പത്തനംതിട്ട:അച്ചൻകോവിലാറിന്റെ താഴ്വര കടവിൽ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിച്ചു.കൊല്ലം ചവറ സ്വദേശികളായ പ്രസാദ്(38),പ്രമോദ്(36),എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ പതിനൊന്നു മണിയോടെ മണ്ണിക്കടവിൽ പുഴയിലേക്ക് വളർന്നു നിൽക്കുന്ന കാട്ടിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ശനിയാഴ്ചയാണ് ഇവരെ കാണാതായത്.
താമരശ്ശേരി വാഹനാപകടം;മരണം ഏഴായി
കോഴിക്കോട്:കോഴിക്കോട്-മൈസൂർ ദേശീയപാതയിൽ അടിവാരത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആറുവയസുകാരി ആയിഷ നൂറായാണ് മരിച്ചത്.വെണ്ണക്കോടെ ആലുംതര തടത്തുമ്മൽ മജീദിന്റെയും സഫീനയുടെയും മകളാണ് ആയിഷ.
മഅ്ദനി ഇന്ന് കേരളത്തിലെത്തും
കൊച്ചി:അബ്ദുൽ നാസർ മദനി ഇന്ന് കേരളത്തിലെത്തും. ഇന്ന് ഉച്ചക്ക് 3.30 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലായിരിക്കും മഅ്ദനിയുടെ താമസം. 9ന് തലശ്ശേരിയില്‍ നടക്കുന്ന മകന്‍റെ വിവാഹത്തിനും മഅ്ദനി പങ്കെടുക്കും.രാവിലെ 10 ന് ബംഗുളൂരുവിലെ താമസ സ്ഥലത്ത് നിന്ന് പുറപ്പെടുന്ന മഅ്ദനി ഉച്ചക്ക് 2.20 നുള്ള എയര്‍ ഏഷ്യാ വിമാനത്തില്‍ ബംഗുളൂരുവില്‍ നിന്ന് തിരിക്കും. ഉച്ചക്ക് 3.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മഅ്ദനി അവിടെ നിന്ന് റോഡുമാര്‍ഗം ശാസ്താംകോട്ട അന്‍വാറുശ്ശേരിയിലേക്കും പോകും.ജാമ്യം തീരുന്ന 19 ന് കേരളത്തില്‍ നിന്ന് പുറപ്പെടുന്ന രീതിയിലായിരാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഇളയ മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയും ബന്ധു റജീബും ഉള്‍പ്പെടെ 6 പേരാണ് മഅ്ദനിയോടൊപ്പം യാത്ര ചെയ്യുന്നത്. ബംഗുളൂരു പൊലീസിലെ രണ്ട് സിഐമാര്‍ മഅ്ദനിയെ വിമാനത്തില്‍ അനുഗമിക്കും. മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ റോഡുമാര്‍ഗം കേരളത്തിലെത്തും.
കുളത്തിൽ വീണ മകനെ രക്ഷിക്കുന്നതിനിടയിൽ അമ്മ മുങ്ങിമരിച്ചു
പൊലീസിനെക്കണ്ട് ഭയന്നോടി വീണു പരുക്കേറ്റയാൾ മരിച്ചു
കണ്ണൂർ:പരസ്യ മദ്യപാനം തടയാനെത്തിയ പൊലീസിനെ കണ്ട് ഭയന്നോടി വീണു പരുക്കേറ്റയാൾ മരിച്ചു. കതിരൂർ ആറാംമൈൽ സ്വദേശി ഹാഷിമാണ് (57) മരിച്ചത്. വെള്ളിയാഴ്ച രാത്രി തോട്ടടയ്ക്കടുത്ത് ഏഴര കടപ്പുറത്താണ് സംഭവം.പരിസരത്തെ ഒരു റിസോർട്ടിന് സമീപം പരസ്യ മദ്യപാനവും ചൂതാട്ടവും നടക്കുന്നതായ വിവരം ലഭിച്ചാണ് പൊലീസ് എത്തിയത്.സംഘത്തിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് പിടികൂടി. ഇതിനിടെ ഹാഷിം റിസോർട്ട് കെട്ടിടത്തിനു മുകളിലേക്ക് ഓടിക്കയറുകയും പിൻഭാഗത്തുകൂടെ ചാടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് റോഡരികിൽ അവശനായി കണ്ട ഹാഷിമിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെയോടെ മരിച്ചു. ഓട്ടത്തിനിടയിൽ വീണു പരുക്കേറ്റതായിരിക്കുമെന്നാണു പ്രാഥമിക നിഗമനം.
വിടവാങ്ങൽ മത്സരത്തിൽ ഉസൈൻ ബോൾട്ടിന് വെങ്കലം
ലണ്ടൻ:ഒന്നാം സ്ഥാനത്തു മാത്രം ഫിനിഷ് ചെയ്തു ശീലമുള്ള ഉസൈൻ ബോൾട്ടിന് ഒടുവിൽ വിടവാങ്ങൽ മത്സരത്തിൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഫൈനലിൽ ഉസൈൻ ബോൾട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ ഒന്നാമനായി.ഫൈനലിൽ 9.95 സെക്കൻഡിൽ ഓടിയെത്തിയ ബോൾട്ടിന് മൂന്നാമതെത്താനേ സാധിച്ചുള്ളൂ.ഒരു പതിറ്റാണ്ടോളം ട്രാക്കുകളുടെ രാജാവായിരുന്ന ബോൾട്ടിന് കരിയറിലെ അവസാന മത്സരത്തിൽ വെങ്കലമെഡലുമായി വിട വാങ്ങേണ്ടി വന്നത് ആരാധകരെ കണ്ണീരിലാഴ്ത്തി.ഇനി റിലേയിൽ ജമൈക്കൻ ടീമംഗമായി ബോൾട്ട് മത്സരിക്കുന്നുണ്ട്.
നെയ്യാറ്റിങ്കറിൽ എൻ.എസ്.എസ് മന്ദിരത്തിനു നേരെ ആക്രമണം
തിരുവനന്തപുരം:നെയ്യാറ്റിൻകരയിലെ എൻ.എസ്.എസ് മന്ദിരത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം.മന്ദിരത്തിന്റെ ജനാല ചില്ലുകൾ അക്രമികൾ എറിഞ്ഞു തകർത്തു.ഇതിനു സമീപത്തെ കൃഷിയും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രാഷ്ട്രീയ സംഘർഷം;സർവകക്ഷിയോഗം ഇന്ന്
തിരുവനന്തപുരം:രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷിയോഗം ഇന്ന് നടക്കും.ഉച്ചയ്ക്ക് മൂന്നു മണിക്ക് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേരുക.ഗവർണ്ണറുടെ നിർദേശ പ്രകാരം കഴിഞ്ഞ തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത സിപിഎം-ബിജെപി നേതാക്കളുടെ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേരുന്നത്.ഇതിനിടെ ശ്രീകാര്യത്ത് കൊല്ലപ്പെട്ട രാജേഷിന്റെ വസതി സന്ദർശിക്കാൻ കേന്ദ്രമന്ത്രി അരുൺജെയ്റ്റ്ലി ഇന്ന് തിരുവനന്തപുരത്തെത്തും.
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ദമ്പതികൾ മരിച്ചു
തൊടുപുഴ:പരിയാരത്തിനു സമീപം പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് ദമ്പതികൾ മരിച്ചു.ഇന്ന് രാവിലെ 6.30 ഓടെ ആണ് സംഭവം.ഉടുമ്പന്നൂർ ചീനിക്കുഴി കല്ലറയ്‌ക്കൽ ബാബു(60),ഭാര്യ ലൂസി(56) എന്നിവരാണ് മരിച്ചത്.രാവിലെ പള്ളിയിൽ പോകുന്നതിനു മുൻപായി വീടിന്റെ മുകളിൽ കെട്ടിക്കിടന്ന വെള്ളം തിരിച്ചു വിടുന്നതിനിടെ ബാബുവിന് ഷോക്കേൽക്കുകയായിരുന്നു. ഷോക്കേറ്റ ബാബുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലൂസിക്കും വൈദ്യുതാഘാതമേറ്റു.ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മൃതദേഹങ്ങൾ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എം.വെങ്കയ്യ നായിഡു പുതിയ ഉപരാഷ്ട്രപതി
ന്യൂഡൽഹി:ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എം.വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു.പ്രതിപക്ഷ സ്ഥാനാർഥിയായ ഗോപാൽ കൃഷ്ണ ഗാന്ധിയെയാണ് വെങ്കയ്യ നായിഡു പരാജയപ്പെടുത്തിയത്.വെങ്കയ്യ നായിഡുവിന് 516 വോട്ട് കിട്ടിയപ്പോൾ ഗോപാൽ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടാണ് ലഭിച്ചത്.രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് തിരഞ്ഞെടുപ്പ് നടന്നത്.ലോക്സഭാ,രാജ്യസഭാ അംഗങ്ങൾ അടങ്ങുന്ന ഇലക്റ്ററൽ കോളേജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.ഉപരാഷ്ട്രപതിയാണ് രാജ്യസഭാ അധ്യക്ഷൻ.ലോക്സഭയിൽ 337 ഉം രാജ്യസഭയിൽ 80 അംഗങ്ങളും ഉള്ള എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയം അനായാസമായിരുന്നു. അതേസമയം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ അബ്ദുൽ വഹാബിനും പി.കെ കുഞ്ഞാലിക്കുട്ടിക്കും വോട്ടു ചെയ്യാനായില്ല.ഇവർ സഞ്ചരിച്ച വിമാനം മുംബൈയിൽ പിടിച്ചിട്ടതിനാൽ ഇരുവർക്കും സമയത്തിന് ഡൽഹിയിൽ എത്താനായില്ല.