കൊച്ചി:പുതുവൈപ്പ് ഐഒസി പ്ലാന്‍റിനെതിരായി സമരം ചെയ്യുന്ന നാട്ടുകാര്‍ക്കെതിരെ വീണ്ടും പൊലീസ് നടപടി. ഐഒസി പ്ലാന്‍റിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു. ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം. എന്നാല്‍ സമരത്തിൽ നിന്നും പിന്മാറില്ല എന്ന നിലപാടിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറു കണക്കിന് സമരക്കാര്‍.സമാധാനപരമായി സമരം നടത്തിയവർക്ക് നേരെ പോലീസ് പ്രകോപനമില്ലാതെ ലാത്തി വീശുകയായിരുന്നു എന്ന് സമരക്കാർ ആരോപിച്ചു.പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍ എല്‍പിജി സംഭരണി സ്ഥാപിക്കുന്നതിനെതിരെ നാല് മാസമായി നടന്നുവരുന്ന സമരം കഴിഞ്ഞ ദിവസങ്ങളില്‍ സംഘർഷത്തിൽ കലാശിച്ചിരുന്നു.വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും അതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉറപ്പ് നല്‍കി. ഇതോടെ ജനകീയ സമര സമിതി ഇന്നലെ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കാത്തതില്‍ പ്രതിഷധിച്ചാണ് സമരം ശക്തമാക്കാന്‍ സമര സമിതി തീരുമാനിച്ചത്.
എൽ ഡി സി ആദ്യഘട്ട പരീക്ഷ ഇന്നലെ നടന്നു
കുട്ടിയെ പൊതുവിദ്യാലയത്തിൽ ചേർത്ത ഗവ.ജീവനക്കാരന്റെ ഭാര്യയുടെ ജോലി പോയി
ഏറ്റുമാനൂർ:സർക്കാർ നിർദ്ദേശം അനുസരിച്ചു സ്വന്തം കുട്ടിയെ ഗവ.സ്കൂളിൽ ചേർത്ത സർക്കാരുദ്യോഗസ്ഥന്റെ ഭാര്യയെ അൺഎയ്ഡഡ് സ്കൂളിലെ അധ്യാപന ജോലിയിൽനിന്നും പിരിച്ചുവിട്ടതായി പരാതി.ഏറ്റുമാനൂർ വിദ്യാഭ്യാസ ഉപജില്ലയിലെ അതിരമ്പുഴ സെന്റ് ജോർജ് സ്കൂളിലെ ടീച്ചർ എസ് സുഷമയെയാണ് പിരിച്ചുവിട്ടത്.സുഷമയുടെ ഭർത്താവു കോട്ടയം ഗവ.കോളേജിലെ ലൈബ്രറി അസ്സിസ്റ്റന്റും എൻ ജി ഓ യൂണിയൻ അംഗവുമാണ്.പതിനഞ്ചു വർഷമായി സുഷമ ഈ സ്കൂളിലെ അധ്യാപികയാണ്.ഇവരുടെ മകളും ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.അവിടെ പഠിച്ചിരുന്ന മകളെ സർക്കാർ ആഹ്വാനപ്രകാരം പൊതുവിദ്യാലയത്തിലേക്കു മാറ്റി ചേർത്തു.തുടർന്ന് സുഷമ ജോലിക്കെത്തിയപ്പോൾ ഇവരെ സ്കൂൾ ഗേറ്റിനടുത് തടയുകയും കുട്ടിയെ തിരികെ കൊണ്ടുവന്നാൽ മാത്രമേ സ്കൂളിൽ കയറ്റുകയുള്ളു എന്നും പറഞ്ഞു.എന്നാൽ അദ്ധ്യാപിക സ്വയം പിരിഞ്ഞു പോയതാണെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടു സുഷമ വിദ്യാഭ്യാസ മന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്.
ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്;ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ ഇന്ന് നടക്കും
ബർമിംഗ്ഹാം:ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.ബെർമിങ്ഹാമിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്നു മണിക്കാണ് മത്സരം നടക്കുക.ഗ്രൂപ് എ ഘട്ടത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉജ്വല വിജയം നേടിയെങ്കിലും സെമിയിൽ ഇംഗ്ലണ്ടിനെ തകർത്താണ് പാകിസ്ഥാൻ ഫൈനലിലെത്തിയത്.കരുത്തുറ്റ ബാറ്റിംഗ് നിരയിലാണ് ഇന്ത്യൻ പ്രതീക്ഷ.വിരാട് കോലി നയിക്കുന്ന ഇന്ത്യയും സർഫറാസ് അഹമ്മദ് നയിക്കുന്ന പാക്കിസ്‌ഥാനും തുല്യ ശക്തികളാണ്.
കൊച്ചി മെട്രോ;ഇന്ന് സ്പെഷ്യൽ സർവീസുകൾ
കൊച്ചി:മെട്രോ ഇന്ന് പ്രത്യേകം തിരഞ്ഞെടുക്കപെട്ടവർക്കായി സ്പെഷ്യൽ സർവീസ് നടത്തും.ഇന്നത്തെ സ്നേഹയാത്രയിൽ മെട്രോ കടന്നു പോകുന്ന ഭാഗങ്ങളിലെ സ്‌പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ,അഗതിമന്ദിരങ്ങളിലെ മുതിർന്ന പൗരന്മാർ എന്നിവർ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കൊപ്പം മെട്രോ യാത്ര നടത്തും.സൗജന്യ സർവീസാണ് ഇവർക്കായി മെട്രോ ഒരുക്കിയത്.43 സ്പെഷ്യൽ സ്കൂളുകളിലെ 450 ഓളം കുട്ടികളാണ് യാത്രആസ്വദിക്കാനായി എത്തുന്നത്.മെട്രോ നിർമാണത്തിൽ പങ്ക് വഹിച്ച അന്യ സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് വൈകിട്ട് പ്രത്യേക സർവീസും നടത്തുന്നുണ്ട്.
മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു
തിരൂർ: മുലപ്പാൽ ശ്വാസകോശത്തിൽ കുടുങ്ങി മൂന്നു മാസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു.തിരൂർ മൂച്ചിക്കൽ അരംഗത്തിൽ മുഹമ്മദ് റാഫി-ഷഫീന ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.കുട്ടികളുടെ ശരീര വളർച്ച സംബന്ധിച്ച് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചിരുന്നു.പുലർച്ചെ മുലപ്പാൽ കുടിച്ചു ഉറങ്ങിയ കുട്ടി ഏറെനേരം കഴിഞ്ഞിട്ടും എണീക്കാത്തതിനെ തുടർന്ന് ഡോക്ടർ എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്.തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങിയാണ് മരണം എന്ന് കണ്ടെത്തുകയായിരുന്നു.
കോഴിക്കോട് ബൈപാസിൽ ടാങ്കർ ലോറി മറിഞ്ഞു വാതക ചോർച്ച
കോഴിക്കോട്:വെങ്ങളം-രാമനാട്ടുകര ബൈപാസിൽ ടാങ്കർ ലോറി കാറിലിടിച്ചു മറിഞ്ഞു വാതകം ചോർന്നു.ഇന്ന് പുലർച്ചെ മൊകവൂരിലായിരുന്നു അപകടം നടന്നത്.വാതകം ചോർന്നതിനെ തുടർന്ന് നാട്ടുകാരിൽ ചിലർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു എന്ന് റിപ്പോർട്ട് ഉണ്ട്.ഫയർഫോഴ്‌സും പോലീസും എത്തി ചോർച്ചയടച്ചു.ബൈപാസിലെ ഗതാഗതം പൂർണ്ണമായും നിരോധിച്ചു.പ്രദേശത്തെ വൈദ്യുതി ബന്ധവും വിശ്ചേദിച്ചിട്ടുണ്ട്.ഗ്യാസ് ചോർന്നു അപകടമുണ്ടാകാതിരിക്കാനുള്ള എല്ലാനടപടികളും എടുത്തിട്ടുണ്ടെന്നു പോലീസും ഫയർഫോഴ്‌സും അറിയിച്ചിട്ടുണ്ട്.
ഇന്ധന വില പരിഷ്കരണം – പമ്പുടമകൾ ഭീമമായ നഷ്ടത്തിൽ
ദില്ലി / തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയലിന്റെ വിലക്കനുസരിച്ച് രാജ്യത്തിലെ മുഴുവൻ പെട്രോൾ പമ്പുകളിലെയും വില ദിവസേന ക്രമീകരിക്കുന്ന സംവിധാനം ജൂൺ 15 അർദ്ധരാത്രി മുതൽ നിലവിൽ വന്നു.
ഇന്ത്യയിലെ മൂന്ന് പൊതു മേഖല ഓയിൽ മാർക്കറ്റിങ്ങ് കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവരാണ് ഇന്ധന വില പ്രധാനമായും നിയന്തിക്കുന്നത്.
ജൂൺ 15ന് അർദ്ധരാത്രിയിൽ പെട്രോൾ ലിറ്ററിന് ഒരു രൂപ അറുപത്തിമൂന്ന് പൈസയും ഡീസൽ ലിറ്ററിന് ഒരു രൂപ അറുപത്തിരണ്ട് പൈസയും കുറച്ചിരുന്നു. ജൂൺ 16ന് രാത്രിയിൽ 23 പൈസയും 17 പൈസയും വീണ്ടും കുറക്കുവാനുള്ള തീരുമാനം വന്നതോടെ രാജ്യത്തിലെ മുഴുവൻ പമ്പുടമകളും ആശങ്കയിൽ ആയി. ജൂൺ 17ന് രാത്രി 33 പൈസ പെട്രോളിനും 20 പൈസ ഡീസലിനും കുറവ് വന്നു. ഞായറാഴ്ച ഇന്ധന ഡിപ്പോയിൽ അവധി ദിവസമായതിനാൽ ശനിയാഴ്ച എല്ലാ പമ്പുടമകളും ഇന്ധനം പതിവിലും കൂടുതലായി സംഭരിച്ച സാഹചര്യത്തിൽ പമ്പുടമകളുടെ നഷ്ടം പ്രതീക്ഷിച്ചതിലും വളരെ കൂടുതലായി.
കേരളത്തിലെ ഭൂരിഭാഗം പമ്പുകൾ കളിലും പ്രതിമാസം 100 കിലോ ലിറ്റർ മുതൽ 200 കിലോ ലിറ്റർ വരെയാണ് ശരാശരി വിൽപ്പന നടക്കുന്നത്. ഇത്തരം പമ്പുകളിൽ 12000 ലിറ്റർ ഇന്ധനം കമ്പനികളിൽ നിന്നും വാങ്ങിയാൽ 3 മുതൽ 5 ദിവസം വരെ വിൽപ്പന നടത്തിയാൽ മാത്രമേ സ്റ്റോക്ക് ഗണ്യമായി കുറയുകയുള്ളൂ എന്നതും നഷ്ടത്തിന്റെ വ്യാപതി കൂട്ടുകയാണ്.
ജൂൺ 15ന് സംസ്ഥാനത്തെ പല പമ്പുകളിലും ഉണ്ടായ നഷ്ടം ഇരുപതിനായിരം മുതൽ അമ്പതിനായിരം രൂപവരെയാണ്.തുടർന്ന് 3 ദിവസത്തിൽ ദിവസേന 2000 മുതൽ 6000 രൂപ വരെ നഷ്ടപ്പെടുന്ന സാഹചര്യം വന്നതോടെ പമ്പുകളിലെ ജീവനക്കാരുടെ വേതനവും മറ്റ് ചിലവുകൾക്കും വേണ്ടിയുള്ള തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഈ വ്യാപാരം തുടർന്ന് എത്ര നാൾ നടത്താനാവും എന്ന് ആശങ്കപ്പെടുകയാണ് പെട്രോൾ പമ്പ് തൊഴിലാളികളും ഉടമകളും.
അപൂർവ്വ ചന്ദ്ര കമ്മീഷൻ വർഷങ്ങൾക്ക് മുൻപ് നിർഷ്കർഷിച്ച ഡീലർ കമ്മീഷൻ ലഭിക്കാത്തതിനെ തുടർന്ന് പമ്പുടമകൾ പല തവണ സമരം ചെയ്തിട്ടും ഓയൽ കമ്പനികൾ വർഷങ്ങളുടെ കുടിശിഖ ഡീലർമാർക്ക് നൽക്കാൻ തയ്യാറാവാത്തതും വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇന്ധന ലഭ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ എത്തിച്ചിരിക്കുന്നു.
2017 ലെ ആദ്യ പാദത്തിൽ ക്രൂഡിന്റെ വില കുറഞ്ഞിട്ടും രാജ്യത്ത് ഇന്ധന വില കുറക്കാതിരുന്നതും ,ഇതേ കമ്പനികളുടെ കീഴിൽ തന്നെയുള്ള പാചക വാതകത്തിന്റെ വില ദിവസേന ക്രമീകരിക്കാത്തതും മാർക്കറ്റിങ്ങ് കമ്പനികളുടെ ഇരട്ടതാപ്പാണെന്ന് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച ഡീലർമാർ അഭിപ്രായപ്പെട്ടു.
വില ക്രമീകരണം തുടരുകയാണെങ്കിൽ പമ്പുകൾ അടച്ചിട്ട് കൊണ്ട് അനുകൂല തീരുമാനം വരുന്നത് വരെ സമരം ചെയ്യാൻ പമ്പുടമകൾ തയ്യാറെടുക്കുകയാണ്. ഇങ്ങനെ ഒരു സാഹചര്യം വരികയാണെങ്കിൽ രാജ്യം തന്നെ നിശ്ചലമാകുന്ന ദിനങ്ങൾ ആയിരിക്കുമെന്ന് പൊതുജനങ്ങളും ആശങ്കപ്പെടുകയാണ്.
സ്കൂളിൽ ബീഫ് പാചകം ചെയ്തു,പ്രിൻസിപ്പൽ അറസ്റ്റിൽ
റാഞ്ചി:സ്കൂളിൽ ബീഫ് പാചകം ചെയ്തതിനു പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തു.ജാർഖണ്ഡിലെ പാക്കൂർ ജില്ലയിലെ മാൽപഹാഡി സർക്കാർ സ്കൂളിലാണ് സംഭവം.മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് പ്രിൻസിപ്പൽ റോസ ഹാൻസ്ദയെയാണ് അറസ്റ്റ് ചെയ്തത്.ഇവരുടെ സഹായി ബിജു ഹാൻസ്ദയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജയിലിലടച്ചു.സ്കൂളിലെ ഉച്ച ഭക്ഷണ സമയത്തു ബീഫ് പാചകം ചെയ്തു നൽകി എന്ന കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.പാചകം ചെയ്തത് പശുവിറച്ചിയാണോ പോത്തിറച്ചിയാണോ എന്നറിയുന്നതിനായി മാംസം ലാബിലേക്ക് അയച്ചു.
പെരുന്നാളിന് കെ എസ് ആർ ടി സി യുടെ സ്പെഷ്യൽ സർവീസ്
തിരുവനന്തപുരം:പെരുന്നാളിന് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ് നടത്തും.വിവിധ ജില്ലകളിലേക്കായി 10 സർവീസുകളാണ് നടത്തുക.ബംഗളൂരുവിൽ നിന്ന് മാനന്തവാടി വഴി കോട്ടയം,എറണാകുളം,തൃശൂർ,കോഴിക്കോട് തുടങ്ങിയ ജില്ലകളിലേക്ക് സർവീസ് നടത്താൻ നാല് ഡീലക്സ് ബസുകളും കോഴിക്കോട്ടേക്ക് മാനന്തവാടി വഴിയുള്ള ഒരു എക്സ്പ്രസ്സ് ബസും ബത്തേരി വഴിയുള്ള ഒരു ഡീലക്സ് ബസുമാണ് സർവീസ് നടത്തുന്നത്.കൂത്തുപറമ്പ് വഴി കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും രണ്ട് സൂപ്പർഫാസ്റ് ബസുകളും ചെറുപുഴ വഴി പയ്യന്നൂരിലേക്കു ഒരു എക്സ്പ്രസ്സ് ബസും സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂരിലേക്ക് ഒരു സൂപ്പർഫാസ്റ് ബസുമാണ് ക്രമീകരിച്ചിരിക്കുന്നത്.