
കണ്ണൂർ:തലശ്ശേരിയിൽ രണ്ടു കുട്ടികളുടെ അമ്മയായ യുവതിക്ക് കാമുകനോടൊപ്പം പോകാൻ കോടതി അനുമതി നൽകി.പാറപ്രം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോകണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടത്.കഴിഞ്ഞ മാസം 29 ന് വിദേശത്തു നിന്നും നാട്ടിലെത്തിയ ഭർത്താവ് ഉറങ്ങിക്കിടക്കെ രാത്രിയിൽ യുവതി ഇളയ മകനുമായി വീട് വിട്ടിറങ്ങി കാമുകനോടൊപ്പം ഒമാനിലേക്ക് കടന്നു.വിവരം അറിഞ്ഞ ഭർത്താവ് ഒമാനിലെ തന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരും ഒമാനിൽ എത്തിയ ഉടൻ പോലീസും സംഘടനകളും ചേർന്ന് ഇവരെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. തിരികെ കോഴിക്കോട്ട് എത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതിയിൽ തനിക്ക് കാമുകനോടൊപ്പം പോകണമെന്ന് ഉറച്ച തീരുമാനമെടുത്ത യുവതി പക്ഷെ മക്കളെ കൂടെ കൂട്ടാൻ തയ്യാറായില്ല.ഇതോടെ മക്കളുടെ സംരക്ഷണം ഭർത്താവിന് വിട്ടു നൽകിയ കോടതി യുവതിയെ കാമുകനോടൊപ്പം വിടുകയായിരുന്നു.








