ദമാം:വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഏഴ് മലയാളി നേഴ്സുമാര്‍ ദമാമില്‍ പിടിയിലായി. പിടിയിലായവരെ ക്രിമിനല്‍ കുറ്റം ചുമത്തി ജയിലില്‍ അടച്ചതായി മന്ത്രാലയം അറിയിച്ചു. നിയമം കര്‍ശനമാക്കിയതോടെ നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. പുതുതായി ജോലിക്ക് വരുന്ന ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.ദമ്മാമിലെ നാല് പ്രമുഖ ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന മലയാളി നേഴ്സുമാരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയില്‍ പിടിക്കപ്പെട്ടത്. പിടിക്കപ്പെട്ടവരില്‍ മൂന്ന് പേര്‍ കോട്ടയം ജില്ലയില്‍ നിന്നുള്ളവരും രണ്ട് പേര്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരുമാണ്. ഒരു കോഴിക്കോട് സ്വദേശിയും ഒരും മലപ്പുറം സ്വദേശിയും ജയിലിലായതാണ് വിവരം. ട്രാവല്‍ ഏജന്റുമാര്‍ നല്‍കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പിടിക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ ആശുപത്രികള്‍ പുറത്ത് വിട്ടിട്ടില്ല. സൗദിയിലേക്ക് ആരോഗ്യ മേഖലയില്‍ ജോലിക്ക് വരുന്നവര്‍ നാട്ടില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം വേണം എന്ന നിബന്ധന മറികടക്കാനാണ് പലരും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നത്. കുടുംബത്തോടൊപ്പം താമസിക്കുന്നവരാണ് പിടിക്കപ്പെട്ടിട്ടവരില്‍ പലരും.പിടിക്കപ്പെട്ടാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുന്നതിനാല്‍, നാട്ടിലേക്കുള്ള തിരിച്ചു പോക്കും പ്രയാസകരമാവും. നിലവില്‍ ജോലി ചെയ്യുന്നവരും ആശങ്കയിലാണ്. വ്യാജ രേഖകള്‍ ഹാജരാക്കയിവര്‍ നാട്ടിലേക്ക് പോകാന്‍ റീ എന്‍ട്രി വിസക്ക് അപേക്ഷിച്ചിട്ട് ലഭിച്ചില്ലെന്നും അറിയുന്നു. പെരുന്നാളിന് ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.
പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം
കണ്ണൂർ:പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം.പൂവിളികളും ഓണപ്പാട്ടുകളുമായി ഇനി മലയാളികൾക്ക് ഓണക്കാലം.മലയാളികളുടെ വസന്ത കാലമാണ് ഓണക്കാലം.പൂവിളികളും ഓണത്തുമ്പിയും,ഊഞ്ഞാലാട്ടവും,പുലികളികളും സദ്യവട്ടവുമായി ഇനി പത്തുനാളുകൾ സന്തോഷത്തിന്റെ ഉത്സവ ദിനങ്ങൾ.അത്തം കഴിഞ്ഞ് പതിനൊന്നിനാണ് തിരുവോണം.പൂരാടം രണ്ടു ദിവസങ്ങളിലായതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്.പൂക്കളമിടലാണ് ഇനി കുട്ടികളുടെ പ്രധാന വിനോദം.വീട്ടു മുറ്റങ്ങളിൽ നിന്നും വിദ്യാലയങ്ങൾ,സർക്കാർ ഓഫീസുകൾ , സ്വകാര്യ സ്ഥാപനങ്ങൾ ,തുടങ്ങി പൊതു നിരത്തുകൾ വരെ പൂക്കളങ്ങൾക്ക് വേദിയാകുന്നു. ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇന്ന് നടക്കും. വിളവെടുപ്പ് ഉത്സവത്തിന്റെ മുന്നോടൊയായി കൊച്ചി രാജാവ് തൃക്കാക്കര വാമന മൂർത്തിയെ ദർശിക്കൻ പോകുന്ന ചടങ്ങായിരുന്നു ഘോഷയാത്ര.പരിവാര സമേതം പല്ലക്കിൽ പോകുന്ന രാജാവിനെ കാണാൻ ഹിൽപാലസ് കൊട്ടാരം മുതൽ തൃക്കാക്കര വരെയുള്ള പാതയോരങ്ങളിൽ ജനങ്ങൾ കാത്തു നിൽക്കുമായിരുന്നു.അതിന്റെ ഓർമയാണ് ഇന്നും നടക്കുന്ന അത്തം ഘോഷയാത്ര.
ബാലകൃഷ്ണന്റെ മരണം;ക്രൈം ഡിറ്റാച്ച്മെന്‍റ് അന്വേഷണം തുടങ്ങി
ആഡംബര കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
മയ്യിൽ:ആഡംബര കാറിൽ കഞ്ചാവ് കടത്തിയ രണ്ടു വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.50 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു.കയരളം മൊട്ടയിലെ തമീം(21),പെരുമാച്ചേരിയിലെ നബീൽ(18) എന്നിവരെയാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇൻസ്പെക്റ്റർ പി.പി ജനാർദനനും സംഘവും അറസ്റ്റ് ചെയ്തത്.വിദ്യാർഥികൾ ഓടിച്ചുപോകുന്ന ആഡംബര കാർ പിന്തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കടത്തുന്ന വിവരം ലഭിച്ചത്.സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ഇവർ മറ്റു കുട്ടികൾക്ക് എത്തിച്ചു കൊടുത്ത് ആഡംബര ജീവിതം നയിക്കുന്നവരാണ്.തിരുവനന്തപുരം രെജിസ്ട്രേഷനിലുള്ള കാറിന്റെ വിവിധ അറകളിൽ പല പൊതികളിലായി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
കൽപ്പറ്റയിൽ സ്വകാര്യ ബസ്സിൽ നിന്നും 30 ലക്ഷത്തിന്റെ കുഴൽപ്പണം പിടികൂടി
കൽപ്പറ്റ:വയനാട് കൽപ്പറ്റയിൽ നിന്നും മുപ്പതുലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ബംഗളൂരുവിൽ നിന്നെത്തിയ സ്വകാര്യ ബസ്സിൽ നിന്നാണ് പണം പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.സംഭവത്തിൽ കോഴിക്കോട് സ്വദേശി ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ധർമ്മടത്ത് അരലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി
തലശ്ശേരി:ധർമടം കോളാട് പാലത്തിനു സമീപം ചെമ്മീൻ ഷെഡിൽ നിന്നും അരലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി.രണ്ടായിരത്തിൻറെ 25 കള്ളനോട്ടുകളാണ് പിടികൂടിയത്. ചെമ്മീൻകെട്ടിലെ തൊഴിലാളി ആസാം സ്വദേശി ജിയറുൽ ഹക്ക് ആണ് നോട്ടുകൾ ഒളിപ്പിച്ചുവെച്ചത്. എൻ.ഐ എ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.ഇയാളിൽ നിന്നും 16,000 രൂപയുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തു.ഇയാളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിയാരുൾ ഹക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്.ധർമ്മടത്തെ ചെമ്മീൻകെട്ടിൽ തൊഴിലാളികൾ താമസിക്കുന്ന ഷെഡിൽ 50,000 രൂപയുടെ കള്ളനോട്ടുകൾ ഒളിപ്പിച്ചിട്ടുണ്ടെന്ന ഇയാളുടെ മൊഴിയെ തുടർന്നാണ് പെരുമ്പാവൂർ പോലീസ് ഇയാളെയും കൂട്ടി ധർമ്മടത്തെത്തിയത്.ധർമടം എസ്.ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തിൽ പെരുമ്പാവൂർ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ചെമ്മീൻകെട്ടിൽ നിന്നും തുണിയിൽ പൊതിഞ്ഞ നിലയിൽ നോട്ടുകൾ കണ്ടെത്തിയത്..എട്ട് വർഷമായി സംസ്ഥാനത്തുള്ള ഇയാൾ നിരവധി സ്ഥലങ്ങളിൽ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.അസമിൽ നിന്നാണ് ഇയാൾക്ക് കള്ളനോട്ടു ലഭിക്കുന്നതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.ഒരുലക്ഷം രൂപയുടെ കള്ളനോട്ടിന് അൻപതിനായിരം രൂപയാണ് നൽകേണ്ടതെന്നും ഇയാൾ പറഞ്ഞു.
വിപിന്റെ കൊലപാതകം;മൂന്നുപേർ അറസ്റ്റിൽ
മലപ്പുറം:കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതി വിപിന്റെ കൊലപാതകത്തിൽ മൂന്നുപേർ പിടിയിലായി.പിടിയിലായവരുടെ പേരോ മറ്റു വിവരങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ഒരു പ്രത്യേക സാമുദായിക സംഘടനയിൽപെട്ടവരാണ് പിടിയിലായതെന്നാണ് സൂചന.ഇന്നലെ രാവിലെയാണ് വിപിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇതിനിടെ വിപിന്റെ കൊലപാതകം ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.
പ്രതിപക്ഷ എംഎൽഎമാർ നടത്തിവന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ പ്രതിപക്ഷ എംഎൽഎമാർ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. ബാലാവകാശ കമ്മീഷൻ നിയമനത്തിൽ മന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹ സമരം അവസാനിപ്പിച്ചത്.ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം പൊതു സമൂഹത്തിന്‍റെ പിന്തുണയോടെ തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രശസ്ത മനഃശാസ്ത്ര കൗൺസിലർക്കെതിരെ കേസ്
തിരുവനന്തപുരം:കൗൺസിലിംഗിനെത്തിയ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു.മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.സംഭവത്തിൽ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റും പ്രശസ്ത കൗൺസിലറുമായ ഡോ.കെ.ഗിരീഷിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ പതിനാലിന് വൈകിട്ടാണ് സംഭവം.കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നും കൗൺസിലിംഗ് വേണമെന്നും സ്കൂളിൽ നിന്നും നിർദേശിച്ചത് പ്രകാരമാണ് ഇവർ കുട്ടിയുമായി ഡോക്റ്ററുടെ അടുത്തെത്തിയത്.മാതാപിതാക്കളോട് സംസാരിച്ച ശേഷം കുട്ടിയെ തനിയെ അകത്തേക്ക് വിളിപ്പിച്ചു.ഇരുപതു മിനിറ്റ് കഴിഞ്ഞ് പുറത്തു വന്ന കുട്ടി വല്ലതിരിക്കുന്നതു കണ്ടു മാതാപിതാക്കൾ കാര്യമന്വേഷിച്ചത്.ബോക്സ് പസിൽ കൊടുത്ത് കളിക്കാനിരുത്തിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു എന്നാണ് കുട്ടി പറഞ്ഞത്.ഉടൻ തന്നെ ചൈൽഡ്‌ലൈനിൽ പരാതി നൽകി.അവിടുന്നാണ് ഫോർട്ട് പൊലീസിന് പരാതി ലഭിച്ചത്.അതേസമയം കെ.ഗിരീഷ് ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കന്നഡ സീരിയൽ താരങ്ങൾ കാറപകടത്തിൽ മരിച്ചു
ബെംഗളൂരു:കന്നഡ സീരിയൽ താരങ്ങൾ കാറപകടത്തിൽ മരിച്ചു.അറിയപ്പെടുന്ന കന്നഡ സീരിയൽ താരങ്ങളായ രചന,ജീവൻ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ സൊലൂർ എന്ന സ്ഥലത്തു വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ട്രാക്റ്ററിൽ ഇടിക്കുകയായിരുന്നു. രചനയും ജീവനും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു.കാറിലുണ്ടായിരുന്ന രഞ്ജിത, ഉത്തം, കാർത്തിക്,എറിക്,ഹൊനേഷ് എന്നീ സീരിയൽ താരങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു.മഹാനദി എന്ന സീരിയലിൽ അഭിനയിക്കുന്നവരാണ് അപകടത്തിൽപ്പെട്ട എല്ലാവരും.കാർത്തിക്കിന്റെ പിറന്നാൾ ദിവസമായതിനാൽ കുക്കെ സുബ്രമണ്യ ക്ഷേത്രത്തിൽ ദർശനത്തിനായി പുറപ്പെട്ടതായിരുന്നു ഇവർ.