
കൊച്ചി: നെഞ്ചുവേദനയെതുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന നടനും സംവിധായകനുമായ നാദിര്‍ഷ ഞായറാഴ്ച രാത്രി പത്തോടെ ആസ്പത്രി വിട്ടു. നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാദിര്‍ഷ ചികിത്സയ്ക്കായി ആസ്പത്രിയിലെത്തിയത്.ആസ്പത്രി അധികൃതര്‍ ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ആസ്പത്രി വിടാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.നാദിർഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം ഉറപ്പിച്ചതോടെ മുൻകൂർ ജാമ്യത്തിന് നടൻ കോടതിയെ സമീപിച്ചിരുന്നു. വിഷയത്തിൽ നേരത്തേ കോടതി സർക്കാർ നിലപാട് തേടിയിരുന്നു. കേസിൽ നാദിർഷായെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ അറസ്റ്റ് തീരുമാനിക്കാൻ സാധിക്കുകയുള്ളുവെന്നുമാണ് പോലീസ് നിലപാട്.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസിൽ നാദിർഷാ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി 13നു പരിഗണിക്കാനാണ് മാറ്റിയിരിക്കുന്നത്. ഹർജിയിൽ സർക്കാരിന്‍റെ നിലപാട് അറിയാനാണു മാറ്റിയത്. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണു ഹർജി പരിഗണിച്ചത്. ഹർജിക്കാരന് അനുകൂലമായി ഇടക്കാല ഉത്തരവിടരുതെന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.








