ഒമാൻ:ഒമാനിലെ ഹൈമക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നുപേർ മരിച്ചു.കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം.തൃശൂർ ചേർപ്പ് സ്വദേശി പ്രദീപ് കുമാറാണ് മരിച്ച മലയാളി.മറ്റു രണ്ടുപേർ പാകിസ്ഥാൻ സ്വദേശികളാണ്.വാദി കബീറിൽ അലുമിനിയം ഇൻസ്റ്റലേഷൻ സ്ഥാപനം നടത്തുന്ന പ്രദീപും സഹപ്രവർത്തകരും ജോലി ആവശ്യത്തിന് പുറത്ത് പോയപ്പോഴാണ് അപകടമുണ്ടായത്.
കെ.കെ.ഷൈലജയുടെ രാജിയിലുറച്ച് പ്രതിപക്ഷം
തിരുവനന്തപുരം:ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ഹൈക്കോടതിയുടെ വിമർശനം നേരിടേണ്ടിവന്ന ആരോഗ്യമന്ത്രി കെ.കെ ഷൈലജയുടെ രാജിയിലുറച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തിന് മുന്നില്‍ സത്യഗ്രഹമിരിക്കുകയാണ്. ആരോഗ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റതോടെയായിരുന്നു ബഹളം.അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഹൈക്കോടതി നിരീക്ഷിച്ച സാഹചര്യത്തില്‍ ശൈലജയ്ക്ക് തുടരാന്‍ അര്‍ഹതയില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. വയനാട് ബാലാവകാശ കമ്മീഷന്‍ അംഗമായി ക്രിമിനല്‍ കേസില്‍ പ്രതിയായ ടി ബി സുരേഷിനെ നിയമിച്ചതാണ് ആരോഗ്യമന്ത്രിക്കെതിരെ ഹൈക്കോടതി രംഗത്ത് വരാന്‍ കാരണം. നിയമനം കോടതി റദ്ദ് ചെയ്തു. പഴയ അപേക്ഷയില്‍ നിന്ന് പകരം ആളെ നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോൾ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു.തുടർന്ന് സഭ നിർത്തിവെച്ചു.മന്ത്രി സ്വജന പക്ഷപാതവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.അപേക്ഷ തീയതി നീട്ടിയത് മന്ത്രിയുടെ ഇഷ്ടക്കാരെ നിയമിക്കാനാണെന്നും പ്രതിപക്ഷം ആരോപിച്ചു.എന്നാൽ ശൈലജയെ പിന്തുണയ്ക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്.ബാലാവകാശ കമ്മീഷൻ അപേക്ഷ നീട്ടാനുള്ള നിർദേശത്തിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം തുടങ്ങി
കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികൾക്കായി പോലീസിന്‍റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സിറ്റി സർക്കിളിനു കീഴിലെ എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കായാണു ക്യാമ്പ് സംഘടിപ്പിച്ചത്.ഇതോടൊപ്പം തന്നെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ഉൾപ്പെടെയുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. ഓരോ വ്യക്തിയുടെയും സംസ്ഥാനം, ജില്ല, താലൂക്ക്, വില്ലേജ്, ഏതു പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നു തുടങ്ങിയ കാര്യങ്ങൾ ശേഖരിച്ച് പ്രത്യേക ഡാറ്റ ബാങ്ക് നിർമിക്കാനാണ് പോലീസ് ആലോചിക്കുന്നത്.ചാലയിലുള്ള എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി എസ്പി ശിവവിക്രം ഉദ്ഘാടനം ചെയ്തു.
ആന്ധ്രാപ്രദേശിൽ തീപിടിത്തത്തെ തുടർന്ന് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു
ഹൈദരാബാദ്:ആന്ധ്രാപ്രദേശിൽ തീപിടിത്തത്തെ തുടർന്ന് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചു.ഗോദാവരിയിലുള്ള സമകോടിലെ സ്വകാര്യ എണ്ണ ഫാക്റ്ററിയിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് ഹൈഡ്രജൻ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്.സംഭവ സമയം ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുമൂലം വൻ ദുരന്തം ഒഴിവായിയെന്നും അപകടത്തിൽ ആളപായമില്ലെന്നും അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ ഫാക്ടറിയിലെ യന്ത്രങ്ങൾക്കു തകരാർ സംഭവിച്ചിട്ടുണ്ട്. അഗ്നിശമനസേന സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും പോലീസ് അറിയിച്ചു.
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവിന്‍റെ വാഹനം തകർത്തു
സ്വാശ്രയ മെഡിക്കൽ കൗൺസിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി
ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി. സുപ്രീം കോടതിയുടേതാണ് നടപടി. തീയതി നീട്ടണമെന്ന കേരള സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്.നേരത്തെ ഓഗസ്റ്റ് 19 വരെയായിരുന്നു കൗൺസിലിംഗ് സമയം അനുവദിച്ചിരുന്നത്.
റായ്‌പൂരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു
റായ്‌പൂർ:റായ്‌പൂരിൽ മൂന്നു കുട്ടികൾ ഓക്സിജൻ കിട്ടാതെ മരിച്ചു.ഛത്തീസ്ഗഡിലെ റായ്‌പൂർ ബി.ആർ അംബേദ്‌കർ സർക്കാർ ആശുപത്രിയിലാണ് സംഭവം. മദ്യപിച്ചിരുന്ന ജീവനക്കാരൻ ഓക്സിജൻ വിതരണം ചെയ്യാതിരുന്നതാണ് കുട്ടികളുടെ മരണത്തിനു കാരണമായത്. ഇയാളെയായിരുന്നു ഓക്സിജൻ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നത്.ഇയാളെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിങ് ഉത്തരവിട്ടു.
സ്വാശ്രയ മെഡിക്കൽ പ്രവേശനം;ഹൈക്കോടതി വിധി ഇന്ന്
കൊച്ചി:സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ ഇന്ന് ഹൈക്കോടതി വിധി പറയും.ഇടക്കാല ഉത്തരവിൽ 85 ശതമാനം സീറ്റുകളിൽ സർക്കാർ നിശ്ചയിച്ച അഞ്ചുലക്ഷം രൂപയും എൻ.ആർ.ഐ സീറ്റുകളിൽ 20 ലക്ഷം രൂപയും ഫീസ് ഈടാക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു.ഈ ഫീസ് ഘടനയിലാണ് അന്തിമ തീരുമാനം ഇന്ന് പറയുക.ഫീസ് നിർണയവും അലോട്മെന്റും അടക്കം പ്രവേശന നടപടികൾ അകെ കുഴഞ്ഞ സാഹചര്യത്തിൽ തിങ്കളാഴ്ചത്തെ കോടതി വിധിയിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ് വിദ്യാർഥികൾ. നാലുതരം ഫീസ് ഈടാക്കുന്നതിന് സർക്കാരുമായി കരാർ ഒപ്പിട്ട എം.ഇ.എസ്,കാരക്കോണം സി.എസ്.ഐ എന്നിവയുടെ കരാറിലെ വ്യവസ്ഥകൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു.സുപ്രീം കോടതി ഇത് പുനഃസ്ഥാപിച്ചില്ലെങ്കിൽ മറ്റു കോളേജുകൾക്ക് കോടതി അനുവദിക്കുന്ന ഫീസ് ഘടനയിലേക്ക് മാറാനാണ് ഇരു കോളേജുകളുടെയും തീരുമാനം.സംസ്ഥാന സർക്കാറിന്റെ ഫീസ് ഘടനയ്ക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ച രണ്ടു കോളേജുകൾക്ക് മെറിറ്റ് സീറ്റിൽ 11 ലക്ഷം രൂപ ഫീസ് ഈടാക്കാമെന്നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.ഇതിനെതിരെ റിവ്യൂ ഹർജി നൽകുന്ന കാര്യം സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.ഫീസിന്റെ കാര്യത്തിൽ ഉടൻ അന്തിമ തീരുമാനം കൈക്കൊള്ളാൻ സുപ്രീം കോടതി നിർദേശിച്ച പ്രകാരമാണ് ഹൈക്കോടതി ഇന്ന് സ്വാശ്രയ കേസ് പരിഗണിക്കുന്നത്.
ടി.പി സെൻകുമാറിനെതിരായ വ്യാജരേഖ കേസിൽ അന്വേഷണം ഇന്ന് ആരംഭിക്കും
തിരുവനന്തപുരം:മുൻ പോലീസ് മേധാവി ടി.പി സെൻകുമാറിനെതിരായ വ്യാജരേഖ കേസിൽ പോലീസ് അന്വേഷണം ഇന്ന് ആരംഭിക്കും.ആയുർവേദ ചികിത്സക്കായി അവധി എടുത്തെന്നു കാണിച്ച് സെൻകുമാർ ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ആണെന്നായിരുന്നു പരാതി.സെൻകുമാറിനെ ചികിത്സിച്ച തിരുവനന്തപുരം ആയുർവേദ കോളേജിലെ ഡോ.അരുൺകുമാറിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.കന്റോൺമെന്റ് അസി.കമ്മീഷണർ കെ.ഇ ബൈജുവിനാണ് അന്വേഷണ ചുമതല.മ്യുസിയം പൊലീസാണ് സെൻകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
കൊച്ചി:നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട.രണ്ടുപേരിൽ നിന്നായി 1.06 കോടി രൂപ വിലവരുന്ന മൂന്നരകിലോ സ്വർണ്ണം കസ്റ്റംസ് പിടിച്ചെടുത്തു.ഞായറഴ്ച രാത്രി നെടുമ്പാശ്ശേരിയിലെത്തിയ രണ്ടു വിമാനങ്ങളിലെ യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് സ്വർണ്ണം കണ്ടെടുത്തത്.റിയാദിൽ നിന്നും കൊച്ചിയിലേക്ക് വന്ന സൗദി എയർലൈൻസിലെ കണ്ണൂർ സ്വദേശിയായ യാത്രക്കാരനിൽ നിന്നും 85 ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്.ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ മറവിൽ 31 പ്ളേറ്റുകളായാണ് ഇവ കടത്താൻ ശ്രമിച്ചത്.രണ്ടാമത്തെ കേസിൽ കൊളോമ്പോയിൽ നിന്നും കൊച്ചിയിലേക്ക് വന്ന ശ്രീലങ്കൻ എയർലൈൻസിലെ യാത്രക്കാരനായ ശ്രീലങ്കൻ സ്വദേശിയിൽ നിന്നും 21 ലക്ഷം രൂപ വിലമതിക്കുന്ന അരക്കിലോ സ്വർണമാണ് പിടിച്ചെടുത്തത്.യാത്രക്കാരന്റെ ലെഗേജിലായിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.