കോട്ടയം:എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി പി.സി ജോർജ് എം.എൽ.എ യുടെ ഭീഷണി.മുണ്ടക്കയം വെള്ളനാടി സ്റ്റേറ്റിലാണ് സംഭവം.എസ്റ്റേറ്റിൽ ഭൂമി കയ്യേറി എന്ന പരാതി പരിശോധിക്കാൻ എത്തിയതായിരുന്നു പി.സി.ജോർജ്.വിവരമറിഞ്ഞെത്തിയ തൊഴിലാളികളും ഭൂമി കയ്യേറിയവരും തമ്മിൽ വാക്കേറ്റമുണ്ടായി.ഇതിനിടെ ഇവിടെയെത്തിയ പി.സി ജോർജ് തൊഴിലാളികളുമായി സംസാരിച്ചു.പ്രതിഷേധം ശക്തമായപ്പോൾ തൊഴിലാളികൾക്ക് നേരെ തോക്കു ചൂണ്ടി പി.സി.ജോർജ് കയർക്കുകയായിരുന്നു.ആസിഡ് ഒഴിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും തൊഴിലാളികൾ ആരോപിച്ചു.ഇതിനിടെ പ്രതിഷേധക്കാരിൽ ഒരാൾ സംഭവം ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.എന്നാൽ പ്രാണരക്ഷാർത്ഥമാണ് താൻ തോക്കു ചൂണ്ടിയതെന്നാണ് പി.സി ജോർജിന്റെ വാദം.തനിക്കെതിരായി ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിലാണ് രക്ഷപ്പെടാനായി തോക്കെടുത്തത്.തോക്കിനു ലൈസൻസ് ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
നടിയുമായി ഇപ്പോൾ നല്ല സൗഹൃദമില്ലെന്നു ദിലീപ്
കൊച്ചി: നടിയുമായി ഇപ്പോൾ തനിക്കു നല്ല സൌഹൃദമില്ലെന്ന് ദിലീപ് പോലീസിനോട് പറഞ്ഞു. ആക്രമം ഉണ്ടായപ്പോൾ താൻ ബന്ധപ്പെട്ടിരുന്നു എന്നാൽ നടി സഹകരിച്ചില്ല എന്നും ദിലീപ്. തനിക്ക് പൾസർ സുനിയുമായ് ബന്ധമില്ലെന്നുംചോദ്യം ചെയ്തപ്പോൾ ദിലീപ് പറഞ്ഞു. ദിലീപും നടിയുമായുള്ള ബന്ധവും റിയൽ എസ്റ്റേറ്റ് ബിസിനസും സംബന്ധിച്ച കാര്യങ്ങൾ പോലീസ് ചോദിച്ചറിഞ്ഞു. ആവശ്യമെങ്കിൽ ദിലീപിനെ ഇനിയും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.കേസിൽ ഇതുവരെ നടന്ന അന്വേഷണത്തിൽ നിന്ന് ലഭിച്ച തെളിവുകൾ വച്ച് അന്വേഷണ സംഘം വ്യത്യതസ്ത ചോദ്യാവലി തയ്യാറാക്കി. ഇതനുസരിച്ച വിശദമായ ചോദ്യം ചെയ്യലായിരുന്നു ആലുവ പോലീസ് ക്ലബ്ബിൽ 13 മണിക്കൂർ നടന്നത്.പല കാര്യങ്ങളും ദിലീപ് നിഷേധിച്ചു. നടിയുമായുള്ള ദിലീപിന്റെ സൌഹൃദവും പിന്നീട് നടിയുമായി അകലാനുള്ള കാരണം എന്നിവയിൽ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിലെ തന്റെ പങ്ക് പൂർണമായും നിഷേധിച്ച ദിലീപ് സംഭവം അറിയുന്നത് ഒരു സുഹൃത്ത് ഫോണിൽ വിളിച്ചറിയിച്ചപ്പോഴാണെന്ന് അന്വേഷണ സംഘത്തോട് പറഞ്ഞു
യുഡിഎഫിന്റെ മെട്രോ ജനകീയ യാത്രക്കെതിരെ പൊലീസ് കേസെടുത്തു
കൊച്ചി: യുഡിഎഫ് നേതാക്കളുടെ മെട്രോ ജനകീയ യാത്രക്കെതിരെ പൊലീസ് കേസെടുത്തു. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചാണ് യുഡിഎിന്റെ യാത്രയെന്ന കെഎംആര്‍എലിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നിയമനടപടിയെ സ്വാഗതം ചെയ്ത ഉമ്മന്‍ചാണ്ടി ഒരു വിഭാഗത്തിനെതിര മാത്രമുള്ള നീക്കമായേ ഇതിനെ കാണാനാകൂയെന്നും പ്രതികരിച്ചു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ ജനകീയ യാത്രയെന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ യാത്രയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മെട്രോ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ജനകീയ മെട്രോ യാത്രയുടെ സംഘാടകര്‍ക്കെതിരെയാണ് കേസ്. മെട്രോ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.മെട്രോ സംവിധാനത്തിന് തകരാര്‍ ഉണ്ടാക്കി, സ്‌റ്റേഷനില്‍ മുദ്രാവാക്യം വിളിച്ചു എന്നീ കാര്യങ്ങളും പരാതിയില്‍ വ്യക്തമാക്കുന്നു. പ്രത്യേകം പേരുകള്‍ പരാമര്‍ശിക്കാതെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫോണുകളുടെ വില കൂടും
ന്യൂഡൽഹി:ജി.എസ്.ടി നിലവിൽ വരുന്നതോടെ സ്മാർട്ട് ഫോണുകളുടെ വിലയിൽ വലിയ മാറ്റം വരുമെന്ന് റിപ്പോർട്ടുകൾ.ഐഫോൺ,പിക്സിൽ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഒട്ടുമിക്ക ബ്രാൻഡ് ഫോണുകളുടെയും വില കുത്തനെ ഉയരും.മെയ്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിർമിക്കുന്ന സ്മാർട്ടഫോണുകൾക്ക് നാലു മുതൽ അഞ്ചു ശതമാനം വരെ വില കൂടും.എല്ലാ സ്മാർട്ട് ഫോൺ കമ്പനികളെയും.ഇന്ത്യയിൽ പ്ലാന്റ് തുടങ്ങാൻ പ്രേരിപ്പിക്കുന്നതാണ് ജി.എസ്.ടി.ഇതിന്റെ തുടക്കമെന്നോണം ആപ്പിളും ചില ചൈനീസ് കമ്പനികളും ഇന്ത്യയിൽ പ്ലാന്റ് തുടങ്ങിക്കഴിഞ്ഞു.സ്മാർട്ടഫോണുകൾക്കു പുറമെ ലാപ്‌ടോപ്പുകൾ,കംപ്യൂട്ടറുകൾ,യു.എസ്.ബി,പ്രിൻറർ,മോണിറ്റർ തുടങ്ങിയവയ്ക്കും വില കൂടും.ജി.എസ്.ടി നടപ്പാക്കുന്നതോടെ ടെലികോം കമ്പനികളുടെ സേവനങ്ങൾക്കും കൂടുതൽ തുക നൽകേണ്ടി വരും.കോൾ നിരക്കുകൾ മൂന്നു ശതമാനം വർധിക്കുമെന്നാണ് അറിയുന്നത്.
ഷാർജയിൽ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ അഗ്നിബാധ
ഷാർജ:ഷാർജയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ അഗ്‌നിബാധ.വ്യവസായ മേഖല പത്തിലെ എണ്ണ സംഭരണ ശാലയിലാണ് തീപിടുത്തം ഉണ്ടായത്.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു മേഖലയെ നടുക്കിയ അഗ്നിബാധ.സിവിൽ ഡിഫെൻസ് യൂണിറ്റുകൾ മണിക്കൂറുകളോളം കഠിനാധ്വാനം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.ഈ ഭാഗത്തേക്കുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണ്.തൊളിലാളികളെയും മറ്റും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.വൈദ്യുതി ബന്ധം വിച്ഛേദിച്ചു.കനത്ത ചൂടും കാറ്റും രക്ഷാപ്രവർത്തനം ദുസ്സഹമാക്കി.
പെരുവമ്പായിൽ ഉരുൾപൊട്ടലിൽ വ്യാപകനാശം
പെരിങ്ങോം: എരമം–കുറ്റൂർ പഞ്ചായത്തിലെ പെരുവാമ്പയിൽ ഉരുൾപൊട്ടി വ്യാപക നാശം. ഇന്നലെ രാവിലെ ആറോടെയാണ് സംഭവം. പെരുവാമ്പ വയനാട്ടുകുലവൻ ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ അനധികൃത കരിങ്കൽ ക്വാറിയിൽ നിന്നാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ക്വാറിയിൽ നിന്ന് ഒരുകിലോ മീറ്ററോളം താഴോട്ടുള്ള പെരുവാമ്പ പുഴ വരെയുള്ള പ്രദേശങ്ങൾ മലവെള്ളപ്പാച്ചിലിൽ പെട്ടു.പെരുവാമ്പ വയനാട്ടുകുലവൻ ക്ഷേത്രത്തിന്റെ മതിലും കാവും ഗുളികൻ സ്ഥാനവും തകർന്നു.സൂര്യ സ്റ്റോറിൽ ചായക്കട നടത്തുന്ന യു.വി.ഗംഗാധരൻ, ഹോട്ടലിൽ പാലുമായെത്തിയ സി.ജെ.റോയ്, പുഴയിൽ കുളിക്കാനെത്തിയ എൻ.ഇസ്മായിൽ എന്നിവർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഗംഗാധരന്റെ ചായക്കട ഒഴുക്കിൽപെട്ട് തകർന്നു.തളിയിൽ അശോകന്റെ തൊഴുത്തും പശുവും കിടാവും ഒഴുക്കിൽപെട്ടു. തൊഴുത്ത് പൂർണമായി തകർന്നു.പശുവിനെയും കിടാവിനെയും നാട്ടുകാർ രക്ഷപ്പെടുത്തി.അനുമതിയില്ലാതെ കരിങ്കൽ ക്വാറി പ്രവർത്തിപ്പിച്ച ക്വാറി ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ക്വാറി പ്രവർത്തനം നിർത്തി വയ്പിക്കുമെന്നും തഹസിൽദാർ പ്രദേശവാസികൾക്ക് ഉറപ്പ് നൽകി.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 5ന്
ന്യൂഡൽഹി:ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 5ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നസീം സെയ്‌ദി അറിയിച്ചു.വോട്ടെണ്ണലും അന്ന് വൈകുന്നേരം തന്നെ നടക്കും.നിലവിലെ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ കാലാവധി ഓഗസ്റ്റിൽ അവസാനിക്കുകയാണ്.പുതിയ ഉപരാഷ്ട്രപതി ഓഗസ്റ്റ് പതിനൊന്നിന് സ്ഥാനമേൽക്കുമെന്നും നസീം സെയ്‌ദി അറിയിച്ചു.
ദിലീപിനെയും നാദിര്ഷയെയും ചോദ്യം ചെയ്തത് തന്നെ എന്ന് പോലീസ്
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ ഇന്നലെ ആലുവ പോലീസ് ക്ലബ്ബിൽ നടന്നത് മൊഴിയെടുക്കലല്ല ചോദ്യം ചെയ്യൽ ആയിരുന്നു എന്ന് പോലീസ്.ഇന്നലെ പതിമൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ഇരുവരും ഒന്നിച്ചു നൽകിയ മൊഴികളും വെവ്വേറെ നൽകിയ മൊഴികളും പരിശോധിച്ച് വരികയാണ്.ഇതിനു ശേഷം കാര്യങ്ങളിൽ വ്യക്തത വരുത്താൻ ഇരുവരെയും വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ് സൂചിപ്പിച്ചു.ബ്ലാക്‌മെയ്ൽ ചെയ്തു പണം തട്ടാൻ ശ്രമിച്ചുവെന്ന ദിലീപിന്റെ പരാതിയിൽ വിശദമായ പരിശോധന വേണ്ടി വരുമെന്നും എസ്.പി പറഞ്ഞു.അതിനു ശേഷമേ പരാതിയിൽ കേസെടുക്കുന്ന കാര്യം തീരുമാനിക്കൂ.ദിലീപിന്റെ പരാതിയിൽ മാത്രമല്ല ചോദ്യം ചെയ്യുന്നത്,നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ടെന്നു എസ്.പി പറഞ്ഞു.
കോർപറേഷൻ ഓഫീസിൽ പരാതിപ്പെട്ടി സ്ഥാപിച്ചു
കണ്ണൂർ:പൊതുജങ്ങൾക്കു തങ്ങളുടെ പരാതി നല്കാൻ കോർപറേഷൻ ഓഫീസിൽ പരാതിപ്പെട്ടി സ്ഥാപിച്ചു.കോർപറേഷൻ പ്രവർത്തനങ്ങൾ, ജീവനക്കാർ,പദ്ധതി നിർവഹണം എന്നിവ സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനാണ് പരാതിപ്പെട്ടി സ്ഥാപിച്ചത്.പരാതികൾ മാസത്തിലെ ആദ്യ വെള്ളിയാഴ്ചകളിൽ കോഴിക്കോട് മേഖല പെർഫോമൻസ് ഓഡിറ്റ് ഓഫീസർ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.
ധർമടം പഞ്ചായത്ത് ഓഫീസിലെ എൽ.ഡി.ക്ലർക്കിനെ സസ്‌പെൻഡ് ചെയ്തു
കണ്ണൂർ:ധർമടം പഞ്ചായത്തോഫിസിലെ എൽ.ഡി ക്ലർക്കിനു സസ്പെൻഷൻ.പഞ്ചായത്തോഫീസിലെത്തിയ സ്വാതന്ത്ര സമര സേനാനി മേലൂരിലെ രൈരു നായരോട് മോശമായി പെരുമാറി എന്ന പരാതിയിലാണ് നടപടി.എൽ.ഡി ക്ലാർക്ക് പ്രേമൻ മൂർക്കോത്തിനെയാണ് ജില്ലാ പഞ്ചായത്ത് ഡയറക്ടർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.കഴിഞ്ഞ മെയ് 23 നു പഞ്ചായത്തു പ്രസിഡന്റിനുള്ള നിവേദനവുമായി ഓഫീസിലെത്തിയ രൈരു നായരെ അപമാനിക്കുന്ന തരത്തിൽ ഉദ്യോഗസ്ഥൻ പെരുമാറി എന്നാരോപിച്ചു വിജയൻ തുണ്ടിയിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.തുടർന്നു നടന്ന അന്വേഷണത്തിലാണ് നടപടി.