ജീൻ പോൾ,ശ്രീനാഥ് ഭാസി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി എന്ന നടിയുടെ പരാതിയിൽ സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചുപേരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി,സാങ്കേതിക പ്രവർത്തകരായ അനൂപ് വേണുഗോപാൽ,അനിരുദ്ധൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.എന്നാൽ തങ്ങൾ നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പണം തട്ടിയെടുക്കാൻ യുവതി നടത്തുന്ന ഗൂഢാലോചനയാണ് ഇതെന്നും ഇവർ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.അതേസമയം യുവതിയുടെ പാരാതിയിൽ കഴമ്പുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.കേസിൽ നടിയുടെ മൊഴി എടുത്തിരുന്നെങ്കിലും ജീൻ പോൾ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ല.അതിനാൽ ജാമ്യാപേക്ഷയെ പോലീസ് എതിർക്കുമെന്നാണ് സൂചന.
കരിപ്പൂരില്‍ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി
മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംങിനിടെ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി.റൺവേയിൽ നിന്നും വിമാനം പുറത്തുപോയി. ബാംഗ്ലൂരില്‍ നിന്നും കരിപ്പൂരിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനമാണ് അപകടത്തില്‍പെട്ടത്.യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.60 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.തെന്നിമാറിയ വിമാനം ഇടിച്ച് റണ്‍വെയിലെ ആറ് ലൈറ്റുകള്‍ തകര്‍ന്നു. വൻ ദുരന്തമാണ് ഒഴിവായത്.
ഐ.എസ് ബന്ധം;ആലപ്പുഴയിൽ എൻ.ഐ.എ റെയ്ഡ്
ആലപ്പുഴ:തീവ്രവാദ സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടിൽ എൻ.ഐ എ റെയ്ഡ് നടത്തി.വീട്ടിൽ നിന്നും ഐ.എസ് ബന്ധം തെളിയിക്കുന്ന രേഖകൾ പിടിച്ചെടുത്തു എന്ന് എൻ.ഐ.എ വ്യക്തമാക്കി. മൊബൈൽ ഫോണുകളും ഡി.വി.ഡിയുമാണ് പിടിച്ചെടുത്തത്.ഐ.എസിൽ ചേർന്ന അബ്ദുൽ റഷീദുമായി നിരന്തരം സമ്പർക്കം നടത്തിയതിന് തെളിവുകളും എൻ.ഐ.എ ക്ക് ലഭിച്ചു.
ദിലീപ് വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലേക്ക്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും.മുതിർന്ന അഭിഭാഷകൻ ബി.രാമൻ പിള്ളയാണ് ദിലീപിന് വേണ്ടി ഹാജരാക്കുക.അന്വേഷണം അവസാന ഘട്ടത്തിലെത്തിയെന്നും അപ്പുണ്ണിയെ ഉൾപ്പെടെ ചോദ്യം ചെയ്തുവെന്നും കോടതിയെ അറിയിക്കും.ഈ വാദങ്ങൾ നിരത്തിയാണ് പ്രോസിക്യൂഷൻ ആദ്യം ജാമ്യത്തെ എതിർത്തത്.നേരത്തെ ദിലീപിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളിയിരുന്നു.പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം നിഷേധിച്ചത്.
സർക്കാർ സ്കൂളുകൾ ലയനത്തിനൊരുങ്ങുന്നു
ന്യൂഡൽഹി:ഒരു വില്ലേജിലെ എല്ലാ സർക്കാർ സ്കൂളുകളും ലയിപ്പിക്കാൻ കേന്ദ്ര നിർദേശം.ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാരുകളോട് കേന്ദ്രം അഭിപ്രായം തേടി.മികച്ച വിദ്യാഭ്യാസ സംവിധാനം ഒരുക്കുന്നതിനായാണ് കേന്ദ്രം ഇത്തരമൊരു നിർദേശം വെച്ചത്.പുതുതായി കുട്ടികളെ ലഭിക്കാത്തവയും മുപ്പതിൽ താഴെ കുട്ടികളുള്ളവയും അദ്ധ്യാപകർ കുറവുമുള്ള സ്കൂളുകളെ ലയിപ്പിക്കണമെന്നാണ് നിർദേശം.ഒരു പ്രദേശത്തുള്ള പ്രൈമറി,അപ്പർ പ്രൈമറി സ്കൂളുകളാകും പ്രധാനമായും ലയിപ്പിക്കുക.ലയനത്തിന് ശേഷം നിലനിർത്തുന്ന സ്കൂളിനെ മാതൃക സ്കൂളാക്കി മാറ്റും.ഭൗതിക സാഹചര്യം വർധിപ്പിക്കുക,കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി അദ്ധ്യാപകരെ നിയമിക്കുക,വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് സ്കൂളുകൾ ലയിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
സി.പി.എം-കോൺഗ്രസ് സംഘർഷം;നിരവധി പേർക്ക് പരിക്ക്
കണ്ണൂർ:സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്.ഇരിക്കൂർ കല്യാട് പ്രദേശത്താണ് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്.സംഘർഷത്തിൽ നിരവധി വാഹനങ്ങളും വീടുകളും തകർന്നു.കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദിന്റെ കാർ അക്രമികൾ അടിച്ചു തകർത്തു.പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാക് സർക്കാരിന്റെ വെബ്സൈറ്റിൽ ഇന്ത്യൻ ദേശീയഗാനം
ന്യൂഡൽഹി:പാക് സർക്കാരിന്റെ വെബ്സൈറ്റിൽ ഇന്ത്യൻ ദേശീയഗാനം.ഇന്ത്യൻ ഹാക്കർമാരാണ് പാക് സർക്കാരിന്റെ വെബ്‌സൈറ്റിന് പണികൊടുത്തിരിക്കുന്നത്.ഇന്ത്യൻ വെബ്സൈറ്റുകളിൽ പാക് ഹാക്കർമാർ മൂന്നുമാസം മുൻപ് നുഴഞ്ഞു കയറിയിരുന്നു.ഇതിനുള്ള പ്രതികാരമാണ് ഹാക്കർമാരുടെ നടപടിയെന്ന് വിശ്വസിക്കപ്പെടുന്നു.ഇന്ത്യയുടെ സ്വതന്ത്ര ദിനമായ ഓഗസ്റ്റ് 15 ന്റെ ആശംസകളും ദേശീയ ഗാനത്തിനൊപ്പം ഹാക്കർമാർ നൽകിയിട്ടുണ്ട്.ഹാക്ക് ചെയ്യപ്പെട്ട വെബ്സൈറ്റ് പാകിസ്ഥാൻ ശരിയാക്കി.ഡൽഹി യൂണിവേഴ്സിറ്റി,അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി,ഐഐടി ഡൽഹി, ഐഐടിബിഎച് യു എന്നിവയുടെ വെബ്‌സൈറ്റിലാണ് മൂന്നുമാസം മുൻപ് പാക് ഹാക്കർമാർ നുഴഞ്ഞു കയറിയത്.ഇവർ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തത്.ഡൽഹി യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റിൽ സൈനികർക്കെതിരെയുള്ള പരാമർശങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
മദ്യശാലക്കെതിരെ സമരം;വിൻസെന്റ് എംഎൽഎക്ക് ജാമ്യം
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന എം.വിൻസെന്റ് എംഎൽഎക്ക് മറ്റൊരു കേസിൽ ജാമ്യം.ബാലരാമപുരത്തു ബീവറേജ്‌സ് കോർപ്പറേഷൻ മദ്യശാല തുറക്കുന്നതിനെതിരെ നടന്ന സമരത്തിൽ പങ്കെടുത്തതിന് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്.പണയത്തേരി മദ്യശാലയ്ക്കു മുന്നിൽ നടന്ന സമരത്തിൽ ഒന്നാം പ്രതിയാണ് വിൻസെന്റ്.കേസിൽ രണ്ടു ദിവസം മുൻപ് പോലീസ് നെയ്യാറ്റിൻകര സബ്ജയിലിലെത്തി വിൻസെന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ പൊതുമുതൽ നശിപ്പിച്ചു എന്ന പോലീസിന്റെ വാദം ശരിയല്ലെന്നും പണം കെട്ടിവെയ്‌ക്കേണ്ട ആവശ്യം ഇല്ലെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി വ്യക്തമാക്കി.
വിനായകന്റെ മരണത്തെ കുറിച്ച് ലോകായുക്ത അന്വേഷണം തുടങ്ങി
തൃശൂർ:പോലീസ് മർദ്ദനത്തെ തുടർന്ന് ജീവനൊടുക്കിയ വിനായകന്റെ കേസ് ലോകായുക്ത അന്വേഷിക്കും.വിനായകനോടൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത ശരത്തിനോടും പോസ്റ്റ്മോർട്ടം ചെയ്ത ഫോറൻസിക് സർജനോടും നേരിട്ട് ഹാജരാകാൻ ലോകായുക്ത നിർദേശിച്ചു.ജൂലൈ 16,17 തീയതികളിലെ പാവറട്ടി പോലീസ് സ്റ്റേഷനിലെ ജെനെറൽ ഡയറി ഹാജരാക്കാനും നിർദേശമുണ്ട്.ഇതിനിടെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തിനുള്ളിൽ സമഗ്രമായ റിപ്പോർട്ട് നല്കാൻ തൃശൂർ ജില്ലാ കളക്റ്റർക്കും റൂറൽ എസ്.പിക്കും ദേശീയ പട്ടികജാതി കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.