തിരുവനന്തപുരം:കോളറ പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശം. കോളറ റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളില്‍ പടര്‍ന്ന് പിടിക്കാന്‍ ഇടയുണ്ടെന്നാണ് മുന്നറിയിപ്പ്. എല്ലാ ഡി എം ഒ മാര്‍ക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ അയച്ചു. മലപ്പുറത്തും പത്തനതിട്ടക്കും പിന്നാലെ കോഴിക്കോടും കോളറ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പല ജില്ലകളിലും കോളറ ലക്ഷണങ്ങളോടെ പലരും ചികിത്സ തേടിയെത്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ എല്ലാ ഡിഎംഒ മാരോടും ജാഗ്രതപാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് നിര്‍ദ്ദേശം നല്കിയിട്ടുള്ളത്.വയറിളക്ക രോഗവുമായെത്തുന്നവരെ പ്രത്യേകം നിരീക്ഷികണമെന്നും നിര്‍ദ്ദേശമുണ്ട്. കോഴിക്കോട് ഇന്ന് വരെ ആറ് പേര്‍ കോളറ ലക്ഷണങ്ങളോടെ ചികിത്സ തേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരിലാണ് കോളറ ബാധ സംശയിക്കുന്നത്. മാവൂര്‍ ചെറൂപ്പയിലുളള തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ രക്തസാന്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന ഇടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. ഇവരുപയോഗിക്കുന്ന വെള്ളവും പരിശോധനക്കയച്ചിട്ടുണ്ട്.
വയനാട് ചുരത്തിൽ കാർ മറിഞ്ഞു;യാത്രക്കാരെ കാണാനില്ല
വയനാട്:വയനാട് ചുരത്തിൽ കാർ മറിഞ്ഞു.ഇന്ന് ഉച്ചയ്ക്ക് 11.15 ഓടെ വയനാട് ചുരത്തിലെ ഏഴാം വളവിലാണ് കാർ മറിഞ്ഞത്.എന്നാൽ കാർ മറിഞ്ഞതിനു പിന്നാലെ ഇവിടെയെത്തിയ ആരും ഇതിൽ യാത്രക്കാരെ കണ്ടില്ല.പോലീസും ചുരം സംരക്ഷണ സമിതിയും ചേർന്ന് മറിഞ്ഞ കാർ ഉയർത്തി.സ്ഥലത്തു പരിശോധന തുടരുകയാണ്.അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തടസ്സവും ഉണ്ടായി.
ഡി സിനിമാസ് അടച്ചുപൂട്ടാൻ തീരുമാനം
തൃശൂർ:നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടാൻ നഗരസഭാ തീരുമാനം.ചാലക്കുടി നഗരസഭയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം.ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് തീരുമാനമെടുത്തത്.വിജിലൻസ് അന്വേഷണം തീരുന്നതു വരെ തീയേറ്റർ അടച്ചിടും.തീയേറ്ററിന്റെ ലൈസൻസും കൈവശാവകാശ സർട്ടിഫിക്കറ്റും റദ്ദാക്കി. ഡി സിനിമാസിനു നിർമാണ അനുമതി നൽകിയ കാര്യം ചർച്ച ചെയ്യാനായി ചേർന്ന പ്രത്യേക മുനിസിപ്പാലിറ്റി യോഗത്തിലാണ് അടച്ചുപൂട്ടൽ തീരുമാനമുണ്ടായത്.നിർമാണ അനുമതി തേടി സമർപ്പിച്ച മൂന്നോളം പ്രധാന രേഖകൾ വ്യാജമാണെന്ന് ആരോപണമുയർന്നിരുന്നു.സർക്കാർ ഭൂമി കയ്യേറിയാണ് തീയേറ്റർ നിർമ്മിച്ചത് എന്നും ആരോപണമുയർന്നിരുന്നു.എന്നാൽ ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്നു സർവ്വേ വിഭാഗം അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഉഷ സ്കൂൾ സ്റ്റേഡിയം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
കോഴിക്കോട്:ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് വേണ്ടി കിനാലൂരിൽ 8.5 കോടി ചിലവിൽ സ്ഥാപിച്ച 400 മീറ്റർ സിന്തറ്റിക് ട്രാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോൺഫെറെൻസിങ് വഴി രാജ്യത്തിന് സമർപ്പിച്ചു.ഒളിംപ്യൻ പി.ടി ഉഷ ഇന്ത്യയുടെ അഭിമാനമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന് കേന്ദ്ര സർക്കാരിന്റെ എല്ലാ പിന്തുണയും സാധ്യമായ സഹായങ്ങളും വാഗ്ദാനം ചെയ്തു.
നടിയെ അക്രമിച്ച കേസ്; നാദിർഷയെ വീണ്ടും ചോദ്യം ചെയ്തേക്കും
കൊച്ചി: നടിയെ അക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് സൂചന. ദിലീപിന്‍റെ മാനേജരായ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ദിലീപിനൊപ്പം നാദിര്‍ഷായെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു ദിലീപിന്‍റെ അറസ്റ്റ്. അതേസമയം, റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്‍റെ ബന്ധുക്കളെ കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്‌തിരുന്നു.ദിലീപിെൻറ സഹോദരീഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.ദിലീപിെൻറ മുൻ ഭാര്യ മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യരുടെ മൊഴിയും അന്വേഷണസംഘം എടുത്തു. മൊഴി രേഖപ്പെടുത്തി വിട്ടയച്ച എല്ലാവരും ഇപ്പോഴും പൊലീസിെൻറ നിരീക്ഷണത്തിലാണ്.
ദിലീപിന്‍റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളതെന്ന് നടന്‍ അബി
കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ തന്‍റെ മൊഴിയെടുത്തിട്ടില്ലെന്ന് നടന്‍ അബി. ദിലീപിന്‍റെ ആദ്യ വിവാഹത്തെക്കുറിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളത്. കേസുമായി ബന്ധപ്പെട്ടോ അല്ലാതെയോ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും അബി പൊലീസിനോട് പറഞ്ഞു. മഞ്ജുവാര്യരെ വിവാഹം ചെയ്യുന്നതിന് മുമ്പ് ദിലീപ് തന്‍റെ അമ്മാവന്‍റെ മകളെ വിവാഹം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ദിലീപിന്‍റെ ആദ്യകാല സുഹൃത്തുക്കളിലൊരാളെന്ന നിലയില്‍ തന്നെ ചോദ്യം ചെയ്തെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരമൊരു വിവാഹത്തില്‍ താന്‍ പങ്കെടുത്തിട്ടില്ലെന്നും അബി വ്യക്തമാക്കി.ആദ്യ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കേവലം കേട്ടുകേള്‍വി മാത്രമാണെന്നും അന്നും ഇന്നും ദിലീപിന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും നടന്‍ വിശദമാക്കി.
വ്യാജരേഖ ചമച്ചു സ്വത്ത് തട്ടിയെടുക്കൽ: ഭാര്യയെന്ന് അവകാശപ്പെട്ട ജാനകി അറസ്റ്റിൽ
പയ്യന്നൂർ: സഹകരണ റിട്ട. റജിസ്ട്രാർ പി.ബാലകൃഷ്ണന്റെ ദുരൂഹ മരണവും വ്യാജരേഖ ചമച്ചു സ്വത്തു തട്ടിയെടുത്തതും സംബന്ധിച്ച കേസിൽ ഭാര്യയെന്ന് അവകാശപ്പെട്ട കോറോത്തെ കെ.വി.ജാനകി(72)യെ പൊലീസ് അറസ്റ്റ് ചെയ്തു. ജാനകിക്ക് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ജാമ്യം അനുവദിച്ചു.ജാനകിയെ ബാലകൃഷ്ണൻ വിവാഹം ചെയ്തതായി വ്യാജരേഖയുണ്ടാക്കി സ്വത്തു തട്ടിയെടുത്തുവെന്നതാണു കേസ്. നേരത്തേ രണ്ടു വിവാഹം കഴിച്ചിരുന്ന ജാനകി ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നു രേഖകളുടെയും ബന്ധപ്പെട്ടവരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റെന്നു പൊലീസ് വ്യക്തമാക്കി.ജാനകിയുടെ സഹോദരിയും അഭിഭാഷകയുമായ കെ.വി.ശൈലജ, ഭർത്താവ് പി.കൃഷ്ണകുമാർ, അന്നത്തെ പയ്യന്നൂർ വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവരും കേസിൽ പ്രതികളാണ്.ജാനകിയുടെ പേരിൽ വില്ലേജ് ഓഫിസിലും നഗരസഭയിലും നൽകിയ അപേക്ഷകളും തിരുവനന്തപുരം മുൻസിഫ് കോടതിയിൽ നൽകിയ പരാതിയും കള്ളമാണെന്നു കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി.ബാലകൃഷ്ണനെ വിവാഹം ചെയ്തിട്ടില്ലെന്നു ജാനകി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥനായ സിഐ എം.പി.ആസാദ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ രാവിലെ സഹോദരൻ രാഘവനൊപ്പമാണു ജാനകി പൊലീസ് സ്റ്റേഷനിലെത്തിയത്. വിശദമായി ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ അല്ല
കൊച്ചി:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അറസ്റ്റിലായതോടെ ദിലീപുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് പ്രചരിക്കുന്നത്.പോലീസ് ഏറ്റവും ഒടുവിലായി പുറത്തു വിട്ടിരിക്കുന്ന വിവരം ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യർ അല്ല എന്നുള്ളതാണ്.മഞ്ജു വാര്യരെ വിവാഹം ചെയ്യുന്നതിന് മുൻപേ ദിലീപ് വിവാഹിതൻ ആയിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.ആലുവ സ്വദേശിനിയും ദിലീപിന്റെ അകന്ന ബന്ധുവുമായിരുന്ന യുവതിയായിരുന്നു ദിലീപിന്റെ ആദ്യ ഭാര്യ എന്നാണ് കണ്ടെത്തൽ.ആലുവ ദേശം റെജിസ്ട്രർ ഓഫീസിൽ വെച്ചായിരുന്നു വിവാഹം രെജിസ്റ്റർ ചെയ്തത്.ദിലീപിന്റെ ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും അറിവോടെയായിരുന്നു ഈ വിവാഹം.ദിലീപ് മിമിക്രി താരം ആയിരുന്ന കാലത്തായിരുന്നു ഈ വിവാഹം.ബന്ധുവിന്റെ മകളായ യുവതിയുമായി പ്രണയത്തിലായ ദിലീപ് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇവരെ വിവാഹം ചെയ്തത്.ആദ്യ വിവാഹത്തിൽ നിന്നും ദിലീപ് നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ല എന്നാണ് സൂചന.
മദനി കേസിൽ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ന്യൂഡൽഹി:മദനി കേസിൽ കർണാടക സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടി.എ യും ഡി.എ യും നൽകിയാൽ മതിയെന്നും സർക്കാർ ശമ്പളമുള്ളപ്പോൾ അധികം തുക എന്തിനെന്നും കോടതി ചോദിച്ചു.കോടതി വിധിയെ വില കുറച്ചു കാണരുതെന്നും കോടതി വിമർശിച്ചു.വിചാരണ തടവുകാരന് സുരക്ഷ ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ് ഉദ്യോഗാസ്ഥർക്കു ടി.എ യും ഡി.എ യും മാത്രമേനൽകാനാവൂ എന്ന് കോടതി പറഞ്ഞു.കേരളാ യാത്രയുടെ അലവൻസ് എത്രയാണെന്ന് നാളെ തന്നെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.അതേസമയം കഴിഞ്ഞ ദിവസം മദനിയുടെ കേരളത്തിലെ സുരക്ഷാ ചിലവുകൾ സർക്കാർ വഹിക്കുമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തയച്ചിരുന്നു.സുരക്ഷാ ചെലവുകളുടെ കാര്യത്തിൽ കർണാടക സർക്കാർ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നു വ്യക്തമാക്കിയതോടെയാണ് കേരളം നിലപാട് കൈക്കൊണ്ടിരിക്കുന്നത്.
കണ്ടക്റ്റർക്ക് പോലീസ് മർദനം;ഇരിട്ടി-കണ്ണൂർ,ഇരിട്ടി-തലശ്ശേരി റൂട്ടുകളിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
ഇരിട്ടി:ബസ് കണ്ടക്റ്ററെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഇരിട്ടി-കണ്ണൂർ,ഇരിട്ടി-തലശ്ശേരി റൂട്ടുകളിൽ സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു.ബസ് ഉടമകളുടെയും തൊഴിലാളി യൂണിയനുകളുടെയും സംയുക്ത യോഗമാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്.ഇന്നലെ രാവിലെ തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് വരികയായിരുന്ന ശ്രീഹരി ബസ്സിലെ കണ്ടക്റ്റർ സി.എച് റിയാസിനെ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ വെച്ച് മർദിക്കുകയും കളക്ഷൻ ബാഗ് പിടിച്ചുവാങ്ങി അതിലെ പണമെടുത്തു എന്നുമാണ് പരാതി.ഒരു സ്റ്റോപ്പിൽ നിർത്തിയില്ല എന്ന് പറഞ്ഞാണ് പോലീസ് ബസ് പിടിച്ചു വെച്ച് ആയിരം രൂപ പിഴയീടാക്കിയത്. രാവിലെയായതിനാൽ പണം ഇല്ല വൈകിട്ട് അടയ്ക്കാം എന്ന് പറഞ്ഞപ്പോൾ കണ്ടക്റ്റർ മർദിക്കുകയും ബാഗ് പിടിച്ചു വാങ്ങുകയും ചെയ്തതായി തൊഴിലാളികൾ പറഞ്ഞു.തലശ്ശേരി-വളവുപാറ റോഡിന്റെ നവീകരണ പ്രവർത്തി നടക്കുന്നതിനാൽ തലശ്ശേരിൽ നിന്നും ഇരിട്ടിയിലേക്കുള്ള ബസ്സുകൾ കതിരൂരിൽ നിന്നും കായലോട് വഴിയാണ് കൂത്തുപറമ്പിൽ എത്തുന്നത്.ഇതുമൂലം 20 മിനുട്ട് അധികം ഓടേണ്ടതായും വരുന്നു.ഈ വസ്തുതകൾ മനസ്സിലാക്കാതെ മട്ടന്നൂർ പോലീസ് ബസ്സ് തൊഴിലാളികളെ പീഡിപ്പിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.