മുംബൈ:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മിനിമം ബാലൻസ് പിഴയും മിനിമം അക്കൗണ്ട് ബാലൻസും കുറച്ചു.20 മുതൽ 80 ശതമാനം വരെയാണ് എസ്‌ബിഐ മിനിമം ബാലൻസ് പിഴ കുറച്ചത്.മിനിമം അക്കൗണ്ട് ബാലൻസ് സംബന്ധിച്ച് മെട്രോ-നഗരപ്രദേശങ്ങളെ ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സേവിങ്സ് അക്കൗണ്ടുകളിൽ വേണ്ട മിനിമം ബാലൻസ് മെട്രോകളിൽ 5000 ഇൽ നിന്നും 3000 ആയി കുറച്ചു.നഗരങ്ങളിൽ 3000 ആയി തുടരും.ഗ്രാമങ്ങളിലെയും അർദ്ധ നഗര പ്രദേശങ്ങളിലെയും കുറഞ്ഞ അക്കൗണ്ട് ബാലൻസ് യഥാക്രമം 1000,2000 തന്നെ ആയിരിക്കും.ജൻധൻ,ബേസിക് സേവിങ്സ്,സ്‌മോൾ,ഫെലകദം, ഫേലിഉദാൻ തുടങ്ങിയ അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് ബാധകമല്ല.പുതിയ നിരക്ക് അനുസരിച്ച് ഗ്രാമങ്ങളിലും അർദ്ധനഗര പ്രദേശങ്ങളിലും 20 രൂപ മുതൽ 40 രൂപ വരെയും മെട്രോ,നഗര പ്രദേശങ്ങളിൽ 30 രൂപ മുതൽ 50 രൂപ വരെയുമാണ് സർവീസ് ചാർജ് ഈടാക്കുക.പ്രായപൂർത്തിയാകാത്തവരെയും പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരെയും മിനിമം ബാലൻസ് സൂക്ഷിക്കേണ്ടവരുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ബാങ്ക് ഗ്യാരന്റി നൽകാത്ത 33 വിദ്യാർത്ഥികളെ പുറത്താക്കി
കോഴിക്കോട്:കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ ബാങ്ക് ഗ്യാരന്റി നൽകാത്ത 33 വിദ്യാർത്ഥികളെ പുറത്താക്കി.രണ്ടാഴ്ച മുൻപ് പ്രവേശനം നേടിയ വിദ്യാർത്ഥികളെയാണ് ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നൽകാത്തതിനെ തുടർന്ന് പുറത്താക്കിയത്.ബാങ്ക് ഗ്യാരന്റി നൽകിയതിന് ശേഷം മാത്രമേ വിദ്യാർത്ഥികളെ ക്ലാസ്സിൽ പ്രവേശിപ്പിക്കൂ എന്നാണ് മാനേജ്മെന്റിന്റെ നിലപാട്.സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്നും ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി ഈടാക്കാൻ സുപ്രീം കോടതി അനുവാദം നൽകിയിരുന്നു.ഇതിനെ തുടർന്ന് പല വിദ്യാർത്ഥികൾക്കും പ്രവേശനം നേടാൻ കഴിയാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പ്രശ്നത്തിൽ ഇടപടുകയും സർക്കാർ തലത്തിൽ ബാങ്ക് ഗ്യാരന്റി ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചു വരികയും ചെയ്യുകയാണ്.കുട്ടികളോട് ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടരുത് എന്ന് സർക്കാർ നിദേശിച്ചിരുന്നു.ഈ നിർദേശം നിലനിൽക്കെയാണ് മലബാർ മെഡിക്കൽ കോളേജ് അധികൃതരുടെ നടപടി.മെഡിക്കൽ പ്രവേശനത്തിന് പതിനൊന്നുലക്ഷം രൂപ ഫീസ് നിശ്ചയിച്ചതിൽ ആറുലക്ഷം രൂപയാണ് കുട്ടികൾ ബാങ്ക് ഗ്യാരന്റി നൽകേണ്ടത്.എന്നാൽ മലബാർ മെഡിക്കൽ കോളേജ് അഞ്ചുലക്ഷത്തിനു പകരം ഏഴുലക്ഷം രൂപ തങ്ങളോട് പ്രവേശന സമയത്ത് ഈടാക്കിയതായും വിദ്യാർഥികൾ പറയുന്നു.രണ്ടു കോളേജുകൾക്ക് പതിനൊന്നു ലക്ഷം രൂപ ഫീസ് വാങ്ങാനുള്ള അനുമതി നൽകിയ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് മുഴുവൻ കോളേജുകൾക്കും പതിനൊന്നു ലക്ഷം രൂപ ഫീസ് വാങ്ങാനുള്ള അനുമതി സുപ്രീം കോടതി നൽകിയത്.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഇതിനു മുൻപ് രണ്ടു തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.രണ്ടു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.നേരത്തെ ദിലീപിന് ജാമ്യം നിഷേധിച്ച ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ച് തന്നെയാകും ഇത്തവണയും ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുക. അതേസമയം ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാമാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നലെ തീർപ്പു കല്പിച്ചിരുന്നു.കേസിൽ കാവ്യയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയതോടെയാണിത്.കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഒക്ടോബർ നാലിലേക്ക് കോടതി മാറ്റിവെയ്ക്കുകയും ചെയ്തു.
കോട്ടയം ഭാരത് ആശുപത്രിയിൽ സമരം ചെയ്ത 60 നഴ്സുമാരെ പിരിച്ചുവിട്ടു
കോട്ടയം:കോട്ടയം ഭാരത് ആശുപത്രിയിൽ സമരം ചെയ്ത 60 നഴ്സുമാരെ പിരിച്ചുവിട്ടു.കഴിഞ്ഞ അമ്പതു ദിവസമായി ഇവർ സമരം ചെയ്യുകയായിരുന്നു.കരാർ അവസാനിച്ചു എന്ന കത്ത് നൽകിയാണ് വർഷങ്ങളായി ആശുപത്രിയിൽ ജോലി ചെയ്തിരുന്നവരെപോലും പിരിച്ചു വിട്ടത്.കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ടിട്ടുള്ള നഴ്സുമാരുടെ കാലാവധി കഴിഞ്ഞതിനാലാണ് പിരിച്ചു വിട്ടതെന്നാണ് ആശുപത്രി മാനേജ്‌മെന്റിന്റെ വിശദീകരണം.എന്നാൽ മാനേജ്മെന്റിന്റെ നടപടി അന്യായമാണെന്നും അത്തരത്തിലൊരു കരാർ നിലവിലുണ്ടോ എന്ന് അറിയില്ലെന്നും സമരക്കാർ പറയുന്നു.ഒരു വർഷം മുതൽ അഞ്ചു വർഷം വരെ സർവീസുള്ളവരെയാണ് മാനേജ്‌മന്റ് പിരിച്ചുവിട്ടിരിക്കുന്നത്.
കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് ഹൈക്കോടതി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി തീർപ്പാക്കി.കാവ്യയുടെ അറസ്റ്റിനു സാധ്യതയില്ലാത്തതിനാൽ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് പ്രസക്തിയില്ലെന്ന് കോടതി വ്യക്തമാക്കി.കേസിൽ കാവ്യയെ പ്രതി ചേർത്തിട്ടില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു.അതേസമയം നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഒക്ടോബർ നാലിലേക്ക് മാറ്റി.കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ദിലീപിനെതിരെ മൊഴി നല്കാൻ അന്വേഷണ സംഘം സമ്മർദ്ദം ചെലുത്തുന്നുവെന്നും തന്നെ പ്രതിയാക്കാൻ ശ്രമിക്കുന്നു എന്നുമുള്ള വാദവുമായാണ് നാദിർഷ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.ഇതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നു എന്ന് കാണിച്ചു കാവ്യാമാധവനും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു.എന്നാൽ നിലവിൽ ഇരുവരെയും പ്രതിചേർക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കുകയായിരുന്നു.
ചിറയിൻകീഴിൽ യുവാവിന് ക്രൂര മർദനം;മുഖ്യപ്രതി പിടിയിൽ
തിരുവനന്തപുരം:ചിറയിൻകീഴിൽ യുവാവിന് ക്രൂര മർദനം.ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് യുവാവിന് മർദനമേറ്റത്.ചിറയിൻകീഴ് കിഴുവിലം കൊച്ചാലുംമൂട് അബൂബക്കറിന്റെ മകൻ സുധീറിനാണ് മർദനമേറ്റത്.അക്രമ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.മുടപുരം എസ്.എൻ ജംഗ്ഷന് സമീപം ഈച്ചരൻവിളാകത് താമസിക്കുന്ന അനന്തു,ശ്രീക്കുട്ടൻ എന്നിവരാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഇതിൽ അനന്തുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാൾ പല ക്രിമിനൽ കേസുകളിലും പ്രതിയാണ്.രണ്ടാമത്തെ പ്രതി ശ്രീക്കുട്ടന് വേണ്ടി പോലീസ് തിരച്ചിൽ നടത്തുകയാണ്. അതേസമയം സംഭവത്തിൽ ആരും പരാതി നൽകാത്തതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അഭ്യാസപ്രകടനം ചോദ്യം ചെയ്ത യുവാവിനെ രണ്ടംഗസംഘം ക്രൂരമായി മർദിച്ച് അവശനാക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.നിലത്തു വീണ ഇയാളെ ചവിട്ടുകയും ചെയ്യുന്നുണ്ട്.സ്ഥലത്ത് ആളുകൾ കൂടിയെങ്കിലും ആരും സംഭവത്തിൽ ഇടപെടുന്നില്ല.
കണ്ണൂരിൽ സി ജി എച് എസ് ഡിസ്‌പെൻസറി സ്ഥാപിക്കുന്നതിനെതിരെ തിരുവനന്തപുരം ലോബി
കണ്ണൂർ:കണ്ണൂരിൽ സി ജി എച് എസ് ഡിസ്‌പെൻസറി സ്ഥാപിക്കുന്നതിനെതിരെ തിരുവനന്തപുരം ലോബി.തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മൂന്നു ഡിസ്പെൻസറികളിലൊന്ന് കണ്ണൂരിലേക്ക് മാറ്റാനുള്ള കേന്ദ്ര നീക്കത്തിനെതിരെയാണ് തിരുവനന്തപുരത്തു നിന്നും സമ്മർദ്ദമുണ്ടായത്.കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടുംബാംഗങ്ങൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കുന്നവയാണ് സി ജി എച് എസ് ഡിസ്‌പെൻസറി.ഇവിടെ മരുന്നുകളും സൗജന്യമായിരിക്കും. കേരളത്തിൽ അനുവദിച്ചിട്ടുള്ള മൂന്നു ഡിസ്പെൻസറികളും തിരുവനന്തപുരത്താണ് ഉള്ളത്.ഇതിലൊന്ന് കണ്ണൂരിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് കെ.കെ രാഗേഷ് എം.പി നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.ഈ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തിരുന്നു.ഈ നീക്കത്തിനെതിരെയാണ് തിരുവനന്തപുരത്ത് നിന്നും എതിർപ്പുണ്ടായിരിക്കുന്നത്.ഡിസ്‌പെൻസറി കണ്ണൂരിൽ നിലവിൽ വന്നാൽ കണ്ണൂർ,കോഴിക്കോട്,കാസർകോഡ് എന്നിവിടങ്ങളിലുള്ള കേന്ദ്ര ഗവ.ജീവനക്കാർക്കും പെൻഷൻകാർക്കും ദീർഘയാത്ര ഒഴിവാക്കാനുള്ള അവസരം ലഭിക്കും.സൗജന്യ ചികിത്സ,മരുന്ന്,മൂന്നു കിലോമീറ്ററിനുള്ളിൽ വീട്ടിലെത്തിയുള്ള ചികിത്സ എന്നിവയും ഡിസ്‌പെൻസറി നിലവിൽ വന്നാൽ ലഭ്യമാകും.
സപ്പ്ളൈക്കോ ദിവസവേതനക്കാരുടെ മിനിമം വേതനം 600 രൂപയാക്കണം
കണ്ണൂർ:സപ്ലൈകോ, മാവേലി സ്റ്റോർ, ലാഭം മാർക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലെ ദിവസവേതന തൊഴിലാളികളുടെ മിനിമം വേതനം 600 രൂപയാക്കണമെന്ന് സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പായ്ക്കിങ് തൊഴിലാളികളെയും ദിവസവേതനക്കാരായി പരിഗണിക്കുക, ജോലിസ്ഥിരത ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സപ്ലൈകോ വർക്കേഴ്‌സ് ഫെഡറേഷൻ ജില്ല പ്രസിഡന്റ് താവം ബാലകൃഷ്ണൻ അധ്യക്ഷനായി
യുവതിയെ ചായയിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമം
ചിറ്റാരിക്കാൽ:യുവതിയെ ചായയിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമം.സംഭവത്തിൽ യുവതിയുടെ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ലോഡിങ് തൊഴിലാളിയായ ചിറ്റാരിക്കാൽ മനോജിന്റെ ഭാര്യ പ്രസീദയുടെ പരാതിയിലാണ് പോലീസ് മനോജിന്റെ അച്ഛൻ നാരായണനെതിരെ കേസെടുത്തത്.ഈ മാസം 23 നാണ് സംഭവം നടന്നത്.പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പ്രസീത ചായ കുടിച്ചയുടനെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ മനോജ് പ്രസീതയെ ആശുപത്രിയിലെത്തിച്ചു.ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് യുവതിയുടെ ശരീരത്തിൽ മാരകമായ വിഷം ചെന്നെത്തിയതായി തെളിഞ്ഞത്. ഗുരുതരാവസ്ഥയിലായ യുവതിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.ബോധം വീണ്ടുകിട്ടിയ യുവതിയിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തി.ഭർതൃപിതാവ് താൻ കുടിച്ച ചായയിൽ വിഷം ചേർത്തതാണെന്നും ചായ കുടിച്ച മറ്റാർക്കും കുഴപ്പമൊന്നുമില്ലായിരുന്നെന്നും ഇയാൾ തന്നെ മാനസികമായി പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും യുവതി പൊലീസിന് മൊഴിനൽകി.തുടർന്നാണ് പോലീസ് നാരായണനെതിരെ കേസെടുത്തത്.
ന്യൂമാഹിയിൽ ബോംബ് സ്ഫോടനം;രണ്ടുപേർ അറസ്റ്റിൽ
ന്യൂമാഹി: ന്യൂമാഹി ടൗണിൽ ബോംബ് സ്ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു. ചെറുകല്ലായിയിലെ ഷിബിൻ (25), പള്ളൂരിലെ വിനീഷ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച രാത്രി 10.30 നാണ് സ്ഫോടനമുണ്ടായത്. നാടൻ ബോംബാണ് പൊട്ടിയതെന്ന് പോലീസ് പറഞ്ഞു.ടൗണിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് സ്ഫോടനം നടത്തിയവരെ തിരിച്ചറിഞ്ഞത്.