മട്ടന്നൂർ:മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഇത്തവണയും എൽ.ഡി.എഫ് നു അനുകൂലം.അഞ്ചാം തവണയാണ് എൽഡിഎഫ് ഭരണത്തിലെത്തുന്നത്.ഫലം അറിവായ വാർഡുകളിൽ 25 എണ്ണവും നേടി എൽഡിഎഫ് ഭരണം ഉറപ്പിച്ചു.ഏഴു വാർഡുകൾ മാത്രമാണ് യുഡിഎഫിന് നേടാനായത്.മൂന്നു വാർഡുകൾ യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.ബിജെപി രണ്ടു വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി.നിലവിലെ സഭയിൽ എൽഡിഎഫിന് 21 ഉം യുഡിഎഫിന് 13 ഉം അംഗങ്ങളാണ് ഉണ്ടായിരുന്നത്.
തളിപ്പറമ്പിൽ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
തളിപ്പറമ്പ:തളിപ്പറമ്പ് ടൗണിൽ ടൌൺ സ്ക്വയറിനു സമീപം കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ.ചിറക്കൽ കീരിയാട്ടെ പി.കെ.എൻ സാദിക്കാണ് അറസ്റ്റിലായത്.കഞ്ചാവ് വിൽപ്പന നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയതായിരുന്നു പോലീസ്. പ്രതി കഞ്ചാവുമായി ടൗണിലെത്തിയപ്പോഴേക്കും മഫ്ടിയിലും മറ്റുമായി നിലയുറപ്പിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.അറസ്റ്റിലായ സാദിക്ക് ഇതിനു മുൻപും കഞ്ചാവ്,ബ്രൗൺ ഷുഗർ കേസുകളിൽ പിടിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കണ്ണൂരിൽ നിന്നുമാണ് പ്രതി കഞ്ചാവുമായെത്തിയത്.
മുരുകന്റെ കുടുംബത്തിനോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചു
തിരുവനന്തപുരം:ബൈക്കപകടത്തിൽപെട്ട് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണമടഞ്ഞ തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് ചോദിച്ചു.സംസ്ഥാനത്തിന് വേണ്ടി കുടുംബത്തിനോട് മാപ്പു ചോദിക്കുന്നു എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്.ചികിത്സയ്ക്ക് വേണ്ടി ആശുപത്രി വാതിൽക്കൽ കാത്തു നിൽക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്.നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണിത്.ഇങ്ങനെ ഒരു ദുരന്തം ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പോലീസ് ഈ വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്.ഇതിനുപുറമെ ആരോഗ്യവകുപ്പും ഇതേകുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു.
മട്ടന്നൂർ നഗരസഭ വോട്ടെണ്ണൽ;എൽ.ഡി.എഫ് മുൻപിൽ
കണ്ണൂർ:ചൊവ്വാഴ്ച നടന്ന മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.35 വാർഡുകളിലെ വോട്ടെണ്ണലാണ് ആരംഭിച്ചത്.ഏറ്റവും ഒടുവിൽ കിട്ടിയ വിവരമനുസരിച്ചു എൽഡിഎഫ് 5 ഉം യുഡിഎഫ് 2 ഉം സീറ്റുകളിൽ വിജയിച്ചിരിക്കുന്നു. പെരിഞ്ചേരി,കുഴിക്കൽ,പൊറോറ എന്നീ വാർഡുകൾ എൽഡിഎഫ് നിലനിർത്തി.ഏഴന്നൂർ വാർഡ് യുഡിഎഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു.35 വാർഡുകളിൽ നിന്നായി 112 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.മട്ടന്നൂർ നഗരസഭയിലെ അഞ്ചാമത് ഭരണസമിതിക്കായുള്ള തിരഞ്ഞെടുപ്പാണിത്.
സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി:സംവിധായകൻ ജീൻ പോൾ ലാൽ,നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലു പേരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.ഹണി ബീ ടു എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം തന്നിട്ടില്ലെന്നും തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തി തുടങ്ങിയ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.ജാമ്യാപേക്ഷയെ പോലീസ് കഴിഞ്ഞ ദിവസം കോടതിയിൽ എതിർത്തിരുന്നു.സാക്ഷികൾ സിനിമ രംഗത്തു നിന്നുള്ളവരായതിനാൽ സ്വാധീന ശേഷിയുണ്ട്,നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാനായിട്ടില്ല എന്നീ കാര്യങ്ങൾ പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.ജീൻ പോൾ ലാലിനെയും ശ്രീനാഥ് ഭാസിയെയും കൂടാതെ ടെക്‌നീഷ്യന്മാരായ അനൂപ്,അനിരുദ്ധ് എന്നിവർക്കെതിരെയാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.വഞ്ചന,ലൈംഗിക ചുവയോടെയുള്ള സംസാരം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം
മട്ടന്നൂർ∙മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം.മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ 10നു വോട്ടെണ്ണൽ ആരംഭിക്കും. 10 മിനിറ്റിനകം ആദ്യഫലം അറിയാം. ഉച്ചയോടെ മുഴുവൻ വാർഡുകളിലെയും വോട്ടെണ്ണൽ പൂർത്തിയാകും. 35 വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 82.91% ആയിരുന്നു പോളിങ്. സമാധാനപരമായ തിരഞ്ഞെടുപ്പിനു ശേഷം വോട്ടിങ് മെഷീനുകൾ സെക്കൻഡറി സ്കൂളിൽ കനത്ത പൊലീസ് സുരക്ഷയിൽ സൂക്ഷിച്ചു.ആകെയുള്ള 36,330 വോട്ടർമാരിൽ 30,122 പേരാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്. യുഡിഎഫ് കേന്ദ്രങ്ങളിലാണ് ഏറ്റവും കുറവും കൂടുതലും പോളിങ് ശതമാനം. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മിനി നഗറിൽ ഏറ്റവും കുറഞ്ഞ ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ യുഡിഎഫിന്റെ സിറ്റിങ് സീറ്റായ മേറ്റടി വാർഡിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തി. ഇന്ന് ആഹ്ളാദ പ്രകടനത്തിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ജനങ്ങൾ കൂടി നിൽക്കുന്നത് ഒഴിവാക്കും. ശക്തമായ പൊലീസ് സുരക്ഷ ഒരുക്കും. റോഡിൽ പടക്കം പൊട്ടിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ലെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജോലി സമയം കൂട്ടി
തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ജോലി സമയം കൂട്ടി.ഓഫീസർമാരുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടെയും ജോലി സമയമാണ് നീട്ടിയത്.നിലവിൽ രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പ്രവർത്തി സമയം.അടുത്തയാഴ്ച മുതൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തി സമയം.ഈ വിഭാഗക്കാർക്ക് എല്ലാ മാസവും രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനമാക്കാനും മാനേജ്‌മന്റ് തീരുമാനിച്ചു.
സർക്കാർ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ബോണസ് 3500 രൂപയിൽ നിന്നും 4000 രൂപയായി വർധിപ്പിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.കുറഞ്ഞത് 24000 രൂപ മൊത്തശമ്പളം ഉള്ളവർക്കാണ് ബോണസ് നൽകുന്നത്.മറ്റു ജീവനക്കാരുടെ ഉത്സവബത്ത 2400 രൂപയിൽ നിന്നും 2750 രൂപയാക്കി ഉയർത്തുകയും ചെയ്തു.എക്സഗ്രെഷ്യ പെൻഷൻകാർക്ക് ഉത്സവബത്ത നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
ഉപ്പുമാവിനുള്ളിൽ വെച്ച് വിദേശ കറൻസി കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി:ഉപ്പുമാവിനുള്ളിൽ വെച്ച് വിദേശ കറൻസി കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ.1.29 കോടി രൂപയുടെ കറൻസി നോട്ടുകൾ ആണ് ഇവർ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.പുണെ വിമാനത്താവളത്തിൽ ആണ് സംഭവം.യാത്രക്കാരുടെ രേഖകൾ പരിശോധിച്ചപ്പോൾ എമിഗ്രേഷൻ ഓഫീസർക്ക് തോന്നിയ സംശയമാണ് കറൻസി കടത്തു പിടികൂടാൻ വഴിതെളിച്ചത്.ബാഗേജ് പരിശോധന കഴിഞ്ഞ ശേഷം തിരിച്ചു വിളിച്ച് ചൂടാറാതെ ഉപ്പുമാവ് സൂക്ഷിച്ച കാസറോൾ പരിശോധിച്ചപ്പോഴാണ് നോട്ടുകൾ ഒളിപ്പിച്ചതായി കണ്ടെത്തിയത്.പുണെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഇരുവരെയും പതിനാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ത്യക്കാർക്ക് ഖത്തറിലെത്താൻ ഇനി വിസ വേണ്ട;80 രാജ്യങ്ങൾക്ക് വിസ ഇളവ് നൽകി ഖത്തർ
ദോഹ:ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലെത്താൻ ഇനി വിസ വേണ്ട.സൗദിയും സഖ്യ രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം മറികടക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിന്റെ നടപടി. യു.എസ്, യു.കെ, കാനഡ,ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക ഉൾപ്പെടെയുള്ള 80 രാജ്യങ്ങളിൽ നിന്നുമുള്ളവർക് ഇനി മുതൽ ഖത്തറിൽ പ്രവേശിക്കാൻ വിസ വേണ്ടെന്നാണ് ഖത്തർ ടൂറിസം അതോറിറ്റി അധികൃതർ അറിയിച്ചിരിക്കുന്നത്.ഈ രാജ്യങ്ങളിൽ നിന്നുള്ളവർ വിസയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടതില്ലെന്ന് സർക്കാർ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ ഖത്തർ മന്ത്രാലയം വ്യക്തമാക്കി.പാസ്സ്‌പോർട്ട് ,മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ്,എന്നീ രേഖകളുള്ളവർക്ക് ഇനി മുതൽ സന്ദർശക വിസയില്ലാതെ ഖത്തറിലെത്താം.വിവിധ രാജ്യങ്ങളിൽ നിന്നുമുള്ളവർക്കു 30 ദിവസം മുതൽ 180 ദിവസം വരെ രാജ്യത്തു തങ്ങാമെന്നും രാജ്യം അറിയിക്കുന്നു.ഏതു രാജ്യത്തു നിന്നുമുള്ളവരാണ് എന്നത് അനുസരിച്ചായിരിക്കും ഈ കാലയളവ്.നിക്ഷേപകരെ കണ്ടെത്തുന്നതിന്റെയും ടൂറിസം മേഖലയുടെ വളർച്ചയും ലക്ഷ്യമിട്ടാണ് ഖത്തറിന്റെ നീക്കം.