തിരുവനന്തപുരം:കെ.എസ്.ആർ.ടി.സിയിൽ പണിമുടക്കിയ ജീവനക്കാരെ സ്ഥലം മാറ്റി.137 ജീവനക്കാരെയാണ് ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയത്.ബുധനാഴ്ച നടത്തിയ പണിമുടക്കിൽ സർവീസ് മുടങ്ങിയ ഡിപ്പോയിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.അതേസമയം സ്ഥലം മാറ്റം മാനേജ്മെന്റിന്റെ പ്രതികാര നടപടിയാണെന്ന് എ.ഐ.ടി.യു.സി ആരോപിച്ചു.പണിമുടക്കിന് മുൻകൂർ നോട്ടീസ് നൽകിയിരുന്നതായും എ.ഐ.ടി.യു.സി നേതൃത്വം വ്യക്തമാക്കി.എറണാകുളം,കരുനാഗപ്പള്ളി,കൊട്ടാരക്കര എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്.
പ്രവാസി വോട്ടിന് അംഗീകാരം
ന്യൂഡൽഹി:വിദേശ ഇന്ത്യക്കാർക്ക് വോട്ടവകാശത്തിന് കേന്ദ്ര അനുമതി.ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാർക്ക് തങ്ങളുടെ മണ്ഡലങ്ങളിൽ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ട് രേഖപ്പെടുത്താൻ അവസരമുണ്ടാകും.വിദേശത്തു കഴിയുന്ന ഇന്ത്യക്കാർ തിരഞ്ഞെടുപ്പുകളിൽ വോട്ട് രേഖപ്പെടുത്താൻ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിലവിലുള്ള നിയമം.ഇതിനു പകരം അവർ താമസിക്കുന്ന രാജ്യത്തു വോട്ടിങ്ങിനു അവസരമൊരുക്കുകയോ പകരക്കാർക്കു സ്വന്തം മണ്ഡലങ്ങളിൽ അവസരം നൽകുകയോ ചെയ്യണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് സർക്കാരിന് മുന്നിലുള്ളത്.പ്രവാസികൾക്ക് പ്രോക്സി വോട്ടിങ്ങിനുള്ള നിർദേശമാണ് മന്ത്രിസഭാ കഴിഞ്ഞ ദിവസം അംഗീകരിച്ചത്.പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്.എന്നാൽ പകരം നിയോഗിക്കുന്ന പ്രതിനിധിയും അതെ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേരുള്ള വ്യക്തിയായിരിക്കണം. വോട്ട് ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധി ആരെന്നു വ്യക്തമാക്കിക്കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറു മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം.ഒരുതവണ നിയോഗിക്കുന്ന പ്രതിനിധിക്ക് അതെ പ്രവാസിക്കു വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.
എം.വിൻസെന്റ് എം.എൽ.എയെ മദ്യശാല വിരുദ്ധ സമരത്തിന്റെ പേരിലും റിമാൻഡ് ചെയ്തു
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന എം.വിൻസെന്റ് എം.എൽ.എയെ മദ്യശാല വിരുദ്ധ സമരത്തിന്റെ പേരിലും റിമാൻഡ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരത്തെ മദ്യശാല പനയത്തേരിയിലേക്ക് മാറ്റുന്നതിനെതിരെ നടന്ന ജനകീയ സമരം സംഘർഷത്തിൽ കലാശിച്ചതിനാണ് കേസ്. പതിനാല് ദിവസത്തേക്കാണ് നെയ്യാറ്റിന്കര മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. മൂന്നര മാസം മുൻപ് നടന്ന സംഘർഷത്തിൽ , വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാന്ഡഡിലായതിന് പിന്നാലെയാണ് കേസെടുത്തിരുന്നത്. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ എം.വിൻസെന്റ് എം.എൽ.എയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വിധി പറയാനായി ഏഴാം തീയതിലേക്ക് മാറ്റി. കേസിൽ വാദം പൂർത്തിയായി.
വിനീതിന് സര്‍ക്കാര്‍ ജോലി; ചിത്രയ്ക്ക് ധനസഹായം
തിരുവനന്തപുരം:ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് ജോലി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി നിയമിക്കാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഹാജര്‍ കുറവായതിന്റെ പേരില്‍ ഏജീസ് ഓഫീസില്‍ നിന്ന് വിനീതിനെ പിരിച്ചുവിട്ട സാഹചര്യത്തിലാണ് പുതിയ ജോലി നല്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ത്യന്‍ താരം കൂടിയായ വിനീത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സിനുവേണ്ടിയാണ് ബൂട്ടണിയുന്നത്. അത്ലറ്റ് പിയു ചിത്രയ്ക്ക് പരിശീലനത്തിന് ധനസഹായം നല്‍കാനും മന്ത്രി സഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 25,000 രൂപയാണ് മാസം തോറും ചിത്രയ്ക്ക് പരിശീലനച്ചെലവിലേക്ക് നല്കുക.ഇതില്‍ 10,000 രൂപ പ്രതിമാസ അലവന്‍സായും ദിവസം 500 രൂപ നീതം ഫുഡ് അലവന്‍സായുമാണ് നല്കുക.തനിക്കൊരു ജോലി വേണമെന്ന പി.യു.ചിത്രയുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനം.
ദിലീപിന്റെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു
ആലുവ:നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപിന്റെ ബന്ധുക്കളില്‍ നിന്ന് പോലീസ് മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ച് വരുത്തിയായിരുന്നു മൊഴിയെടുക്കല്‍. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സൂരജ് ഉള്‍പ്പെടെ മൂന്ന് പേരെയാണ് ആലുവ പോലീസ് ക്ലബില്‍ വിളിച്ച് വരുത്തി മൊഴിയെടുത്തത്. ദിലീപിന്റെ പേരിലുള്ള കെ.എല്‍.ബി.എഫ് 2007 കാറിലാണ് ഇവരെത്തിയത്. സിനിമയുമായി ബന്ധമുള്ളയാളാണ് സൂരജ്. ഈ വര്‍ഷം പുറത്തിറങ്ങിയ ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ സഹ നിര്‍മാതാവുമായിരുന്നു.
മഅ്ദനി കേരളത്തിലെത്തിയാല്‍ സുരക്ഷ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം:അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ യാത്രാ അനിശ്ചിതത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. മഅ്ദനിയുടെ കേരളത്തിലെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കര്‍ണാടക സര്‍ക്കാരിന് കത്തയക്കും. ഇടപെടല്‍ ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടതിനെ തുടര്‍ന്നാണ് നടപടി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. വിഷയം സുപ്രിം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനം. കേരളത്തിലെത്താനായി മഅ്ദനിക്ക് കര്‍ണാക പൊലീസ് ആവശ്യപ്പെട്ട ഉയര്‍ന്ന സുരക്ഷാ ചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയുമായി ഫോണില്‍ സംസാരിച്ചു. മഅദനിക്ക് കേരളത്തിലെത്താന്‍ സഹായകരമായ ഇടപെടല്‍ നടത്തണമെന്ന് രമേശ് ചെന്നിത്തല സിദ്ധാരാമയ്യയോട് ആവശ്യപ്പെട്ടു.അതേ സമയം പിഡിപി നേതാക്കള്‍ ആവശ്യപ്പെട്ടാല്‍ ഇടപെടാമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ പ്രതികരണം.
റിസേർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു
ന്യൂഡൽഹി:പലിശ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തി ആർ.ബി.ഐ പുതിയ വായ്‌പ്പാ നയം പ്രഖ്യാപിച്ചു.റിപ്പോ നിരക്കിൽ 0.25 കുറവാണു ആർ.ബി.ഐ വരുത്തിയത്.6.25 ശതമാനത്തിൽ നിന്നും 6 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്.റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്നും 5.75 ശതമാനമായും കുറച്ചു.ഇതോടെ റിപ്പോ നിരക്ക് ഏഴുവർഷത്തെ ഏറ്റവും താണ നിരക്കിലെത്തി.വാണിജ്യ ബാങ്കുകൾക്ക് റിസേർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പ്പയുടെ പലിശയാണ് റിപ്പോ.ബാങ്കുകൾ ആർ.ബി.ഐയിൽ സൂക്ഷിക്കുന്ന പണത്തിനുള്ള പലിശയാണ് റിവേഴ്‌സ് റിപ്പോ. റിപ്പോ നിരക്കിൽ കുറവ് വരുത്തിയതോടെ വാഹന-ഭവന വായ്‌പ്പാ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനുള്ള സാഹചര്യമൊരുക്കി.
ഈ മാസം 18 ന് സ്വകാര്യ ബസ് പണിമുടക്ക്
കോട്ടയം:ഈ മാസം 18 ന് സ്വകാര്യ ബസ് പണിമുടക്ക്.നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഇത് സൂചന പണിമുടക്ക് മാത്രമാണെന്നും ബസ്സുടമകൾ അറിയിച്ചു.ഈ വർഷം ജനുവരിയിൽ ഗതാഗത മന്ത്രിയുമായി ബസ് ഉടമകൾ ചർച്ച നടത്തിയിരുന്നു.ഇതിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ അറിയിച്ചു.ബസ് വ്യവസായവുമായി ബന്ധപ്പെട്ട് അമിതമായ ചിലവാണ് ഉള്ളതെന്നും മുന്നോട്ട് പോകാനാകാത്ത സാഹചര്യമുണ്ടെന്നും ബസ് ഓപ്പറേറ്റർസ് ഫെഡറേഷൻ പ്രതിനിധികൾ അറിയിച്ചു.
പാലക്കാടു നിന്നും 75 ലക്ഷത്തിന്റെ കള്ളപ്പണം പിടികൂടി
പാലക്കാട്:മണ്ണാർക്കാട്ട് നിന്നും 75 ലക്ഷം രൂപയുടെ കള്ളപ്പണവുമായി മൂന്നുപേരെ അധികൃതർ പിടികൂടി.കാരിങ്കല്ലത്താണി സ്വദേശി നൗഷാദ് ബാബു,കൊടക്കാട് സ്വദേശി കുഞ്ഞാണി,ഉണ്ണിയാൾ സ്വദേശി മുഹമ്മദ് ഫവാസ് എന്നിവരാണ് പിടിയിലായത്.