മുംബൈ:2016 നവംബർ 8 ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി അസാധുവാക്കിയ ആയിരം രൂപ നോട്ടുകൾ പുതിയ രൂപത്തിൽ തിരിച്ചു വരുന്നു.പുതിയ രൂപത്തിലുള്ള നോട്ടുകൾ ഈ വർഷം അവസാനത്തോടെ വിതരണം ചെയ്യാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായാണ് ദേശീയ മാധ്യമമായ ഡി എൻ എ റിപ്പോർട് ചെയ്യുന്നത്.പുതിയ നോട്ടിന്റെ രൂപകൽപ്പന സംബന്ധിച്ച പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നതായും ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങൾ നോട്ടിൽ ഉൾപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ആർ.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഡി എൻ എ റിപ്പോർട്ട് ചെയ്യുന്നു.ആർ ബി ഐക്ക് കീഴിലുള്ള മൈസൂരിലെയും പശ്ചിമ ബംഗാളിലെയും അച്ചടിശാലകളിലുമാണ് പുതിയ നോട്ടുകളുടെ അച്ചടി നടക്കുക എന്നാണ് പുറത്തുവരുന്ന വിവരം.പ്രധാനമന്ത്രിയുടെ ഓഫീസാണ് നോട്ട് അച്ചടിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്.
അടുത്തിലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 25 പേർക്കു പരുക്ക്
വടകരയിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു
വടകര:മുക്കാളിയിൽ പട്ട്യാട്ട് അണ്ടർബ്രിഡ്ജിനു സമീപം ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു.കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മൻസിലിൽ സറീന(39),മകൾ തസ്‌നി(18) എന്നിവരാണ് മരിച്ചത്.അണ്ടർബ്രിഡ്ജിൽ വെള്ളം കയറിയതിനാൽ മുകളിൽ റെയില്പാളത്തിലൂടെ നടന്ന ഇരുവരെയും ഹാപ്പ-തിരുനെൽവേലി എക്സ്പ്രസ് ഇടിക്കുകയായിരുന്നു.രാവിലെ പതിനൊന്നരയോടെ വീട്ടിൽ നിന്നും മുക്കാളിയിലേക്ക് പോകുമ്പോഴാണ് സംഭവം.പാളത്തിന് ഇരുവശത്തും കാടായതിനാൽ തീവണ്ടിയുടെ മുന്നിൽ നിന്നും ഇരുവർക്കും പെട്ടെന്ന് മാറിനിൽക്കാൻ സാധിക്കാഞ്ഞതാണ് അപകടത്തിന് കാരണം.
റോഡില്‍ കെട്ടിക്കിടന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തു
കർണാടക:നഗരത്തില്‍ കെട്ടി കിടന്ന രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച് 34 ആടുകള്‍ ചത്തു. കര്‍ണാടകയിലെ നൃപതുംഗ നഗരത്തില്‍ ഞായറാഴ്ച ആയിരുന്നു സംഭവം. പ്രദേശത്ത് കെട്ടിക്കിടന്ന മഴവെള്ളം ചെളിക്കുഴിയില്‍ നിന്ന് ആട്ടിന്‍കൂട്ടം കുടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.വെള്ളം കുടിച്ചതിനു പിന്നാലെ ആട്ടിന്‍ കൂട്ടം വിറയ്ക്കുകയും നിലത്തു വീഴുകയുമായിരുന്നു. മൃഗസംരക്ഷണ വിഭാഗം നടത്തിയ പരിശോധനയില്‍ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ നിന്ന് രാസ വിഷമാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ആട്ടിന്‍കൂട്ടത്തിന്റെ രക്തം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മൃഗ സംരക്ഷണ വിഭാഗ ഡെപ്യൂട്ടി ഡയറക്ടര്‍ നാംദേവ് റാത്തോഡ് അറിയിച്ചു.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;ഫീസ് 11 ലക്ഷം തന്നെ എന്ന് സുപ്രീം കോടതി
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കല്‍ വിഷയത്തിൽ സര്‍ക്കാരിന് തിരിച്ചടി. എല്ലാ സ്വാശ്രയ മെഡിക്കൽ കോളജുകള്‍ക്കും 11 ലക്ഷം ഫീസ് വാങ്ങാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി ഈടാക്കാമെന്നും കോടതി അറിയിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. അതേസമയം, അഡ്മിഷൻ പൂർത്തായാകാൻ മൂന്ന് ദിവസം മാത്രമേ ബാക്കി ഉള്ളൂ എന്നതിനാൽ, ബാങ്ക് ഗ്യാരണ്ടി നല്‍കാന്‍ 15 ദിവസത്തെ സമയം കോടതി അനുവദിച്ചു.ഇടക്കാല ഉത്തരവിലാണ് സുപ്രീം കോടതി ഇതു സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയത്. സർക്കാരുമായി ഇതിനോടകം കരാർ ഒപ്പിട്ടവർക്കും ഇത് ബാധകമാണ്. അഞ്ച് ലക്ഷത്തിനു മുകളിലുള്ള തുകയ്ക്ക് ബോണ്ട് നൽകിയാൽ മതിയെന്നായിരുന്നു ഹൈക്കോടതി വിധി. ഇത് തള്ളിക്കൊണ്ടാണ് ആറു ലക്ഷം ബാങ്ക് ഗ്യാരണ്ടി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചത്. സംസ്ഥാനത്ത് രണ്ട് കോളജുകൾക്ക് മാത്രമായിരുന്നു നേരത്തെ 11 ലക്ഷം ഫീസ് നിശ്ചയിച്ചിരുന്നത്.കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ മുഴുവൻ വാദങ്ങളും കോടതി തള്ളുകയായിരുന്നു. അലോട്ട്മെന്‍റ് പൂർത്തിയായെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.
ഗുർമീത് റാം റഹിം സിങ്ങിന് പത്തുവർഷം തടവ്
ചണ്ഡീഗഡ്:ഒന്നര പതിറ്റാണ്ട് പഴക്കമുള്ള മാനഭംഗക്കേസിൽ വിവാദ ആൾദൈവവും ദേര സച്ച സൗധ നേതാവുമായ റാം റഹിം സിങ്ങിന് കോടതി പത്തു വർഷം തടവ് ശിക്ഷ വിധിച്ചു. മാപ്പർഹിക്കാത്ത തെറ്റാണ് ഗുർമീത് ചെയ്തതെന്നും ഇയാൾക്ക് ജീവപര്യന്തം നൽകണമെന്നും സിബിഎ കോടതിയിൽ വാദിച്ചു. അതേസമയം, ഗുർമീതിന്‍റെ പ്രായം കൂടി കണക്കിലെടുക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. 15 വർഷം മുൻപാണ് ഈ ആരോപണം വന്നതെന്നതിനാൽ അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ പ്രായം കണക്കിലെടുത്തു മാത്രമേ വിധി പ്രസ്താവിക്കാവൂ എന്നും ഗുർമീത് നിരവധിപ്പേർക്ക് സഹായങ്ങൾ ചെയ്ത വ്യക്തിയാണെന്നും ഇതൊക്കെ കണക്കിലെടുക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.എന്നാൽ പ്രതിഭാഗത്തിന്‍റെ വാദങ്ങൾ എല്ലാം തള്ളിയ കോടതി 10 വർഷത്തെ കഠിന തടവ് വിധിക്കുകയായിരുന്നു. വാദം പുരോഗമിക്കുന്നതിനിടെ ജഡ്ജിക്കു മുന്നിൽ ഗുർമീത് പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പപേക്ഷിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തെ, വിധി പ്രസ്താവിക്കുന്നതിന് ജഡ്ജി ജഗ്ദീപ് സിംഗ് ഹെലികോപ്ടർ മാർഗമാണ് റോഹ്തക്കിലെത്തിയത്.
ഗുർമീത് സിംഗിന്റെ ശിക്ഷ അല്പസമയത്തിനകം പ്രഖ്യാപിക്കും,കോടതിയിൽ പൊട്ടിക്കരഞ്ഞും മാപ്പപേക്ഷിച്ചും ആൾദൈവം
ചണ്ഡീഗഢ്:ബലാൽസംഗ കേസിൽ അറസ്റ്റിലായ ഗുർമീത് സിംഗിന്റെ വിധി അൽപ സമയത്തിനകം പ്രഖ്യാപിക്കും.ഇതിനിടെ കോടതിയിൽ വാദത്തിനിടെ ഗുർമീത് സിംഗ് മാപ്പപേക്ഷിക്കുകയും പൊട്ടിക്കരയുകയും ചെയ്തു.കനത്ത സുരക്ഷയിൽ സൈന്യത്തിന്റെയും പോലീസിന്റെയും സുരക്ഷാ വലയത്തിൽ റോഹ്ത്തക്കിലെ സുനാരിയ ജയിലിനകത്ത് തീർത്ത താൽക്കാലിക കോടതിയിലാണ് വാദം നടക്കുന്നത്.ഗുർമീതിന് പരമാവധി ശിക്ഷ നൽകണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ ഗുർമീത് സാമൂഹ്യപ്രവർത്തകനാണെന്നും ശിക്ഷയിൽ ഇളവ് നല്കണമെന്നുമായിരുന്നു ഗുർമീതിന്റെ അഭിഭാഷകന്റെ വാദം.
ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി;ഡ്രൈവർ മരിച്ചു
തലശ്ശേരി:നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർ മരിച്ചു.തൊട്ടിൽപ്പാലം മുണ്ടക്കുറ്റി ദാമോദരന്റെ മകൻ രഞ്ജിത്ത്(25) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴു മണിക്ക് തൊട്ടില്പാലത്തുനിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സന്നിധാനം ബസ് തൂണേരി ടൗണിൽ നിയന്ത്രണം വിട്ട് തൊട്ടടുത്ത ഓട്ടോ സ്റ്റാന്റിനടുത്തുള്ള സിമന്റ് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.യാത്രക്കാർക്ക് നിസാര പരിക്കേറ്റു.തൂണേരി മസ്ജിദിനടുത്ത് വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ ഹോട്ടലിന്റെ മുൻവശവും തകർത്താണ് ഓട്ടോ സ്റ്റാന്റിനടുത്തുള്ള സിമെന്റ് കടയിലേക്ക് പാഞ്ഞു കയറിയത്.ഓട്ടോ സ്റ്റാൻഡിൽ രണ്ട് ഓട്ടോറിക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വൻ അപകടം ഒഴിവായി.ബസിനു അമിത വേഗത ഇല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.സമീപത്തെ ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം ഓടിയെത്തി പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്.ചൊക്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. .
മാങ്ങാനം കൊലപാതകം;മൃതദേഹം തിരിച്ചറിഞ്ഞു
കോട്ടയം:കോട്ടയം മാങ്ങാനത്ത് മൃതദേഹം വെട്ടി നുറുക്കി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു.പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കുപ്രസിദ്ധ ഗുണ്ട വിനോദും ഭാര്യയുമാണ് പോലീസ് പിടിയിലായത്.ഈ മാസം 23 ന് രാത്രിയാണ് കൊലപാതകം നടന്നതെന്നും പോലീസ് അറിയിച്ചു.കൂടുതൽ അന്വേഷണം നടക്കുകയാണ്.
ബീവറേജസ് കോർപറേഷനിലെ ഡെപ്പ്യൂട്ടേഷൻകാർക്ക് ഇനിമുതൽ ബോണസ് ഇല്ല
തിരുവനന്തപുരം:ബീവറേജസ് കോർപറേഷനിലെ ഡെപ്പ്യൂട്ടേഷൻകാർക്ക് അടുത്ത വർഷം മുതൽ ബോണസ് ഇല്ല.ഉയർന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലധികം പേർ ബെവ്കോയിൽ ഡെപ്യൂട്ടേഷന്റെ പേരിൽ കയറിക്കൂടാൻ ശ്രമിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് നിർദേശം നൽകി. ഓണത്തിനോടനുബന്ധിച്ച് ബെവ്കോയിൽ ഓണം സ്പെഷ്യൽ ഡെപ്യൂട്ടേഷൻ ഇല്ല എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു.ഇതിനു പുറമെയാണ് ബോണസിലും തീരുമാനമായത്.ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പരമാവധി ആളുകളെ തിരുകി കയറ്റുകയാണ് ഡെപ്യൂട്ടേഷൻ ലക്ഷ്യമിട്ടിരുന്നത്. 150 പേരുടെ പട്ടികയാണ് അനുമതിക്കായി കോർപറേഷൻ സർക്കാരിലേക്ക് അയച്ചിരുന്നത്. കെസ്ആർടിസി, കെൽട്രോൺ,സി ആപ്റ്റ്,യുണൈറ്റഡ് ഇലെക്ട്രിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് എല്ലാം.