കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ഹൈക്കോടതി ഈ മാസം 25 ലേക്ക് മാറ്റി.നാദിർഷായുടെ ആരോഗ്യസ്ഥിതി മോശമായതിനാൽ പല ചോദ്യങ്ങൾക്കും ഉത്തരം ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.പിന്നീട് കൂടുതൽ വാദത്തിനു പരിഗണിക്കാതെ കോടതി കേസ് 25 ലേക്ക് മാറ്റിവെച്ചു.നാദിര്ഷയെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങൾ മുദ്രവെച്ച കവറിൽ സമർപ്പിക്കാൻ കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകി.നാദിർഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടോ എന്നും കോടതിയെ അറിയിക്കണം. ദിലീപിനെതിരെ മൊഴി നൽകണമെന്ന് അന്വേഷണ സംഘം സമ്മർദം ചെലുത്തുന്നുവെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ചാണ് നാദിർഷ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.കാവ്യാമാധവന്റെ മുൻകൂർ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ദിലീപിന് ജാമ്യമില്ല
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.ഇത് രണ്ടാം തവണയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുന്നത്.ദിലീപിന് ജാമ്യമില്ല എന്ന ഒറ്റവരി മാത്രമാണ് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.കേസ് അന്വേഷണം അവസാന ഘട്ടത്തിലെത്തി സാഹചര്യത്തിൽ ദിലീപിന് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.മാത്രമല്ല കേസിൽ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടു.കേസിലെ സാക്ഷികളെല്ലാം സിനിമയിൽ നിന്നുള്ളവരാണ്.ദിലീപിന് ജാമ്യം നൽകിയാൽ ഇവരെ സ്വാധീനിക്കാൻ സാധിക്കുമെന്നും പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.ഈ വാദങ്ങളെല്ലാം പരിഗണിച്ച ശേഷം പോലീസ് സമർപ്പിച്ച കേസ് ഡയറിയും പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഈ മാസം 21 മുതൽ കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്
കണ്ണൂർ:ഈ മാസം 21 മുതൽ കണ്ണൂർ ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്.ജില്ലയിലെ ബസ് തൊഴിലാളികൾക്ക് ഡി.എ നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്.20 നകം ഡി.എ അനുവദിക്കാത്ത ബസുകളിലെ തൊഴിലാളികളാണ് സമരം നടത്തുക.സ്വകാര്യ ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്.
വളപട്ടണത്ത് റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
വളപട്ടണം: ദേശീയപാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ടോൾ ബൂത്തിനും വളപട്ടണം പാലത്തിനും ഇടയിൽ കോട്ടക്കുന്നിലാണ് കനത്ത മഴയിൽ തണൽമരം കടപുഴകി വീണത്. കണ്ണൂരിൽനിന്നുള്ള രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് രാത്രി പത്തുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തെ തുടർന്ന് വൈദ്യുതി ബന്ധവും തകരാറിലായി. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കണ്ണൂരിൽനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയതെരു, മയ്യിൽ വഴിയും തളിപ്പറമ്പ് ഭാഗത്തു നിന്നും കണ്ണൂരിലേക്കു വരുന്ന വാഹനങ്ങളെ ധർമശാല, പറശിനിക്കടവ്,കമ്പിൽ വഴിയും തിരിച്ചുവിടുകയായിരുന്നു.
മഴ തുടരുന്നു;കണ്ണൂരിൽ രണ്ടു മരണം
കണ്ണൂർ:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ഏതാനും ദിവസമായി തുടരുന്ന മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇതേ തുടർന്ന് ജില്ലാ കളക്റ്റർമാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.മലയോര പ്രദേശങ്ങൾ,നദികളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ,ഉരുൾ പൊട്ടൽ മേഖലയിൽ താമസിക്കുന്നവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മലയോര പ്രദേശങ്ങളിൽ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്.ഇതിനിടെ കനത്ത മഴയിൽ കണ്ണൂരിൽ രണ്ടുപേർ മരിച്ചു.മാട്ടൂൽ മടക്കരയിൽ മുഹമ്മദ് കുഞ്ഞി(58),അന്യസംസ്ഥാന തൊഴിലാളിയായ കർണാടക സ്വദേശി ക്രിസ്തുരാജ്(20) എന്നിവരാണ് മരിച്ചത്.തെങ്ങുവീണാണ് മുഹമ്മദ് കുഞ്ഞി മരിച്ചത്.ക്വാറിയിലെ വെള്ളക്കെട്ട് നീക്കുമ്പോൾ പാറ ദേഹത്ത് വീണാണ് ക്രിസ്തുരാജ് മരിച്ചത്.അഞ്ചു വർഷത്തിനിടെ കേരളത്തിൽ ഉണ്ടായ ഏറ്റവും ശക്തമായ മഴയാണ് ഈ സീസണിൽ ലഭിച്ചത്.കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അഴീക്കോട് എംഎൽഎ കെ.എം ഷാജിക്കെതിരെ കോഴ ആരോപണവുമായി ലീഗ് നേതാക്കൾ
കണ്ണൂർ:അഴീക്കോട് എംഎൽഎ കെ.എം ഷാജിക്കെതിരെ കോഴ ആരോപണവുമായി ലീഗ് നേതാക്കൾ രംഗത്ത്.കെ.എം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം. പൂതപ്പാറയിലെ മുസ്ലിം ലീഗ് നേതാക്കൾ എംഎൽഎക്കെതിരെ അഴീക്കോട് പഞ്ചായത്ത് ലീഗ് കമ്മിറ്റിക്ക് പരാതി നൽകി.അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിന് പ്ലസ് ടു അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.സ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കുന്നതിന് പൂതപ്പാറ ശാഖാ കമ്മിറ്റിയെ അഴീക്കോട് സ്കൂൾ കമ്മിറ്റി സമീപിച്ചിരുന്നു.തുടർന്ന് നടത്തിയ ചർച്ചയിൽ പ്ലസ് ടു അനുവദിച്ചാൽ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസിൽ കെട്ടിടം നിർമിക്കുന്നതിന് ഒരു തസ്തികയ്ക്ക് സമാനമായ തുക നൽകാമെന്ന് ഹൈസ്കൂൾ കമ്മിറ്റി ഉറപ്പ്നൽകി.2014 ഇൽ സ്കൂളിൽ പ്ലസ് ടു അനുവദിക്കുകയും തുടർന്ന് വാഗ്ദാനം ചെയ്ത തുക നല്കാൻ ഹൈ സ്കൂൾ മാനേജ്‌മന്റ് തീരുമാനിക്കുകയും ചെയ്തു.എന്നാൽ കെ.എം ഷാജി ഇടപെട്ട് തുക ഇപ്പോൾ നൽകേണ്ടതില്ലെന്നും തന്നോട് ചർച്ച ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്താൽ മതിയെന്നും നിർദേശിച്ചു.സ്കൂൾ മാനേജർ ഇപ്രകാരം അറിയിച്ചു എന്നാണ് ലീഗ് പഞ്ചായത്തു കമ്മിറ്റിയുടെ വെളിപ്പെടുത്തൽ.എന്നാൽ 2017 ജൂണിൽ സ്കൂൾ കമ്മിറ്റി ജനറൽ ബോഡിയിൽ സ്കൂൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചിലവാക്കിയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു.ഇതേകുറിച്ച് അന്വേഷിച്ചപ്പോൾ കെ.എം ഷാജി തുക കൈപ്പറ്റിയതായി ബോധ്യപ്പെട്ടുവെന്ന് പഞ്ചായത്ത് കമ്മിറ്റി വെളിപ്പെടുത്തി.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും.ജാമ്യാപേക്ഷയിൽ വാദം ശനിയാഴ്ച പൂർത്തിയായിരുന്നു.വിധി പറയാനായി കോടതി കേസ് ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.ഇതിനു മുൻപ് ദിലീപ് മൂന്നു തവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.ഒരു തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ടു തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.കോടതി ദിലീപിന്റെ റിമാൻഡ് കാലാവധി ഈ മാസം 28 വരെ നീട്ടിയിട്ടുണ്ട്.അതിനിടെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിൽ അറസ്റ്റ് സാധ്യത മുന്നിൽ കണ്ടാണ് കാവ്യാ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.ദിലീപിന്റെ സുഹൃത്തും നടനും സംവിധായകനുമായ നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
തിരുവനന്തപുരം:കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രെട്ടറി ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കി.പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിനൽകാൻ ദുരന്ത നിവാരണ സേന സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു.ഇതിനെ തുടർന്നാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്.സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.
നാദിർഷായുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
കൊച്ചി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷായുടെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി.പള്‍സര്‍ സുനിയെ അറിയില്ലെന്നും സുനിക്ക് താന്‍ പണം നല്‍കിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ആലുവ പോലീസ് ക്ലബ്ബിലാണ് നാദിര്ഷയെ ചോദ്യം ചെയ്തത്.ചോദ്യം ചെയ്യലിന് മുൻപായി വൈദ്യസംഘം നാദിര്ഷയെ പരിശോധിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്ന് ഉറപ്പു വരുത്താനാണ് പരിശോധനനടത്തിയത്.പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ല. വളരെ സൌമ്യമായിട്ടായിരുന്നു ഇന്ന് തന്നെ പൊലീസ് ചോദ്യം ചെയ്തത്. ദിലീപും താനും നിരപരാധിയാണെന്നും നാദിര്‍ഷ പ്രതികരിച്ചു. ആലുവ പൊലീസ് ക്ലബില്‍ നാലരമണിക്കൂറാണ് നാദിര്‍ഷയെ ചോദ്യം ചെയ്തത്.
കനത്ത മഴ;ഇടുക്കി,എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
എറണാകുളം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും വ്യാപക നാഷ്ടമുണ്ടാക്കി.മഴയെ തുടർന്ന് ഇടുക്കിജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അംഗനവാടികൾക്കും കലക്റ്റർ നാളെ അവധി പ്രഖ്യാപിച്ചു.എറണാകുളം ജില്ലയിൽ കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെയുള്ള സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴയിൽ എറണാകുളം ജനറൽ ആശുപത്രിക്ക് മുകളിലേക്ക് മരം വീണു.മരത്തിന്റെ ഒരറ്റം ആശുപത്രി കെട്ടിടത്തിന് മുകളിലേക്ക് പതിക്കുകയായിരുന്നു.രോഗികൾ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നുവെങ്കിലും ആളപായമില്ല. മധ്യകേരളത്തിൽ കോട്ടയത്തും ആലപ്പുഴയിലും കനത്ത മഴ തുടരുകയാണ്.കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.