പട്ന:ബീഹാറിലെ ധൻബാന്ഗ മെഡിക്കൽ കോളേജിൽ കാലാവധി പൂർത്തിയായ രക്തം സ്വീകരിച്ച എട്ടുപേർ മരിച്ചു.കാലാവധി കഴിഞ്ഞ രക്തമാണ് ആശുപത്രിയിലെ രക്തബാങ്കിൽ നിന്നും വിതരണം ചെയ്തത്.കുപ്പികളിൽ കാലാവധി രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവത്തിൽ ആരോഗ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ ശക്തമായ നടപടിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.മരണപ്പെട്ടവരുടെ ബന്ധുക്കൾ ബഹളം വെച്ചപ്പോഴാണ് രക്തകുപ്പികളിലെ കാലാവധി രേഖപ്പെടുത്തിയ കാര്യം പുറത്തു വന്നത്. സംഭവം അന്വേഷിക്കുന്നതിനായി ആറുപേരടങ്ങിയ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ തലവന്മാരാണ് അന്വേഷണ സംഘത്തിലുള്ളത്. ഇവർ അന്വേഷണം പൂർത്തിയാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം.
രണ്ടാം ക്ലാസ് വിദ്യാർഥി സ്കൂൾ ബാത്റൂമിൽ കഴുത്തറുത്ത് മരിച്ച നിലയിൽ
ന്യൂഡൽഹി: ഗുഡ്ഗാവിലെ റയാൻ ഇന്‍റർനാഷണൽ സ്കൂളിലെ ബാത്റൂമിൽ രണ്ടാം ക്ലാസ് വിദ്യാർഥിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.സ്കൂളിന്റെ ടോയ്‌ലെറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദ്യുമൻ താക്കൂർ (7) ആണ് മരിച്ചത്.പിതാവ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി വിട്ട് അധികം വൈകാതെയാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സ്കൂളിലെ ടോയ്‌ലെറ്റിൽ കഴുത്തറുത്ത് രക്തം വാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.സംഭവ സ്ഥലത്തു നിന്നും ഒരു കത്തിയും ലഭിച്ചിരുന്നു.സംഭവത്തിൽ പ്രതിഷേധിച്ച് മാതാപിതാക്കൾ പോലീസ് കംമീഷണറുടെ ഓഫീസിനു മുൻപിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.രോഷാകുലരായ നാട്ടുകാർ സ്കൂൾ കെട്ടിടം അടിച്ചു തകർത്തു.
പരിയാരത്ത് മിനിലോറി ബസ്‌സ്റ്റോപ്പിലേക്ക് ഇടിച്ചു കയറിയ അപകടത്തിൽ ഒരാൾ മരിച്ചു
പരിയാരം:പരിയാരത്ത് മിനിലോറി നിയന്ത്രണം വിട്ട് ബസ്‌സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി അസു(65) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു അപകടം.തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അസുവിന്റെ വലതുകാൽ മുറിച്ചു മാറ്റിയിരുന്നു.ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു മരണം.തലശ്ശേരി ഷെമി ഹോസ്പിറ്റലിൽ മാനേജരായിരുന്ന അസു നാട്ടിലേക്ക് മടങ്ങാനായി പരിയാരം മെഡിക്കൽ കോളേജ് ബസ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെയാണ് അപകടം നടന്നത്.
മൂന്നര വയസ്സുകാരൻ ബലൂൺ തൊണ്ടയിൽ കുടുങ്ങി മരിച്ചു
കാസർകോഡ്:മൂന്നര വയസ്സുകാരൻ ബലൂൺ തൊണ്ടയിൽ കുടുങ്ങി മരിച്ചു.കുണ്ടംകുഴി തുമ്പടുക്കത്തെ ശിവപ്രസാദ്-ദയകുമാരി ദമ്പതികളുടെ മകൻ ആദി ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ ബലൂൺ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.വീട്ടുകാർ ഉടൻ ബലൂൺ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ സമീപത്തുള്ള ക്ലിനിക്കിലും പിന്നീട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാർഥി സംഘടനയായ ഡിഎസ്എയുടെ ക്യാമ്പസ്സുകളിലെ പ്രവർത്തനം നിരീക്ഷണത്തിൽ
കണ്ണൂർ: അറസ്റ്റിലായി ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് നേതാക്കളായ രൂപേഷിന്‍റെയും ഷൈനയുടെയും മകള്‍ ആമിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് രൂപീകരിച്ച ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്സ് അസോസിയേഷനെതിരേ (ഡിഎസ്എ) കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തോട് റിപ്പോർട്ട് നേടി. സംഘടനയ്ക്ക് മാവോയിസ്റ്റ് അനുകൂല സംഘടനകളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഓഗസ്റ്റ് 26ന് കൊച്ചി സി. അച്യുതമേനോൻ ഹാളിലായിരുന്നു സംഘടനയുടെ രൂപീകരണ പ്രഖ്യാപന സമ്മേളനം.നെടുവാസൽ സമരപ്രവർത്തകനും തമിഴ്നാട്ടിലെ സ്റ്റുഡന്‍റ്സ് അപ് റൈസിംഗ് ഫോർ സോഷ്യൽ വെൽഫെയർ നേതാവുമായ ദിനേശനായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. സംസ്ഥാനത്ത് തീവ്രഇടതുപക്ഷ ആശയങ്ങളുമായി പ്രവർത്തിക്കുന്ന വിദ്യാർഥി സംഘടനകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചെങ്കിലും എസ്എഫ്ഐ, കെഎസ്‌യു, എബിവിപി തുടങ്ങിയ വിദ്യാർഥി സംഘടനാ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല.സംഘടനയുടെ പ്രഖ്യാപന സമ്മേളനത്തിൽ മാവോയിസ്റ്റ് അനുകൂല സംഘടനകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുത്തതായും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു.ഡിഎസ്എയുടെ കേരളത്തിലെ കാന്പസിലുള്ള പ്രവർത്തനവും രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നുണ്ട്. ശാസ്ത്രീയ സോഷ്യലിസമാണ് സംഘടനയുടെ മുദ്രാവാക്യമെന്നും ഇതിന് മാവോയിസ്റ്റ് ബന്ധമില്ലെന്നുമാണ് സംഘടനാ പ്രതിനിധികൾ പറയുന്നത്.
ഒരു കോടി രൂപയുടെ കുഴൽപ്പണം പിടികൂടി
പെരിന്തൽമണ്ണ:ഒരു കോടി രൂപയുടെ കുഴൽപ്പണവുമായി പെരിന്തൽമണ്ണയിൽ രണ്ടുപേർ പോലീസിന്റെ പിടിയിലായി.മലപ്പുറം മൊറയൂർ സ്വദേശി മുഹമ്മദ് ബഷീർ,മഞ്ചേരി കിഴിശ്ശേരി സ്വദേശി മുജീബ് റഹ്മാൻ എന്നിവരാണ് പിടിയിലായത്.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടികൂടിയത്.തമിഴ്‌നാട്ടിൽ നിന്നും പണവുമായി ഒരു സംഘം വരുന്നുണ്ടെന്നു വിവരത്തിന്റെ അടിസ്ഥാനത്തിൽ അങ്ങാടിപ്പുറത്തു പോലീസ് പരിശോധന നടത്തുകയായിരുന്നു.പോലീസിനെ കണ്ട് വാഹനം നിർത്താതെ പോയ ഇവരെ പിന്തുടർന്ന് പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷനിൽ വെച്ച് പിടികൂടുകയായിരുന്നു.
ഗൗരി ലങ്കേഷ് വധം: വിവരം നല്‍കുന്നവര്‍ക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു
ബെംഗളൂരു:മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.എന്നാൽ സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടുപിടിക്കാൻ അന്വേഷണ സംഘത്തിന് സാധിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.അതേസമയം കൊലയാളിയെ കുറിച്ച് വിവരം നൽക്കുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ലങ്കേഷ് വധക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കാനും സർക്കാർ നിർദേശിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുസംബന്ധിച്ച നിർദേശം പ്രത്യേക അന്വേഷണ സംഘത്തിനു നൽകി.കേസ് അന്വേഷണത്തിനു സർക്കാർ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തുമെന്നും ആഭ്യന്തരമന്ത്രി രാമലുംഗ റെഡ്ഡി പറഞ്ഞു.
നാദിർഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 13 ലേക്ക് മാറ്റി
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി പതിമൂന്നാം തീയതിയിലേക്ക് മാറ്റി.അതെ സമയം അറസ്റ്റ് തടയണമെന്ന നാദിർഷായുടെ ആവശ്യം കോടതി തള്ളി. മൊഴിയിലെ പൊരുത്തക്കേടുകൾ കാരണം കഴിഞ്ഞ ദിവസമാണ് വീണ്ടും ചോദ്യം ചെയ്യാനായി പോലീസ് നാദിർഷയെ വിളിപ്പിച്ചത്.തുടർന്ന് നെഞ്ചുവേദന മൂലം നാദിർഷ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായി.പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്
പത്തനംതിട്ട:ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് പമ്പയാറ്റില്‍ നടക്കും. രണ്ട് ബാച്ചുകളിലായി 52 പള്ളിയോടങ്ങള്‍ ജലോത്സവത്തില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജല ഘോഷയാത്രയും മൂന്ന് മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മത്സര വള്ളംകളിയും ഉദ്ഘാടനം ചെയ്യും.എ ബാച്ചില്‍ 35 പള്ളിയോടങ്ങളും ബി ബാച്ചില്‍ 17 പള്ളിയോടങ്ങളും പങ്കെടുക്കും. ഇത്തവണ ഹീറ്റ്‌സ് മത്സരങ്ങളില്‍ പള്ളിയോടങ്ങളുടെ സമയം രേഖപ്പെടുത്തുകയും കുറഞ്ഞ സമയം കുറിച്ച നാല് പള്ളിയോടങ്ങളെ വീതം ഫൈനല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കും.ഓരോ ബാച്ചിലും മത്സരിക്കുന്ന പള്ളിയോടങ്ങള്‍ക്ക് പാടേണ്ട വഞ്ചിപ്പാട്ട് സഹിതം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവയ്ക്ക് അയോഗ്യത കല്‍പ്പിക്കുമെന്നതിനാല്‍ ഉത്രട്ടാതി ജലമേളയുടെ തനിമ ഉറപ്പാക്കാനാകും. സുരക്ഷാ ക്രമീകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഗായകന്‍ കാവാലം ശ്രീകുമാറിന് രാമപുരത്ത് വാര്യര്‍ പുരസ്‌കാരം ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഡി രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
മോശം കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുമ്പാശ്ശേരിയിൽ ഇറക്കി
കോഴിക്കോട്:മോശം കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങേണ്ട നാലു വിമാനങ്ങൾ നെടുമ്പാശ്ശേരിയിലിറക്കി.ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ ഇത്തിഹാദ്,എയർ ഇന്ത്യ,എയർ ഇന്ത്യ എക്സ്പ്രസ്,ഒമാൻ എയർവെയ്‌സ് എന്നീ സർവീസുകളാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്.കാലാവസ്ഥ അനുകൂലമായാൽ വിമാനങ്ങൾ കരിപ്പൂരിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതർ അറിയിച്ചു.