നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഖത്തറിലേക്ക് 60 ടൺ പച്ചക്കറി കയറ്റി അയച്ചു.ഉച്ചയ്ക്ക് 2 മണിയോടെ ഖത്തറിൽ നിന്നുമെത്തിയ പ്രത്യേക കാർഗോ വിമാനത്തിലാണ് പഴങ്ങളും പച്ചക്കറികളും കയറ്റി അയച്ചത്.ലുലു ഗ്രൂപ്പാണ് ഇവ ബുക്ക് ചെയ്തത്.
അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി
കണ്ണൂർ:അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി.വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത്തരം സ്കൂളുകൾക്ക് അംഗീകാരം നൽകുവാൻ കഴിയില്ലെന്ന് അധികൃതർ പറയുമ്പോൾ സ്വകാര്യമാനേജ്മെന്റുകൾ പലതും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.ആറാം ക്ലാസ്സുവരെ സ്കൂൾ നടത്താൻ സി ബി എസ് ഇ യുടെയോ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയോ അംഗീകാരം വേണ്ട.ഏഴാം ക്ലാസ്സുമുതലെ അംഗീകാരത്തിന്റെ പ്രശ്നമുള്ളൂ എന്നാണ് സ്വകാര്യ മാനേജ്മെന്റ്കൾ പറയുന്നത്.എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കു അംഗീകാരം നല്കരുതെന്നാണ് നിർദ്ദേശം.ഏകദേശം രണ്ടു ലക്ഷത്തിലധികം കുട്ടികളും പതിനായിരത്തോളം അധ്യാപകരും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.അധ്യാപകർക്കും മറ്റും നിശ്ചിത യോഗ്യതയില്ല.ഫീസിന്റെ കാര്യത്തിലും വലിയ ചൂഷണമാണ് നടക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ഈ സ്കൂളുകളിലെ വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിലോ അംഗീകൃത സി ബി എസ് ഇ സ്കൂളുകളിലോ ചേരണമെന്നാണ് നിർദ്ദേശം.എന്നാൽ ഈ നീക്കം എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ ഗൂഢലക്ഷ്യമാണെന്നു ഓൾ കേരള സെല്ഫ് ഫൈനാൻസിങ് സ്കൂൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂർ പറഞ്ഞു.
കണ്ണൂരും കാസർകോട്ടും നാളെ വൈദ്യുതി മുടങ്ങും
കണ്ണൂർ:അരീക്കോട്-കാഞ്ഞിരോട്,ഓർക്കാട്ടേരി-കാഞ്ഞിരോട് 220 കെ വി ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 8 മണി മുതൽ 5 മണി വരെ കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ വൈദ്യുതി മുടങ്ങും.ശനിയാഴ്ച നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണിയാണ് നാളത്തേക്ക് മാറ്റിയത്.
വടകരയിൽ എച് വൺ എൻ വൺ പനി ബാധിച്ചു ഗർഭിണി മരിച്ചു
വടകര:സംസ്ഥാനത്തു വീണ്ടും പനി മരണം.വടകരയിൽ എച് വൺ എൻ വൺ പനി ബാധിച്ചു ഗർഭിണി മരിച്ചു.മടപ്പള്ളി പൂതംകുനിയിൽ നിഷ ആണ് മരിച്ചത്.ഏഴു മാസം ഗർഭിണിയായിരുന്ന നിഷയെ കടുത്ത പനിയെ തുടർന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇവിടെ നടത്തിയ പരിശോധനയിൽ നിഷയ്ക്ക് എച് വൺ എൻ വൺ ആണെന്ന് സ്ഥിതീകരിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്നലെ രാത്രിയാണ് നിഷ മരിച്ചത്.
കൊച്ചി മെട്രോ പ്രധാനമന്ത്രി ഇന്ന് നാടിനു സമർപ്പിക്കും
കൊച്ചി:കേരളം ഇന്ന് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകുന്നു.നീണ്ടനാളത്തെ സ്വപ്നം ഇന്ന് സഫലമാകുന്നു.സംസ്ഥാനത്തെ ആദ്യ മെട്രോറെയിൽ പ്രധാനമന്ത്രി ഇന്ന് നാടിനു സമാപിക്കുന്നു.ഇന്ന് രാവിലെ 11 മണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മെട്രോയുടെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിക്കും.പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ചു കൊച്ചി നഗരത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഇന്ന് രാവിലെ 10.15 നു വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നാവികസേനാ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി റോഡ് മാർഗം മെട്രോ ഉൽഘാടന വേദിയിലേക്ക് യാത്ര തിരിക്കും.10.35 നു പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് പത്തടിപ്പാലത്തേക്കും തിരിച്ചും മെട്രോയിൽ യാത്ര ചെയ്യുന്ന പ്രധാനമന്ത്രി പിന്നീട് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെത്തി ഉത്‌ഘാടനം നിർവഹിക്കും. ഇന്ന് ഉത്‌ഘാടനം ചെയ്യുമെങ്കിലും തിങ്കളാഴ്ച മുതലേ യാത്ര സർവീസുകൾ ആരംഭിക്കുകയുള്ളു.ഉൽഘാടന ചടങ്ങുകൾക്ക് ശേഷം വിശിഷ്ടാത്ഥികൾക്കു വേണ്ടി യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.ഞായറാഴ്ചയും ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടിയാണു സർവീസ് നടത്തുക.
കുമരകത്തുനിന്നും കാണാതായ കുട്ടികളെ കോഴിക്കോട് നിന്നും കണ്ടെത്തി
കോട്ടയം:കുമരകത്തും നിന്നും ഇന്നലെ കാണാതായ മൂന്നു വിദ്യാർത്ഥികളെ മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട് നിന്നും പോലീസ് കണ്ടെത്തി.കുമരകത്തെ സ്വകാര്യ സ്കൂളിൽ നിന്നും ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന മൂന്നു കുട്ടികളെയാണ് ഇന്നലെ കാണാതായത്.സ്കൂൾ വിട്ടിട്ടും കുട്ടികൾ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ കുമരകം പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് കുമരകം പോലീസ് സംസ്ഥാനമൊട്ടാകെയുള്ള പോലീസ് സ്റ്റേഷനുകളിൽ വിവരം നൽകി.അതോടൊപ്പം ബസ്‌സ്റ്റാന്റുകളിലും,റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടത്തി.തിരച്ചിലിനൊടുവിൽ വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് റയിൽവേസ്റ്റേഷനിൽ നിന്നും കണ്ടെത്തുകയായിരുന്നു.വിദ്യാർത്ഥികൾ സ്കൂളിൽ പുകവലിച്ചത് അധ്യാപകർ പിടികൂടുകയും രക്ഷിതാക്കളെ വിളിച്ചു കൊണ്ട് വരണമെന്ന് പറയുകയും ചെയ്തിരുന്നു.ഇതിനെതുടർന്നാണ് നാടുവിട്ടതെന്നാണ് കുട്ടികൾ പോലീസിനോട് പറഞ്ഞത്.
കശ്മീരില്‍ പോലീസ് വാഹനത്തിനു നേരെ ആക്രമണം; ആറു മരണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അനന്ത്നാഗ് ജില്ലയിൽ പോലീസ് വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആറു പോലീസുകാര്‍ കൊല്ലപ്പെട്ടു.പോലീസ് സംഘം സഞ്ചരിക്കുകയായിരുന്ന വാഹനത്തിനു നേരെ ആയുധധാരികള്‍ ആക്രമണം നടത്തുകയായിരുന്നു.സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട പോലീസുകാരുടെ ആയുധങ്ങളുമായാണ് ഭീകരര്‍ സ്ഥലംവിട്ടതെന്നും പോലീസ് അറിയിച്ചു.അനന്ത്‌നാഗില്‍ ഭീകരര്‍ക്കുനേരെ ഇന്ന് നടന്ന പോലീസ് എന്‍കൗണ്ടറിന് പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് അധികൃതരുടെ നിഗമനം
ജയിലിൽ നിന്ന് പാകിസ്ഥാൻ കൊടി കണ്ടെടുത്തു
ചെന്നൈ:ചെന്നൈയിലെ പുഴൽ ജയിൽ പരിസരത്തു നിന്ന് പാകിസ്ഥാൻ കൊടിയും മൊബൈൽ ഫോണുകളും കണ്ടെടുത്തു.ജയിൽ ഭിത്തിക്ക് പുറത്തു നിന്നും അകത്തേക്ക് എറിഞ്ഞ നിലയിലാണ് കൊടിയും മൊബൈലും കണ്ടെടുത്തത്.വാച്ച് ടവറിനടുത്തു വെച്ചാണ് ഇവ കണ്ടെടുത്തത്.സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം തുടങ്ങി.
കണ്ണൂർ കോർപറേഷൻ പരിധിയിൽ നാളെ ഓട്ടോ പണിമുടക്ക്
കണ്ണൂർ:കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ ഓട്ടോ തൊഴിലാളികൾ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് കണ്ണൂർ കോർപറേഷൻ പരിധിയിൽ നാളെ സംയുക്ത ട്രേഡ് യൂണിയൻ സമിതി ഓട്ടോ തൊഴിലാളികളുടെ 24 മണിക്കൂർ സൂചനാപണിമുടക്ക് പ്രഖ്യാപിച്ചത്