ശബരിമല:ശബരിമല സന്നിധാനത്ത് പുനഃപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ മെര്‍ക്കുറി ഒഴിച്ച് കേടുവരുത്തിയ ഭാഗം പഴയ നിലയിലാക്കി. കൊടിമരത്തിന്റെ പ്രധാന ശില്പിയായ പരുമല അനന്തന്‍ ആചാരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാവിലെയാണ് കേടുപാടുകള്‍ പരിഹരിച്ചത്.നിറം മങ്ങിയ ഭാഗം പ്രത്യേക ഊഷ്മാവില്‍ ചൂടാക്കി മെര്‍ക്കുറി അവിടെ നിന്നു മാറ്റിയാണ് കൊടിമരത്തിന്റെ പഞ്ചവര്‍ഗ തറയിലെ കേടുവന്ന ഭാഗം പൂര്‍വസ്ഥിതിയിലാക്കിയത്. മൂന്നുമണിക്കൂറോളം നീണ്ട പ്രയത്‌നത്തിലാണ് മങ്ങിപ്പോയ സ്വര്‍ണനിറം വീണ്ടെടുത്തത്.ഇതിനിടെ, ശബരിമല സന്നിധാനത്തെ കൊടിമരത്തിനു കേടു വരുത്തിയ സംഭവത്തില്‍ അട്ടിമറിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള വിജയവാഡ സ്വദേശികളായ മൂന്നു പേരെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി ആന്ധ്രാ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചു.കസ്റ്റഡിയിലുള്ള സത്യനാരായണ റെഡ്ഡിയേയും സംഘത്തേയും പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. അട്ടിമറി സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ വശവും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം. ആചാരപരമായാണ് നവധാന്യങ്ങള്‍ക്കൊപ്പം രസം കൊടിമരത്തില്‍ തളിച്ചതാണെന്ന മൊഴിയാണ് സത്യനാരായണ റെഡ്ഡി നല്കിയിരിക്കുന്നത്.
കൂട്ട ആത്മഹത്യ ശ്രമം;ഭാര്യയും ഭർത്താവും മരിച്ചു; മക്കൾ ഗുരുതരാവസ്ഥയിൽ
വൈക്കം:തീ കൊളുത്തി കൂട്ട ആത്മഹത്യക്കു ശ്രമിച്ച ഭർത്താവും ഭാര്യയും മരിച്ചു.മക്കളെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയാഴം ചില്ലക്കൽ സുരേഷ്,ഭാര്യ സോജാ എന്നിവരാണ് മരിച്ചത്.മക്കളായ സൂരജ്,ശ്രീഹരി എന്നിവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഇന്ന് പുലർച്ചെ സുരേഷിന്റെ വീട്ടിൽ നിന്നും കൂട്ട നിലവിളി കേട്ടാണ് പരിസരവാസികൾ ഓടിയെത്തുന്നത്.അടച്ചിട്ട വാതിൽ ചവിട്ടി തുറന്നു അകത്തു കടന്ന ഇവർ വെള്ളമൊഴിച്ചു തീ കെടുത്തുകയും നാലുപേരെയും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.വീടിനു സമീപം ചായക്കട നടത്തിയിരുന്ന സുരേഷ് പലരോടായി പണം ബ്ലേഡ് പലിശക്ക് വാങ്ങിയിരുന്നെന്നും ഇയാൾ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നെന്നും നാട്ടുകാർ പറയുന്നു.സംഭവത്തിൽ വൈക്കം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
പെരുന്നാള്‍ നമസ്കാരം കഴിഞ്ഞെത്തിയവര്‍ക്ക് പായസം വിളമ്പി ക്ഷേത്രം ഭാരവാഹികള്‍
കോഴിക്കോട്: കോഴിക്കോട് വെള്ളിപറമ്പില്‍ പെരുന്നാള്‍ നമസ്കാരം കഴിഞ്ഞെത്തിയ ഇസ്‍ലാം മതവിശ്വാസികള്‍ക്ക് പായസമൊരുക്കി കോഴിക്കോട് ശ്രീകുണ്ടാത്തൂര്‍ മംഗലത്ത് ദേവീക്ഷേത്രം ഭാരവാഹികള്‍ മതസൗഹാർദ്ദത്തിന് മാതൃകയാവുന്നു.കോഴിക്കോട് വെള്ളിപറമ്പില്‍ താല്‍ക്കാലകമായി ഒരുക്കിയ പന്തലിലായിരുന്നു മതസൌഹാര്‍ദത്തിന്റെ ഈ നേര്‍ക്കാഴ്ച. ശ്രീ കുണ്ടാത്തൂര്‍ മംഗലത്ത് ദേവീക്ഷേത്രം ഭാരവാഹികളാണ് മധുരം വിളമ്പി പെരുന്നാളാഘോഷത്തിന് കൊഴുപ്പ് കൂട്ടുന്നത്. ഏറെക്കാലമായുള്ള ശീലങ്ങളുടെ തുടര്‍ച്ച കൂടിയാണ് ഈ കാഴ്ച. ദേവീക്ഷേത്രത്തിലെ ആഘോഷ വരവില്‍ പങ്കെടുക്കുന്നവര്‍ക്ക് ജ്യൂസ് നല്‍കി സ്വീകരിക്കുന്നതാവട്ടെ ഇവിടത്തെ ഇസ്‍ലാം മതവിശ്വാസികളും. പരസ്പരം പെരുന്നാള്‍ ആശംസകള്‍ കൈമാറാനും ഇവര്‍ മറന്നില്ല.
എം.ബി.ബി.എസ് ഫീസ് 85 ശതമാനം സീറ്റിൽ 5.5 ലക്ഷം;കോടതിയെ സമീപിക്കാനൊരുങ്ങി സ്വാശ്രയ മാനേജ്മെൻറ് അസോസിയേഷൻ .
തിരുവനന്തപുരം:സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ് കോഴ്‌സിലേക്കുള്ള ഫീസ് ഘടന നിശ്ചയിച്ചു.85 ശതമാനം സീറ്റിൽ അഞ്ചരലക്ഷം രൂപയും എൻ.ആർ.ഐ സീറ്റിൽ 20ലക്ഷം രൂപയുമാണ് ഫീസ്.85 ശതമാനം സീറ്റിൽ പത്തു ലക്ഷം മുതൽ പതിനഞ്ചുലക്ഷം വരെ അനുവദിക്കണമെന്ന ആവശ്യം ഫീസ് നിർണയ സമിതി തള്ളി.എന്നാൽ പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്ന് മാനേജ്‌മന്റ് പ്രതിനിധികൾ വ്യക്തമാക്കി.ഫീസ് നിർണയത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
ഇന്ന് ചെറിയ പെരുന്നാൾ
തിരുവനന്തപുരം:ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ടാനങ്ങൾക്കു അവസാനം കുറിച്ച് വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടന്ന ഈദ് ഗാഹുകളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.കർണാടകയിലെ ഭട്കലിൽ മാസപ്പിറവി കണ്ടതിനെ തുടർന്ന് കാസർകോഡ് ജില്ലയിൽ ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ.ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു ചെറിയ പെരുന്നാൾ.
ടാങ്കർ ലോറികടിയിലേക്ക് കാർ ഇടിച്ച് കയറി
കാസറഗോഡ്: കാസറഗോഡ് ഭാരത് പെട്രൊളിയത്തിന്റെ പെട്രോൾ പമ്പിലേക്ക് ഇന്ധനം കയറ്റിവന്ന ടാങ്കർ ലോറിയുടെ മുൻവശത്തേക്ക് എതിർ ദിശയിൽ നിന്നും വന്ന മാരുതി കാർ ഇടിച്ച് കയറുകയായിരുന്നു.
കാർ ഡ്രൈവർക്ക് നിസ്സാര പരിക്കുകളോടെ കാസറഗോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് ഉച്ചക്ക് രണ്ടരമണിയോടെയാണ് അപകടം ഉണ്ടായത്.കൃത്യ സമയത്ത് ബേക്കൽ പോലീസ് സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു.
ട്രയിനെ വെട്ടിക്കാന്‍ കെഎസ്ആര്‍ടിസി മിന്നല്‍
തിരുവനന്തപുരം:കെഎസ്ആര്‍ടിസിയുടെ പുതിയ മിന്നല്‍ സൂപ്പര്‍ ഡിലക്‌സ് ബസ് സര്‍വീസ് ബുധനാഴ്ച്ച മുതല്‍. തുടക്കത്തില്‍ പത്ത് റൂട്ടിലാണ് സര്‍വ്വീസ്. സ്‌പെയര്‍ അടക്കം 23 ബസുകളാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നത്. ട്രയിന്‍ യാത്രക്കാരെ ആകര്‍ഷിക്കാനും വരുമാന വര്‍ധന ലക്ഷ്യമിട്ടുമാണ് മിന്നല്‍ സര്‍വ്വീസ് ആരംഭിക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം പറഞ്ഞു. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ രാത്രിയാകും സര്‍വ്വീസുകള്‍ നടത്തുക. ട്രയിനുകളേക്കാള്‍ മണിക്കൂറുകള്‍ ലാഭത്തിലാണ് പല സര്‍വ്വീസുകളും ലക്ഷ്യത്തിലെത്തുക. തിരുവനന്തപുരത്തു നിന്നും പാലക്കാടെത്താന്‍ അമൃത എക്‌സ്പ്രസിന് 8.50 മണിക്കൂര്‍ എടുക്കുമെങ്കില്‍ കെഎസ്ആര്‍ടിസി മിന്നലിന് വെറും ആറര മണിക്കൂര്‍ മതി. രാത്രി പത്തിന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന മിന്നല്‍ പിറ്റേന്ന് രാവിലെ 5.50ന് പാലക്കാടെത്തും. വെറും നാല് സ്റ്റോപ്പുകള്‍ മാത്രമാണ് ഈ സര്‍വ്വീസിനുണ്ടാവുക.ലാഭകരമെന്ന് കണ്ടാല്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം. നിലവിലെ സൂപ്പര്‍ഫാസ്റ്റ് സര്‍വ്വീസുകളേക്കാള്‍ മൂന്ന് മണിക്കൂര്‍ വരെ മുമ്പ ലക്ഷ്യസ്ഥാനത്തെത്തുന്ന മിന്നലിന്റെ നിരക്കില്‍ മാറ്റമുണ്ടാകില്ല.
സാങ്കേതിക തകരാർ;വിമാനം അടിയന്തിരമായി നിലത്തിറക്കി
പെർത്:സാങ്കേതിക തകരാർ മൂലം വിമാനം അടിയന്തിരമായി തിരിച്ചിറക്കി.ഓസ്‌ട്രേലിയയിലെ പെർത്തിൽ നിന്നും ക്വലാലംപൂരിലേക്കു പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് വാഷിങ് മെഷീൻ പോലെ കുലുങ്ങി വിറച്ചതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കിയത്.ഞായറാഴ്ച രാവിലെ 359 യാത്രക്കാരുമായി പറന്നുയർന്ന വിമാനം യാത്ര തുടങ്ങി 90 മിനിട്ടിനു ശേഷമാണു കുലുങ്ങി വിറച്ചത്.സംഭവത്തിൽ എയർ ഏഷ്യ അന്വേഷണം പ്രഖ്യാപിച്ചു.
ശബരിമലയില്‍ സ്വര്‍ണ കൊടിമരം കേടുവരുത്തി; അഞ്ച് പേര്‍ പിടിയില്‍
ശബരിമല:ശബരിമലയിലെ പുതിയതായി പ്രതിഷ്ഠിച്ച സ്വര്‍ണ കൊടിമരം രാസവസ്തു ഉപയോഗിച്ച് കേടുവരുത്തി. സംഭവവുമായി ബന്ധപ്പെട്ട് ആന്ധ്ര വിജയവാഡ സ്വദേശികളായ അഞ്ചംഗ സംഘത്തെ പൊലീസ് പമ്പയില്‍ നിന്ന് പിടികൂടി.ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയായിരുന്നു പുതിയ കൊടിമരത്തിന്‍റെ പ്രതിഷ്ഠാച്ചടങ്ങ്. ഇതിന് ശേഷം മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും അടക്കം നിരവധി വിവിഐപികള്‍ ഉള്ളപ്പോഴാണ് കൊടിമരത്തറയില്‍ രാസവസ്തു ഒഴിച്ചത്. 1.27 ഓടുകൂടി സന്നിധാനത്തെത്തിയ അഞ്ചംഗ സംഘം കൊടിമരച്ചുവട്ടില്‍ സംശയകരമായി പെരുമാറുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. കൊടിമരത്തിന്‍റെ പഞ്ചവര്‍ഗത്തറയില്‍ ശ്രീകോവിലിന് അഭിമുഖമായുള്ള ഭാഗത്ത് സ്വര്‍ണപൂശിയത് ദ്രവിച്ച് വെളുത്ത നിറമായി മാറി. മെര്‍ക്കുറി പോലുള്ള രാസവസ്തുവാണ് പ്രയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.സിസിടിവി ദൃശ്യങളുടെ അടിസ്ഥാനത്തില്‍ സന്നിധാനത്തും പരിസരത്തും വ്യാപക തെരച്ചില്‍ നടത്തി. പമ്പ കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റില്‍ നിന്നാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ദൃശ്യങ്ങളിലുള്ളവരും പിടിയാലവരും ഒന്നു തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.അതേസമയം ഉപയോഗിച്ച രാസവസ്തു അടക്കം ഏതെന്ന് കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയിലൂടെ മാത്രമെ മനസിലാകുവെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പത്തനംതിട്ട എസ്പി സതീഷ് ബിനോ അറിയിച്ചു.സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സന്നിധാനത്ത് സുരക്ഷ ശക്തിപ്പെടുത്തി.
ഖത്തറിൽ കാണാതായ മലയാളി ബാലന്റെ മൃതദേഹം കണ്ടെത്തി
ദോഹ:ഖത്തറിൽ മലയാളി ബാലൻ അപകടത്തിൽ മരിച്ചു.കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശ്ശി പാലക്കോട്ട് പറമ്പത് ബഷീറിന്റെയും റഫാനയുടെയും മകൻ ആറ് വയസ്സുകാരൻ ഇസാം അഹമ്മദ് ബഷീറാണ് മരിച്ചത്.കുടുംബത്തോടൊപ്പം വുകൈർ ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിനു സമീപത്തുള്ള റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചു വരുമ്പോഴാണ് മകനെ കാണാതാവുന്നത്.തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസിൽ അറിയിച്ചു തിരച്ചിൽ നടത്തിയപ്പോൾ മാൻഹോളിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.