മട്ടന്നൂർ:അഞ്ചാമത് മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു.വൈകുന്നേരം അഞ്ചു മണി വരെയാണ് പോളിങ് സമയം.മുപ്പത്തിയഞ്ച് വാർഡുകളിലും ബൂത്തുകൾ ഒരുക്കിയിട്ടുണ്ട്.ഇതിൽ 27 ബൂത്തുകൾ പ്രശ്നസാധ്യതയുള്ളതാണ്.മുന്നൂറ് പൊലീസുകാരെ സുരക്ഷ ഒരുക്കാനായി വിന്യസിച്ചിട്ടുണ്ട്.അകെ 112 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
തിരുവനന്തപുരം മലയിൻകീഴിൽ നിന്നും ബോംബ് ശേഖരം പിടികൂടി
മലയിൻകീഴ്:തിരുവനന്തപുരം മലയിൻകീഴിൽ നിന്നും ബോംബ് ശേഖരം പിടികൂടി.ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ നിന്നാണ് നാടൻ ബോംബുകൾ പിടിച്ചെടുത്തത്.ഇയാൾ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു.പേയാട് റാക്കോണത് മേലേപുത്തൻവീട്ടിൽ അരുൺ ലാലിന്റെ വീട്ടിൽ നിന്നാണ് അഞ്ചു നാടൻ ബോംബുകൾ പോലീസ് പിടിച്ചെടുത്തത്.ഇയാൾ ഓട്ടോ ഡ്രൈവറാണ്.പിടിച്ചെടുത്ത ബോംബുകൾ നിർവീര്യമാക്കി. അരുണിന്റെ അച്ഛൻ അയ്യപ്പൻ ചെട്ടിയാരാണ് വീട്ടിൽ ബോംബ് സൂക്ഷിച്ചിരിക്കുന്ന വിവരം പോലീസിനെ അറിയിച്ചത്.എസ്.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അരുണിന്റെ വീട്ടിലെത്തി പരിശോധന നടത്തി.അരുണിന്റെ കിടപ്പുമുറിലെ ഷെൽഫിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് ബോംബുകൾ കണ്ടെടുത്തത്.മുറിയിൽ വെച്ചിരുന്ന ബോംബുകൾ മാറ്റണമെന്ന് മകനോട് പലതവണ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ മകൻ ഇതിനു തയ്യാറായില്ലെന്നും അയ്യപ്പൻ ചെട്ടിയാർ പോലീസിനോട് പറഞ്ഞു.
സന ഫാത്തിമയുടെ തിരോധാനത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി
കാഞ്ഞങ്ങാട്: പാണത്തൂരിൽ ആംഗൻവാടി വിദ്യാർഥിനിയായ നാലുവയസുകാരി സന ഫാത്തിമയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. വെള്ളരിക്കുണ്ട് സിഐ സുനിൽ കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. അഞ്ചു ദിവസമായിട്ടും കുട്ടിയെ സംബന്ധിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്നാണ് പ്രത്യേക സംഘത്തെ നിയോഗിക്കുന്നത്.പാണത്തൂർ സ്വദേശികളായ ബാപ്പുങ്കയത്തെ ഇബ്രാഹിം-ഹസീന ദന്പതികളുടെ മകൾ സന ഫാത്തിമയെയാണു ഓഗസ്റ്റ് മൂന്നാം തീയതി വൈകുന്നേരം നാലോടെ കാണാതായത്. കുട്ടി വീടിന് മുന്നിലെ ഓവുചാലിൽ വീണ് ഒഴുക്കിൽപെട്ടതാണെന്ന സംശയത്തെതുടർന്നു നാലു ദിവസമായി അഗ്നിശമനസേനയും പോലീസും നാട്ടുകാരും തെരച്ചിൽ നടത്തിവരികയായിരുന്നു. കാണാതായ സമയത്തു ഓവുചാലിനു സമീപത്തുനിന്നു കുട്ടിയുടെ ഒരു ചെരിപ്പും കുടയും കണ്ടെത്തിയിരുന്നു.അതേസമയം, കുട്ടിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണം ബന്ധുക്കളിലേക്കും നാട്ടുകാരിലേക്കും വ്യാപിപ്പിച്ചു. ഇതിന്‍റെ ഭാഗമായി നാട്ടുകാരിൽ ചിലരെ രാജപുരം പോലീസ് ഞായറാഴ്ച ചോദ്യം ചെയ്തു. കുട്ടി ഒഴുക്കിൽപെട്ടതാകാനിടയില്ലെന്നും മറ്റു വഴികളാണു കുട്ടിയുടെ തിരോധാനത്തിനു പിന്നിലെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
അമ്മയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് പൃഥ്വിരാജ്
കൊച്ചി: ചലച്ചിത്ര താരസംഘടനയായ അമ്മയിൽ നേതൃമാറ്റം ആവശ്യമില്ലെന്ന് നടൻ പൃഥ്വിരാജ്. നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണം. സംഘടനയിൽ താൻ നേതൃമാറ്റം ആവശ്യപ്പെട്ടെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളിൽ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.യുവനടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ചേർന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ സംഘടനക്ക് നിലവിൽ നേതൃത്വം നൽകുന്നവർ മാറണമെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പൃഥ്വിരാജ് പ്രതികരണവുമായി രംഗത്തെത്തിയത്.
പത്തുലക്ഷത്തോളം പാൻ നമ്പറുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി
ന്യൂഡൽഹി:പത്തുലക്ഷത്തോളം പാൻ നമ്പറുകൾ കേന്ദ്ര സർക്കാർ അസാധുവാക്കി.വ്യാജ കാർഡുകൾ കൈവശം വയ്ക്കുന്നവർക്കെതിരെയുള്ള നടപടിയുടെ ഭാഗമാണിത്.ഒരേ സാമ്പത്തിക ഇടപാടുകൾക്ക് ഒന്നിലധികം കാർഡുകൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി.സർക്കാർ ചട്ട പ്രകാരം ഒരു വ്യക്തിയുടെ പേരിൽ ഒന്നിലധികം പാൻകാർഡുകൾ രജിസ്റ്റർ ചെയ്യാൻ പാടില്ല.ഇത് പ്രകാരം വ്യാജ വിവരങ്ങൾ നൽകി സമ്പാദിച്ചിട്ടുള്ള പാൻ കാർഡുകളാണ് സർക്കാർ അസാധുവാക്കിയിട്ടുള്ളത്.ഒരേ വ്യക്തി വ്യത്യസ്ത പാൻകാർഡുകൾ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്തുന്നത് വ്യാപകമായതോടെയാണ് ആദായനികുതി അടയ്ക്കുന്നതിന് ആധാർ നമ്പറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കണമെന്ന ചട്ടം സർക്കാർ കർശനമാക്കിയത്.
വിന്‍സന്‍റ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം:സ്ത്രീപീഡന കേസില്‍ റിമാന്റില്‍ കഴിയുന്ന എം.വിന്‍സെന്റ് എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. എം.എല്‍.എ സ്ഥാനത്തിരുന്ന് പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലെ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നുവെങ്കിലും ഇന്നാണ് വിധി പറഞ്ഞത്. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താതിനാല്‍ വിന്‍സന്റിന് ജാമ്യം നല്‍കരുതെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.കേസ് രാഷ്ട്രീയപ്രേരിതവും,കെട്ടിച്ചമച്ചതുമാണന്നായിരുന്നു വിന്‍സന്റിന്റെ വാദം. പീഡനം നടന്നുവെന്ന് പറയുന്ന സമയത്ത് താന്‍ ബാലരാമപുരത്ത് ഇല്ലായിരുന്നുവെന്നും വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ച കോടതി എംഎല്‍എ സ്ഥാനത്തിരിക്കുന്ന ഒരാള്‍ പീഡനക്കേസില്‍ ഉള്‍പ്പെട്ടത് ഗൌരവമുള്ള കാര്യമാണന്ന് നിരീക്ഷിച്ചു. വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തതിനാല്‍ ജാമ്യം നല്‍കിയാല്‍ സ്വാധീനിക്കാനും,ആക്രമിക്കാനും സാധ്യതയുണ്ടന്ന പ്രോസിക്യൂഷന്‍ വാദവും ശരിവെച്ചു. കഴിഞ്ഞ ജൂലൈ 22-ന് അറസ്റ്റിലായ വിന്‍സന്റ് നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലിലാണ് ഉള്ളത്. ജാമ്യം തേടി എംഎല്‍എ അടുത്ത ദിവസം ഹൈക്കോടതിയെ സമീപിക്കും.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നാളെ കേരളത്തിൽ
തിരുവനന്തപുരം:ദേശീയ മനുഷ്യാവകാശ കമ്മീഷൻ നാളെ കേരളത്തിൽ എത്തുന്നു.നാല് ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് കേരളത്തിലെത്തുക.നാലു ദിവസം കേരളത്തിൽതെളിവെടുപ്പ് നടത്തുന്ന കമ്മീഷൻ തിരുവന്തപുരത്തെ ബിജെപി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണവും ആർ.എസ്.എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമാണ് പ്രധാനമായും അന്വേഷിക്കുക. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും മൊഴികളും അന്വേഷണ സംഘത്തിന് നൽകണമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറിയുടെ പരാതിയിലാണ് ഇവർ എത്തുന്നതെന്നാണ് വിശദീകരണം.
മദ്രസ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി
കോഴിക്കോട്:മദ്രസ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി.കാരശ്ശേരി സർക്കാർപറമ്പിലെ ഖുവ്വത്തുൽ ഇസ്ലാം മദ്രസയിലെ വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.സംഭവത്തിൽ കൊല്ലം സ്വദേശിയായ ഒരാളെ പോലീസ് തിരയുന്നുണ്ട്.പേര് റഷീദ് എന്ന് വെളിപ്പെടുത്തി ഇയാൾ വ്യാഴാഴ്ച്ച മദ്രസയിലെത്തിയിരുന്നു.തനിക്കു ദർസിൽ പഠിക്കണം എന്ന് പറഞ്ഞാണ് ഇയാൾ ഇവിടെ എത്തിയത്.എന്നാൽ രക്ഷിതാക്കൾ ഇല്ലാതെ ഇവിടെ ചേർക്കാൻ പറ്റില്ലെന്ന് കമ്മിറ്റി അറിയിച്ചു.ദൂരസ്ഥലത്തു നിന്നും വന്നത് കൊണ്ട് രാത്രി പള്ളി അധികൃതർ അയാളെ അവിടെ തങ്ങാൻ അനുവദിക്കുകയായിരുന്നു.മറ്റു കുട്ടികൾക്കൊപ്പമാണ് ഇയാൾ ഉറങ്ങിയത്.പിറ്റേ ദിവസം ഉച്ചയോടെ ഇയാൾ പോവുകയും ചെയ്തു.ഇയാളാണ് അന്ന് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.പീഡന വിവരം മദ്രസ അധികൃതരെ അറിയിച്ചെങ്കിലും വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ലെന്നും പരാതിയുണ്ട്.വെള്ളിയാഴ്ച അവധിയായതിനാൽ കുട്ടി വീട്ടിൽ പോയപ്പോഴാണ് പുറംലോകം ഈ വിവരം അറിയുന്നത്.പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടു അനുഭവപ്പെട്ടതോടെ രക്ഷിതാക്കൾ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്.രക്ഷിതാക്കളുടെ പരാതിയിൽ മുക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരൻ കോടതിയിൽ
കൊച്ചി:ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് അടച്ചുപൂട്ടിയതിനെതിരെ ദിലീപിന്റെ സഹോദരൻ കോടതിയെ സമീപിച്ചു.നഗരസഭയുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരസഭയുടെ നിർദേശപ്രകാരം ഡി സിനിമാസ് അടച്ചു പൂട്ടിയത്.നിർമാണാനുമതി നൽകിയതിൽ ക്രമക്കേടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് തീയേറ്റർ അടച്ചുപൂട്ടാൻ നഗരസഭ തീരുമാനമെടുത്തത്.
ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി
കൊച്ചി:ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ വിലക്ക് നീക്കി.ബി.സി.സി.ഐയുടെ വിലക്ക് നിലനിൽക്കില്ല എന്ന് ഹൈകോടതിയാണ് വിധിച്ചത്.ഐ.പി.എല്ലിൽ ഒത്തു കളിച്ചു എന്നാരോപിച്ചാണ് ബിസിസിഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയത്.വിലക്ക് നീങ്ങിയതോടെ ശ്രീശാന്തിന് ഇനി കളിക്കാം.ശ്രീശാന്തിനെ ഒത്തുകളി കേസിൽ വെറുതെവിട്ടതാണ് എന്നും കോടതി നിരീക്ഷിച്ചു.വിലക്ക് നീക്കിയ വാർത്തയോട് ശ്രീശാന്ത് സന്തോഷവാനായാണ് പ്രതികരിച്ചത്.ദൈവത്തിനും തന്നെ പിന്തുണച്ച എല്ലാവർക്കും ശ്രീശാന്ത് നന്ദി പറഞ്ഞു.ഇനി മുൻപിലുള്ള ആദ്യ ലക്‌ഷ്യം കേരള ടീമിൽ എത്തുക എന്നുള്ളതാണെന്നും ഇന്ത്യൻ ടീമിൽ എത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് പറഞ്ഞു.