കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ “മാഡം’ സിനിമനടി തന്നെയാണെന്ന് പൾസർ സുനി വെളിപ്പെടുത്തി. കോട്ടയത്ത് മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന വിഐപി, മാഡം ആരാണെന്ന് വെളിപ്പെടുത്തുമോ എന്ന് നോക്കട്ടെ എന്നും അയാൾ ഓഗസ്റ്റ് 16ന് മുൻപ് ഇക്കാര്യം പുറത്തുപറയുന്നില്ലെങ്കിൽ താൻ പറയുമെന്നുമാണ് സുനി വ്യക്തമാക്കിയത്.കോട്ടയത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്താൻ വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് എടുത്ത കേസിലാണ് സുനിയെ കോടതിയിൽ ഹാജരാക്കിയത്. ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സുനിയെ എത്തിച്ചത്.
സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിനുള്ള ഫീസ് പതിനൊന്ന് ലക്ഷമാക്കി സുപ്രിം കോടതി
ന്യൂഡൽഹി:സ്വാശ്രയ മെഡിക്കല്‍ പ്രവേശത്തിനുള്ള താല്‍ക്കാലിക ഫീസ് പതിനൊന്ന് ലക്ഷമാക്കി ഉയര്‍ത്തി സുപ്രിം കോടതി. അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് അടക്കണം. ബാക്കി തുക ബാങ്ക് ഗ്യാരണ്ടിയായും നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. അഞ്ച് ലക്ഷം രൂപയുടെ ഏകീകൃത ഫീസ് ശരിവെച്ച ഹൈക്കോടതി ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് മാനേജ്മെന്റുകള്‍ നല്‍കിയ ഹരജികളിലാണ് കോടതിയുടെ നടപടി.സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളിലെ 85 ശതമാനം സീറ്റുകളിലും 5 ലക്ഷം രൂപയുടെ ഏകീകൃത ഫീസ് ഈടാക്കാമെന്ന ജസ്റ്റിസ് രാജേന്ദ്രന്‍ ബാബു കമ്മറ്റിയുടെ തീരുമാനം ശരിവെച്ച് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് മാനേജ്മെന്റുകള്‍ സുപ്രിം കോടതിയെ സമീപിച്ചത്. കരാറിലേര്‍പ്പെട്ട കോളേജുകള്‍ക്ക് പതിനൊന്ന് ലക്ഷം രൂപവരെ ഫീസീടാക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ടെന്നും, ഇത് തങ്ങള്‍ക്കും അനുവദിക്കണമെന്നും മാനേജ്മെന്റുകള്‍ വാദിച്ചു. എന്നാല്‍, കരാറിലേര്‍പ്പെട്ട സ്ഥാപനങ്ങള്‍ എല്ലാ സീറ്റുകളിലേക്കും പതിനൊന്ന് ലക്ഷമല്ല ഈടാക്കുന്നതെന്നും, ഏതാനും സീറ്റുകളില്‍ അഞ്ച് ലക്ഷത്തിലും കുറഞ്ഞ ഫീസുകളിലും വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി കരാറിലേര്‍പ്പെടാത്ത മാനേജ്മെന്റുകള്‍ ലാഭക്കൊതി മൂലമാണ് ഹൈക്കോതി വിധിയെ ചോദ്യം ചെയ്യുന്നതെന്നും സര്‍ക്കാര്‍ വാദിച്ചു. ഹൈക്കോടതി ശരിവെച്ചത് താല്‍ക്കാലിക ഫീസാണെന്നും, അതില്‍ താല്‍ക്കാലിക ഇളവ് നല്‍കണമെന്നും മാനേജ്മെന്റുകള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ്, താല്‍ക്കാലിക ഫീസായി പതിനൊന്ന് ലക്ഷം വരെ ഈടാക്കാന്‍ ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അനുവദിച്ചത്.
വയനാട്ടിൽ പുള്ളിപ്പുലി കിണറ്റിൽ വീണു
കൽപ്പറ്റ:വയനാട്ടിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുള്ളിപ്പുലി വീണു.പൊഴുതന ആറാംമൈലിൽ ഇന്ന് പുലർച്ചെയാണ് സംഭവം.ആഴമുള്ള കിണറായതിനാൽ പുലിക്ക് സ്വയം കയറാനായില്ല .ആറാംമൈലിലെ പി.എം ഹനീഫയുടെ വീട്ടിലെ കിണറിലാണ് പുലി വീണത്.കിണറിന്റെ മറ നീങ്ങിക്കിടക്കുന്നതു ശ്രദ്ധയിൽ പെട്ട ഹനീഫയുടെ ഭാര്യയാണ് പുലി കിണറ്റിൽ വീണിട്ടുണ്ടെന്നു കണ്ടെത്തിയത്.പൊഴുതനയ്ക്ക് സമീപമുള്ള നദിയുടെ അക്കരെയുള്ള വനമേഖലയിൽ നിന്നാകും പുലി വന്നതെന്നാണ് നിഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വൈത്തിരി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.പുലിയെ കരയ്ക്കു കയറ്റാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.മയക്കുവെടി വെച്ച് പുലിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
രക്ഷാബന്ധൻ ഉത്സവത്തെ അപമാനിച്ച് സിപിഎം
പാനൂർ:രക്ഷാബന്ധൻ ഉത്സവത്തെ സിപിഎം അപമാനിച്ചതായി പരാതി.തെരുവ്നായ്ക്കളുടെ കാലിൽ രാഖി ബന്ധിച്ചാണ് സിപിഎം ദേശീയോത്സവത്തെ അപമാനിച്ചത്.മേലെ കുന്നോത്ത് പറമ്പിലെ കമ്മ്യൂണിറ്റി ഹാളിന്റെ അടുത്തുള്ള സിപിഎം ഓഫീസിലെ പ്രവർത്തകരാണ് തെരുവ് നായയെ ബലമായി പിടിച്ചു കഴുത്തിലും കാലിലും രാഖി ബന്ധിച്ചത്.രക്ഷാബന്ധൻ പരിപാടിയെ പരസ്യമായി അപമാനിച്ച സിപിഎം സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് സി.കെ കുഞ്ഞിക്കണ്ണൻ മാസ്റ്റർ പ്രസ്താവനയിൽ പറഞ്ഞു.
ഗായികയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ
കൊല്ലം:പ്രശസ്ത ഗായികയെ ഗാനമേള കഴിഞ്ഞു വരുന്ന വഴിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം.ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ഗാനമേള കഴിഞ്ഞു പിന്നണിക്കാരോടൊപ്പം കാറിൽ വരുമ്പോൾ ഉമയനെല്ലൂർ ജംഗ്ഷനിൽ ചായകുടിക്കാൻ കാർ നിർത്തിയതോടെയായിരുന്നു സംഭവം.എല്ലാവരും ചായ കുടിക്കുന്നതിനിടെ കാറിനടുത്തെത്തിയ യുവാവ് ഷാഡോ പോലീസാണെന്നു സ്വയം പരിചയപ്പെടുത്തി.എന്നിട്ട് കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നു പറഞ്ഞു കാറിന്റെ താക്കോൽ ബലമായി ഊരിയെടുത്തു.തുടർന്ന് ഗായികയുടെ കയ്യിൽ പിടിച്ച് പുറത്തേക്ക് വലിച്ചിറക്കാൻ ശ്രമിച്ചു.ഇവരുടെ നിലവിളിയും ഒപ്പമുണ്ടായിരുന്നവരുടെ ബഹളവും കേട്ട് നാട്ടുകാർ ഓടിക്കൂടി യുവാവിനെ പിടികൂടി പൊലീസിന് കൈമാറി.നെടുമ്പന പഞ്ചായത്തു ഓഫീസിനു സമീപം തെക്കേ ചരുവിള വീട്ടിൽ മനാഫുദ്ധീൻ ആണ് പിടിയിലായത്.
ബിജെപിയുടെ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശ്ശൂരിൽ
തൃശൂർ:ബിജെപിയുടെ നിർണായക സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തൃശ്ശൂരിൽ നടക്കും.മെഡിക്കൽ കോഴ വിവാദത്തിൽ അച്ചടക്ക നടപടി എടുത്തതിനു ശേഷമുള്ള നിർണായക യോഗമാണ് ഇന്ന് നടക്കുന്നത്.കോഴ വിവാദത്തെ തുടർന്ന് ഗ്രൂപ്പ് പോരും ശക്തമായിരിക്കുകയാണ്. നേതൃത്വം ഏകപക്ഷീയമായി നടപടിയെടുത്തു എന്നതാണ് മുരളീധര പക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോഴ റിപ്പോർട് ചോർച്ചയിൽ പ്രതിക്കൂട്ടിലായ മുരളീധര വിഭാഗത്തിന് എതിരെയുള്ള മറ്റൊരു കടുത്ത നടപടിയായിരുന്നു റിപ്പോർട് ചോർന്നതിന്റെ പേരിൽ വി.വി രാജേഷിനെ സംഘടനാ പദവികളിൽ നിന്നും മാറ്റിയത്.അതിനു പകരം ചോദിക്കുകയാണ് മുരളീധര പക്ഷത്തിന്റെ ലക്ഷ്യം.റിപ്പോർട് ചോർച്ചയുമായി ബന്ധപ്പെട്ട് വി.വി.രാജേഷിനെതിരെയും യുവമോർച്ച ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്‌ണയ്‌ക്കെതിരെയുമുള്ള നടപടികൾക്ക് അംഗീകാരം നൽകേണ്ടത് ഈ യോഗമാണ്.കെ.പി ശ്രീശനും എ.കെ നസീറും സമർപ്പിച്ച അന്വേഷണ റിപ്പോർട് ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് നൽകിയത് തിരുത്തൽ വരുത്തിയാണെന്ന പുതിയ കണ്ടെത്തലാണ് കുമ്മനത്തിനെതിരെ വി.മീരളീധര വിഭാഗം പ്രയോഗിക്കാനിരിക്കുന്ന വജ്രായുധം.ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ കുമ്മനത്തിന്റെ സഹായിയുടെ പേര് ഒഴിവാക്കുകയും കോഴ എന്നതിന് പകരം കൺസൾട്ടൻസി ഫീസ് എന്നാക്കുകയും ചെയ്തു എന്നാണ് മുരളീധര പക്ഷത്തിന്റെ ആരോപണം. ഇതോടെ തിങ്കളാഴ്ച്ച തൃശൂരിൽ നടക്കുന്ന യോഗത്തിൽ ഇരു വിഭാഗവും കരുതി തന്നെയാകും എത്തുക.ഞായറാഴ്ച തൃശൂരിലെത്തിയ കുമ്മനം യോഗത്തിൽ കുഴപ്പമുണ്ടാകാനുള്ള സാധ്യത ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച ചെയ്തു.മണ്ഡലം കമ്മിറ്റികളിൽ ദീനദയാൽ ജന്മശതാബ്ദി ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളും യോഗം ചർച്ച ചെയ്യും.
സ്വാതന്ത്ര്യ ദിനാഘോഷം;സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം
തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം.തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പോലീസ് പരിശോധനകൾ തുടങ്ങി.നാളെ 8.30 നു തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. സ്റ്റേഡിയത്തിന്റെ പരിസരത്ത് ഇന്ന് മുതൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്.24 പ്ലാറ്റൂണുകൾ പങ്കെടുക്കുന്ന പരേഡിൽ കർണാടക പോലീസും പങ്കെടുക്കും.രാഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയവരുടെ മെഡൽ വിതരണം മുഖ്യമന്ത്രി നടത്തും.
ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്
ആലപ്പുഴ:65–മത് നെഹ്‌റു ട്രോഫി ജലോല്‍സവത്തില്‍ ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ എറണാകുളം തുത്തിക്കാട് ബോട്ട് ക്ലബ്ബ് തുഴഞ്ഞ ഗബ്രിയേല്‍ ചുണ്ടന്‍ ജേതാവായി. യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍തെക്കേതിലിനെ ഫോട്ടോ ഫിനിഷില്‍ രണ്ടാമതാക്കിയായിരുന്നു ഗബ്രിയേല്‍ ചുണ്ടന്‍ ജേതാക്കളായത്.കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തി. അതേസമയം നിലവിലെ ചാമ്പ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫൗള്‍ സ്റ്റാര്‍ട്ടു മൂലം മൂന്നാം ഹീറ്റ്‌സിലെ മല്‍സരം നാലു തവണ മുടങ്ങിയത് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചു. ഇതോടെ ഫൈനല്‍ മല്‍സരം ഏറെ വൈകിയാണ് ആംരഭിച്ചത്. ഉച്ചക്ക് രണ്ട് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. 20 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്.
സംസ്ഥാനത്തെ ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു
കൊച്ചി:സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു. നെടുമ്പാശേരി അന്താരാഷട്ര വിമാനത്താവളത്തിൽ നിന്നും രാവിലെ 7.45 നാണ് വിമാനം പുറപ്പെട്ടത്. മന്ത്രി കെ ടി ജലീൽ ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു.900 പേരാണ് മൂന്ന് വിമാനങ്ങളിലായി ആദ്യ ദിനം കൊച്ചിയിൽ നിന്ന് യാത്രയാകുന്നത്. രാവിലെ 6.30ക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ജിദ്ദയിൽ നിന്നുള്ള റൂട്ട് മാറിയതിനാൽ വൈകിയാണെത്തിയത്. 7.30ന് മന്ത്രി കെടി ജലീൽ ഫ്ലാഗ് ഓഫ് ചെയ്തു. 7.45നാണ് പുറപ്പെടാനായത്.11,828 പേരാണ് നെടുമ്പാശേരി വിമാനത്താവളo വഴി യാത്രയാവുക. അതിൽ 11,425പേര്‍ കേരളത്തിൽ നിന്നുള്ളവരാണ്. 32 പേർ മാഹിയിൽ നിന്നും 35 പേർ ലക്ഷദ്വീപിൽ നിന്നും. ഇതര സംസ്ഥാനങ്ങളിൽ ഒഴിവ് വന്നാൽ കേരളത്തിൽ നിന്നുള്ള തീർഥാടകർക്ക് അവസരം വിനിയോഗിക്കാൻ കഴിയും. ഈ മാസം 26 വരെയാണ് കൊച്ചിയിൽ നിന്നു സൗദിയിലേക്കുള്ള സർവീസ്.
ജിഷ്ണുവിന്റെ ആത്മഹത്യ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കത്തയക്കും
കോഴിക്കോട്:പാമ്പാടി നെഹ്‌റു കോളേജ് വിദ്യാർത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സിബിഐക്ക് കത്തയക്കും.കേസ് ഏറ്റെടുക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ കേരളാ പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് അട്ടിമറിക്കാൻ പൊലീസിലെ ചിലർ ശ്രമിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടും.ജിഷ്ണുവിന്റെ പിതാവ് നൽകിയ നിവേദനത്തെ തുടർന്നാണ് കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്.