മെഡിക്കൽ പ്രവേശനം കിട്ടിയില്ല: വിദ്യാർഥിനി ജീവനൊടുക്കി

keralanews student did not get medical admission commited suicide

ചെന്നൈ: മെഡിക്കൽ പ്രവേശനം ലഭിക്കാത്തതിന്‍റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയല്ലൂർ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്.നേരത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്ലസ് ടുവിന് 1200 ൽ 1176 മാർക്ക് നേടിയാണ് അനിത വിജയിച്ചത്. കേരളത്തിൽ നിന്നും വ്യത്യസ്തമായി തമിഴ്‌നാട്ടിലെ ഭൂരിഭാഗം വിദ്യാർത്ഥികളും അവരുടെ പ്രാദേശിക ഭാഷയായ തമിഴിലാണ് പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്നത്.എന്നാൽ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ ഇംഗ്ലീഷ് ഭാഷയിൽ മാത്രമേ എഴുതാൻ അനുവാദമുണ്ടായിരുന്നുള്ളൂ.ഇതിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെ സംസ്ഥാന സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നെങ്കിലും കേന്ദ്ര സർക്കാർ പിന്തുണച്ചില്ല.തുടർന്നാണ് അനിത ഇത്തവണത്തെ നെറ്റ് പരീക്ഷയിൽ പ്രാദേശിക ഭാഷയിൽ എഴുതാൻ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.

ബ്ലൂവെയിലിന്റെ അഡ്മിനെന്ന് കരുതുന്ന പതിനേഴുകാരിയെ റഷ്യയില്‍ അറസ്റ്റ് ചെയ്തു

Girl-administrator of online death group arrested in Kamchatka

റഷ്യ:ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനെന്ന് കരുതുന്ന പതിനേഴുകാരിയെ റഷ്യയില്‍ അറസ്റ്റ് ചെയ്തു. കിഴക്കന്‍ റഷ്യയില്‍ നിന്നാണ് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലൂ വെയില്‍ ഗെയിം നിര്‍മ്മാതാവിന്റെ ചിത്രങ്ങളും പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്തു.അറസ്റ്റിലായ പെണ്‍കുട്ടി നേരത്തെ ബ്ലൂവെയില്‍ ഗെയിം കളിക്കുകയും ഇടക്കാലത്ത് ഗെയിം അവസാനിപ്പിച്ച് ഇതിന്റെ അഡ്മിന്‍ ആവുകയും ചെയ്യുകയായിരുന്നുവെന്നാണ് റഷ്യന്‍ പൊലീസ് പറയുന്നത്.വിഷാദം ബാധിച്ച നിരവധി പേരെ ഗെയിം കളിക്കാന്‍ പെണ്‍കുട്ടി പ്രേരിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. അറസ്റ്റിലായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഗെയിമിന്റെ നിര്‍മ്മാതാവും മനശാസ്ത്ര വിദ്യാര്‍ഥിയുമായ ഫിലിപ്പ് ബുഡ്ക്കിന്റെ ചിത്രങ്ങളും കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടതായാണ് സൂചന. നിരവധി പേരാണ് ലോകത്താകമാനം ഇതുവരെ ബ്ലൂ വെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയ്തിട്ടുള്ളത്. 50ടാസ്കുകളായാണ് ഗെയിം. അഡ്മിന്‍റെ നിര്‍ദേശപ്രകാരം ശരീരത്തില്‍ മുറിവേല്‍പ്പിച്ചും മറ്റുമാണ് ഓരോഘട്ടവും മുന്നേറുക അവസാനത്തിൽ കളിക്കുന്നയാള്‍ ആത്മഹത്യയും ചെയ്യും. ഗെയിമിന്റെ നിർമാതാവായ ഫിലിപ്പ് ബുഡിക്കി‍ന്‍ മൂന്ന് വര്‍ഷമായി റഷ്യയിലെ ജയിലിലാണ്.

ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ ഏഴു മുതല്‍ പണിമുടക്കിന്

keralanews gas agency employees will start strike from september7th
കണ്ണൂര്‍:ജില്ലയിലെ പാചകവാതക വിതരണ തൊഴിലാളികള്‍ ഏഴു മുതല്‍ പണിമുടക്കുമെന്നു ഡിസ്ട്രിക്ട് ഫ്യുവല്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി എ.പ്രേമരാജന്‍ അറിയിച്ചു. ഓണത്തിന് 20 ശതമാനം ബോണസ് അനുവദിക്കണമെന്ന ആവശ്യം ഗ്യാസ് ഏജന്‍സി ഉടമകള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണു സമരം. ലേബര്‍ ഓഫിസര്‍ മുന്‍പാകെ പല തവണ ചര്‍ച്ച നടത്തിയിട്ടും ഉടമകള്‍ പിടിവാശി തുടരുകയാണെന്നു യൂണിയന്‍ ആരോപിച്ചു. സമരംമൂലം ജനങ്ങള്‍ക്കുണ്ടാവുന്ന പ്രയാസങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഗ്യാസ് ഏജൻസി ഉടമകള്‍ക്കാണെന്നും യൂണിയന്‍ സെക്രട്ടറി പറഞ്ഞു.

തിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം

keralanews fire broke out in shopping complex in thiruvananthapuram

തിരുവനന്തപുരം:ഓണത്തിരക്കിനിടെ തിരുവനന്തപുരത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ തീപിടുത്തം.കിഴക്കേകോട്ടയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്.അപകട കാരണം വ്യക്തമല്ല.കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ പേരെയും ഒഴിപ്പിച്ചു.അഗ്നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ആ​റ​ളം ഫാ​മി​ൽ സ​മ​രം തു​ട​രു​ന്നു; എം​ഡി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞു

keralanews strike continues in aralam farm
ഇരിട്ടി: ആറളം ഫാമിലെ സമരം തുടരുന്നതിനിടെ തൊഴിലാളികളും ജീവനക്കാരും എംഡിയുടെ വാഹനം തടഞ്ഞുവച്ചു. സമരം അവസാനിക്കുന്നതു വരെ വാഹനം വിട്ടുനല്‍കില്ലന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ 9.45 ഓടെ സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഫാം ഓഫീസിന് മുന്നില്‍ വാഹനം തടഞ്ഞുവച്ചത്.സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ആറളം എസ്‌ഐ സജിത് കുമാറിന്‍റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 24ന് ആരംഭിച്ച സമരം അവസാനിപ്പിക്കാനായി ഫാം എംഡി ടി.കെ വിശ്വനാഥന്‍നായരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സംഘര്‍ഷാവസ്ഥയായതിനാല്‍ എംഡി ഇനി ഫാമിലെത്താനിടയില്ല. കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന എംഡിക്ക് ഫാമിലെ സമരം തീര്‍ക്കാന്‍ താത്പര്യമില്ലെന്നും അഴിമതിയും കെടുകാര്യസ്ഥയും കൊണ്ട് ഫാം നശിക്കുകയാണെന്നും തൊഴിലാളി യൂണിയനുകള്‍ ആരോപിക്കുന്നു.കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച എംഡി ഈ സര്‍ക്കാരിലും സ്വാധീനം ചെലുത്തി ഇവിടെ തുടരുകയാണെന്നും തൊഴിലാകള്‍ ആരോപിക്കുന്നുണ്ട്. ചര്‍ച്ച പരാജയപെട്ടതോടെ സമരത്തിന്‍റെ രണ്ടാം ഘട്ടമെന്ന നിലയില്‍ നിരാഹാരസമരവും തിരുവോണ ദിവസം പട്ടിണി സമരവും നടത്താന്‍ തൊഴിലാളികളും ജീവനക്കാരും തീരുമാനിച്ചു.

കാഞ്ഞിരപ്പള്ളിയിൽ അധ്യാപകൻ ഓടിച്ച കാറിടിച്ച് അധ്യാപിക മരിച്ചു

keralanews teacher died in a car accident in kanjirappalli

കാഞ്ഞിരപ്പള്ളി:ആനക്കല്ലിന് സമീപം മഞ്ഞപ്പള്ളിയിൽ അധ്യാപകൻ ഓടിച്ചിരുന്ന കാറിടിച്ച് അധ്യാപിക മരിച്ചു.ആനക്കല്ല് സെന്‍റ് ആന്‍റണീസ് സ്കൂളിലെ അധ്യാപിക ലിൻസി ചെറിയാൻ (46) ആണ് മരിച്ചത്.വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അധ്യാപികയ്ക്ക് ദുരന്തമുണ്ടായത്.റോഡിലൂടെ നടക്കുകയായിരുന്ന അധ്യാപികയെ ചിറക്കടവ് സെന്‍റ് ഇഫ്രേംസ് സ്കൂളിലെ അധ്യാപകൻ ഓടിച്ചിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ലിൻസിയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിടിച്ച് മറിഞ്ഞു. കാറോടിച്ചിരുന്ന അധ്യാപകനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിൻസി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.മഞ്ഞപ്പള്ളി ഐക്കര വീട്ടിൽ സാബുവിന്‍റെ ഭാര്യയാണ് ലിൻസി. മകൻ ലിബിൻ സെന്‍റ് ആന്‍റണീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.

മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി

keralanews death toll rises to 32 in mumbai building collapse

മുംബൈ: ദക്ഷിണമുംബൈയിലെ ഭെൻഡി ബസാറിൽ 117 വർഷം പഴക്കമുള്ള കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 32ആയി. 35 പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ 10 പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം.മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് പോലീസ് നല്കുന്ന സൂചന. പാക്മോഡിയ സ്ട്രീറ്റിലെ ഹുസൈനി ബിൽഡിംഗാണ് വ്യാഴാഴ്ച രാവിലെ 8.30ന് തകർന്നത്.ഇടുങ്ങിയതും തിരക്കേറിയതുമായ പാതയോരത്താണ് കെട്ടിടം തകർന്നുവീണത്. ഇതു രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഒൻപതു കുടുംബങ്ങൾ ഹുസൈനി ബിൽഡിംഗിൽ ഉണ്ടായിരുന്നു. കെട്ടിടത്തിൽ കുട്ടികളുടെ പ്ലേ സ്കൂൾ ഉണ്ടായിരുന്നെങ്കിലും അപകട സമയത്ത് കുട്ടികൾ സ്ഥലത്തില്ലായിരുന്നു.

മഹാത്യാഗത്തിന്റെ ഓർമ പുതുക്കി ഇന്ന് ബലിപെരുന്നാൾ

keralanews bakrid to be celebrated today (2)

തിരുവനന്തപുരം:ഇബ്രാഹിം നബിയുടെ മഹാത്യാഗത്തിന്റെ ഓർമ പുതുക്കി വിശ്വാസികൾ  ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു.ഏറെ പ്രാർത്ഥനകൾക്ക് ശേഷം ജനിച്ച ഇസ്മായീലിനെ ഇബ്രാഹിം നബി ദൈവകല്പനയനുസരിച്ച് ബലി നല്കാൻ തീരുമാനിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇന്ന്.സുഗന്ധം പൂശി പുതുവസ്ത്രമണിഞ്ഞ് ആത്മസംസ്ക്കരണത്തിന്റെ പരിമളവുമായി വിശ്വാസികൾ ഇന്ന് ഈദ്ഗാഹുകളിലും പള്ളികളിലും ഒത്തുചേരും. ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് മനസ്സുകൊണ്ട് മക്കയിലെ വിശുദ്ധമണ്ണിൽ തീർത്ഥാടനം നടത്തും.ജീവിതത്തിലിന്നോളം പറ്റിയ തെറ്റുകൾക്ക് അല്ലാഹുവിനോട് ക്ഷമ ചോദിക്കും. കണ്ണീരുകൊണ്ട് മനസ്സിനെ സ്വയം ശുദ്ധീകരിക്കും.ഇനി തെറ്റുകളിലേക്ക് മടങ്ങുകയില്ലെന്ന് ദൈവത്തെ സാക്ഷിയാക്കി പ്രതിജ്ഞയെടുക്കും.

ബാറുകളുടെ ദൂരപരിധി കുറച്ചു

keralanews reduced the distance from bar

തിരുവനന്തപുരം:കേരളത്തിൽ ബാറുകളുടെ ദൂരപരിധി കുറച്ചു. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽ നിന്നുള്ള ദൂരപരിധിയാണ് സർക്കാർ കുറച്ചത്.നിലവിലുള്ള 200 മീറ്റർ എന്ന പരിധി 50 മീറ്ററാക്കിയാണ് കുറച്ചത്.ഫോർ സ്റ്റാർ മുതലുള്ള ബാറുകൾക്കാണ് ഈ ഇളവ് ബാധകം.കഴിഞ്ഞ മാസം 29 നാണ് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡിഷണൽ ചീഫ് സെക്രട്ടറി ടോം ജോസഫ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.ദൂരപരിധി കുറയ്ക്കണമെന്ന നിർദേശം സർക്കാരിന് എക്‌സൈസ് വകുപ്പിൽ നിന്നുമുണ്ട്.ഈ  സാഹചര്യത്തിൽ ഫോർ സ്റ്റാർ,ഫൈവ് സ്റ്റാർ,ഹൈറിറ്റേജ്‌ അടക്കമുള്ള ബാറുകളുടെ ദൂരപരിധി കുറയ്ക്കുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.സുപ്രീം കോടതി ഉത്തരവ് പ്രകാരം പാതയോരങ്ങളിലെ ബാറുകളുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോൾ മാറ്റി സ്ഥാപിച്ച ബാറുകൾക്ക് ദൂരപരിധി ഒരു തടസ്സമായി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരിളവ് നൽകിയത്. ഇതോടെ സംസ്ഥാനത്തു കൂടുതൽ ബാറുകൾക്ക് പ്രവർത്തനാനുമതി ലഭിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.