ന്യൂഡൽഹി: ജൂലൈ ഒന്നു മുതല്‍ നികുതിദായകര്‍ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. ആദായനികുതി നിയമം ഭേദഗതി ചെയ്തും വിജ്ഞാപനം പുറപ്പെടുവിച്ചുമാണ് നടപടി കര്‍ശനമാക്കിയത്. ഇനി മുതല്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴും ആധാര്‍ നമ്പര്‍ നല്‍കണം.ഒന്നിലേറെ പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതി വെട്ടിപ്പ് നടത്താനുള്ള സാധ്യത തടയാനാണ് നടപടി. ജൂലൈ ഒന്നു മുതല്‍ ഇത് നടപ്പാക്കി തുടങ്ങും. ഇതിനോടകം രണ്ടു കോടിയിലേറെ പേര്‍ പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചു കഴിഞ്ഞു. രാജ്യത്ത് 25 കോടിയോളം പേര്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായ നികുതി അടക്കുന്നതിനും ആധാര്‍ വേണമെന്ന വ്യവസ്ഥ നേരത്തെ സുപ്രിംകോടതി ശരിവെച്ചിരുന്നു.
മുംബൈ ജയിലിൽ തടവുകാരി മരിച്ചത് പോലീസിന്റെ പീഡനം മൂലമെന്ന് റിപ്പോർട്ട്
മുംബൈ:മുംബൈ ബൈഖുല ജയിലിൽ തടവുകാരി മജ്ഞുള മരിച്ചത് പോലീസുകാരുടെ പീഡനം മൂലമെന്ന് റിപ്പോർട്ട്.ഫോറൻസിക് റിപ്പോർട്ട് വന്നാലുടൻ തന്നെ കാരണക്കാരായ വനിതാ ജയിൽ ഓഫീസറുടെയും ആറ് കോൺസ്റ്റബിൾമാരുടെയും അറസ്റ്റ് രേഖപ്പെടുത്തും.സഹോദര ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മഞ്ജുള ഷെട്ടിയാണ് ജയിലർമാരുടെ ആക്രമണത്തിൽ മരിച്ചത്.ഭക്ഷണ സാധനത്തിൽ മാവും രണ്ടു മുട്ടയും കാണാതായതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.ജയിൽ ഓഫീസറുടെ മുറിയിൽ നിന്നും മഞ്ജുളയുടെ കരച്ചിൽ കേട്ടെന്നും പിന്നീട് കണ്ടെത്തിയത് തളർന്നെത്തിയ മഞ്ജുളയെയായിരുന്നെന്നും പിന്നീട് അഞ്ചു വാർഡന്മാർ വന്നു മജ്ഞുളയെ മർദിക്കുകയും ചെയ്തുവെന്ന് സഹതടവുകാരി മൊഴി നൽകി.
മുത്തച്ഛനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച നാലാം ക്ലാസ് വിദ്യാർത്ഥിനി ടിപ്പർ ലോറി കയറി മരിച്ചു
ഹരിപ്പാട്:മുത്തച്ഛനൊപ്പം സ്കൂളിലേക്ക് സ്കൂട്ടറിൽ പോയ വിദ്യാർത്ഥിനി ടിപ്പർ ലോറി കയറി മരിച്ചു.നങ്ങിയാർകുളങ്ങര ബഥനി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി മുട്ടം ഉഷസ് വില്ലയിലെ എയ്മി(9)യാണ് മരിച്ചത്.നങ്യാർകുളങ്ങര-മാവേലിക്കര പാലമൂട് ജംഗ്ഷന് സമീപം ചൊവ്വാഴ്ച രാവിലെ 8.15 നായിരുന്നു അപകടം.മുത്തച്ഛൻ റിട്ട.എസ്.ഐ രാഘവനൊപ്പം പിന്നിലിരുന്നു സഞ്ചരിക്കുമ്പോൾ സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ കുട്ടിയുടെ തലയിലൂടെ ടിപ്പർ കയറുകയുമായിരുന്നു.സ്കൂളിന് അമ്പതു മീറ്റർ മാത്രം അകലെയാണ് അപകടം നടന്നത്.ട്രെയിൻ പോയ ശേഷം ലെവൽക്രോസ്സ് തുറന്നപ്പോൾ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഒന്നിച്ചു മുന്പോട്ടെടുത്തപ്പോൾ ടിപ്പർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട ഡ്രൈവറെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.അപകടത്തിൽ പെട്ടത് തന്റെ മകളാണെന്നറിയാതെ കുട്ടിയുടെ അമ്മ പുറകിലുള്ള സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നുണ്ടായിരുന്നു.മൂവരും ഒന്നിച്ചാണ് വീട്ടിൽ നിന്നിറങ്ങിയതെങ്കിലും ചാറ്റൽ മഴയെ തുടർന്ന് കുട്ടിയുടെ അമ്മ സ്കൂട്ടറിൽ നിന്നും ഇറങ്ങി ബസിൽ കയറുകയായിരുന്നു.
ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നു
കൊച്ചി:മാധ്യമ വിചാരണയ്ക്ക് നില്ക്കാൻ തനിക്കു നേരമില്ലെന്നു നടൻ ദിലീപ്.പൾസർ സുനിക്കെതിരായുള്ള ബ്ലാക്‌മെയ്‌ലിംഗ് കേസിൽ തനിക്കു പറയാനുള്ളത് പോലീസിനോട് പറയുമെന്നും ദിലീപ് വ്യക്തമാക്കി.ആലുവ പോലീസ് ക്ലബ്ബിലേക്ക് പോകുന്ന വഴി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.സുനി തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന ദിലീപിന്റെ പരാതിയിൽ പോലീസ് മൊഴിയെടുക്കുന്നു.ഇതിനായി നാദിര്ഷയും പോലീസ് ക്ലബ്ബിൽ എത്തി.അമ്മ യോഗത്തിനു മുൻപ് മൊഴിയെടുക്കാനാണ് തീരുമാനം.പൾസർ സുനിയുടെ കത്തിലെ കാര്യങ്ങളും ദിലീപിനോട് ചോദിച്ചറിയും.
പൈലിങ് സാമഗ്രികൾ ഒഴുകിപ്പോയി;ഇരിട്ടിയിലെ പാലം നിർമാണം താത്കാലികമായി നിർത്തി
ഡി.വൈ.എഫ്.ഐ രക്തദാനം ആരംഭിച്ചു
കണ്ണൂർ :പകർച്ചപ്പനി ബാധിച്ച രോഗികൾക്ക് പ്ലേറ്റ്‌ലറ്റിനും മറ്റ് രക്തഘടകങ്ങൾക്കും അനുഭവപ്പെടുന്ന വർധിച്ച ആവശ്യം പരിഗണിച്ചു ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ ബ്ലഡ് ബാങ്കുകളിൽ രക്തദാനം ആരംഭിച്ചു. ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, പരിയാരം മെഡിക്കൽ കോളജ് എന്നീ ബ്ലഡ് ബാങ്കുകൾ കേന്ദ്രീകരിച്ചാണ് അതിജീവനം എന്ന പേരിൽ ഒരാഴ്ച നീളുന്ന സന്നദ്ധ രക്തദാന പരിപാടി സംഘടിപ്പിക്കുന്നത്.കണ്ണൂർ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ ഫുട്‌ബോൾതാരം സി.കെ.വിനീതും ടി.വി.രാജേഷ് എംഎൽഎയും രക്തം നൽകി ഉദ്‌ഘാടനം ചെയ്‌തു.അതിജീവനം രക്തദാനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കു വിളിക്കാം: 9567663220.
വീണ്ടും പോലീസ് മേധാവിയായി ലോക്നാഥ് ബെഹ്‌റ
തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്‍റ തിരിച്ചെത്തും.ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.നിലവിലുള്ള ഡിജിപി സെന്‍കുമാര്‍ വെള്ളിയാഴ്ച വിരമിക്കുന്ന സാഹചര്യത്തിലാണ് ബെഹ്റയെ തിരികെ കൊണ്ടുവരാനുള്ള തീരുമാനം.ഐഎംജി ഡയറക്ടർ ജേക്കബ് തോമസിനെയും ഡിജിപി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.നിലവിൽ വിജിലൻസ് മേധാവിയാണ് ബെഹ്‌റ.പുതിയ വിജിലൻസ് ഡയറക്ടറുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.ഇത് രണ്ടാം തവണയാണ് ബെഹ്‌റ പോലീസ് മേധാവിയാകുന്നത്.എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റയുടനെ അന്നത്തെ പോലീസ് മേധാവിയായിരുന്ന സെൻകുമാറിനെ മാറ്റി ബെഹ്‌റയെ പോലീസ് മേധാവി ആക്കുകയായിരുന്നു.പിന്നീട് സുപ്രീം കോടതി വിധിയെ തുടർന്ന് ബെഹ്‌റയെ മാറ്റി സെൻകുമാറിനെ പോലീസ് മേധാവിയാക്കുകയായിരുന്നു. സർക്കാരിന് നന്ദി എന്നാണ് നിയമന വാർത്ത അറിഞ്ഞ ബെഹ്‌റ ആദ്യം പ്രതികരിച്ചത്.പകുതിയിൽ നിർത്തിയ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടിയൂരിൽ ഇന്ന് കാലംവരവ്;സ്ത്രീകൾക്ക് പ്രവേശനം ഉച്ചവരെ മാത്രം
കൊട്ടിയൂർ:കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കലംവരവ് ഇന്ന് രാത്രി നടക്കും.മുഴക്കുന്ന് നല്ലൂരാൻ സ്ഥാനികൻ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലവുമായി കൊട്ടിയൂരിലെത്തുക.കൂരിരുട്ടിലാണ് ഇവർ കലവുമായി അക്കരെ കൊട്ടിയൂർ സന്നിധാനത്തിലെത്തുക.ഗണപതിപ്പുറം മുതൽ കെ.എസ്.ഇ.ബി വൈദ്യുതി ലൈൻ ഓഫ് ചെയ്യും.ദേവസ്വത്തിന്റെ ലൈറ്റുകളും ഈ സമയത്തു അണയ്ക്കും.ശരീരമാസകലം ഭസ്‌മം പൂശി പച്ചിലകൾ ഉപയോഗിച്ച് നാമമാത്രമായ വസ്ത്രം മാത്രം ധരിച്ചാണ് സംഘമെത്തുക.ഇവരെ ശിവന്റെ ഭൂതഗണങ്ങളായിട്ടാണ് കരുതുന്നത്.പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്ന ഇവർക്ക് പനയൂർ നമ്പൂതിരി ഏകനായി മണിത്തറയിൽ ഇരുന്നു പ്രസാദം നൽകും.കലക്കെട്ടുകൾ കരിമ്പനയ്ക്കൽ ചാത്തോത്ത് കയ്യാലയിൽ ഇറക്കി വച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ മാത്രമേ സന്നിധാനത്ത് വിളക്കുകൾ തെളിക്കുകയുള്ളൂ.അൽപ സമയത്തിനകം അക്കരെ സന്നിധാനത്തെ വിളക്കുകൾ വീണ്ടും അണയ്ക്കും.പിന്നെ പുലരുവോളം കലം പൂജ തുടരും.
സംസ്ഥാനത്തു അഞ്ച് തീരദേശ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു
തലശ്ശേരി:സംസ്ഥാനത്തു പുതുതായി അഞ്ച് തീരദേശ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു.സ്റ്റേഷനുകളുടെ ഉൽഘാടനം തലശ്ശേരി തീരദേശ പോലീസ് സ്റ്റേഷനിൽ വീഡിയോ കോൺഫെറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.കണ്ണൂർ ജില്ലയിൽ തലശ്ശേരി,കാസർകോഡ് ജില്ലയിൽ കുമ്പള,തൃക്കരിപ്പൂർ തൃശൂർ ജില്ലയിൽ മഞ്ഞക്കടവ്,ആലപ്പുഴ ജില്ലയിൽ അർത്തുങ്കൽ ഇന്നിവിടങ്ങളിലാണ് തീരദേശ പോലീസ് സ്റ്റേഷനുകൾ ചൊവ്വാഴ്ച പ്രവർത്തനം തുടങ്ങിയത്. പൂവാർ,അഞ്ചുതെങ്,പൊന്നാനി,എലത്തൂർ,വടകര എന്നീ സ്റ്റേഷനുകൾ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.പൊന്നാനി സ്റ്റേഷൻ അടുത്ത ദിവസം തന്നെ ഉത്‌ഘാടനം ചെയ്യും.മൂന്നാം ഘട്ടത്തിൽ വലപ്പാട്,തൃക്കുന്നപ്പുഴ,താനൂർ,ആലപ്പുഴ,ഇരവിപുരം,തുമ്പ എന്നിവിടങ്ങളിൽ തീരദേശ സ്റ്റേഷൻ തുടങ്ങും.
കണ്ണൂർ വിമാനത്താവളം; സർവീസ് അടുത്ത വർഷം മാത്രം
കണ്ണൂർ :കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഈ വർഷം അവസാനത്തോടെ സർവീസ് ഉണ്ടാകുമെന്നു കരുത്തപ്പെട്ടിരുന്നെങ്കിലും പണി മന്ദഗതിയിലായതോടെ ഈ വർഷം സർവീസ് ഉണ്ടാകില്ല.അടുത്ത വർഷം പകുതിയോടെ മാത്രമേ വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കാൻ സാധ്യതയുള്ളൂ. റൺവേ സുരക്ഷിത മേഖലയിൽ പണി നടത്തണമെങ്കിൽ മഴ പൂർണ്ണമായും മാറണം.കെട്ടിടങ്ങളുടെ നിർമാണത്തിൽ തടസ്സമില്ല.സാങ്കേതിക വിഭാഗം പണി പൂർത്തിയാക്കണമെങ്കിൽ വൈദ്യുതി കണക്ഷൻ കിട്ടണം.ഇതിനുള്ള അപേക്ഷ നല്കിയിട്ടേയുള്ളു.പണി മുഴുവൻ പൂർത്തിയാക്കിയാലേ എയ്റോഡ്രോം ലൈസൻസിങ് അതോറിറ്റി പരിശോധനക്ക് പോലും എത്തുകയുള്ളൂ.ഇതിനൊപ്പം കമ്യുണിക്കേഷൻ,സിഗ്നൽ പരിശോധനക്കായി കാലിബറേഷൻ ഫ്ലൈറ്റ് വിമാനത്താവളത്തിലിറങ്ങണം.അടുത്ത വർഷം ജനുവരിക്കും മാർച്ചിനും ഇടയിൽ മാത്രമേ കാലിബറേഷൻ ഫ്ലൈറ്റ് കണ്ണൂരിലിറങ്ങാൻ സാധിക്കുകയുള്ളു എന്നാണ് എയർപോർട്ട് അതോറിറ്റിയുടെ കണക്കുകൂട്ടൽ.അതുകഴിഞ്ഞാൽ മാത്രമാണ് ലൈസൻസ് ലഭിക്കുക.