കൊച്ചി:അണ്ടര്‍ 17 ഫുട്ബോൾ ലോകകപ്പ് ട്രോഫി കൊച്ചിയിൽ എത്തി. കലൂർ സ്റ്റേഡിയത്തിൽ സംസ്ഥാന കായിക മന്ത്രി എസി മൊയ്തീൻ ട്രോഫി ഏറ്റുവാങ്ങി.ജൂലൈ 17 നാണ് ദില്ലിയില്‍ നിന്ന് ട്രോഫി പര്യടനം ആരംഭിച്ചത്.വൻ സുരക്ഷസന്നാഹമാണ് ട്രോഫിയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.കലൂർ സ്റ്റേഡിയത്തിൽ രാവിലെ 11 മുതൽ വൈകീട്ട് മൂന്ന് മണി പൊതുജനങ്ങൾക്കായി ട്രോഫി പ്രദർശിപ്പിക്കും. കൊച്ചിയിലെ വിവിധ വേദികളിൽ ഞായറാഴ്ച വരെ ട്രോഫി പ്രദർശനമുണ്ടാകും. ശനിയാഴ്ച കൊച്ചി അംബേദ്ക്കർ സ്റ്റേഡിയത്തിൽ സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി ലോകകപ്പ് ട്രോഫി പ്രദർശിപ്പിക്കും. ലോകകപ്പിന് വേദിയാവുന്ന ആറ് നഗരങ്ങളിലാണ് പ്രദര്‍ശനം.കൊച്ചിയിലെ പര്യടനത്തിന് ശേഷം ട്രോഫി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. ഒക്ടോബർ ഏഴിനാണ് കൊച്ചിയിലെ ലോകകപ്പ് മത്സരം.
ബെംഗളൂരുവിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു
ബെംഗളൂരു:ബെംഗളൂരുവിൽ നിന്നും അജ്ഞാതർ തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി.ആദായ നികുതി ഉദ്യോഗസ്ഥൻ വി.നിരഞ്ജൻ കുമാറിന്റെ മകനും എൻജിനീയറിങ് വിദ്യാർത്ഥിയുമായ ശരത്(19) കൊല്ലപ്പെട്ടത്.സെപ്റ്റംബർ 12 നാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയത്.സെപ്റ്റംബർ 12 ന് തനിക്കു വാങ്ങിയ പുതിയ ബൈക്ക് കൂട്ടുകാരെ കാണിക്കാനായി പുറത്തേക്ക് പോയതായിരുന്നു ശരത്.രാത്രി എട്ടുമണിയായിട്ടും തിരിച്ചു വരാതായതോടെ അമ്മ ഫോണിൽ വിളിച്ചെങ്കിലും കോൾ എടുക്കുന്നുണ്ടായിരുന്നില്ല.തുടർന്ന് വാട്സ് ആപ്പിൽ ശരത്തിന്റെ ഒരു വീഡിയോ ലഭിക്കുകയായിരുന്നു.തന്നെ ചിലർ തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്നും 50 ലക്ഷം രൂപ നൽകിയാൽ മാത്രമേ അവർ വിടുകയുള്ളൂ എന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞത്.അതിനു ശേഷം ശരത്തിന്റെ ഫോൺ വീണ്ടും ഓഫായി.തീവ്രവാദികളെ പോലെയുള്ളവരാണ് തന്നെ തട്ടിക്കൊണ്ടു പോയിരിക്കുന്നതെന്നും തങ്ങളുടെ കുടുംബത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർക്ക് അറിയാം എന്നും തന്റെ സഹോദരിയെ തട്ടിക്കൊണ്ടുപോകാനും അവർ പദ്ധതിയിട്ടിരുന്നതായും ഇക്കാര്യം പോലീസിലറിയിക്കരുതെന്നും ശരത് മാതാപിതാക്കളെ അറിയിച്ചിരുന്നു.
മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയ ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു
കുറ്റിപ്പുറം:മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനൊരുങ്ങിയ ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു.മലപ്പുറം തിരൂരിനടുത്ത പുറത്തൂർ കാവിലക്കാട് ബാവക്കന്റെ പുരയ്‌ക്കൽ ഇർഷാദിനെ(27) പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ഇർഷാദിന്റെ ഭാര്യ ഹൈറുന്നിസയെ(30) പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാവിലെ കുറ്റിപ്പുറത്തെ ലോഡ്ജ് മുറിയിലാണ് സംഭവം.പത്തരയോടെയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്ത്.അരമണിക്കൂറിനു ശേഷം ഹൈറുന്നിസ ലോഡ്ജ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ട്രാവെൽസ് ഓഫീസിലെത്തി ഭർത്താവിന് പരിക്ക് പറ്റി എന്നും ഉടൻ ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു.ട്രാവൽസിലെ ജീവനക്കാർ വിളിച്ചു കൊടുത്ത ആംബുലൻസിൽ ഹൈറുന്നിസ ഇർഷാദിനെ വളാഞ്ചേരിയിൽ ആശുപത്രിയിലെത്തിച്ചു. ആശുപത്രി ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഹൈറുന്നിസയെ കസ്റ്റഡിയിലെടുത്തു.ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നാണ് ഇർഷാദ് പോലീസിനോട് പറഞ്ഞത്.എന്നാൽ താനാണ് മുറിച്ചതെന്നു ഹൈറുന്നിസ പൊലീസിന് മൊഴി നൽകി. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:നേരത്തെ വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ ഹൈറുന്നിസ വിവാഹമോചനത്തിന് ശേഷമാണ് ഇർഷാദിനെ രജിസ്റ്റർ വിവാഹം ചെയ്യുന്നത്.ഇർഷാദിന്റെ വീട്ടുകാരറിയാതെ പാലക്കാട് രജിസ്റ്റർ ഓഫീസിലായിരുന്നു വിവാഹം.വിദേശത്തു ജോലി ചെയ്യുന്ന ഇർഷാദിന്റെ വിവാഹം നടത്താൻ ഇതിനിടെ ഇർഷാദിന്റെ വീട്ടുകാർ തീരുമാനിച്ചു.ഇതിന് ഇർഷാദും സമ്മതം മൂളി.ഇതറിഞ്ഞ ഹൈറുന്നിസ ഇർഷാദിനൊപ്പം ലോഡ്‌ജുമുറിയിലെത്തി വിവാഹത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു. വഴങ്ങാതായപ്പോൾ ഇർഷാദിനെ ആക്രമിക്കുകയായിരുന്നു.പെരുമ്പാവൂരിൽ നിന്നും പേനാക്കത്തിയുമായിട്ടാണ് ഹൈറുന്നിസ കുറ്റിപ്പുറത്തെത്തിയത്.തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാതിരിക്കാനാണ് ഇത് ചെയ്തതെന്നാണ് ഹൈറുന്നിസ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
ജില്ലയിലെ സ്വകാര്യ ബസ്സ് തൊഴിലാളി സമരം പിൻവലിച്ചു
കണ്ണൂർ:ജില്ലയിലെ സ്വകാര്യ ബസ്സ് തൊഴിലാളി സമരം പിൻവലിച്ചു.തൊഴിലാളികൾക്ക് കുടിശ്ശികയായ രണ്ടു ഗഡു ക്ഷാമബത്ത ഒരു മാസത്തിനകം നൽകുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം പിൻവലിച്ചത്.പ്രതിദിനം 28.50 രൂപയാണ് തൊഴിലാളികൾക്ക് ക്ഷാമബത്ത ഇനത്തിൽ നൽകേണ്ടിയിരുന്നത്.ഇത് ലഭിക്കാത്ത നൂറോളം ബസുകളിലെ തൊഴിലാളികളാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ഇന്നലെ പണിമുടക്കിയത്.തുടർന്ന് ബസ് ഓപ്പറേറ്റർസ് കോ-ഓർഡിനേഷൻ കമ്മിറ്റി ഉടൻതന്നെ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി ക്ഷാമബത്ത കുടിശ്ശിക നൽകാത്ത ബസുടമകൾ ഒക്ടോബർ 21 നകം തുക നൽകുമെന്ന് ഉറപ്പു നൽകുകയായിരുന്നു.ഇതേ തുടർന്നാണ് സംയുക്ത സമരസമിതി സമരം നിർത്തുന്നതായി പ്രഖ്യാപിച്ചത്
ഡി സിനിമാസ് പുറമ്പോക്ക് കയ്യേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
തൃശൂർ:ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് എന്ന തീയേറ്റർ സമുച്ചയം നിർമിക്കുന്നതിനായി പുറമ്പോക്ക് കയ്യേറിയിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ട്.അനധികൃത നിർമാണം നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിക്കും.സമീപത്തുള്ള ക്ഷേത്രത്തിന്റെ ഒന്നര സെന്റ് ഭൂമിമാത്രമാണ് ഡി സിനിമാസിന്റെ ഭൂമിയോടൊപ്പമുള്ളത്.സർക്കാരിന്റെയോ പുറമ്പോക്കോ ആയ ഭൂമി ഡി സിനിമാസ്സിൽ ഇല്ലെന്ന് ജില്ലാ സർവ്വേ സൂപ്രണ്ട് കല്കട്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം;സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡൽഹി:കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധി ഇന്ന്.അടൂർ മൌന്റ്റ് സിയോൺ,തൊടുപുഴ അൽ അസ്ഹർ,വയനാട് ഡി എം എന്നീ കോളേജുകളിലെ പ്രവേശനം സംബന്ധിച്ചുള്ള വിധിയാണ് സുപ്രീം കോടതി ഇന്ന് പറയുക.പ്രവേശന നടപടികളിലെ വസ്തുതകൾ പരിശോധിച്ച് നിലവിൽ കേസ് പരിഗണിക്കുന്ന രണ്ടംഗ ബെഞ്ചിന് തീരുമാനം എടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ഓഗസ്റ്റ് 31 ന് ശേഷമുള്ള പ്രവേശനം അംഗീകരിക്കേണ്ടതില്ല എന്നാണ് ചീഫ് ജസ്റ്റിസ് ബെഞ്ച് എടുത്തിരിക്കുന്ന തീരുമാനം.എന്നാൽ വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് പ്രവേശനം അംഗീകരിക്കണം എന്ന നിലപാടാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വെയ്ക്കുന്നത്.
കോഴിക്കോട് വൻ സ്പിരിറ്റ് വേട്ട
കോഴിക്കോട്:കോഴിക്കോട് വൻ സ്പിരിറ്റ് വേട്ട.ഗുഡ്സ് വാഹനത്തിൽ കടത്തുകയായിരുന്ന 1400 ലിറ്റർ സ്പിരിറ്റാണ് പോലീസ് പിടികൂടിയത്.ചേവായൂർ സ്റ്റേഷനിലെ എസ്.ഐയും സംഘവും നടത്തിയ പട്രോളിംഗിനിടെ തേങ്ങാ കയറ്റി വന്ന ഗുഡ്സ് വാഹനം ശ്രദ്ധയിൽപെടുകയായിരുന്നു. വാഹന പരിശോധനയ്ക്കായി നിർത്തിയ ഡ്രൈവർ പോലീസുകാർക്കടുത്ത് വന്നു മടങ്ങിയ ശേഷം പെട്ടെന്ന് വണ്ടി ഓടിച്ചു മുന്നോട്ട് നീങ്ങി.ഇത് ശ്രദ്ധയിൽപെട്ട പോലീസ് വണ്ടിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ പൊളിച്ച തേങ്ങ ഉപയോഗിച്ച് മൂടിയ നിലയിൽ കന്നാസുകളിൽ സ്പിരിറ്റ് കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും കടത്തുകയായിരുന്നു സ്പിരിറ്റ്.ഡ്രൈവർ അജിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.ഇയാൾ ഏജന്റ് മാത്രമാണെന്നാണ് സൂചന.
ഷാർജയിൽ വാഹനാപകടത്തിൽ കാസർകോഡ് സ്വദേശി മരിച്ചു
കാഞ്ഞങ്ങാട്:ഷാർജയിൽ വാഹനാപകടത്തിൽ കാസർകോഡ് സ്വദേശി മരിച്ചു.കാഞ്ഞങ്ങാട് കടപ്പുറത്തെ ജലാൽ മൺസിലിലെ മുഹമ്മദ്-കുഞ്ഞാമിന ദമ്പതികളുടെ മകൻ ജാഫർ(28) ആണ് മരണപ്പെട്ടത്.ഷാർജ സജയിൽ സിഗ്നൽ ഇല്ലാത്ത ക്രോസിങ്ങിൽ വെച്ച് റോഡ് മുറിച്ച് കടക്കവേ പിക്കപ്പ് വാഹനം ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ജാഫറിനെ ഷാർജ അൽ കാസിമി ഹോസ്പിറ്റലിൽ എത്തിച്ചു.അബോധാവസ്ഥയിലായതിനെ തുടർന്ന് ഐ സി യു വിലേക്ക് മാറ്റിയ ജാഫർ വ്യാഴാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു.സജയിൽ പിതൃ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈപ്പർ മാർകെറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.വീട്ടിലേക്ക് പണമയച്ച് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
കമൽഹാസൻ,മഞ്ജു വാര്യർ,റിമ കല്ലിങ്കൽ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് പരാതി
കൊച്ചി:ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് കമൽഹാസൻ,മഞ്ജു വാര്യർ,റിമ കല്ലിങ്കൽ,ആസിഫ് അലി,ഷംസീർ എംഎൽഎ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് പരാതി.പി.സി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘടനയായ യുവജനപക്ഷമാണ് ഇത് സംബന്ധിച്ച് നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.നടിയുടെ പേര് വെളിപ്പെടുത്തിയതിന് അജു വര്ഗീസ്,പി.സി ജോർജ് എന്നിവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
പി.വി അൻവർ എം എൽ എയുടെ പാർക്കിന് അനുമതി നൽകാനാകില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി:നിലമ്പൂർ എം എൽ എ പി.വി അൻവറിന്റെ പാർക്കിന് അനുമതി നൽകാനാകില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.ചട്ട പ്രകാരമുള്ള സൗകര്യങ്ങൾ ഒന്നും തന്നെ പാർക്കിൽ ഇല്ലെന്നും അതിനാൽ അനുമതി നല്കാനാകില്ല എന്നും മലിനീകരണ നിയന്ത്രണ ബോർഡ് കോടതിൽ വ്യക്തമാക്കി.ചൊവ്വാഴ്ചയ്ക്കകം അപാകതകൾ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം പാർക്കിന്റെ അനുമതി റദ്ദാക്കുമെന്നും ബോർഡ് കോടതിയെ അറിയിച്ചു.ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ബോർഡ് പാർക്കിൽ പരിശോധന നടത്തിയതും റിപ്പോർട് നൽകിയതും.അനധികൃതമായാണ് പാർക്ക് നിർമ്മിച്ചിരിക്കുന്നതെന്ന ആരോപണം നിലനിൽക്കെ ഇതിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ റെവന്യൂ മന്ത്രി ജില്ലാ കളക്റ്ററോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ തടയണ നിർമിച്ച് സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയെന്ന ആരോപണത്തിൽ വനംവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.