യു.പി യിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി
ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 23 ആയി.10 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് പാളം തെറ്റിയത്. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു.ഒഡിഷയിലെ പുരിയില്‍ നിന്ന് പുറപ്പെട്ട കലിംഗ – ഉദ്കല്‍ എക്സ്പ്രസാണ് മുസഫര്‍നഗറിന് 25 കിലോമീറ്റര്‍ അകലെ ഖട്ടവ്‌ലിയില്‍ പാളം തെറ്റിയത്. വൈകിട്ട് 5.50 നായിരുന്നു അപകടം. 10 ബോഗികളാണ് പാളം തെറ്റിയത്. 6 ബോഗികള്‍ പൂര്‍ണമായും പാളത്തില്‍ നിന്ന് തെന്നിമാറി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.അപകടകാരണം വ്യക്തമായിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. സംഭവത്തില്‍ റെയില്‍വേ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് റെയില്‍വേമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തീപിടുത്തം
കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം തീപിടുത്തം.പഴയ ഫർണിച്ചറുകൾ സൂക്ഷിച്ചിരുന്ന മുറിയിൽ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്. വിമാനത്താവളത്തിലുണ്ടായിരുന്ന ഫയർ ഫോഴ്സ് ഉടൻ എത്തി തീയണച്ചു.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
കട്ടപ്പനയിൽ 20 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി
ഇടുക്കി:ഇടുക്കി കട്ടപ്പനയിൽ 20 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. സംഭവത്തിൽ അഭിഭാഷകനും ശിവസേന നേതാവുമുൾപ്പെടെ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഒരു മാസം മുൻപ് ഇടുക്കി എസ്.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.ഇന്ന് പുലർച്ചെയാണ് കട്ടപ്പന ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള സംഘം 17.5 കിലോ ഹാഷിഷുമായി പ്രതികളെ പിടികൂടിയത്.പോലീസ് അന്വേഷണം തുടരുകയാണ്.
മൂന്നു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു
ആലപ്പുഴ:ആലപ്പുഴയിൽ മൂന്നുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം സ്വദേശികളായ ജിതിൻ വർഗീസ്,ലിബിൻ ജോസ്,നീലൻ എന്നിവരാണ് മരിച്ചത്.റെയിൽവേ ട്രാക്കിനു സമീപത്തുള്ള വീട്ടിൽ വിവാഹത്തിന് പങ്കെടുക്കുന്നതിനായാണ് ഇവർ ആലപ്പുഴയിൽ എത്തിയത്.ഇന്ന് പുലർച്ചെ കൊല്ലം-എറണാകുളം മെമു ഇടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചന.ട്രെയിൻ വളവു തിരിഞ്ഞു വരുന്നത് ട്രാക്കിനകത്തു നിൽക്കുകയായിരുന്ന ഇവർ കണ്ടില്ലെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.മൂവരുടെയും മൃതദേഹങ്ങൾ പാളത്തിന് പുറത്താണ് കിടന്നിരുന്നത്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വള്ളം മറിഞ്ഞ് മൂന്നുപേർ മരിച്ചു
കൊല്ലം:കായലിൽ വള്ളം മറിഞ്ഞ് മൂന്നുപേർ മുങ്ങി മരിച്ചു.കണ്ടച്ചിറ കായലിലാണ് സംഭവം.കണ്ടച്ചിറ സ്വദേശികളായ ടോണി,സാവിയോ,മോനിഷ് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.കായലിൽ മത്സ്യബന്ധനത്തിന് പോയവരാണ് അപകടത്തിൽപെട്ടത്.മീൻ പിടിക്കുന്നതിനായി വല കായലിലേക്ക് എറിയുമ്പോൾ വള്ളം ഉലയുകയും മൂവരും നിലതെറ്റി വെള്ളത്തിൽ വീഴുകയുമായിരുന്നു.മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുരുകന്റെ മരണം;വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി
പാലക്കാട്: തമിഴ്നാട് സ്വദേശി മുരുകൻ ചികിത്സ ലഭിക്കാതെ മരണമടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം മെഡിക്കല്‍ കോളജ് അധികൃതരെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.മുരുകനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സമയത്ത് വെന്റിലേറ്ററുകൾ ഒഴിവുണ്ടായിരുന്നില്ലെന്നു പറയുന്നത് ശരിയല്ലെന്ന് കെ.കെ.ശൈലജ.നിലവില്‍ വെന്‍റിലേറ്ററിലുളള രോഗികള്‍ക്ക് വേണ്ടിയുളള സ്റ്റാന്‍ഡ് ബൈ ആണ് 15 എണ്ണം. പുതിയതായി വരുന്ന രോഗിക്ക് ഇവ ഉപയോഗിക്കാനാകില്ല. വിശദമായ റിപ്പോര്‍ട്ട് കിട്ടിയശേഷമേ സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പറയാനാകൂവെന്നും മന്ത്രി പറഞ്ഞു.
റിയാദിൽ മലയാളി കുത്തേറ്റ് മരിച്ചു
ജിദ്ദ:റിയാദിലെ ശിഫായിൽ മലയാളി കുത്തേറ്റ് മരിച്ചു.കോഴിക്കോട് കൊടുവള്ളി സ്വദേശി കെ.കെ.അബ്ദുൽ ഗഫൂർ(50) ആണ് മരിച്ചത്.പ്രഭാത ഭക്ഷണത്തിന് ഇറങ്ങിയപ്പോഴാണ് കുത്തേറ്റതെന്നു കരുതുന്നു.തലയ്ക്ക് അടിയേറ്റ പാടുള്ളതായും പറയുന്നു.ശിഫയിലെ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടത്.പ്ലാസ്റ്റിക് കമ്പനിയിലെ ജീവനക്കാരനാണ് ഗഫൂർ.
യുപിയിൽ ട്രെയിൻ പാളം തെറ്റി അഞ്ചു മരണം
ലക്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ട്രെയിൻ പാളം തെറ്റി. പുരിയിൽനിന്നു ഹരിദ്വാർവഴി കലിംഗയ്ക്കു പോകുന്ന ഉത്കൽ എക്സ്പ്രസിന്‍റെ ആറു ബോഗികളാണ് പാളം തെറ്റിയത്. അഞ്ചുപേർ അപകടത്തിൽ മരച്ചതായാണ് പ്രാഥമിക വിവരം. 35 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. അപകടം അട്ടിമറിയാണെന്ന് സംശയമുയർന്നതിനെ തുടർന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവസ്ഥലത്തേക്കു തിരിച്ചു.മുസഫർനഗറിലെ കട്ടൗലിക്കുസമീപമായിരുന്നു അപകടം. ന്യൂഡൽഹിയിൽനിന്നു 100 കിലോമീറ്റർ മാത്രം അകലെയാണ് കട്ടൗലി. ജില്ലാ ഭരണകൂടം ഇവിടെ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളെ ഡൽഹിയിൽനിന്ന് അപകടമുണ്ടായ കട്ടൗലിയിലേക്ക് അയച്ചിട്ടുണ്ട്.
ഷുക്കൂർ വധക്കേസ്;സിപിഎം നേതാക്കൾക്കെതിരെ പുനരന്വേഷണം
കണ്ണൂർ:അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കൾക്കെതിരെ പുനരന്വേഷണം. സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും ഉൾപ്പെട്ട നേതാക്കൾക്കെതിരെയാണ് സിബിഐ അന്വേഷണം.2012 ഫെബ്രുവരി 20 നാണ് എം.എസ്.എഫ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടത്.പി.ജയരാജന്റെ കാർ അക്രമിക്കപ്പെട്ടതിന്റെ തൊട്ടു പിന്നാലെയായിരുന്നു കൊലപാതകം.കൊലപാതക ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ല എന്നതാണ് പി.ജയരാജൻ ഉൾപ്പെടെയുള്ളവർക്കെതിരെയുള്ള കേസ്.ഷുക്കൂറിന്റെ മാതാവിന്റെ ആവശ്യപ്രകാരമാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.മാധ്യമ പ്രവർത്തകൻ എം.കെ മനോഹരനിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു.