കൊച്ചി:കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങേണ്ട ഏഴു വിമാനങ്ങൾ വഴിതിരിച്ചു വിട്ടു.അഞ്ചു രാജ്യാന്തര സർവീസുകളും രണ്ട് ആഭ്യന്തര സർവീസുകളുമാണ് വഴിതിരിച്ചു വിട്ടത്.ഇൻഡിഗോയുടെ പൂനെ-കൊച്ചി,ദുബായ്-കൊച്ചി വിമാനങ്ങൾ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചു വിട്ടത്.ജെറ്റ് എയർവേസിന്റെ ദുബായ്-കൊച്ചി,ദോഹ-കൊച്ചി,ഇൻഡിഗോയുടെ ഹൈദരാബാദ്-കൊച്ചി വിമാനങ്ങളും നെടുമ്പാശ്ശേരിയിൽ ലാൻഡ് ചെയ്യാനാകാതെ ബെംഗളുരുവിലേക്ക് തിരിച്ചു വിടുകയായിരുന്നു.കഴിഞ്ഞ ദിവസം ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തെന്നി മാറി ഓടയിൽ വീണ സാഹചര്യത്തിലാണ് മൂടൽ മഞ്ഞിൽ വിമാനങ്ങൾ ഇറങ്ങേണ്ട എന്ന തീരുമാനം എടുത്തത്.ലാൻഡിങ്ങിന് മാത്രമാണ് പ്രശ്‌നം ഉണ്ടായിരുന്നത്.നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങൾ എല്ലാം കൃത്യ സമയത്തു തന്നെ പുറപ്പെട്ടു.രാവിലെ 8.30ഓടുകൂടി മൂടൽ മഞ്ഞ് മാറുകയും ലാൻഡിംഗ് പുനഃസ്ഥാപിക്കുകയും ചെയ്തു.
മുംബൈ സ്ഫോടനകേസ്;രണ്ടുപേർക്ക് വധശിക്ഷ
മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിൽ താഹിർ മെർച്ചന്‍റ്, ഫിറോസ് ഖാൻ എന്നിവർക്കു വധശിക്ഷ. പ്രത്യേക ടാഡ കോടതിയുടേതാണു വിധി. അധോലോക നായകൻ അബു സലിം, കരിമുള്ള ഖാൻ എന്നിവരെ കോടതി ജീവപര്യന്തം തടവിനു വിധിച്ചു. ഇരുവർക്കും രണ്ടു ലക്ഷം രൂപ പിഴ വിധിച്ചിട്ടുണ്ട്. റിയാസ് സിദ്ദിഖിക്ക് പത്തു വർഷം തടവാണു വിധിച്ചിട്ടുള്ളത്.കേസിൽ അബുസലിം അടക്കം ആറുപേർ കുറ്റക്കാരാണെന്ന് പ്രത്യേക ടാഡ കോടതി കണ്ടെത്തിയിരുന്നു. 257 പേരുടെ മരണത്തിനും 713 പേരുടെ പരിക്കിനും ഇടയാക്കിയ സ്ഫോടന പരമ്പര ഉണ്ടായി 24 വർഷങ്ങൾക്കുശേഷമാണ് വിധി.ഗൂഢാലോചന, കൊലപാതകം, ഭീകരപ്രവർത്തനം എന്നിവയാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കനത്ത സുരക്ഷയിലാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്. 1993 മാർച്ച് 12ന് നടന്ന സ്ഫോടനം, 1992 ഡിസംബർ ആറിന് അയോധ്യയിലെ ബാബ്റി മസ്ജിദ് തകർത്തതിനു പിന്നാലെയുണ്ടായ വർഗീയ കലാപത്തിന് പ്രതികാരമായാണ് നടത്തിയതെന്ന് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവർഷം മുന്പു തൂക്കിലേറ്റി.കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന അബ്ദുൽ ക്വയൂമിനെ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കി. രണ്ടു ഘട്ടമായി നടത്തിയ കേസിന്‍റെ വിചാരണയുടെ ആദ്യഘട്ടത്തിൽ 100 പേരെ ശിക്ഷിച്ചിരുന്നു.
എസ്.ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസത്തോടെ അവസാനിക്കും
കൊച്ചി:പഴയ എസ്.ബി.ടി ചെക്ക് ബുക്കുകളുടെ കാലാവധി ഈ മാസത്തോടെ അവസാനിക്കും. എസ്.ബി.ടി എസ്.ബി.ഐയുമായി ലയിച്ച് എസ്.ബി.ഐ മാത്രമായതിനാലാണ് ഇത്തരത്തിലൊരു നടപടി ബാങ്ക് സ്വീകരിക്കുന്നത്.ഐ.എഫ്.എസ് കോഡിന്റെ കാര്യത്തിലും ചെറിയ മാറ്റം ഉണ്ടായിട്ടുണ്ട്.ശാഖയിൽ പണം അടയ്ക്കുമ്പോൾ പുതിയ കോഡാണ് പണം അടയ്‌ക്കേണ്ടവർ ഉപയോഗിക്കേണ്ടതെന്നു ബാങ്ക് അധികൃതർ അറിയിച്ചു.
നടിയെ ആക്രമിച്ച കേസ്;നാദിർഷയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ചികിത്സയിലാണെന്നു താരം പോലീസിനെ അറിയിച്ചിട്ടുണ്ട്. അസിഡിറ്റി സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയിലാണെന്നാണ് താരം നൽകുന്ന വിശദീകരണം.എന്നാൽ ഇത് അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള തന്ത്രമാണെന്നാണ് വ്യക്തമാകുന്നത്.നാദിർഷയെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.നേരത്തെ നല്കിയമൊഴികളെല്ലാം കളവാണെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.അതേസമയം നാദിർഷ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്
ഗൗരി ലങ്കേഷ് വധം;അന്വേഷണം ഇന്റെലിജൻസ് ഐജിക്ക്
ബെംഗളൂരു:മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റെലിജൻസ് ഐജി ബി.കെ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷിക്കും.ഗൗരി ലങ്കേഷ് സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട ഭീഷണികളെ കുറിച്ചും നക്സലൈറ്റുകൾക്കിടയിലെ പ്രവർത്തനം വിരോധത്തിന് കാരണമായോ എന്നും അന്വേഷണ സംഘം പരിശോധിക്കും.പ്രതികൾ നേരത്തെയും വീടിനു മുൻപിൽ എത്തിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.പരിശോധനയ്ക്കയച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നും കൂടുതൽ തെളിവുകൾ ലഭിക്കും എന്ന പ്രതീക്ഷയും പോലീസിനുണ്ട്.ഗൗരി പതിവായി സഞ്ചരിക്കുന്ന ബസവനഗുഡി മുതൽ രാജേശ്വരി നഗർ വരെയുള്ള ഭാഗത്തെ പരമാവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും.ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ എഴുതിയതിന് സമൂഹ മാധ്യമങ്ങളിൽ കൂടി ഗൗരിക്കുനേരെ ഭീഷണി ഉയർന്നിരുന്നു.ഇത് ഗൗരി ലങ്കേഷിനോടുള്ള പകയ്ക്ക് കാരണമായോ എന്നും അന്വേഷിക്കും.
രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി
ന്യൂഡൽഹി:രണ്ട് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി റദ്ദാക്കി.ഹൈക്കോടതി നൽകിയ പ്രവേശനാനുമതിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.അടൂർ മൗണ്ട് സിയോൺ,ഡി.എം വയനാട് എന്നീ കോളേജുകളുടെ പ്രവേശനാനുമതിയാണ് റദ്ദാക്കിയത്.മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ഇല്ലാത്തതിനാലാണ് മെഡിക്കൽ പ്രവേശനം റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടത്.തൊടുപുഴ അൽ അസ്ഹർ കോളേജിന്റെയും പ്രവേശനാനുമതി കഴിഞ്ഞ ദിവസം കോടതി റദ്ദാക്കിയിരുന്നു.പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് ഈ മൂന്നു കോളേജുകളുടെയും പുനഃപരിശോധനാ ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച തന്നെ പരിഗണിക്കും.
ഓസ്ട്രേലിയയിൽ മലയാളി യുവതിക്കു രണ്ടര വർഷം തടവ്
മെൽബണ്‍: ഓസ്ട്രേലിയയിലെ മെൽബണിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്നു മലയാളി യുവതിക്കു രണ്ടര വർഷം തടവ്. കാറപകടത്തിൽ ഗർഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് മലയാളിയായ ഡിംപിൾ ഗ്രേസ് തോമസിനു മെൽബണ്‍ കോടതി രണ്ടര വർഷം ശിക്ഷ വിധിച്ചത്.2016 ഓഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ അപകടമുണ്ടായത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്ന് എതിരെ വന്ന കാറുമായി ഡിംപിളിന്‍റെ കാർ കൂട്ടിയിടിക്കുകയായിരുന്നു. 28 ആഴ്ച ഗർഭിണിയായിരുന്ന ആഷ്‌ലി അലന്‍റെ കാറുമായാണ് ഡിംപിളിന്‍റെ വാഹനം കൂട്ടിയിട്ടിച്ചത്. അപകടത്തിൽ പരിക്കേറ്റ ആഷ്‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സിസേറിയനിലൂടെ പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തു. എന്നാൽ അപകടത്തിന്‍റെ ആഘാതം മൂലം കുട്ടി രണ്ട് ദിവസത്തിനുശേഷം മരിച്ചു. മരണകാരണമാകുന്ന രീതിയിൽ അപകടകരമായി വാഹനം ഓടിച്ചു എന്ന കുറ്റത്തിനാണ് ഡിംപിളിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.അപകട സമയത്ത് ഗർഭണിയായിരുന്ന ഡിംപിളിന്‍റെ ഗർഭവും അപകടത്തിനുശേഷം അലസുകയും ചെയ്തിരുന്നു. പത്ത് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. നിലവിൽ ഡിംപിളിന്‍റെ പേരിൽ മറ്റു കേസുകൾ ഒന്നും ഇല്ലാത്തത് പരിഗണിച്ചാണ് കോടതി ശിക്ഷയിൽ ഇളവു നൽകിയത്.
സോണിയ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിലെ കമാൻഡർ രാകേഷ് കുമാറിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി.സോണിയയുടെ 10 ജൻപഥ് വസതിയുടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന രാകേഷ് (31)നെയാണ് കാണാതായത്. രാകേഷിനെ കാണാതായതിനെ തുടർന്നു തുഗ്ലക്ക് പോലീസ് ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ഇതുവരെ ഇയാളെ കണ്ടെത്താനായില്ല.സംഭവത്തെ തുടർന്നു രാകേഷിന്‍റെ അച്ഛൻ ഡൽഹി പോലീസിനും പരാതി നൽകി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്തല്ല രാകേഷിനെ കാണാതായത്. ദ്വാരകയിൽ ഒരു ഫ്ളാറ്റിൽ കുടുംബത്തോടോപ്പം വാടകയ്ക്കാണ് രാകേഷ് താമസിച്ചിരുന്നത്. സെപ്റ്റംബർ ഒന്നിന് രാകേഷ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായും അന്ന് ചില സുഹൃത്തുകളുമായി രാകേഷ് കൂടിക്കാഴ്ച നടത്തിയതായും പോലീസിനു വിവരങ്ങൾ ലഭിച്ചു. സെപ്റ്റംബർ ഒന്നിന് രാവിലെ അദ്ദേഹം സോണിയയുടെ വസതിയിൽനിന്നു പുറത്തു പോയതായും പോലീസ് പറഞ്ഞു.രാകേഷിന്റെ മൊബൈൽ ഫോണും സർവീസ് റിവോൾവറും താമസസ്ഥലത്ത് ഉപേക്ഷിച്ചിട്ടാണ് പോയിരിക്കുന്നത്. ഇതിനാൽ പോലീസിനോ ബന്ധുക്കൾക്കോ ഇതുവരെ ഇയാളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. സോണിയയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായ സംഭവം അതീവ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയെന്നും ഡൽഹി പോലീസ് പറഞ്ഞു.
പെരുമ്പാവൂരിൽ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു
പെരുമ്പാവൂർ:പെരുമ്പാവൂരിൽ അടച്ചിട്ട പാറമടയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു.കളമശ്ശേരി സ്വദേശികളായ വിനായകൻ,ശ്രാവൺ എന്നിവരാണ് മരിച്ചത്. വിദ്യാർത്ഥികളായ നാലംഗസംഘം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം.ഒരാളെ രക്ഷപ്പെടുത്തി.ഇവർക്കൊപ്പമുണ്ടായിരുന്ന അഭിജിത് എന്ന കുട്ടിയെ കാണാതായി.അഭിജിത്തിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ഉച്ചയോടെയാണ് ഇവർ കുളിക്കാനെത്തിയത്. വിദ്യാർത്ഥികളുടെ നിലവിളികേട്ട് നാട്ടുകാരാണ് ആദ്യം സംഭവസ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്.ഏറെക്കാലമായി അടഞ്ഞു കിടക്കുന്ന പാറമടയാണിത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് ആഴത്തിലുള്ള വെള്ളക്കെട്ടാണ് ഇവിടെ രൂപപ്പെട്ടിരുന്നത്.അപകടമറിയാതെ ഇവിടെ കുളിക്കാനിറങ്ങിയതാണ് രണ്ടുപേരുടെ മരണത്തിനിടയാക്കിയത്.