
കൊച്ചി: ബാലാവകാശ കമ്മീഷൻ നിയമനത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ പരാമർശം ഹൈക്കോടതി നീക്കി. കമ്മീഷൻ നിയമനത്തിൽ രാഷ്ട്രീയക്കാരെ തിരുകി കയറ്റാൻ മന്ത്രി ശ്രമിച്ചെന്ന പരാമർശമാണ് നീക്കം ചെയ്തത്. മന്ത്രിയെ കേൾക്കാതെയാണ് പരാമർശങ്ങൾ നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സിംഗിൾ ബെഞ്ചിന്‍റെ പരാമർശങ്ങൾ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് നീക്കിയത്.ബാലാവകാശ കമ്മീഷനിലേക്കുള്ള നിയമനം റദ്ദാക്കിയ സിംഗിൽ ബെഞ്ച് നടപടി നിലനിൽക്കുമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ശൈലജയ്ക്കെതിരായ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ചയാണ് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.








