കീച്ചേരി:കീച്ചേരി ദേശീയപാതയിൽ വിവിധ അപകടങ്ങളിലായി ഒൻപതുപേർക്ക് പരിക്ക്.നാലുപേരുടെ നില ഗുരുതരമാണ്.ഞായറാഴ്ച രാവിലെ പത്തുമണിയോടെ കീച്ചേരി വളവിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് ആദ്യ അപകടം.ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മേലൂർ സ്വദേശികളായ പ്രഷിൽ,രഞ്ജിത്ത് എന്നിവരെ പരിയാരം മെഡിക്കൽ കോളേജ് ഐ.സി.യുവിലാക്കി.ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് രണ്ടാമത്തെ അപകടം നടന്നത്.രാവിലെ അപകടം നടന്ന സ്ഥലത്തു തന്നെയാണ് ഈ അപകടവും നടന്നത്. പയ്യന്നൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ്സ് ലോറിയെ മറികടക്കുന്നതിനിടയിൽ കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.ബക്കളത് വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന മരക്കാർകണ്ടിയിലെ സുമയ്യ മന്സിലിലുള്ളവരാണ് അപകടത്തിൽപെട്ടത്.കാറിലുണ്ടായിരുന്ന ഏഴുപേരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാപ്പിനിശ്ശേരി ചുങ്കം റോഡിൽ നാലുമണിയോടെ വിവാഹ പാർട്ടി സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല.
കണ്ണൂർ ടൗൺസ്‌ക്വയറിൽ ഷി ടോയ്‌ലറ്റ് തുറന്നു
കണ്ണൂർ:ലയൺസ് ക്ലബ്ബ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലയൺസ് ക്ലബ്ബ് ഓഫ് കാനന്നൂർ,ഫെഡറൽ ബാങ്ക്,ഐ ഡിസൈൻ എന്നിവയുടെ സഹകരണത്തോടെ കണ്ണൂർ ടൗൺസ്‌ക്വയറിൽ ഷി ടോയ്‌ലറ്റ് നിർമിച്ചു.നിർമാണം പൂർത്തിയായ ശൗചാലയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്തു.പണം കൊടുത്ത് ഉപയോഗിക്കാവുന്ന തരത്തിലാണ് പ്രവർത്തിക്കുക.നിരവധി പരിപാടികൾ നടക്കുന്ന ടൗൺസ്‌ക്വയറിൽ ടോയ്‌ലെറ്റ് നിർമിക്കണമെന്ന് ശക്തമായ ആവശ്യം ഉയർന്നിരുന്നു.
തലശേരിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
തലശ്ശേരി:തലശ്ശേരിയിൽ പോലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.തലശ്ശേരി ടി.സി മുക്ക് റെയിൽവേ സ്റ്റേഷൻ റോഡിലെ ഒരു കടയിൽ നിന്നും വാടക ക്വാർട്ടേഴ്‌സിലെ മുറിയിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ ഓംപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തു.20 വർഷമായി ഇയാൾ തലശ്ശേരിയിൽ താമസിച്ചു കച്ചവടം നടത്തി വരികയാണ്.പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടമാണ് ഇയാൾ നടത്തുന്നത്.അഞ്ചുലക്ഷം രൂപയോളം വില വരുന്ന ബംഗാളി ബീഡി,പുകയില ഉത്പന്നങ്ങളിൽ ചേർക്കുന്ന പദാർത്ഥങ്ങൾ അമ്പാരി ചുര,ഹീര പന്ന, ഷാൻ, ചേതാപാനി,തുടങ്ങിയ പേരുകളിൽ അന്യസംസ്ഥാനങ്ങളിൽ ഉല്പാദിപ്പിക്കുന്ന പുകയില ഉത്പന്നങ്ങൾ എന്നിവയാണ് പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങൾ പിടികൂടിയത്.അന്യ സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്നത്.പായ്ക്കറ്റിൽ രേഖപ്പെടുത്തിയ വിലയേക്കാൾ നാലിരട്ടി വില ഈടാക്കിയാണ് ആവശ്യക്കാർക്ക് നൽകുന്നത്. മുംബൈ,മംഗളൂരു എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ മാർഗമാണ് ഇവ തലശ്ശേരിയിലെത്തിക്കുന്നതെന്നു പോലീസ് പറഞ്ഞു.
വനിതാ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്:അത്തോളി പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സിവിൽ പോലീസ് ഓഫീസറായ ബിജുല((43) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയാണ്.
നാളെ ദേശീയ ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി:രാജ്യത്തെ ബാങ്കുകൾ ഓഗസ്റ്റ് 22 ന് ദേശവ്യാപകമായി പണിമുടക്കും.ബാങ്ക് യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്.ഭാരവാഹികൾ വാർത്ത സമ്മേളനത്തിലാണ് പണിമുടക്ക് വിവരം അറിയിച്ചത്.യു.എഫ്.ബിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 15 ന് ഒരുലക്ഷം ബാങ്ക് ജീവനക്കാരും ഉദ്യോഗസ്ഥരും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.എന്നാൽ സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്,എച്.ഡി.എഫ്.സി ബാങ്ക്,ആക്സിസ് ബാങ്ക്,കോട്ടക്ക് മഹീന്ദ്ര ബാങ്ക് എന്നിവ നാളെ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.എങ്കിലും ചെക്ക് ക്‌ളിയറൻസിൽ കാലതാമസമുണ്ടാകും.ബാങ്ക് സ്വകാര്യവൽക്കരണം, ലയനം എന്നീ നീക്കങ്ങൾ പിൻവലിക്കുക,കോർപ്പറേറ്റ് കിട്ടാക്കടങ്ങൾ എഴുതിത്തള്ളാതിരിക്കുക, ജനവിരുദ്ധ ബാങ്കിങ് പരിഷ്‌ക്കാരങ്ങൾ ഉപേക്ഷിക്കുക,ബോധപൂർവം വായ്‌പ്പാ കുടിശ്ശിക വരുത്തുന്നത് ക്രിമിനൽ കുറ്റമാക്കുക,വർധിപ്പിച്ച ബാങ്കിങ് സേവന നിരക്കുകൾ കുറയ്ക്കുക, ബാങ്ക്സ് ബോർഡ് ബ്യുറോ പിരിച്ചു വിടുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിയാണ് സമരം.
കൊച്ചിയിൽ യുവതി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്
കൊച്ചി∙ നഗരത്തിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി. മൂന്നാഴ്ച മുൻപുണ്ടായ സംഭവത്തിൽ യുവതിക്കു പരാതിയില്ല എന്നാണു പൊലീസ് ഭാഷ്യം. അക്രമികളുമായി പൊലീസ് ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു യുവതിയുടെ ഭർത്താവ് ഐജിക്കു പരാതി നൽകി. യുവതി ഇപ്പോഴും അക്രമികളുടെ തടങ്കലിലാണെന്നും ജീവനു ഭീഷണിയുണ്ടെന്നും ഭർത്താവ് പറയുന്നു.ഭർത്താവുമായി അകന്നുകഴിയുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ ഇക്കഴിഞ്ഞ മാസം 28ന് അർധരാത്രിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ശരീരമാസകലം പരുക്കുകളുണ്ടായിരുന്നു. കയ്യിൽ മൂർച്ചയുളള ആയുധം കൊണ്ടുണ്ടായ മുറിവും. അമിതമായി മദ്യം ഉള്ളിൽ ചെന്നിരുന്നു. ഇതു കുടിപ്പിച്ചതാണെന്നു സംശയിക്കാൻ പാകത്തിൽ കവിളിന് ഇരുവശവും ബലപ്രയോഗത്തിന്റെ അടയാളവും. ഇത്രയും കണ്ടെത്തിയതോടെ ആശുപത്രിയിൽനിന്നു വിവരമറിയിച്ചു മരട് പൊലീസെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. മൂന്നാഴ്ചയായിട്ടും കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. വിവരമറിഞ്ഞെത്തിയ ഭർത്താവിനോടു തനിക്കു പരാതിയില്ലെന്നും കേസെടുക്കേണ്ടെന്നും യുവതി പറഞ്ഞുവെന്നാണു പൊലീസിന്റെ വിശദീകരണം.താനുമായി അകന്നശേഷം ഒപ്പം താമസിക്കുന്നയാളാണു യുവതിയെ ക്രൂരമായി ആക്രമിച്ചതെന്ന് ഭർത്താവ് പറയുന്നു. യുവതിയുമായി മുൻപേ അടുപ്പമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കേസ് ഇല്ലാതാക്കാൻ ഇടപെടുന്നുണ്ട്. ഇവരുടെ ഭീഷണിയിലാകാം പരാതിയില്ല എന്നു പറയുന്നത്.ആശുപത്രി രേഖയിൽനിന്നു തന്നെ ഗൗരവസ്വഭാവം വ്യക്തമാണ്. എന്നിട്ടും കേസെടുക്കാത്ത പൊലീസിന്റെ നടപടി സ്ത്രീ സുരക്ഷയ്ക്കെതിരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് അഭിഭാഷകൻ കൂടിയായ ഭർത്താവ് പ്രശാന്ത് വി. കുറുപ്പ് ചൂണ്ടിക്കാട്ടുന്നു. ആക്രമിച്ചവരുടെ കസ്റ്റഡിയിലാണ് അവർ ഇപ്പോഴുമുള്ളത്. യുവതി ഫോണിൽ വിളിച്ചത് അനുസരിച്ചാണു താൻ കൊച്ചിയിൽ എത്തിയതെന്നും എന്നാൽ നേരിൽ കാണാനായിട്ടില്ലെന്നും എവിടെയെന്ന് അറിയില്ലെന്നും ഭർത്താവ് പറയുന്നു. ഇതിനായി രണ്ട് ദിവസമായി കൊച്ചിയിൽ തങ്ങുകയാണ് പ്രശാന്ത്.
കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി നേഴ്സ് ജയിൽ മോചിതനാകുന്നു.
കുവൈറ്റ്:രക്തസാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്ത മലയാളി നേഴ്സ് എബിൻ തോമസ് ജയിൽ മോചിതനാകുന്നു.എബിൻ തോമസ് നിരപരാധിയാണെന്ന് കുവൈറ്റ് കോടതി വിധിച്ചു.മൂന്നു തവണ വിധി പറയാൻ മാറ്റിവച്ചതോടെ കേസിന്റെ കാര്യത്തിൽ മലയാളി സമൂഹം ഏറെ ആശങ്കയിലായിരുന്നു.2015 മാർച്ച് മുതൽ കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഫഹാഹീൽ ക്ലിനിക്കിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തുകൊണ്ടിരിക്കെ രക്ത സാമ്പിളിൽ കൃത്രിമം കാണിച്ചു എന്നാരോപിച്ച് 2017 ഫെബ്രുവരി 22 നാണ് എബിനെ പോലീസ് അറസ്റ്റ് ചെയ്തത്.തൊടുപുഴ കരിങ്കുന്നം മറ്റത്തിപ്പാറ മുത്തോലി പുത്തൻപുരയിൽ കുടുംബാംഗമാണ് എബിൻ.
എറണാകുളത്ത് വീടുകളിൽ ലഖുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ
ആലുവ:എറണാകുളത്ത് വീടുകളിൽ ലഖുലേഖ വിതരണം ചെയ്ത 18 പേർ കസ്റ്റഡിയിൽ.നാട്ടുകാർ വിവരം നൽകിയതിനെ തുടർന്നാണ് പറവൂർ വടക്കേക്കരയിൽ നിന്നും പതിനെട്ടുപേരെ കസ്റ്റഡിയിലെടുത്തത്.ഗ്ലോബൽ ഇസ്ലാമിക് മിഷൻ എന്ന സംഘടനയുടെ പേരിലാണ് ഇവർ ലഖുലേഖകൾ വിതരണം ചെയ്തത്.കസ്റ്റഡിയിലുള്ളവരെ ആലുവ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.ലഖുലേഖകൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.മതവിദ്വെഷം വളർത്തുന്നതാണ് ലഖുലേഖയിലെ ഉള്ളടക്കമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്താനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
തലശ്ശരിയിൽ ലോറി ഡിവൈഡറിൽ ഇടിച്ചു കയറി
തലശേരി: നഗരമധ്യത്തിലെ ഡിവൈഡറില്‍ കയറിയ ചരക്ക് ലോറി നിശ്ചലമായി. ഒടുവില്‍ യന്ത്രസഹായത്തോടെ മണിക്കൂറുകള്‍ നീണ്ടുനിന്ന കഠിന പ്രയത്‌നത്തില്‍ ഡിവൈഡര്‍ പൊളിച്ചു നീക്കി ലോറി മോചിപ്പിച്ചു.ഇന്നലെ പുലർച്ചെയാണ് മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള ചരക്കു ലോറി പഴയ ബസ് സ്റ്റാൻഡിൽ സൗന്ദര്യ ഫാന്‍സിക്കു മുന്‍വശമായി ഡിവൈഡറിനു മുകളില്‍ കയറി നിശ്ചലമായത്. ഡ്രൈവര്‍ ഏറെ ശ്രമിച്ചിട്ടും ലോറി ഡിവൈഡറില്‍ നിന്നും ഇറങ്ങിയില്ല.ഒടുവില്‍ പുലര്‍ച്ചെയോടെ കോണ്‍ക്രീറ്റ് പൊളിക്കുന്ന യന്ത്രം ഘടിപ്പിച്ച വാഹനമെത്തുകയും ലോറിക്കടിയിലൂടെ അതിസാഹസികമായി കോണ്‍ക്രീറ്റ് പൊളിച്ച ശേഷം രാവിലെ പത്തരയോടെ ലോറി നീക്കം ചെയ്യുകയും ചെയ്‌തു. ലോറി ഇപ്പോള്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണുള്ളത്.പൊളിച്ചു നീക്കിയ കോണ്‍ക്രീറ്റ് ഡിവൈഡര്‍ പുനര്‍നിര്‍മിക്കുന്നതിനുള്ള തുക ബന്ധപ്പെട്ട വകുപ്പില്‍ കെട്ടി വയ്ക്കുകയും നിയമലംഘനത്തിന് പിഴയടക്കുകയും ചെയ്‌താലേ ലോറിക്ക് മോചനം നല്‍കൂവെന്ന് പോലീസ് അറിയിച്ചു.
കോഴിക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്
കോഴിക്കോട്:കോഴിക്കോട് സ്വകാര്യ ബസ്സ് മറിഞ്ഞ് നിരവധിപേർക്ക് പരിക്കേറ്റു.കോഴിക്കോട്-ഓമശ്ശേരി റൂട്ടിലോടുന്ന സ്വകാര്യ ബസാണ് വടകര മല്ലപ്പള്ളിക്കടുത്ത് അപകടത്തിപ്പെട്ടത്. കാറിലിടിച്ചശേഷം നിയന്ത്രണം വിട്ട ബസ്സ് മറിയുകയായിരുന്നു.അപകടത്തിപെട്ട നാലുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.