കണ്ണൂർ: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കീഴാറ്റൂരിലൂടെ വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ വയൽക്കിളികൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തി വന്ന പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബദൽ സംവിധാനങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. ഇക്കാര്യത്തിൽ സമവായം ഉണ്ടാകുന്നതുവരെ വിജ്ഞാപനം പുറത്തിറക്കില്ലെന്നും മന്ത്രി പറഞ്ഞു.അതേസമയം സമരം താത്കാലികമായി അവസാനിപ്പിക്കുന്നതായി സമരസമിതി അറിയിച്ചു. സുധാകരന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കു ശേഷമാണ് സമരം പിൻവലിക്കുന്നതായി സമരാനുകൂലികൾ അറിയിച്ചത്.
കെ.എസ്.ആർ.ടി.സിയിൽ ഇനി മുതൽ ഡ്രൈവർ കം കണ്ടക്റ്റർ രീതി നിലവിൽ വരും
തിരുവനതപുരം:കെ.എസ്.ആർ.ടി.സിയിൽ ഇനി മുതൽ ഡ്രൈവർ കം കണ്ടക്റ്റർ രീതി നിലവിൽ വരും.തൊഴിലാളികളുടെ ജോലിഭാരം കുറയ്ക്കുക,സാമ്പത്തിക ലാഭം എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.ദീർഘദൂര സർവീസുകളിലാണ് പദ്ധതി നടപ്പിലാക്കുക.ദീർഘദൂര ബസുകൾ അപകടത്തിൽ പെടുന്നതിന്റെ പ്രധാന കാരണം ഡ്രൈവർമാർക്ക് ആവശ്യത്തിന് വിശമം ലഭിക്കാത്തതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ നടപടി.ഒക്ടോബർ അഞ്ചുമുതലാണ് പദ്ധതി നടപ്പിലാക്കുക.പുതിയ സംവിധാനം നിലവിൽ വന്നാൽ യാത്രയുടെ പകുതി ദൂരം ഡ്രൈവറും കണ്ടക്റ്ററും ജോലികൾ പരസ്പ്പരം കൈമാറും.ഇതോടെ ഡ്രൈവർക്ക് അമിത ജോലി ഭാരം ഒഴിവാകുകയും ചെയ്യും.സംസ്ഥാനത്തെ ദീർഘദൂര ബസുകളിലടക്കം 42 സർവീസുകളിലാണ് പുതിയ പരിഷ്‌ക്കാരം നടപ്പിലാക്കുക.ഈ റൂട്ടുകളിൽ വോൾവോ,സ്‌കാനിയ,സിൽവർ ജെറ്റ്,മിന്നൽ,ഡീലക്സ് എന്നീ സർവീസുകളിൽ ഇനി മുതൽ ഈ പരിഷ്‌ക്കാരം നിലവിൽ വരും.
ആറളം പന്നിമൂലയിൽ സിപിഎം ഓഫീസിനു നേരെ കരിഓയിൽ പ്രയോഗം
ഇരിട്ടി:ആറളം പന്നിമൂലയിൽ സിപിഎം ഓഫീസിനു നേരെ കരിഓയിൽ പ്രയോഗം.സിപിഎം പന്നിമൂല ബ്രാഞ്ച് കമ്മിറ്റി ഓഫീസായ അനന്തൻ സ്മാരക മന്ദിരത്തിനു നേരെയാണ് കരിഓയിൽ പ്രയോഗമുണ്ടായത്.ഒടാക്കലില്‍ സിപിഎം പ്രചാരണ ബോര്‍ഡുകളും കൊടിയും തോരണവും നശിപ്പിച്ചു.ചൊവ്വാഴ്ച പുലര്‍ച്ചെ ആറളം പഞ്ചായത്തിലെ ചെടിക്കുളം, കീഴ്പ്പള്ളി, വെളിമാനം തുടങ്ങിയ പ്രദേശങ്ങളിലെ ബിജെപി, ലീഗ്, കോണ്‍ഗ്രസ് എന്നിവരുടെ കൊടിയും കൊടിമരങ്ങളും നശിപ്പിച്ചിരുന്നു.ആറളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.നാട്ടിൽ ക്രമസമാധാനം നശിപ്പിക്കാൻ ശ്രമിക്കുന്ന ശക്തിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി ‘ചങ്ങാതി’ ഈ മാസം മുപ്പതിന് ഉൽഘാടനം ചെയ്യും
കണ്ണൂർ:പൊതുവിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സാക്ഷരതാ പദ്ധതി ‘ചങ്ങാതി’ ഈ മാസം മുപ്പതിന് ഉൽഘാടനം ചെയ്യും.വൈകുന്നേരം 2.30 ന് ചിറക്കൽ ഇന്ദുലേഖ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം നിർവഹിക്കും.ചടങ്ങിൽ മറുനാടൻ തൊഴിലാളികളെ എഴുത്തിനിരുത്തുകയും ചെയ്യും.ചിറയ്ക്കൽ പഞ്ചായത്തിനെയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.പിന്നീട് ജില്ലയിലെ മുഴുവൻ പ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ സർവ്വേ നടത്തും.ഇതിനായി വോളന്റിയർമാർക്കുള്ള പരിശീലനവും മുപ്പതാം തീയതി നൽകും.തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും ജോലിചെയ്യുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് സർവ്വേ നടത്തുക.ഓരോവാർഡിലും വാർഡ് അംഗം ചെയർമാനായ കമ്മിറ്റിയാണ് സർവ്വേ നടത്തുക.സർവ്വേ വിവരങ്ങൾ ശേഖരിച്ച ശേഷം നവംബർ ഒന്നിന് ക്ലാസുകൾ തുടങ്ങും.ആദ്യഘട്ടത്തിൽ ഇവരെ മലയാളം പഠിപ്പിക്കുന്നതിനോടൊപ്പം അവരുടെ ശുചിത്വം,ആരോഗ്യം തുടങ്ങിയ രംഗങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനുള്ള ക്യാമ്പുകളും സംഘടിപ്പിക്കും.
കൊല്ലത്ത് കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം:കൊല്ലം ഏരൂരിൽ നിന്നും ഇന്നലെ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി.ഏരൂർ സ്വദേശിനിയായ ശ്രീലക്ഷ്മിയുടെ മൃതദേഹമാണ് കുളത്തൂപുഴയിലെ റബ്ബർ എസ്റ്റേറ്റ് ഷെഡിൽ നിന്നും കണ്ടെത്തിയത്.സംഭവത്തിൽ കുട്ടിയുടെ ചിറ്റപ്പൻ രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് രാജേഷ് പോലീസിനോട് പറഞ്ഞു.ശ്രീലക്ഷ്മിയുടെ അമ്മയുടെ സഹോദരീഭർത്താവാണ് രാജേഷ്.രാജേഷിനൊപ്പം സ്കൂളിലേക്ക് പുറപ്പെട്ടതായിരുന്നു പെൺകുട്ടി.എന്നാൽ കുട്ടി സ്കൂളിൽ എത്താത്തതിനെ തുടർന്ന് അധികൃതർ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു.പിന്നീട് നടത്തിയ തിരച്ചിലിലാണ് റബ്ബർ എസ്റ്റേറ്റ് ഷെഡിൽ മരിച്ചനിലയിൽ കുട്ടിയെ കണ്ടെത്തിയത്.സ്കൂളിന് സമീപത്തുളള സിസിടിവിയിൽ നിന്നും കുട്ടി രാജേഷിനോടൊപ്പം നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ഒക്ടോബർ അഞ്ചു മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു.സ്വകാര്യ ബസ് വ്യവസായം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമതലപ്പെടുത്തിയതിനെ തുടർന്നാണ് ബസ് സമരം മാറ്റിവെച്ചത്.
കോഴിക്കോട് ആപ്പിൾ സ്മാർട്ട് ഐഫോൺ 6 എക്സ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്
കോഴിക്കോട്:കോഴിക്കോട് ആപ്പിൾ സ്മാർട്ട് ഐഫോൺ 6 എക്സ് പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്.നന്മണ്ട കുറൂളിപ്പറമ്പത്ത് ഇസ്മയിലിന്റെ മകൻ പി.കെ ജാഷിദിനാണ് പരിക്കേറ്റത്. ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സ്മാർട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.ഇന്നലെ രാവിലെ കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ജീൻസിന്റെ പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഫോൺ പൂർണ്ണമായും കത്തി നശിച്ചു.ജീൻസിന്റെ പോക്കറ്റും കത്തി.അപകടത്തിൽ പരിക്കേറ്റ ജാഷിദ് കോഴിക്കോട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.ആപ്പിൾ കമ്പനിക്കും പരാതി നൽകുമെന്ന് ജാഷിദ് പറഞ്ഞു.
ഓൺലൈൻ ടാക്സി ഡ്രൈവർ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
കൊച്ചി:കൊച്ചിയിൽ യുവതികളുടെ ആക്രമണത്തിന് ഇരയായ ഓൺലൈൻ ടാക്സി ഡ്രൈവർ ഷെഫീക്കിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഷഫീഖ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദേശം. ഹരജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. ഷെഫീക്കിനെതിരെ സ്ത്രീ പീഡന വകുപ്പ് ചുമത്തിയതിനെ കോടതി ശക്തമായി വിമർശിക്കുകയും ചെയ്തു.യുവതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. ഒരു യുവതി ഹണിട്രാപ്പ് കേസിൽ പ്രതിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തുടർന്നാണ് ഷെഫീക്കിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി വിലക്കിയത്. ഷെഫീക്കിന്റെ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും.ഈ മാസം 20നാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറായ ഷഫീഖിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചത്. അക്രമത്തില്‍ ഷഫീഖിന് ഗുരുതരമായി പരിക്കേറ്റിരുന്നു.എന്നാൽ നിസാര കുറ്റം ചുമത്തി യുവതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട പോലീസ് ഷെഫീഖിനെതിരെ കേസെടുക്കുകയായിരുന്നു.
കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ബാറ്ററി ചാർജറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തു
കോഴിക്കോട്:കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും ബാറ്ററി ചാർജറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി.ഒരുകോടിയിലേറെ രൂപ വിലമതിക്കുന്നതാണ് സ്വർണം.സംഭവത്തിൽ ഷാർജയിൽ നിന്നും കരിപ്പൂരിലെത്തിയ എയർ അറേബ്യാ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ തലശ്ശേരി പൊന്ന്യം വെസ്റ്റ് കണ്ണോത്ത് മുഹമ്മദ് നകാശിനെ(24) പോലീസ് അറസ്റ്റ് ചെയ്തു.പവർ സിസ്റ്റത്തിന്റെയും ബാറ്ററി ചാർജറിന്റെയും യഥാർത്ഥ പാനൽ മാറ്റിയ ശേഷം സ്വർണ്ണം കൊണ്ടുള്ള പാനൽ സ്ഥാപിച്ചാണ് സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.
ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും
ന്യൂഡൽഹി:ഭീകരരുടെ തടവില്‍നിന്ന് മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. രാവിലെ7.30ന് വത്തിക്കാനില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തിലാണ് ഉഴുന്നാലില്‍ എത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് ദില്ലിയില്‍ പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും. ബിഷപ് ഹൗസിലെത്തുന്ന ഉഴുന്നാലില്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ള വൈദികരുമായി കൂടിക്കാഴ്ച നടത്തും.വൈകിട്ട് സിബിസിഐ ആസ്ഥാനത്ത് മാധ്യമങ്ങളെ കാണും..29ന് ബംഗളൂരുവിലെ സെലേഷ്യന്‍ ആസ്ഥാനത്തേക്ക് പോകും. രണ്ടു ദിവസത്തിന് ശേഷം കേരളത്തിലേക്ക് തിരിക്കും.