ചണ്ഡീഗഡ്:ദേര സച്ചാ സൗദ തലവൻ ഗുർമീത് സിംഗിന്റെ ഹരിയാനയിലെ കുരുക്ഷേത്രയിലെ ആശ്രമത്തിൽ നിന്നും അനുയായികളെ ഒഴിപ്പിച്ച ശേഷം സൈന്യം നടത്തിയ പരിശോധനയിൽ നിരവധി മാരകായുധങ്ങൾ കണ്ടെടുത്തു.ഹരിയാനയിലെ ദേര സച്ച സൗദയുടെ ഒൻപതു ഓഫീസുകൾ പൂട്ടിച്ചതായി പോലീസ് അറിയിച്ചു.അശമത്തിനുള്ളിൽ നിരവധി ആളുകൾ തടിച്ചുകൂടി നിൽക്കുന്നതിനിടയിലും ഉള്ളിൽ പ്രവേശിച്ച സൈന്യം ഫ്ലാഗ് മാർച്ച് നടത്തുകയായിരുന്നു.
കൊല്ലം തീരത്ത് കപ്പൽ വള്ളത്തിലിടിച്ചു
കൊല്ലം:കൊല്ലം തീരത്ത് കപ്പൽ വള്ളത്തിലിടിച്ചു.വെള്ളത്തിലേക്ക് വീണ ആറ് മൽസ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന മറ്റു വള്ളത്തിലുണ്ടായിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തിയത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു അപകടം.അന്താരാഷ്ട്ര കപ്പൽ ചാലിൽ മത്സ്യബന്ധനത്തിന് പോയ കതാലിയാ എന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണ് സൂചന.വേളാങ്കണ്ണി എന്ന ചൂണ്ടവള്ളത്തിൽ ഇടിച്ച കപ്പൽ നിർത്താതെ പോവുകയായിരുന്നു.വള്ളം പൂർണ്ണമായും തകർന്നു.തീരത്തു നിന്ന് 35-40 നോട്ടിക്കൽ മൈൽ അകലെ കപ്പൽച്ചാലിലാണ് അപകടം ഉണ്ടായത്.
മന്ത്രി ശൈലജയ്ക്കെതിരേ പരാതിയുമായി സിപിഐ; കോടിയേരിക്ക് കത്ത് നൽകി
തിരുവനന്തപുരം:ബാലാവകാശ കമ്മീഷൻ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ മുന്നണിക്കുള്ളിലും പ്രതിഷേധം. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ സിപിഐ നിർദേശിച്ച രണ്ടു പേരെ അഭിമുഖത്തിന് ക്ഷണിക്കുകയോ പരിഗണിക്കുകയോ ചെയ്തില്ലെന്നാണ് സിപിഐയുടെ ആക്ഷേപം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സിപിഐ നേതൃത്വം കത്ത് നൽകി.മന്ത്രി തന്നിഷ്ടപ്രകാരമാണ് ആളുകളെ നിയമിച്ചത്. ഇനിയുള്ള നിയമനങ്ങളിലേക്ക് പാർട്ടി പ്രതിനിധികളെ നിയമിക്കണമെന്നും സിപിഐ കത്തിൽ ആവശ്യപ്പെടുന്നു.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിധി 29 ന്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ കോടതി ചൊവ്വാഴ്ച വിധി പറയും.കേസിന്റെ വാദം വ്യാഴാഴ്ച പൂർത്തിയായിരുന്നു.പ്രതി ഭാഗത്തിന്റെ പ്രധാന വാദങ്ങൾ കേരള പോലീസിനെ പഴിചാരുന്ന വിധത്തിലുള്ളതായിരുന്നു.പ്രോസിക്യൂഷൻ വാദത്തിൽ ദിലീപ് വലിയ കള്ളങ്ങൾ പറയുന്ന ആളാണെന്നാണ് ചൂണ്ടിക്കാട്ടിയത്.പ്രതിക്കെതിരായ കൂടുതൽ തെളിവുകൾ വിവരിക്കുന്ന രേഖകൾ മുദ്രവെച്ച കവറിൽ പ്രോസിക്യൂഷൻ കോടതിക്കു കൈമാറിയിട്ടുണ്ട്. നിർണായക വിവരങ്ങൾ അന്വേഷണം അവസാനിക്കുന്നതിനു മുൻപ് പുറത്തു വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.അതിനാൽ അന്വേഷണ ഗതി പോലീസിനും കോടതിക്കും മാത്രമേ അറിയാൻ കഴിയുകയുള്ളൂ.കേസിലെ മുഖ്യ പ്രതി പൾസർ സുനിയുമായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
മഴയില്ല;കൃത്രിമ മഴ പെയ്യിക്കാൻ കേരളം തയ്യാറെടുക്കുന്നു
തിരുവനന്തപുരം:മഴയിൽ കനത്ത കുറവ് വന്നതോടെ കൃത്രിമ മഴ പെയ്യിക്കാൻ കേരളം തയ്യാറടുക്കുന്നു.സെപ്റ്റംബർ അവസാനത്തോടെ പത്തനംതിട്ടയിലെ കക്കി ഡാമിന്റെ പരിസരത്ത് മഴപെയ്യിക്കാനാണ് ആലോചിക്കുന്നത്.ഇതിനു മുന്നോടിയായി ശാസ്ത്രജ്ഞർ വി.എസ്.എസ്.സിയുടെ റഡാറുകൾ ഉപയോഗിച്ച് മഴമേഘങ്ങളെ നിരീക്ഷിച്ചു വരികയാണ്. മഹാരാഷ്ട്ര,കർണാടക,ആന്ധ്രാ,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകം കൃത്രിമ മഴ പെയ്യിച്ചിട്ടുണ്ടെങ്കിലും കേരളം ഇതാദ്യമായാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിരുന്നത്.കക്കി ഡാമിന്റെ പരിസരത്തു പെയ്യാതെ നിൽക്കുന്ന മേഘങ്ങളിലേക്ക് സോഡിയം ക്ലോറൈഡോ പൊട്ടാസ്യം ക്ലോറൈഡോ ഉപയോഗിച്ചുള്ള പുകപടലങ്ങൾ കടത്തി വിടാനാണ് പദ്ധതി.ഇത് വിജയിച്ചില്ലെങ്കിൽ വിമാനം വഴിയുള്ള ക്ലൗഡ് സീഡിംഗ് നടത്തും.
താമരശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഇന്നോവ കാറിന് തീപിടിച്ചു
താമരശ്ശേരി:താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ഇന്നോവ കാറിന് തീപിടിച്ചു. കാര്‍ പൂർണമായും കത്തിനശിച്ചു. മുക്കം സ്വദേശികളായ എട്ട് പേരാണ് കാറിൽ ഉണ്ടായിരുന്നത്.അപകടം ശ്രദ്ധയിൽപെട്ടയുടൻ യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി.മുക്കത്ത് നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്ന് പുലർച്ചെ 3.30 മണിക്കായിരുന്നു അപകടം. സമീപത്ത് നിർത്തിയിട്ടിരുന്ന ലോറിയുടെ ഭാഗവും കത്തിനശിച്ചു. ബോണറ്റിനുള്ളിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടു യാത്രക്കാർ ഇറങ്ങി ഓടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ഗുർമീതിനെതിരെ വിധി പുറപ്പെടുവിച്ച ജഡ്ജിക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് കേന്ദ്രം
ന്യൂഡൽഹി:ബലാല്സംഗക്കേസിൽ ആൾദൈവം ഗുർമീത് റാം റഹിം സിംഗ് കുറ്റക്കാരനാണെന്നു വിധിച്ച സി.ബി.ഐ കോടതി ജഡ്ജിയുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ഹരിയാന സർക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടു.ഗുർമീത് കുറ്റക്കാരനാണെന്നു വിധി വന്നതിനെ തുടർന്ന് ഇയാളുടെ അനുയായികൾ പഞ്ചാബിലും ഹരിയാനയിലും അഴിച്ചു വിട്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഉത്തരവ്.ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ജഡ്ജ് ജഗദീപ് സിങ്ങിന് ഏറ്റവും ശക്തമായ സുരക്ഷ തന്നെ ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹരിയാന സർക്കാരിനോട് ആവശ്യപ്പെട്ടു.ജഡ്ജിയുടെ സുരക്ഷാ ചുമതല സിആർപിഎഫ്, സിഐഎസ്എഫ് പോലുള്ള കേന്ദ്ര ഏജൻസികളെ ഏല്പിക്കണമോ എന്ന കാര്യം രഹസ്യാന്വേഷണ വിവരങ്ങൾ അനുസരിച്ചായിരിക്കും തീരുമാനിക്കുക.
കെ.എസ്.ആർ.ടി.സി ബസ്സ് കടയിലേക്ക് പാഞ്ഞു കയറി 13 പേർക്ക് പരിക്ക്
കോട്ടയം:എം.സി റോഡിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചു കയറി പതിമൂന്നുപേർക്ക് പരിക്കേറ്റു.ഏഴുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമല്ല.തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ് സമീപത്തെ കെട്ടിടത്തിന്റെ തൂണിൽ ഇടിച്ചാണ് നിന്നത്.ബ്രേക്ക് ചെയ്തപ്പോൾ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു.പരിക്കേറ്റവരിൽ മൂന്നുപേർ സ്ത്രീകളാണ്.
ചാണോക്കുണ്ട് പാലത്തിൽ ബസും ലോറിയും കൂട്ടിയിടിച്ച് പാലം തകർന്നു
ജയിലിൽ റാം റഹിം സിങ്ങിന് പ്രത്യേക സെല്ലും സഹായിയും
ചണ്ഡീഗഡ്:ബലാൽസംഗ കേസിൽ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ദേര സച്ച സൗധ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് ജയിലിൽ പ്രത്യേക പരിഗണന.കഴിഞ്ഞ ദിവസം കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയ റാം റഹിം സിംഗിനെ റോഹ്തക് ജയിലിലേക്ക് മാറ്റുകയായിരുന്നു.ജയിലിൽ റഹിമിന് പ്രത്യേക സെല്ലാണ് നൽകിയിരിക്കുന്നത്.കൂടെ ഒരു സഹായിയെ കൂടി നിർത്തിയിരിക്കുകയാണെന്നാണ് ജയിലിനുള്ളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ.തിങ്കളാഴ്ചയാണ് റാം റഹിം സിങ്ങിനുള്ള ശിക്ഷ കോടതി വിധിക്കുക.റഹീമിനെ കോടതി കുറ്റക്കാരനാണെന്നു വിധിച്ചതിനെ തുടർന്ന് അനുയായികൾ വ്യാപക ആക്രമണം അഴിച്ചു വിട്ടിരുന്നു.തുടർന്ന് ഹെലികോപ്റ്ററിലാണ് ഇയാളെ റോഹ്ത്തക്കിൽ എത്തിച്ചത്.റോഹ്ത്തക്കിലെ പോലീസ് ഗസ്റ്റ് ഹൗസ് താൽക്കാലിക ജയിലാക്കി മാറ്റി ഇയാളെ അവിടെ താമസിപ്പിക്കുകയും സംഘർഷങ്ങൾക്ക് അയവു വന്ന ശേഷം വൈകിട്ടോടെ ജയിലിൽ എത്തിക്കുകയുമായിരുന്നു. തിങ്കളാഴ്ച വീഡിയോ കോൺഫെറൻസിങ്ങിലൂടെയായിരിക്കും കോടതി നടപടികൾ നടത്തുക. പഞ്ചാബ്,ഹരിയാന സംസ്ഥാനങ്ങളിലും ഡൽഹിയിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.