കോഴിക്കോട്:ആറുലക്ഷം രൂപ ബാങ്ക് ഗ്യാരന്റി നൽകാത്തതിന്റെ പേരിൽ മലബാർ മെഡിക്കൽ കോളേജിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥികളെ തിരിച്ചെടുത്തു.വിദ്യാർത്ഥി സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി.കെഎസ് യു, എസ്എഫ്ഐ ,എം എസ് എഫ്,എ ബി വി പി എന്നീ സംഘടനകളാണ് പ്രതിഷേധവുമായെത്തിയത്. ആദ്യമെത്തിയ എബിവിപി പ്രവര്‍ത്തകര്‍ കോളജ് പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ കോളേജ് ഗേറ്റിന് മുന്നില്‍ ശക്തമായി പ്രതിഷേധിച്ചു.വിദ്യാർഥിസംഘടനകളുമായി നടത്തിയ ചർച്ചയിൽ ബാങ്ക് ഗ്യാരന്റി ഇല്ലാത്തതിന്റെ പേരിൽ ആരെയും പുറത്താക്കിയിട്ടില്ലെന്ന നിലപാടാണ് കോളേജ് അധികൃതർ സ്വീകരിച്ചത്.നിയമനം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസില്‍ ഹാജരാവാമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇക്കാര്യം രേഖാമൂലം എഴുതി നൽകണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.ഇതിനെ തുടര്‍ന്ന് ഇക്കാര്യം പ്രിന്‍സിപ്പാള്‍ എഴുതി നല്‍കി.ഇതോടെ സമരവും അവസാനിച്ചു.
സോളാർ കേസ്;മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയിരുന്നെന്ന് സോളാർ കമ്മീഷൻ
തിരുവനന്തപുരം:സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു വീഴ്ച പറ്റിയിരുന്നു എന്ന് സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷന്റെ റിപ്പോർട്.മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നതായാണ് സൂചന. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജന്‍ റിപ്പോര്‍ട്ട് കൈമാറിയത്.കേസിലെ പ്രതികളായ ബിജു രാധാകൃഷ്ണനും സരിത.എസ്.നായരും മുഖ്യമന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗത്തെ ഉപയോഗിച്ചു.മുൻ സർക്കാർ നിയോഗിച്ച അന്വേഷണ സംഘം ബിജു രാധാകൃഷണനിലും സരിതയിലും മാത്രം ഒതുങ്ങി നിന്നുള്ള അന്വേഷണമാണ് നടത്തിയത്.ഇവർ തട്ടിയെടുത്ത പണത്തെ കുറിച്ച് അന്വേഷണം നടത്തിയില്ല.കേസ് സംബന്ധിച്ച ഇന്റലിജൻസ് എ ഡി ജി പിയുടെ റിപ്പോർട് സർക്കാർ പൂർണ്ണമായും അവഗണിച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.ജാമ്യാപേക്ഷയിൽ ഇന്ന് പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി.ദിലീപിന് വേണ്ടി അഭിഭാഷകൻ ബി.രാമൻപിള്ളയാണ് ഹാജരായത്.കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോലീസ് പ്രതിഭാഗത്തെ അറിയിക്കുന്നില്ല എന്നതായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന പരാതി.റിമാൻഡ് റിപ്പോർട്ടിൽ ഒരു വിവരവും ഉൾപ്പെട്ടുത്തുന്നില്ലെന്നും പ്രതിയുടെമേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കുന്നില്ലെന്നും പ്രതിഭാഗം ആരോപിച്ചു.തന്റെമേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടത് പ്രതിയുടെ അവകാശമാണെന്നും രാമൻപിള്ള കോടതിയിൽ പറഞ്ഞു.പൾസർ സുനി അന്വേഷണസംഘത്തിന് ദൈവമായി മാറിയിരിക്കുകയാണെന്നും ബി രാമൻ പിള്ള വിമർശിച്ചു.നാളെ പ്രോസിക്യൂഷൻ വാദമായിരിക്കും കോടതി കേൾക്കുക.ഇതിനു ശേഷമാണ് ഹർജിയിൽ വിധി പറയുക.
കീരിയാട് പ്ലൈവുഡ് ഫാക്ടറിയിൽ തീപ്പിടിത്തം
പുതിയതെരു:കീരിയാട് പ്ലൈവുഡ് ഫാക്ടറിയിൽ തീപ്പിടിത്തം.കെ.എസ്. സത്താർ ഹാജിയുടെ ഉടമസ്ഥതയിലുള്ള കീരിയാട് സെഞ്ച്വറി പ്ലൈവുഡിലാണ് ഇന്നലെ വൈകുന്നേരം നാലു മണിയോടെ തീപിടിത്തമുണ്ടായത്.തീപിടിത്തത്തിൽ ബ്ലോക്ക് ബോർഡ് ഡ്രൈയിംഗ് ചേംബർ പൂർണമായും കത്തിനശിച്ചു.ചേംബറിൽ നിന്നും പുക ഉയരുന്നതു കണ്ട തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായമില്ല.കണ്ണൂരിൽ നിന്നും രണ്ടു യൂണിറ്റ് അഗ്നിശമനസേനാംഗങ്ങൾ ഒന്നര മണിക്കൂർ പാടുപെട്ടാണു തീയണച്ചത്.ഫാക്ടറിയുടെ മേൽക്കൂര ഭാഗികമായി കത്തി. രണ്ടര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരായ പി.വി.പ്രകാശ് കുമാർ, കെ.വി.ലക്ഷമണൻ, എം. കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.
ദിനേശ് ബീഡി മൂഴിക്കര ശാഖ അടച്ചുപൂട്ടുന്നതിനെതിരെ തൊഴിലാളികൾ പ്രതിഷേധത്തിൽ
തലശേരി: ദിനേശ് ബീഡി മൂഴിക്കര ശാഖ അടച്ചുപൂട്ടാനൊരുങ്ങുന്നു.. ഈ മാസം 30ന് ശാഖ അടച്ചുപൂട്ടാനാണ് തീരുമാനം.ഇവിടുത്തെ തൊഴിലാളികളോട് ഈങ്ങയിൽപീടിക ശാഖയിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്.എന്നാൽ വിരമിക്കൽ പ്രായമായവരെ ഒരു വർഷത്തേക്കെങ്കിലും സ്ഥലം മാറ്റരുതെന്ന ആവശ്യം തൊഴിലാളികൾ ഉന്നയിച്ചിരുന്നു.ഈ ആവശ്യം പരിഗണിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ പ്രതിഷേധ സമരം നടത്തുകയാണ്. ഇന്നലെ തൊഴിലാളികൾ തലശേരി ദിനേശ് ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ വൈദ്യുതി കണക്‌ഷൻ
ന്യൂഡൽഹി:സൗഭാഗ്യ പദ്ധതിയനുസരിച്ച് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ വൈദ്യുതി കണക്‌ഷൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു.2011 ലെ സെൻസസ് അടിസ്ഥാനമാക്കിയായിരിക്കും പാവങ്ങളെ നിശ്ചയിക്കുക.2018 ഡിസംബർ 31 നു മുൻപ് രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കണമെന്നും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.2011 ലെ സെൻസസ് കണക്കിൽ പെടാത്തവർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.ഇവർ വൈദ്യുതി കണക്ഷനായി 500 രൂപ നല്കണം.ഈ തുക പത്തുതവണയായി വൈദ്യുതി ബില്ലിലൂടെ ഈടാക്കും.ന്യൂഡൽഹിയിലെ വസന്ത് കുഞ്ചിൽ ഒഎൻജിസിയുടെ പുതിയ ദീൻദയാൽ ഊർജ ഭവൻ ഇന്നലെ രാത്രി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
വേങ്ങര ഉപതിരഞ്ഞെടുപ്പ്;ആറു പത്രികകൾ തള്ളി
മലപ്പുറം:വേങ്ങര ഉപതിരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞു.ഇന്നലെ നടന്ന സൂക്ഷ്മ പരിശോധനയിൽ ആറു പത്രികകൾ തള്ളി.നിലവിൽ ഇപ്പോൾ എട്ട് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ ഖാദർ,എൽ.ഡി.എഫ് സ്ഥാനാർഥി പി.പി ബഷീർ,എൻ.ഡി.എ സ്ഥാനാർഥി കെ.ജനചന്ദ്രൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ.
ദേശീയപാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്ക്
തോട്ടട:ദേശീയപാതയിൽ ചിമ്മിണിയൻവളവിൽ ബസ്സുകൾ കൂട്ടിയിടിച്ച് 26 പേർക്ക് പരിക്ക്.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ കണ്ണൂരിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റു ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.വൈകുന്നേരമായതിനാൽ വിദ്യാർത്ഥികളായിരുന്നു ബസ്സിൽ ഏറെയും.കോളേജിലെയും പോളിടെക്നിക്ക്,ഐ.ടി.ഐ എന്നിവിടങ്ങളിലെയും വിദ്യാർത്ഥികളുൾപ്പെടെയുള്ളവർക്കാണ് പരിക്ക്.പരിക്കേറ്റ അക്ഷയയെ (20) തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബാക്കിയുള്ളവർ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.അപകടത്തിൽ രണ്ടു ബസുകളുടെയും മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ അൽപനേരം ഗതാഗതം സ്തംഭിച്ചു.
ഇരിട്ടി,പായത്ത് സിപിഎം-ആർഎസ്എസ് സംഘർഷം
ഇരിട്ടി:പായം പഞ്ചായത്തിലെ മട്ടിണി,ഉദയഗിരി,കേളൻ പീടിക എന്നിവിടങ്ങളിൽ സിപിഎം-ആർഎസ്എസ് അക്രമം.കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്.പാർട്ടി ഓഫീസുകളും കൊടിമരവും തകർത്തു.ബോംബേറും ഉണ്ടായി.മട്ടിണിയിൽ ആർഎസ്എസ് കാര്യാലയത്തിന് തീയിട്ടു.ഓഫീസിനു മുൻപിലെ കൊടിമരവും നശിപ്പിച്ചു.കുന്നോത്ത് കേളൻപീടികയിൽ ബിജെപി പ്രവർത്തകൻ രാജേഷിന്റെ ഫർണിച്ചർ കടയ്ക്ക് നേരെയും അക്രമം ഉണ്ടായി.വിളമന ഉദയഗിരിയിൽ സിപിഎമ്മിന്റെ കൊടിമരം തകർക്കുകയും ബോർഡുകൾ നശിപ്പിക്കുകയും ചെയ്തു.ഈ പ്രദേശത്ത് മൂന്നു സ്ഥലങ്ങളിൽ ബോംബേറുണ്ടായി.ഉദയഗിരി റോഡിൽ റോഡിൽ ബോംബ് വീണുപൊട്ടി റോഡിൽ കുഴി രൂപം കൊണ്ടു.രാത്രി 10.30 ഓടെ മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.അക്രമത്തിനു പിന്നിൽ സിപിഎം ആണെന്ന് ആർഎസ്എസ് വിഭാഗ് സമ്പർക്ക പ്രമുഖ സജീവൻ ആറളം പറഞ്ഞു.എന്നാൽ സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ആർഎസ്എസ് അക്രമം അഴിച്ചു വിടുകയാണെന്ന് സിപിഎം ഇരിട്ടി ഏരിയ സെക്രെട്ടറി ബിനോയ് കുര്യൻ പ്രസ്താവനയിൽ പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ കൊലക്കേസ് പ്രതിയുടെ അക്രമം
പയ്യന്നൂർ:പോലീസ് സ്റ്റേഷനിൽ കൊലക്കേസ് പ്രതിയുടെ അക്രമം.പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ മാതമംഗലത്തെ സി.കെ ശ്രീധരനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി രാമന്തളിയിലെ നടവളപ്പിൽ ചന്ദ്രനാണ് ഇന്നലെ പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചുവിട്ടത്.പോലീസ് സ്റ്റേഷനിൽ റൈറ്റർ ഇരിക്കുന്ന ക്യാമ്പിന്റെ ചില്ല് ഇയാൾ കൈകൊണ്ട് അടിച്ചു തകർത്തു.തുടർന്ന് ഇയാളെ സി.ഐ ഓഫീസിലെത്തിച്ചപ്പോൾ സിവിൽ പോലീസ് ഓഫീസറായ രാജേഷ് അരവഞ്ചാലിന്റെ പുതിയ സ്മാർട്ട് ഫോണും ഇയാൾ എറിഞ്ഞു തകർത്തു.ഓഗസ്റ്റ് 24 ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കരിവെള്ളൂർ സ്വദേശിനിയും പാലക്കാട് ഗവ.ആശുപത്രിയിലെ ജീവനക്കാരിയുമായ രാധയുടെ പണവും രേഖകളുമടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലും ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.മുണ്ടക്കയത്ത് കഞ്ചാവ് കൈവശം വെച്ചതിന് റിമാൻഡിലായ ചന്ദ്രനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.