പരിശോധന നടത്തുക.27 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്.കെ.എൻ.എ ഖാദർ(യുഡിഎഫ്),പി.പി ബഷീർ(എൽഡിഎഫ്),കെ.ജനചന്ദ്രൻ(എൻഡിഎ) എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ.കെ.എൻ.എ ഖാദറിന് വിമതനും പത്രിക നൽകിയിട്ടുണ്ട്.വേങ്ങര മണ്ഡലം നിലവിൽ വന്നതിനു ശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണിത്.മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് വേങ്ങരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

കൊക്കോട് പൂവത്തിൻകണ്ടി തൂക്കുപാലം തകർന്ന് രണ്ടു സ്ത്രീകൾ പുഴയിൽ വീണു

keralanews two women fell into the river after the bridge broke down

ആറളം:ആറളം പഞ്ചായത്തിലെ കൊക്കോട് പൂവത്തിൻകണ്ടി പ്രദേശങ്ങളെ ആറളം ഫാമുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർന്ന് രണ്ടു സ്ത്രീകൾ പുഴയിൽ വീണു.ഇന്നലെ രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.ആറളം ഫാമിലെ തൊഴിലാളികളായ ഓമന,മാധവി എന്നിവരാണ് പാലം തകർന്നു പുഴയിൽ വീണത്.ഇവർ പാലം കടന്നു ആറളം ഫാമിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്തുന്നതിനു തൊട്ടു മുൻപായിരുന്നു അപകടം നടന്നത്. പുഴയിൽ നല്ല നീരൊഴുക്ക് ഉണ്ടായിരുന്നു.എന്നാൽ നീരൊഴുക്ക് കുറഞ്ഞ ഭാഗത്താണ് ഇവർ വീണത്.ഇതിനാൽ വൻ അപകടം ഒഴിവായി.ഈ സമയം പാലത്തിന്റെ മറുവശത്തു നിന്നും ഏഴുപേർ പാലത്തിലേക്ക് പ്രവേശിച്ചിരുന്നെങ്കിലും പുഴയിലെ ഒഴുക്ക് കൂടിയ പ്രദേശത്തേക്ക് എത്താത്തതിനാൽ ഇവർ രക്ഷപ്പെട്ടു.20 വർഷം മുൻപാണ് റോപ്പും കമ്പിയും മുളകളും ചേർത്ത് ഈ പാലം നിർമ്മിച്ചത്. എന്നാൽ രണ്ടു വർഷമായി പാലത്തിൽ അറ്റകുറ്റ പണികളൊന്നും നടത്തിയിരുന്നില്ല. ആറളം പഞ്ചായത്തായിരുന്നു പാലത്തിന്റെ അറ്റകുറ്റ പണിക്കായി പണം അനുവദിച്ചിരുന്നത്. എന്നാൽ രണ്ടു വർഷമായി  പാലം അറ്റകുറ്റ പണിക്കായി ഗ്രാമപഞ്ചായത്തിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും അപേക്ഷ നൽകിയിരുന്നെങ്കിലും അധികൃതർ പരിഗണിച്ചില്ല.

അഞ്ചു വയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ

keralanews five year old boy found dead in the well

കാഞ്ഞിരംകുളം:അഞ്ചു വയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.പുല്ലുവിള ചെമ്പകരാമൻ തുറ പുരയിടത്തിൽ മുത്തയ്യൻ-സെൽവി ദമ്പതികളുടെ മകൻ സാജൻ ആണ് കിണറ്റിൽ വീണു മരിച്ചത്.വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സാജനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ ഉപയോഗ ശൂന്യമായ പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.വിവരമറിഞ്ഞ് ഫയർഫോഴ്‌സെത്തി മൃതദേഹം പുറത്തെടുത്തു.അപകടം നടന്ന കിണർ ചപ്പുചവറുകൾ തള്ളാനാണ് ഉപയോഗിക്കുന്നതെങ്കിലും മൂന്നടിയോളം വെള്ളമുണ്ടായിരുന്നുവെന്നു ഫയർ ഫോഴ്‌സ് പറഞ്ഞു.പുല്ലുവിള സ്വദേശിയായ മുത്തയ്യനും കുടുംബവും രണ്ടാഴ്ച മുൻപാണ് ഇവിടേക്ക് താമസം മാറിയത്.

സോളാർ കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്

keralanews verdict on the petition submitted by oommen chandi today

ബെംഗളൂരു:സോളാർ കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹർജിയിൽ ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി ജസ്റ്റിസ് ഭീമ ഗൗഡ ഇന്ന് വിധി പറയും.ബെംഗളൂരുവിലെ വ്യവസായി എം.കെ കുരുവിള നൽകിയ കേസിൽ തന്നെ പ്രതി ചേർത്തതിന് നിന്നും ഒഴിവാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ ആവശ്യം.കേസിൽ അഞ്ചാം പ്രതിയാണ് ഉമ്മൻ ചാണ്ടി.400 കോടി രൂപയുടെ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകി കൊച്ചിയിലെ സ്‌കോസ എഡ്യൂക്കേഷണൽ കൺസൾട്ടൻസി 1.35 കോടി വാങ്ങി വഞ്ചിച്ചെന്ന് കുരുവിള പരാതിയിൽ ആരോപിക്കുന്നു. എന്നാൽ ഈ പരാതിയിൽ താൻ നേരിട്ട് കൈക്കൂലി വാങ്ങിയതായി ആരോപിച്ചിട്ടില്ലെന്നും അതിനാൽ തന്നെ പ്രതി പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നുമാണ് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിട്ടുള്ളത്.

ദിലീപിനെ കുടുക്കിയത് അഹങ്കാരിയായ യുവനടനെന്ന് പി.സി ജോർജ്

keralanews p c george says an young actor trapped dileep

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കുടുക്കിയത് സിനിമ കുടുംബത്തിൽ നിന്നുള്ള അഹങ്കാരിയായ യുവനടനെന്ന് പി.സി ജോർജ്.എന്നാൽ നടന്റെ പേര് വെളിപ്പെടുത്താൻ പി.സി ജോർജ് തയ്യാറായില്ല.പൃഥ്‌വി രാജാണോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി.പൃഥ്‌വിക്ക് ദിലീപിനെ കുടുക്കേണ്ട ആവശ്യം എന്താണെന്നു പിന്നീട് തെളിയുമെന്നും പി.സി ജോർജ് പറഞ്ഞു.പൃഥ്‌വി രാജിന്റെ പേര് പറയാത്തത് കേസ് ഭയന്നാണോ എന്ന ചോദ്യത്തിന് അല്ല എന്നും   ദിലീപിനെ കുടുക്കിയതിൽ നടന് വ്യക്തമായ പങ്കുണ്ടെന്നും പി.സി ജോർജ് ആരോപിക്കുന്നു.സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും പി.സി ജോർജ് ആരോപണം ഉന്നയിക്കുന്നുണ്ട്.ദിലീപിന്റെ കുടുംബം കലക്കിയത് ശ്രീകുമാർ മേനോനാണെന്നും തന്റെ ആരോപണം തെറ്റാണെങ്കിൽ ശ്രീകുമാർ കേസ് കൊടുക്കട്ടെ എന്നും പി.സി ജോർജ് പറഞ്ഞു.