ന്യൂഡൽഹി:ആധാറും പാനും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 31.ഈ തീയതിക്ക് മുൻപ് തന്നെ നികുതിദായകർ പാൻകാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കണമെന്നു യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഓ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു.സർക്കാർ സബ്‌സിഡികൾ,ക്ഷേമ പദ്ധതികൾ,മാറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് ഇത് കൂടിയേ തീരൂ.ആധാർ-പാൻ ബന്ധിപ്പിക്കൽ ആദായനികുതി നിയമത്തിൽ ഭേദഗതികൾ വരുത്തി കൊണ്ടുവന്നതാണ്.അതിനാൽ ബന്ധിപ്പിക്കൽ ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്.സ്വകാര്യതയിലെ വിധി വന്നതുകൊണ്ട് അതിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആധാർ നിയമത്തെ പറ്റി സുപ്രീം കോടതിയുടെ വിധിയിൽ ഒന്നും പറഞ്ഞിട്ടില്ല.അതുകൊണ്ടുതന്നെ പാർലമെന്റ് പാസാക്കിയ ഈ നിയമം സാധുവാണ്. നിയമത്തിലെ വകുപ്പ് ഏഴുപ്രകാരം സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് ആധാർ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരേന്ത്യ കത്തുന്നു;അനവധിപേർ കൊല്ലപ്പെട്ടു
പഞ്ച്കുള:ആൾ ദൈവത്തിനു വേണ്ടി അനുയായികളായ ലക്ഷങ്ങൾ തെരുവിലിറങ്ങിയതോടെ വൻ കലാപം പൊട്ടിപ്പുറപ്പെട്ടു.അനവധിപേരാണ് പ്രതിഷേധക്കാരുടെ ആക്രമണത്തിലും പോലീസ് വെടിവെയ്പ്പിലുമായി കൊല്ലപ്പെട്ടത്.മരണ സംഖ്യ ഇപ്പോൾ പതിനേഴാണ് പുറത്തു വന്നതെങ്കിലും ഇതിന്റെ എത്രയോ ഇരട്ടിപ്പേർ കൊല്ലപ്പെട്ടതായാണ് അഭ്യൂഹം.പഞ്ച്കുളയില്‍ ആക്രമണം പടരുകയാണ്. ദേര സച്ച സൌദ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമാണ്.റാം റഹീം സിങിന്‍റെ ആരാധകര്‍ പലയിടത്തും വാഹനങ്ങള്‍ക്ക് തീയിട്ടു. പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും വാഹനങ്ങള്‍ക്കാണ് തീയിട്ടിട്ടുള്ളത്. റാം റഹീമിനെ റോഹ്ത്തക്കിലേക്ക് മാറ്റിയതായാണ് സൂചന.സൈന്യം ഇറങ്ങിയതോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും അക്രമകാരികള്‍ റസിഡന്‍ഷ്യല്‍ ഏരിയയിലേക്ക് കടന്നു.പഞ്ചാബില്‍ ഒരു പെട്രോള്‍ പമ്പിന് തീയിട്ടു. ബദീന്ദ, മന്‍സ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സ്ഥിതിഗതികള്‍ വിലയിരുത്തി. ഡല്‍ഹിയില്‍ ട്രെയിനിന്‍റെ രണ്ട് ബോഗികള്‍ക്ക് തീയിട്ടു. നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്‍റെ ബോഗികള്‍ക്കാണ് തീയിട്ടത്. ഒരു ബസിനും തീയിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.ദേര സച്ച സൌദയുടെ ആസ്ഥാനമായ സിര്‍സയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറുണ്ടായി.മാധ്യമങ്ങളുടെ ഒബി വാനുകളും ആക്രമണത്തിന് ഇരയായി.
കുമരകത്ത് റിസോർട്ടിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു
ഗുർമീതിനെതിരായ വിധി;സംഘർഷങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു
ലഘുലേഖ വിതരണം: വിസ്ഡം പ്രവർത്തകര്‍ക്ക് ജാമ്യം
കൊച്ചി:ലഘുലേഖ വിതരണം ചെയ്ത കേസിൽ റിമാന്റിലായ മുജാഹിദ് വിസ്ഡം പ്രവർത്തകര്‍ക്ക് ജാമ്യം. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യം അനുവദിച്ചത്. പറവൂർ മജിസ്ട്രേട്ട് കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ജില്ലാ കോടതിയെ സമീപിച്ചത്. എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സംഘടനയുടെ കാമ്പയിൻ ലഘുലേഖ വിതരണത്തിനിടെ സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞ് വച്ച് മർദ്ദിച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് മതസ്പർദ്ധ വളർത്തുന്നു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആൾദൈവം ഗുർമീത് റാം കുറ്റക്കാരനാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച
ന്യൂഡൽഹി:പീഡനക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പഞ്ചകുല സിബിഐ കോടതിയാണ് ഗുർമീത് കുറ്റക്കാരാണെന്ന വിധി പ്രസ്താവിച്ചത്. ഇയാൾക്കുള്ള ശിക്ഷ കോടതി തിങ്കളാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനാൽ ഇന്ന് തന്നെ പോലീസ് ഗുർമീതിനെ അറസ്റ്റ് ചെയ്യും.ഗുർമീത് റാം റഹീം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളുടെ സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തു. നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിധി കേൾക്കാൻ റാം റഹീം എത്തിയത്. കോടതി പരിസരത്തും ഇയാളുടെ അനുയായികൾ വൻ തോതിൽ തടിച്ചുകൂടിയിരുന്നു.സംസ്ഥാനങ്ങളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ മൂന്നു ദിവസത്തേക്ക് അടിയന്തിരമായി പിൻവലിച്ചു. പതിനഞ്ച് വർഷം മുൻപ് ആശ്രമത്തിലെ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്.കുറ്റക്കാരനെന്ന് വിധിച്ചതോടെ തിങ്കളാഴ്ച വരെ റാം റഹീമിനെ ജുഡീഷൽ കസ്റ്റഡിയിൽ വിടും.ഹരിയാനയിലെ സിർസ പട്ടണത്തിൽവച്ച് അനുയായിയായ സ്ത്രീയെ ഇയാൾ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. എന്നാൽ, ആരോപണം തള്ളിയ റാം റഹീം തനിക്കു ലൈംഗിക ശേഷിയില്ലെന്ന് കോടതിയിൽ വാദിച്ചു. ഈ വാദം സിബിഐ കോടതി പൂർണമായും തള്ളിക്കളയുകയായിരുന്നു.
സാംസംഗ് മേധാവിക്ക് അഞ്ച് വർഷം തടവ്
സിയൂൾ: അഴിമതിക്കേസിൽ സാംസംഗ് ഗ്രൂപ്പ് മേധാവി ലീ ജേ യാംഗിന് അഞ്ച് വർഷം തടവ്. സിയൂൾ ഡിസ്ട്രിക്ട്റ്റ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സാംസംഗിന്‍റെ രണ്ടു യൂണിറ്റുകളുടെ ലയനത്തിന് അനുമതി കിട്ടാനായി പ്രസിഡന്‍റ് പാർക്ക് ഗ്യൂൻഹൈയുടെ സഹായി ചോയി സൂൺസിലിന്‍റെ കമ്പനിയിലേക്ക് വൻതുക ലീ ഒഴുക്കിയെന്നാണു കേസ്. ഈ പ്രശ്നത്തിൽ ഇംപീച്ചു ചെയ്യപ്പെട്ട പ്രസിഡന്‍റ് ഗ്യൂൻ ഹൈ നടപടി നേരിട്ടുവരുകയാണ്.സാംസംഗ് ഇലക്ട്രോണിക്സിന്‍റെ വൈസ് ചെയർമാനാണ് ലീ. ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പായ സാംസംഗിന്‍റെ വരുമാനം രാജ്യത്തിന്‍റെ മൊത്തം ജിഡിപിയുടെ അഞ്ചിലൊന്നിനു തുല്യമാണ്.
കൊച്ചി മെടോയില്‍ നിന്നുമൊരു പ്രണയഗാഥ
കൊച്ചി:ട്രെയിൻ ഓപ്പറേറ്ററുടെ കഴുത്തിൽ വരണമാല്യം ചാർത്തി സ്റ്റേഷൻ കൺട്രോളർ.കൊച്ചി മെട്രോയിലെ സ്റ്റേഷൻ കൺട്രോളർ വിനീത് ശങ്കറും ട്രെയിൻ ഓപ്പറേറ്റർ അഞ്ചു ഹർഷനും തമ്മിലുള്ള വിവാഹമാണ് കഴിഞ്ഞ ദിവസം കഴിഞ്ഞത്.കണ്ണൂരുകാരനായ വിനീത് ശങ്കറിനെയും തിരുവനന്തപുരം സ്വദേശിനി അഞ്ജു ഹർഷനേയും ഒരുമിപ്പിച്ചത് കൊച്ചി മെട്രോയാണ്. കെ.എം.ആർ.എലിന് കീഴിൽ മെട്രോ ട്രെയിൻ എഞ്ചിൻ ഓപ്പറേറ്റർമാരായി കൊച്ചിയിൽ ജോലിക്കെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. പിന്നീട് ബംഗളൂരുവിൽ ട്രെയിനിംഗിന് പോയപ്പോഴാണ് കൂടുതൽ പരിചയപ്പെടുന്നതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതും. കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജിലാണ് ഇരുവരും വിവാഹവാർത്ത പങ്കുവച്ചത്.
ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലം മാറ്റം
തിരുവനന്തപുരം:സംസ്ഥാന ആരോഗ്യ വകുപ്പിൽ കൂട്ട സ്ഥലം മാറ്റം.531 ഗ്രേഡ് വൺ ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാരെയാണ് സ്ഥലം മാറ്റിയത്.പുതിയ നിയമനങ്ങൾ ഒന്നും നടത്താതെ മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് സ്ഥലം മാറ്റം നടത്തിയിരിക്കുന്നത്.425 പേരും ഇന്ന് തന്നെ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും ഒഴിവാകും.ഇവർക്കെല്ലാം ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞാകും പുതിയ സ്ഥലത്ത് ചുമതല ലഭിക്കുക.ഇതോടെ ഇവർക്ക് ഓണം അലവൻസുകളും പോലും നിഷേധിക്കപ്പെടുമെന്ന് പറയപ്പെടുന്നു.സാധാരണ ഗതിയിൽ ഏപ്രിൽ അവസാനം കരട് പട്ടിക തയ്യാറാക്കി മെയ് മാസമാണ് സ്ഥലം മാറ്റം നടത്താറുള്ളത്.അപ്പീൽ നല്കാൻ പോലും അവസരം നൽകാതെയാണ് ഇത്തവണ സ്ഥലം മാറ്റിയത്.ചരിത്രത്തിൽ ആദ്യമായാണ് ഓണക്കാലത്ത് സ്ഥലം മാറ്റം നടത്തുന്നത്.
ഗുരുവായൂരിലെ ലോഡ്ജിൽ നാലംഗ കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചു; കുട്ടി മരിച്ചു
തൃശൂർ: ഗുരുവായൂരിലെ ലോഡ്ജ്മുറിയിൽ കൂട്ട ആത്മഹത്യയ്ക്കു ശ്രമിച്ച നാലംഗ കുടുബത്തിലെ കുട്ടി മരിച്ചു. മലപ്പുറം ചേറങ്കോട് കാറുമല വീട്ടിൽ സുനിലിന്‍റെ മകൻ ആകാശ് (മൂന്ന്) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടിനാണ് സുനിൽ(36), ഭാര്യ സുജാത, മക്കളായ ആകാശ്, അമൽ (ആറ്) എന്നിവരടങ്ങുന്ന കുടുംബം പടിഞ്ഞാറേ നടയിലെ ലോഡ്ജിൽ മുറിയെടുത്തത്. തുടർന്ന് ക്ഷേത്ര ദർശനം നടത്തിയ ശേഷമാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഉച്ചയോടെ ലോഡ്ജിൽ മടങ്ങിയെത്തി പാൽപായസത്തിൽ എലിവിഷം കലർത്തി കഴിക്കുകയായിരുന്നു. വിഷം അകത്തു ചെന്ന് കുട്ടികൾ അവശനിലയിലോടെ ഇവർ ദേവസ്വം ആശുപത്രിയിൽ ചികിത്സ തേടിയെത്തി. ഭക്ഷ്യവിഷബാധയാണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. പിന്നീട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നുപുലർച്ചെ ആകാശ് മരിക്കുകയായിരുന്നു. ചികിത്സയിലുള്ള അമലിന്‍റെ നിലയും ഗുരുതരമാണ്.റബർ ടാപ്പിംഗ് തൊഴിലാളിയായ സുനിൽ കടുത്ത സാന്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് പറയുന്നു. ഗുരുവായൂർ ടെന്പിൾ പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.