തിരുവനന്തപുരം:കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സംസ്ഥാന സഹകരണ ബാങ്കുകളിലെ 5050 ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന് സൂചന.ജില്ലാ സഹകരണ ബാങ്കുകൾക്ക് നിലവിൽ 783 ശാഖകളും 6098 സ്ഥിരം ജീവനക്കാരുമുണ്ട്.ഇവ ലയിപ്പിച്ചാണ് കേരളബാങ്ക് രൂപീകരിക്കുന്നത്.വിദഗ്ദ്ധ സമിതിയുടെ റിപ്പോർട് അനുസരിച്ച് ഇനി അകെ 1341 ജീവനക്കാർ മാത്രമാണ് ആവശ്യമുള്ളത്.ഇതോടെയാണ് ജീവനക്കാരുടെ ജോലി ആശങ്കയിലായിരിക്കുന്നത്.അതേസമയം ജീവനക്കാരെ ഒഴിവാക്കുന്നതോ ശാഖകൾ വെട്ടിക്കുറക്കുന്നതോ ആയ സമീപനം സർക്കാരിനില്ലെന്നും ഇത്തരം നിർദേശം കേരളത്തിന്റെ സാഹചര്യത്തിൽ അംഗീകരിക്കാനാവില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.കേരള ബാങ്ക് രൂപീകരിക്കുന്നതിലൂടെ സർക്കാരിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യതയുണ്ടെന്നാണു സൂചന.
കൈതപ്പൊയിൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി
കൊടുവള്ളി:അടിവാരത്തിനും കൊടുവള്ളിക്കും ഇടയിൽ കമ്പിപ്പാലം വളവിൽ സ്വകാര്യ ബസും ജീപ്പും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി.ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മുഹമ്മദ് നിഹാൽ(4) ആണ് മരിച്ചത്.അപകടത്തിൽ മരിച്ച അബ്ദുൽ റഹ്മാന്റേയും സുബൈദയുടെയും മകൻ ഷാജഹാന്റെ മകനാണ് നിഹാൽ.ഷാജഹാന്റെ മൂത്ത മകൻ മുഹമ്മദ് നിഷാൽ ശനിയാഴ്ച മരിച്ചിരുന്നു.നിഹാലിന്റെ മാതാവ് ഹസീനയും പരിക്കേറ്റു കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
‘മാഡം കെട്ടുകഥയല്ല, സിനിമാ മേഖലയില്‍ നിന്നുള്ള ആള്‍ തന്നെ’-പൾസർ സുനി
തൃശൂർ:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ മാഡം കെട്ടുകഥയല്ലെന്നും യാഥാർഥ്യമാണെന്നും പൾസർ സുനി.കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ മാധ്യമങ്ങളോടാണ് സുനി ഇക്കാര്യം വെളിപ്പെടുത്തിയത്.ഈ മാസം 16 ന് മുൻപ് കേസിൽ അറസ്റ്റിലായിരിക്കുന്ന വി.ഐ.പി മാഡത്തിന്റെ പേര് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്നാണ് സുനി പറഞ്ഞത്.മാഡം കെട്ടുകഥയല്ലെന്ന സുനിയുടെ വാദം സംഘം പരിഗണിച്ചാൽ കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കും.അതിനിടെ ദിലീപിന്റെ റിമാൻഡ് കാലാവധി കോടതി ഇന്ന് നീട്ടുകയും ചെയ്തിട്ടുണ്ട്.മാഡം ഒരു സിനിമ നടിയാണെന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് സുനി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
സന ഫാത്തിമയെ തിരയാൻ സ്കൂബ് ക്യാമറയുമായി ദുരന്തനിവാരണ സേനയെത്തി
പാണത്തൂർ:പാണത്തൂരിൽ നിന്നും കാണാതായ സന ഫാത്തിമ എന്ന മൂന്നര വയസ്സുകാരിയെ കണ്ടെത്താൻ ദുരന്ത നിവാരണ സേനയെത്തി.ഇന്ന് രാവിലെ ദുരന്ത നിവാരണ സേന ഓഫീസർ ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിനെത്തിയത്.സംഘം കുട്ടി ഒഴുകിപോയി എന്ന് പറയുന്ന ബാപ്പുങ്കയം പുഴയിൽ സ്കൂബ് കാമറ ഉപയോഗിച്ച് പരിശോധന ആരംഭിച്ചു.വെള്ളത്തിലിറക്കുന്ന ക്യാമെറയിൽ നൂറു മീറ്റർ ദൂരത്തിലുള്ള വസ്തുക്കൾ പതിയും.പുഴയുടെ അടിത്തട്ടിൽ എവിടെയെങ്കിലും കുട്ടി തങ്ങി നിൽക്കുന്നുണ്ടോ എന്നറിയാനാണ് തിരച്ചിൽ നടത്തുന്നത്.ഇത്തരം പ്രത്യേക സാഹചര്യത്തിൽ മാത്രമാണ് സ്കൂബ് ക്യാമറയുടെ സഹായം തേടേണ്ടി വരുന്നത്.വെള്ളരിക്കുണ്ട് സി.ഐ എം.സുനിൽകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.അതിനിടെ നാടോടികൾ സംഭവ സ്ഥലത്തു കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും കുട്ടിയെ കുറിച്ചുള്ള വിവരം നൽകിയിട്ടുണ്ട്.സന ഫാത്തിമയുടെ വീടിനു സമീപത്തുള്ള മറ്റു പല വീടുകളിലും പോലീസ് പരിശോധന തുടരുകയാണ്.
സ്കൂളുകളിൽ യോഗ നിർബന്ധമാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി:രാജ്യത്തെ മുഴുവൻ സ്കൂളുകളിലും യോഗ നിർബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ചു സമർപ്പിച്ച പൊതു താല്പര്യ ഹർജി സുപ്രീം കോടതി തള്ളി.ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്നും അതാതു സംസ്ഥാന സർക്കാരുകളാണ് ആ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്ത് പഠിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് എം.ബി ലോക്കൂർ അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിൽ യോഗ നിർബന്ധമാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.
നെയ്യാറ്റിൻകരയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
തിരുവനന്തപുരം:നെയ്യാറ്റിൻകര അമരവിള കണ്ണംകുഴിയിൽ തീവണ്ടി തട്ടി യുവാവ് മരിച്ചു.നെയ്യാറ്റിൻകര മരുതാത്തൂർ മണികണ്ഠ വിലാസത്തിൽ ഭഗത്(23) ആണ് മരിച്ചത്.പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിട്യൂട്ടിലെ ട്രെയിനിയാണ് ഭഗത്.ഇന്ന് രാവിലെ ഏഴേമുക്കാലോടെയായിരുന്നു സംഭവം.തീവണ്ടി തട്ടി നിലത്തു വീണ ഭാഗത്തിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്തു.
ദിലീപിന്റെ റിമാൻഡ് ഈ മാസം 22 വരെ നീട്ടി
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന്റെ റിമാൻഡ് കാലാവധി ഓഗസ്റ്റ് 22 വരെ നീട്ടി.ഇത് മൂന്നാം തവണയാണ് ദിലീപിന്റെ റിമാൻഡ് നീട്ടുന്നത്.അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാൻഡ് നീട്ടിയത്.വീഡിയോ കോൺഫെറെൻസിങ് വഴിയാണ് കോടതി നടപടികൾ നടന്നത്.പ്രോസിക്യൂഷനും പ്രതിഭാഗവും കോടതിയിൽ എത്തിയില്ല.ദിലീപിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയുമായി നാളെ കോടതിയെ സമീപിക്കും.കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.ആദ്യ കുറ്റപത്രം അനുസരിച്ചു ദിലീപ് പതിനൊന്നാം പ്രതിയാണ്.എന്നാൽ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമ്പോൾ ദിലീപ് രണ്ടാം പ്രതിയാകും.പൾസർ സുനിയാണ് ഒന്നാം പ്രതി.
ഗുജറാത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നു
അഹമ്മദാബാദ്:ഗുജറാത്തില്‍ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് പുരോഗമിക്കുന്നു. കോണ്‍ഗ്രസിനൊപ്പമുള്ള നാല്‍പ്പത്തിനാല് എംഎല്‍എമാര്‍ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തി. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച എന്‍സിപിയുടെ രണ്ട് എംഎല്‍എമാരിലൊരാള്‍ അഹ്മദ് പട്ടേലിന് വോട്ട് ചെയ്തതായി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ജയിക്കാനുള്ള 45 വോട്ടുകള്‍ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. അതേസമയം മുന്‍ മുഖ്യമന്ത്രി ശങ്കര്‍ സിംഗ് വഗേലയുള്‍പ്പെടെ അഞ്ച് വിമത എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തു. രാഷ്ട്രീയ കുതിരക്കച്ചവടം,കോൺഗ്രസ് എംഎൽഎ മാരുടെ റിസോട്ടിലെ ഒളിവു ജീവിതം,ആദായനികുതി റെയ്ഡ് തുടങ്ങിയ സംഭവ വികാസങ്ങൾക്കു സാക്ഷിയായ ഗുജറാത്ത് തിരഞ്ഞെടുപ്പ് രാജ്യം ആകാംക്ഷയോടെയാണ് കാണുന്നത്.മുതിര്‍ന്ന നേതാവായ അഹ്മദ് പട്ടേലിനെ ജയിപ്പിക്കാന്‍ വിമത ഭീഷണയില്‍ പതറിയ കോണ്‍ഗ്രസിനാകുമോ എന്ന ചോദ്യത്തിന് ഇന്ന് ഉത്തരം ലഭിക്കും. ഇന്നത്തെ തെരഞ്ഞെടുപ്പോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആദ്യമായി രാജ്യസഭയിലേക്കെത്തും. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വിജയം ഉറപ്പിച്ചാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്. ഗുജറാത്തിൽ ഒഴിവുള്ള മൂന്നു സീറ്റിൽ നാലുപേരാണ് മത്സരിക്കുന്നത്.അമിത് ഷാ,സ്‌മൃതി ഇറാനി,രാജ്‌പുത് എന്നിവരാണ് ബിജെപി സ്ഥാനാർത്ഥികൾ.മുതിർന്ന നേതാവ് അഹമ്മദ് പട്ടേലാണ് കോൺഗ്രസ് സ്ഥാനാർഥി.മൂന്നാം സ്ഥാനത്തിനായി കനത്ത പോരാട്ടമാണ് നടക്കുന്നത്.
മണൽ നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആയിക്കരയിൽ മത്സ്യത്തൊഴിലാളികളുടെ ഹർത്താൽ
കണ്ണൂർ:ഫിഷിങ് ഹാർബറിലെ മണൽ നീക്കം ചെയ്യാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ആയിക്കരയിൽ മത്സ്യത്തൊഴിലാളികൾ ഹർത്താൽ ആചരിച്ചു. മത്സ്യബന്ധനത്തിനു കടലിൽ പോകാതെ ഹർത്താൽ നടത്തിയ തൊഴിലാളികൾ കണ്ണൂർ–അഴീക്കോട് പരമ്പരാഗത മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസ് ഉപരോധിച്ചു.ഉപരോധ സമരം ഫാ. ദേവസ്സി ഈരത്തറ ഉദ്ഘാടനം ചെയ്തു.അഴിമുഖത്തെ മണൽ ഡ്രജ് ചെയ്തു മാറ്റുന്നതു വരെ സമരം നടത്താനാണു മത്സ്യത്തൊഴിലാളികളുടെ തീരുമാനം.കഴിഞ്ഞ ദിവസം രാത്രി മത്സ്യബന്ധനത്തിനു പുറപ്പെട്ട ചെഗുവേര എന്ന ബോട്ട് മൺത്തിട്ടയിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു.അശാസ്ത്രീയമായ പുലിമുട്ടു നിർമാണമാണ് ഇതിനു കാരണമെന്നാണു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ലക്ഷങ്ങൾ ചെലവിട്ടു പുലിമുട്ടിൽനിന്നു മണൽ നീക്കം ചെയ്തിരുന്നെങ്കിലും ഇതു തിരികെ പുലിമുട്ടിലേക്കു വന്നടിയുകയാണ്. പുലിമുട്ടു നിർമാണത്തിൽ അഴിമതി നടന്നതായി മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.
വിഴിഞ്ഞത്ത് മൽസ്യബന്ധനബോട്ടിൽ വിദേശ കപ്പലിടിച്ചു
വിഴിഞ്ഞം:വിഴിഞ്ഞം തുറമുഖത്തിനടുത്ത് മൽസ്യബന്ധനബോട്ടിൽ വിദേശ കപ്പലിടിച്ചു.മൂന്നു പേർക്ക് പരിക്കേറ്റു.പുലർച്ചെ ഒരുമണിയോടെ പൂന്തുറയ്ക്കു പത്തു നോട്ടിക്കൽ മൈൽ അകലെയായണ് സംഭവം.കരയിലെത്തിയ മൽസ്യ തൊഴിലാളികൾ വിഴിഞ്ഞം കോസ്റ്റൽ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.ബോട്ടിൽ ഇടിച്ച കപ്പൽ നിർത്താതെ പോയതായി മൽസ്യത്തൊഴിലാളികൾ മാധ്യമങ്ങളോട് പറഞ്ഞു.കപ്പലിന് വേണ്ടി കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും തിരച്ചിൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.