കോട്ടയം:കോട്ടയം ഭാരത് ആശുപത്രിയില്‍ നഴ്സുമാര്‍ വീണ്ടും സമരം ആരംഭിച്ചു. നേരത്തെ സമരം നടത്തിയ നഴ്സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സമരക്കാരെ ആശുപത്രിക്ക് മുന്‍പില്‍ പൊലീസ് തടഞ്ഞു.ശമ്പള വര്‍ദ്ധനവ്, ഷിഫ്റ്റ് തുടങ്ങിയ 15 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കഴിഞ്ഞ മാസം ഭാരത് ആശുപത്രിയിലെ നഴ്സുമാര്‍ സമരം നടത്തിയത്. ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയുടേയും നഴ്സുമാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ടതിന്റെ അടിസ്ഥാനത്തിലും സമരം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി സമരം ചെയ്ത നേഴ്സുമാര്‍ക്ക് നേരെ മാനേജ്മെന്റ് പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നാണ് നഴ്സുമാര്‍ പറയുന്നത്.സമരം ചെയ്ത 9 നഴ്സുമാരെ അകാരണമായി മാനേജ്മെന്റ് പിരിച്ച് വിട്ടിരുന്നു. ഇവരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരാനാണ് നഴ്സുമാരുടെ തീരുമാനം. സമരം ഇതിനോടകം യുഎന്‍എ ഏറ്റെടുത്തു കഴിഞ്ഞു. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ആശുപത്രി കോമ്പൌണ്ടില്‍ സമരം ചെയ്യാന്‍ പൊലീസ് നഴ്സുമാരെ അനുവദിച്ചില്ല.
ഓഗസ്റ്റ് 22 ന് ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി:ഓഗസ്റ്റ് 22 ന് ബാങ്ക് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി പണിമുടക്കും.സാധാരണക്കാരന്റെ താല്പര്യങ്ങൾക്കെതിരെ സർക്കാർ നടപ്പിലാക്കിയ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസാണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. സമീപകാലത്തുണ്ടായ കേന്ദ്ര സർക്കാരിന്റെ ചില നയപ്രഖ്യാപനങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രത്യേകിച്ച് ബാങ്കിങ് മേഖലയെ തകർക്കുക എന്ന എന്ന ലക്ഷ്യത്തോടെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർസ് അസോസിയേഷൻ ചണ്ടീഗഡ് മേഖല ജനറൽ സെക്രെട്ടറി ദീപക് ശർമ്മ ആരോപിച്ചു.
ബാർബർ ഷോപ്പ് മാലിന്യം കിണറ്റിൽ തള്ളിയ ഷോപ്പുടമ പിടിയിൽ
ചാല:നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിൽ ബാർബർഷോപ്പിലെ മാലിന്യം തള്ളിയ ഷോപ്പുടമ പിടിയിലായി.ചാലക്കുന്നിലെ രാജീവ്ജി യന്ത്രവൽകൃത ചകിരി സഹകരണ സംഘത്തിന്റെ 25 കോൽ ആഴമുള്ള കിണറ്റിലാണ് മുടി ഉൾപ്പെടെയുള്ള നാലു ചാക്ക് മാലിന്യം തള്ളിയത്.ഇന്നലെ രാവിലെ കിണറ്റിൽ നിന്നും വെള്ളമെടുക്കാനെത്തിയ സ്ത്രീകളാണ് കിണറ്റിൽ മാലിന്യം പൊങ്ങിക്കിടക്കുന്നത് കണ്ടത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നും അഗ്നിരക്ഷാസേനയും എടക്കാട് പോലീസും സ്ഥലത്തെത്തി കിണറിൽ നിന്നും ചാക്കുകെട്ടുകൾ പുറത്തെടുത്തു.ചാക്കുകൾ അഴിച്ചുനോക്കി പരിശോധിച്ചപ്പോഴാണ് ബാർബർ ഷോപ്പിൽ നിന്നുള്ള മാലിന്യങ്ങളാണ് എന്ന് മനസിലായത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാർബർ ഷോപ്പുടമ മട്ടന്നൂർ സ്വദേശി മജീദ് പിടിയിലായി.ഇയാൾ മാലിന്യം തള്ളാൻ വേറെ രണ്ടുപേരെ ഏൽപ്പിച്ചിരുന്നു. ഇവർ ഓട്ടോയിൽ കൊണ്ടുവന്നാണ് മാലിന്യം കിണറ്റിൽ തള്ളിയതെന്നു അന്വേഷണത്തിൽ മനസിലായി.ഇവർ മൂന്നുപേർക്കുമെതിരെ എടക്കാട് പോലീസ് കേസെടുത്തു.കൊടും വേനലിൽ പോലും വറ്റാത്ത ഈ കിണറ്റിൽ നിന്നും ഇരുപത്തഞ്ചോളം കുടുംബങ്ങളാണ് വെള്ളമെടുക്കുന്നത്.മലിനമായ കിണറിൽ നിന്നും വെള്ളമെടുക്കാൻ കഴിയാതെ വീട്ടമ്മമാർ ദുരിതത്തിലായി. ശുചീകരണ പ്രവർത്തനങ്ങൾ ഷോപ്പുടമയെ കൊണ്ട് ചെയ്യിപ്പിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ചികിത്സ നിഷേധിച്ച രോഗി ആംബുലന്‍സില്‍ മരിച്ചു; ആശുപത്രികള്‍ക്കെതിരെ കേസ്
തിരുവനന്തപുരം:ചികിത്സ നിഷേധിച്ചതിനെ തുടർന്ന് വാഹനാപകടത്തിൽപെട്ട തമിഴ്‍നാട് സ്വദേശി മരിച്ച സംഭവത്തിൽ കൊല്ലം മെഡിസിറ്റി ആശുപത്രിക്കെതിരെ കൊട്ടിയം പോലീസ് കേസെടുത്തു.കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രിയും തിരുവനന്തപുരം മെഡിക്കല്‍ കോളജും ഇയാള്‍ക്ക് ചികിത്സ നിഷേധിക്കുകയായിരുന്നു. കൂട്ടിരിക്കാന്‍ ആളില്ലെന്ന് പറഞ്ഞാണ് ആശുപത്രികളില്‍ നിന്ന് മുരുകനെ മടക്കി അയച്ചത്.അസീസിയ മെഡിക്കല്‍ കോളജ്, കിംസ് ആശുപത്രി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, എസ് യു ടി എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നു. ആശുപത്രികളുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.അപകടത്തിപെട്ടയാളെ ആശുപത്രിയിലെത്തിച്ച ആംബുലൻസ് ഡ്രൈവറുടെ മൊഴി പോലീസ് രേഖപ്പെടുത്തി.കൂടാതെ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്റ്ററുടെയും നഴ്‌സുമാരുടെയും മൊഴിയും ഉടൻ രേഖപ്പെടുത്തും.സംഭവത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ചയുണ്ടായെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ഡൽഹിയിൽ അഴുക്കുചാൽ വൃത്തിയാക്കാനിറങ്ങിയ മൂന്നുപേർ ശ്വാസംമുട്ടി മരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ അഴുക്കുചാൽ വൃത്തിയാക്കാൻ മാൻഹോളിലിറങ്ങിയ മൂന്നുപേർ വിഷവാതകം ശ്വസിച്ച് മരിച്ചു.ലജ്പത് നഗറിൽ ഇന്നലെയാണ് സംഭവം.അഴുക്കുചാൽ വൃത്തിയാക്കാൻ ഡൽഹി ജൽ ബോർഡ് വാടകയ്‌ക്കെടുത്ത തൊഴിലാളികളാണ് മരിച്ചതെന്ന് വാർത്ത ബോർഡ് നിഷേധിച്ചു.മരിച്ചവർ ജൽ ബോർഡിലുള്ള തൊഴിലാളികളല്ല.എന്നാൽ അധികൃതരുടെ നിർദേശമില്ലാതെ എങ്ങനെ ഇവർ മാൻഹോളിലിറങ്ങി എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്ന് ജൽ ബോർഡ് അധികൃതർ പറഞ്ഞു.ആദ്യം അഴുക്കുചാൽ വൃത്തിയാക്കുന്നതിനായി ഒരാൾ മാന്ഹോളിലിറങ്ങി.കുറെ സമയം കഴിഞ്ഞിട്ടും അയാളെ കാണാത്തതിനെ തുടർന്ന് ജോലി കരാറെടുത്തിരുന്നയാൾ രണ്ടാമനെ ഇറക്കി വിട്ടു.അയാളെയും കാണാതായപ്പോൾ മൂന്നാമത്തെയാളെയും ഇറക്കി.മൂന്നാമനെയും കാണാതായതോടെ നാലാമത്തെയാളെ കയറുകെട്ടി താഴെ ഇറക്കി.ശ്വാസം കിട്ടുന്നില്ലെന്ന് ഇയാൾ നിലവിളിച്ചതിനെ തുടർന്ന് ഇയാളെ വലിച്ചു കയറ്റി.പിന്നീട് പോലീസെത്തി മറ്റു മൂന്നുപേരെയും പുറത്തെടു ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.വിഷവാതകം ശ്വസിച്ച നാലാമനും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ണൂരിൽ മൺകൂനയിൽ ഇടിച്ച് മൽസ്യബന്ധന ബോട്ട് തകർന്നു
കണ്ണൂർ:മൽസ്യബന്ധന ബോട്ട് മൺകൂനയിൽ ഇടിച്ചു തകർന്നു.ഇന്നലെ പുലച്ചെ ആയിക്കര മാപ്പിളബേയിൽ ചെഗ്വേര എന്ന ബോട്ടാണ് അപകടത്തിപെട്ടത്.കഴിഞ്ഞ ദിവസം രാത്രി മൽസ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ കയറ്റി ഇട്ടതായിരുന്നു ബോട്ട്.ഇന്നലെ പുലർച്ചെ വീണ്ടും മത്സ്യബന്ധനത്തിന് പോകാനായി തൊഴിലാളികൾ ബോട്ട് കടലിലേക്ക് നീക്കിയപ്പോഴാണ് കൂറ്റൻ മൺകൂനയിൽ തട്ടി ബോട്ട് തകർന്നത്.ആളപായമില്ല.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.
ദിലീപിന് ജയിലിൽ സുഖവാസമെന്ന് സഹതടവുകാരൻ
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് ആലുവ സബ്ജയിലിൽ സുഖവാസമെന്ന് റിപ്പോർട്.ജയിലിൽ ദിലീപിന്റെ സഹതടവുകാരനായിരുന്ന ആലുവ സ്വദേശി സനൂപാണ് ഇക്കാര്യം വ്യക്തമാക്കിയത്.പകൽ മുഴുവൻ ദിലീപ് ജയിൽ ഉദ്യോഗസ്ഥരുടെ മുറിയിലായിരിക്കും.രാത്രി ഉറങ്ങാൻ മാത്രമാണ് സെല്ലിൽ എത്തുന്നത്.ജയിലിൽ ഉദ്യോഗസ്ഥർക്കായി പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണം അവരുടെ മുറിയിലെത്തിച്ചാണ് ദിലീപിന് വിളമ്പി കൊടുക്കാറെന്നും സനൂപ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് കണ്ടെത്താനാകുമെന്നും മർദ്ദനം ഭയന്നാണ് സഹതടവുകാർ ഇക്കാര്യം പുറത്തു പറയാത്തതെന്നും ഇയാൾ പറഞ്ഞു.
സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തമിഴ്നാട് സ്വദേശി മരിച്ചു.
കൊല്ലം:സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് റോഡപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് സ്വദേശി മരിച്ചു.തിരുനെൽവേലി സ്വദേശി മുരുകനാണ്(30) ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത് .ഉടനെ തന്നെ കൊല്ലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൂട്ടിരുപ്പുകാർ ഇല്ലെന്നു പറഞ്ഞു ആശുപത്രി അധികൃതർ ചികിത്സ നിഷേധിക്കുകയായിരുന്നു.തുടർന്ന് കൊല്ലത്തെയും തിരുവനന്തപുരത്തെയും മറ്റുപല സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചെങ്കിലും അവരും ചികിൽസിക്കാൻ വിസമ്മതിക്കുകയായിരുന്നു.തുടർന്നു അതെ ആംബുലൻസിൽ തന്നെ മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.എന്നാൽ അവിടെ വെന്റിലേറ്റർ ലഭ്യമായിരുന്നില്ല.രാവിലെ ആറുമണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു.
നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം:പ്രക്ഷുബ്ധമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ ജി.എസ്.ടി ബിൽ ഉൾപ്പെടെയുള്ള നിയമനിർമാണങ്ങൾക്കായി നിയമസഭാ സമ്മേളങ്ങൾക്കു ഇന്ന് തുടക്കമാകും.നിയമ നിർമാണങ്ങൾക്കു ഊന്നൽ കൊടുത്തുകൊണ്ടുള്ള സമ്മേളനമാണ് ഇത്തവണ ചേരുന്നതെകിലും ജനകീയ പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്യും.സിപിഎം-ബിജെപി സംഘർഷം,കൊലപാതകം,വിൻസെന്റ് എംഎൽഎ യുടെ അറസ്റ്റ്,ജി.എസ്.ടി,സ്വാശ്രയ പ്രവേശനം തുടങ്ങിയ വിഷയങ്ങൾ സഭയെ ചൂടുപിടിപ്പിക്കും.24 ന് അവസാനിക്കുന്ന സമ്മേളനത്തിൽ 10 ദിവസം നിയമ നിർമാണത്തിനായി നീക്കി വെച്ചിട്ടുണ്ട്.രണ്ടു ദിവസം അനൗദ്യോഗിക കാര്യങ്ങൾക്കും ഒരു ദിവസം ഉപധനാഭ്യർത്ഥനയ്ക്കുമാണ്.കഴിഞ്ഞ സമ്മേളനത്തിന് ശേഷം പരിഗണിച്ച ഒൻപതു ബില്ലുകൾ സമ്മേളനത്തിന്റെ പരിഗണനയ്ക്കു വരും.ഇന്ന് കേരള മെഡിക്കൽ ബില്ലും നാളെ ജി.എസ്.ടി ബില്ലുമാണ് പരിഗണിക്കുന്നത്.
പിസി ജോർജിനെതിരെ കേസെടുക്കാമെന്ന് വനിതാ കമ്മീഷന് നിയമോപദേശം ലഭിച്ചു
കൊച്ചി:കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയ പിസി ജോർജിനെതിരെ കേസെടുക്കാമെന്ന് വനിതാ കമ്മീഷന് നിയമോപദേശം ലഭിച്ചു. നടിക്കെതിരെ തുടര്‍ച്ചയായി മോശം പരാമർശങ്ങൾ നടത്തുന്നതിനാൽ കേസെടുക്കാമെന്നാണ് ലോ ഓഫീസറുടെ നിയമോപദേശം. ഒൻപതാം തീയതി കമ്മീഷൻ ചേരുമ്പോൾ തുടർ നടപടികൾ സ്വീകരിക്കുമെന്നും വനിത കമ്മീഷൻ അധ്യക്ഷൻ എംസി ജോസഫൈൻ അറിയിച്ചു. നടിക്കെതിരെയുള്ള പിസി ജോർജിന്റെ പരാമർശങ്ങൾ വിമൻ ഇൻ സിനിമ കളക്റ്റീവ് കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.