അഹമ്മദാബാദ്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയും ചേർന്ന് തുടക്കം കുറിച്ചു. മുംബൈയേയും അഹമ്മദാബാദിനേയും ബന്ധിപ്പിച്ചു കൊണ്ടുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി 2023ൽ പൂർത്തികരിക്കാനാണ് ഉദേശിക്കുന്നത്.508 കിലോമീറ്റർ പദ്ധതിക്ക് 1.10 ലക്ഷം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 81 ശതമാനം ചെലവ് ജപ്പാൻ വഹിക്കും. ഇത് 50 വർഷം കൊണ്ട് തിരിച്ചടയ്ക്കാൻ സാധിക്കുന്ന തരത്തിലാണ് ഇന്ത്യയും ജപ്പാനും തമ്മിലുള്ള കരാർ. ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ഏഴ് മണിക്കൂർ യാത്രയ്ക്ക് രണ്ട് മണിക്കൂർ മതിയാകും. മണിക്കൂറിൽ 320-350 കിലോമീറ്ററാണ് ട്രെയിന്‍റെ വേഗം.
ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു.റിമാൻഡിലായി 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ടെണ് ചൂണ്ടി കാട്ടിയാണ് ജാമ്യപേക്ഷ.ഹരജിയില്‍ ഈ മാസം 16 ന് വാദം കേള്‍ക്കും.ദിലീപ് ഹൈക്കോടതിയിൽ തന്നെ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നായിരുന്നു റിപ്പോർട്ടുകളെങ്കിലും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് താരം ഇത്തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.രണ്ടാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്.അറുപതു ദിവസത്തോളമായി താൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.നടിയുടെ നഗ്ന ചിത്രം പകർത്തണമെന്നാവശ്യപ്പെട്ടത് മാത്രമാണ് തനിക്കെതിരെയുള്ള കുറ്റം.ആദ്യഘട്ടത്തിൽ പറഞ്ഞ ആരോപണങ്ങൾക്ക് അപ്പുറം ഒന്നും പോലീസ് കണ്ടെത്തിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.ഇപ്പോൾ നടക്കുന്ന അന്വേഷണവുമായി സഹകരിക്കാൻ താൻ തയ്യാറാണെന്നും ദിലീപ് ജാമ്യ ഹർജിയിൽ അങ്കമാലി കോടതിയെ അറിയിച്ചു.
പുല്ലൂർ-പെരിയ പഞ്ചായത്തിൽ വ്യാപക ആക്രമണം
പെരിയ:പുല്ലൂർ-പെരിയ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് ഓഫീസിനും പാർട്ടി നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങൾക്കുമെതിരെ വ്യാപക ആക്രമണം.കോൺഗ്രസിന്റെ പുല്ലൂർ-പെരിയ മണ്ഡലം കമ്മിറ്റി ഓഫീസിനു തീയിട്ടു.കോൺഗ്രസ് ഓഫീസിന്റെ ജനലുകൾ അടിച്ചു തകർത്തു.ഓഫീസിനകത്തെ ഫർണിച്ചറുകളും നശിപ്പിച്ചിട്ടുണ്ട്.പെരിയ നെടുവോട്ടുപാറയിൽ പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനു നേരെയും ആക്രമണം നടന്നു.ക്ലബ്ബിന്റെ ജനൽ ചില്ലുകൾ തകർത്തു.ക്ലബ്ബിനു സമീപത്തെ കൊടിമരവും പതാകയും തോരണങ്ങളും നശിപ്പിച്ച നിലയിലാണ്.പെരിയ കല്ല്യോട്ടെ കോൺഗ്രസ് നിയന്ത്രണത്തിലുള്ള യുവജന വാദ്യകലാ സംഘത്തിന്റെ ഓഫീസിനു നേരെയും അക്രമമുണ്ടായി.ബുധനാഴ്ച അർധരാത്രിയോടെയാണ് അക്രമണമുണ്ടായതെന്നു കരുതുന്നു.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.ആക്രമണങ്ങൾക്കു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.പെരിയയിലെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.അക്രമം നടന്ന സ്ഥലങ്ങളിൽ പോലീസ് അതീവ ജാഗ്രത പാലിച്ചുവരികയാണ്.
ശോഭായാത്രയ്ക്കിടെ വനിതാ പോലീസിനെ കയറിപ്പിടിച്ച ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ
കണ്ണൂർ:ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ പോലീസിനെ കയറിപിടിക്കാൻ ശ്രമിച്ച ആർ എസ് എസ് പ്രവർത്തകൻ അറസ്റ്റിൽ.തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി പ്രശാന്തിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.പടപ്പേങ്ങാട്ടെ സജീവ ആർ എസ് എസ് പ്രവർത്തകനാണ് അറസ്റ്റിലായ പ്രശാന്ത്.ഇയാൾ പന്നിയൂർ കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരാണ്. കസ്റ്റഡിയിലെടുത്ത പ്രശാന്തിനെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വധഭീഷണി
തിരുവനന്തപുരം:സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി ലഭിച്ചത്. മനുഷ്യവിസർജ്ജവും തപാലിൽ ലഭിച്ചെന്നും കത്തുകളിൽ അസഭ്യവർഷമാണെന്നും ജോസഫൈൻ പറഞ്ഞു.സിനിമയിലെ വനിതാ കൂട്ടായ്മ അംഗങ്ങൾക്കും ഭീഷണിയുണ്ട്.നടി ആക്രമിക്കപ്പെട്ട കേസിൽ പി.സി ജോർജ് എംഎൽഎക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് ഭീഷണി ഉയർന്നിരിക്കുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തപാലിലൂടെ തനിക്ക് നിരവധി ഭീഷണി കത്തുകളാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് ജോസഫൈൻ പറഞ്ഞു.കേസിൽ ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകുന്നതിനാലാണ് ഇത്തരത്തിൽ വധഭീഷണി ഉയർന്നിരിക്കുന്നതെന്നാണ് കരുതുന്നത്.മനുഷ്യ വിസർജം ഉൾപ്പെടെ തപാലിൽ ലഭിച്ചു.ഭീഷണി ഉയർന്നത് ഉണ്ട് തളരില്ല.ശക്തമായി മുന്നോട്ട് പോകും.തനിക്ക് മാത്രമല്ല നടിക്ക് വേണ്ടി നിലകൊണ്ട നിരവധിപേർക്കും ഭീഷണിയുണ്ടെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു.
ആർ സി സിയിൽ നിന്നും രക്തം സ്വീകരിച്ച ഒൻപതുകാരിക്ക് എച് ഐ വി ബാധിച്ചതായി സംശയം
തിരുവനന്തപുരം:ആർ സി സിയിൽ നിന്നും രക്തം സ്വീകരിച്ച ഒൻപതുകാരിക്ക് എച് ഐ വി ബാധിച്ചതായി പരാതി.രക്ഷിതാക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.രക്താർബുദത്തെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ കുട്ടി ആർ സി സിയിൽ ചികിത്സ തേടിയിരുന്നു.കുട്ടിക്ക് ചികിത്സയുടെ ഭാഗമായി ഇവിടെനിന്നും റേഡിയേഷൻ തെറാപ്പി നടത്തി.തെറാപ്പിക്ക് ശേഷം രക്തത്തിൽ കൌണ്ട് കുറഞ്ഞു.ഇത് പരിഹരിക്കുന്നതിനായി ആർ സി സിയിൽ നിന്നും ബ്ലഡ് ട്രാൻസ്ഫ്യൂഷൻ നടത്തിയിരുന്നു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് എച്.ഐ.വി ബാധിച്ചതായി സ്ഥിതീകരിച്ചത്. മാർച്ചിന് മുൻപുള്ള പരിശോധനയിലെല്ലാം എച്.ഐ.വി നെഗറ്റീവ് ആയിരുന്നു.തുടർന്നാണ് ആർ.സി.സിക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ പോലീസിനെ സമീപിച്ചത്. കുട്ടിയുടെ ചികിത്സയുടെ തുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളും രക്തപരിശോധനകളും ബ്ലഡ് ബാങ്കിലെ രേഖകളും പരിശോധിച്ച ശേഷം മെഡിക്കൽ ബോർഡ്,ഫോറൻസിക്,പാത്തോളജി വിഭാഗങ്ങൾ എന്നിവരുടെ സഹായത്തോടെ പിഴവുകണ്ടെത്തിയ ശേഷം ബന്ധപ്പെട്ടവർക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുമെന്ന് പോലീസ് അറിയിച്ചു.
കാക്കയങ്ങാട് ബസ്സ് മരത്തിലിടിച്ച് 28 പേർക്ക് പരിക്ക്
ഇരിട്ടി:ഇരിട്ടി-പേരാവൂർ റൂട്ടിൽ കല്ലേരിമലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 28 പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം 5.30 മണിയോടെയാണ് അപകടം.പേരാവൂരിൽ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ഷൈൻ സ്റ്റാർ ബസാണ് അപകടത്തിൽപെട്ടത്. കല്ലെരിമലയിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്ട്ടപെട്ട ബസ് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.അപകടം നടന്ന് ഇരുപതു മിനിട്ടു കഴിഞ്ഞാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.അപകടം കണ്ടിട്ടും അതുവഴി വന്ന പല വണ്ടികളും നിർത്താതെ പോയി.അതുവഴി വരികയായിരുന്ന ജില്ലാപഞ്ചായത്തംഗം തോമസ് വർഗീസിന്റെ വാഹനത്തിലാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്.പരിക്കേറ്റവരെ ഇരിട്ടി,കണ്ണൂർ,തലശ്ശേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
കണ്ണൂരും കാസർകോട്ടും നാളെ വൈദ്യുതി മുടങ്ങും
കണ്ണൂർ:കണ്ണൂർ,കാസർകോഡ് ജില്ലകളിൽ വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ പന്ത്രണ്ടു മണി വരെ ഭാഗീകമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി ഡെപ്യുട്ടി ചീഫ് എൻജിനീയർ അറിയിച്ചു.കാഞ്ഞിരോട് സബ്‌സ്റ്റേഷനിലേക്കുള്ള 220 കെവി അരീക്കോട്-കാഞ്ഞിരോട് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്.
കണ്ണൂർ സ്വദേശിയായ ഹോട്ടൽ ഉടമ പൂനെയിൽ മർദനമേറ്റു മരിച്ചു
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ മലയാളി ഹോട്ടൽ ഉടമ മർദനമേറ്റു മരിച്ചു. കണ്ണൂർ പെരളശ്ശേരി സ്വദേശി അബ്ദുൽ അസീസ് (56) ആണ് മരിച്ചത്. അസീസ് പൂനയിലെ ശിവാപുരിൽ കഴിഞ്ഞ 46 വർഷമായി പാട്ടത്തിനു സ്ഥലമെടുത്തു ഹോട്ടൽ നടത്തിവരുകയായിരുന്നു. ബുധനാഴ്ച ഹോട്ടൽ നിൽക്കുന്ന സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമയും അസീസും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. ഇതേതുടർന്നുണ്ടായ സംഘർഷമാണ് അസീസിന്‍റെ മരണത്തിന് കാരണമായതെന്നു കുടുംബാംഗങ്ങൾ പറഞ്ഞു.സംഘർഷത്തെ തുടർന്ന് അബോധാവസ്ഥയിലായ അസീസിനെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. അസീസിന്‍റെ മൃതദേഹം പൂന സസൂണ്‍ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം പെരളശേരിയിലേക്ക് കൊണ്ടു പോയി. നജ്മയാണ് ഭാര്യ. മക്കൾ: റയിസ്, റമീസ്, നജീറ, സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
ക്വലാലംപുരിൽ മതപാഠശാലയിൽ തീപിടിത്തം; 26 പേർ മരിച്ചു
ക്വലാലംപുർ: മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിൽ മതപാഠശാലയിലുണ്ടായ തീപിടിത്തത്തിൽ അധ്യാപകനും 25 വിദ്യാർഥികളുൾപ്പെടെ 26 പേർ മരിച്ചു. ജലാൻ ദതുക് കെരാമാതിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പതിമൂന്ന് വയസിനും 17 വയസിനും ഇടയിലുള്ള വിദ്യാർഥികളാണ് മരിച്ചത്.അപകടത്തിൽ അഞ്ചു പേരെ രക്ഷപെടുത്തി. ഇവരിൽ മൂന്നു പേരുടെ നിലഗുരുതരമാണ്. പരിക്കേറ്റവരെ ക്വലാലംപുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു നില കെട്ടിടത്തിന്‍റെ മുകൾ നിലയിലെ കിടപ്പുമുറിയിൽനിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് കരുതുന്നത്. മുകൾ നിലയിൽനിന്ന് അഗ്നിശമന സേന 15 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.