മുഖ്യമന്ത്രി സൈനികരെ മുഴുവൻ അപമാനിച്ചു: ശോഭാ സുരേന്ദ്രൻ

keralanews sobha surendran pinarayi vijayan indian army

ന്യൂഡല്‍ഹി: ഇന്ത്യയിലെ പട്ടാളക്കാർ മാനഭംഗം നടത്തുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി സൈനികരെ മുഴുവൻ അപമാനിച്ചെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി രാജ്യത്തെ പട്ടാളക്കാരുടെ മനോവീര്യത്തെ തകർത്തു. പട്ടാളക്കാരെ അപമാനിച്ച മുഖ്യമന്ത്രി രാജ്യത്തോടു മാപ്പുപറയണം.

സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി നടത്തിയതെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.ഗവർണറെപ്പോലെ ഉന്നതമായ ഭരണഘടനാ പദവികളിൽ ഇരിക്കുന്നവരോട് മാന്യമായിട്ട് പെരുമാറണം എന്നുപറയുന്നതിൽ എന്തുതെറ്റാണുള്ളത്.ഗവർണർക്ക് നൽകിയ പരാതി അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയതിനെ കുറിച്ചാണ് കേന്ദ്രമന്ത്രി പറഞ്ഞത്.

സൈനിക നിയമം (അഫ്സ്പ) കണ്ണൂരിൽ നടപ്പാക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയിൽ നടത്തിയ പരാമർശങ്ങളാണ് ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയത്..പിണറായി വിജയനെ പേടിയാണങ്കില്‍ ഗവര്‍ണര്‍ പദവയില്‍ നിന്ന് പി.സദാശിവം ഇറങ്ങി പോകണമെന്ന്  പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ശോഭാസുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.ഗവര്‍ണര്‍ക്ക്  ഇരിക്കുന്ന കസേരയോട് നീതിപുലര്‍ത്താതിരിക്കാന്‍ സാധ്യമല്ല.

ഗവർണർക്കെതിരെ നിശിത വിമർശനം നടത്തിയ കേരളാ നേതാക്കളെ ബിജെപി കേന്ദ്ര നേതൃത്വം കൈവിടുന്നു

keralanews governor kannur rss murder bjp

ന്യൂഡൽഹി:   ഗവർണർക്കെതിരെ നിശിത വിമർശനം നടത്തിയ സംസ്ഥാന ബിജെപി നേതാക്കളെ ബിജെപി കേന്ദ്ര നേതൃത്വം കൈവിടുന്നു. കണ്ണൂര്‍ കൊലപാതകങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ നീങ്ങിയ  ശോഭാ സുരേന്ദ്രന്റെയും , എം.ടി.രമേശിന്റെയും പ്രസ്താവനകളെ  കേന്ദ്ര ബിജെപി നേതൃത്വം തള്ളിക്കളഞ്ഞു. ഗവർണറുടെ ഭരണഘടനാപദവി മാനിക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

ഇരുവരുടെയും പ്രസംഗങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കിൽ ഗവർണർ പി.സദാശിവം ഇറങ്ങിപ്പോകണമെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടത്.  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് സമൂഹമാധ്യമത്തിലൂടെയാണ് ഗവർണർക്കെതിരെ രംഗത്തെത്തിയത്.

‘സിപിഎമ്മും ബിജെപിയും അക്രമം നിര്‍ത്തണം’

keralanews kannur political violence satheesan pacheni responses

തളിപ്പറമ്പ് : കണ്ണൂർ ജില്ലയിൽ കൊലപാതക രാഷ്ട്രീയം നിലനിർത്തുക എന്നത് സിപിഎമ്മിന്റെയും ബിജെപിയുടെയും ഹിഡൻ അജൻഡയാണെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. കണ്ണൂരിലെ അമ്മമാരുടെ കണ്ണീരിന് അറുതിവരുത്താൻ സിപിഎമ്മും ബിജെപിയും തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പൊലീസിനെ സ്വതന്ത്രമാക്കണമെന്നും ഇത്തരം നടപടികളിലൂടെ മാത്രമേ കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ രാഷ്ട്രീയ അക്രമങ്ങൾക്ക് തടയിടാനാകൂ എന്നും പാച്ചേനി പറ‍ഞ്ഞു.

മദ്യവില്പനശാലയ്ക്ക് അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണം

keralanews liquor shop

കണ്ണൂർ: കണ്ണൂർ നഗരത്തിലെ കുഴിക്കുന്നിൽ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്തു സ്കൂളിൽ നിന്ന് ദൂര പരിധി പാലിക്കാതെ മദ്യ വിൽപ്പന ശാലയ്ക്ക് അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് എസ് ഡി പി എ ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുൽ  ജബ്ബാർ ആവശ്യപ്പെട്ടു. സ്കൂളിന് തൊട്ടടുത്തു ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്താണ് മദ്യ വില്പന നടക്കുന്നത്. നഗരത്തിൽ തന്നെ  നേതാജി   റോഡിൽ ആരംഭിച്ച മറ്റൊരു മദ്യ വിൽപ്പന ശാലയ്‌ക്കെതിരെ   സംയുക്ത സമര സമിതിയുടെ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇത് വകവെക്കാതെ കുഴിക്കുന്നിലും ഔട്ട്ലെറ്റ് ആരംഭിച്ചിട്ടുള്ളത്. സംഗമത്തിൽ നിരവധി പ്രദേശവാസികളും സ്ത്രീകളും പങ്കെടുത്തു.

ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തമ്മിലുള്ള ശീ‍തസമരത്തിൽ ആരോഗ്യമന്ത്രിയുടെ താക്കീത്

keralanews kannur district hospital

കണ്ണൂർ ∙ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ തമ്മിലുള്ള ശീ‍തസമരത്തിൽ ആരോഗ്യമന്ത്രിയുടെ താക്കീത്. ജില്ലാ ആശുപത്രിയിൽ ചില ഡോക്ടർമാരുടെ കളിയുണ്ടെന്നും ഇനി അതുവേണ്ടെന്നും മന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകി. ഡോക്ടർമാർക്കു സർക്കാർ എല്ലാവിധ സംരക്ഷണവും നൽകും. ഡോക്ടർമാരെ ആക്രമിക്കാനൊന്നും ആരെയും അനുവദിക്കില്ല. ഇതിനനുസരിച്ചു ഡോക്ടർമാരിൽ നിന്നും മികച്ച സേവനം ഉണ്ടാകേണ്ടതുണ്ട്. രോഗികളോടു നല്ല നിലയിൽ ഡോക്ടർമാർ പെരുമാറണം. ആശുപത്രിയുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്ത് അധികൃതർ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും മന്ത്രി നി‍ർദേശിച്ചു.

‘ജില്ലയിൽ അക്രമം ഇല്ലാതാക്കാൻ ഇനി പൊലീസ് മനസ്സുവയ്ക്കണം’‍‌

keralanews kannur political violence

പയ്യന്നൂർ ∙ ജില്ലയിൽ അക്രമം ഇല്ലാതാകണമെങ്കിൽ പൊലീസിന്റെ ഭാഗത്തു നിന്നു നിഷ്പക്ഷവും കാര്യക്ഷമവുമായ പ്രവർത്തനം അനിവാര്യമാണെന്ന് രാജ്യാന്തര സമാധാന പ്രവർത്തകനും പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് സ്ഥാപകനുമായ പി.വി.രാജഗോപാലൻ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കണ്ണൂരിലെ സമാധാന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തിയിരുന്നു. അക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടി എടുക്കുമെന്നു മുഖ്യമന്ത്രി ഉറപ്പും നൽകിയിരുന്നു.

ഇനി പ്രവർത്തിക്കേണ്ടതു പൊലീസാണ്. സമാധാന പ്രവർത്തനത്തിന് പൊലീസിന്റെ ഭാഗത്തു നിന്നു സഹായങ്ങൾ  ലഭ്യമാക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു രാഷ്ട്രീയം നോക്കാതെ  സഹായം നൽകുമെന്നും സമാധാനം നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

പുറത്തെരുവത്ത് ക്ഷേത്രത്തിൽ കുടുംബസംഗമം നടത്തി

keralanews family get together

പയ്യന്നൂർ ∙ പെരുങ്കളിയാട്ടത്തിനു മുന്നോടിയായി കുഞ്ഞിമംഗലം പുറത്തെരുവത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കുടുംബസംഗമം നടന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലായി 1500ൽ അധികം കുടുംബങ്ങൾ ഈ ക്ഷേത്രത്തിന്റെ പരിധിയിൽ വരും. പ്രസിഡന്റ് എം.വി.ശശിധരൻ അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം മുച്ചിലോടും മുച്ചിലോട്ട് ഭഗവതിയും’ എന്ന വിഷയത്തിൽ ഡോ. വൈ.വി.കണ്ണൻ പ്രഭാഷണം നടത്തി. 70 വയസ്സ് കഴിഞ്ഞ കുടുംബാംഗങ്ങളെ ആദരിച്ചു.2018 ഡിസംബറിൽ പെരുങ്കളിയാട്ടം നടത്താൻ തീരുമാനിച്ചു.

കുടുംബവഴക്കില്‍ യുവാവിന്റെ ജീവന്‍ പൊലിഞ്ഞു

keralanews thalasseri family problem

തലശ്ശേരി: തലശ്ശേരിയില്‍ ഭാര്യവീട്ടുകാരുമായുള്ള കുടുംബവഴക്കില്‍ പൊലിഞ്ഞത് ഒരു യുവാവിന്റെ ജീവന്‍. ചിറക്കര ചന്ദ്രിവില്ലയില്‍ കെ.കെ. സന്ദീപാണ് കൊല്ലപ്പെട്ടത്. ഭാര്യാപിതാവാണ് കൊലനടത്തിയത്. സന്ദീപും ഭാര്യവീട്ടുകാരുമായി കുറച്ചുനാളായി വഴക്കിലായിരുന്നു. ശനിയാഴ്ച സന്ദീപിന്റെ ഭാര്യയുടെ അമ്മ സുജ എത്തിയപ്പോള്‍ അവരുമായും വഴക്കുണ്ടായി. തുടര്‍ന്നാണ് ഭാര്യാപിതാവെത്തി മകളുടെ ഭര്‍ത്താവിനെ കുത്തിക്കൊന്നത്. ഇതിനായി അയ്യായിരം രൂപയോളം വിലവരുന്ന കത്തിയുമായാണ് ഭാര്യാപിതാവ് പ്രേമരാജന്‍ പന്തീരങ്കാവില്‍നിന്ന് തലശ്ശേരിയിലെത്തിയത്. സംഭവശേഷം നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചു.

ഇയാളെത്തിയ സ്‌കൂട്ടി സംഭവസ്ഥലത്തിനു സമീപംതന്നെ കിടന്നിരുന്നു. ഞായറാഴ്ച രാവിലെ കൊലപാതകം നടന്നെന്നറിഞ്ഞതോടെ രാഷ്ട്രീയമുണ്ടോ എന്നതായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. അതിനായി ആളുകള്‍ പലവഴിക്കായി അന്വേഷണം നടത്തി. കുടുംബപ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നറിഞ്ഞതോടെയാണ് പലര്‍ക്കും ആശ്വാസമായത്

വയനാട്ടിലും പത്തനംതിട്ടയിലും വാനാക്രൈ ആക്രമണം

keralanews virus attack

കല്‍പ്പറ്റ/പത്തനംതിട്ട: ലോകമെങ്ങുമുള്ള കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി പ്രശ്‌നം സൃഷ്ടിച്ച വാനാക്രൈ വൈറസ് വയനാട്ടിലും പത്തനംതിട്ടയിലും കണ്ടെത്തി. അവധി ദിവസമായ ഞായറാഴ്ച്ച കഴിഞ്ഞ് ഇന്ന് ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ കമ്പ്യൂട്ടറുകള്‍ തുറന്നപ്പോള്‍ ആണ് വാനാക്രൈ മാല്‍വേറുകള്‍ ഫയലുകള്‍ ലോക്ക് ലോക്ക് ചെയ്തതായി കണ്ടത്.

വാനാക്രൈ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളാ പോലീസിന്റെ സാങ്കേതിക ഗവേഷണ വികസനകേന്ദ്രം സൈബര്‍ഡോം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടറുകളില്‍ നുഴഞ്ഞു കയറി ഫയലുകള്‍ ലോക്ക് ചെയ്യുന്നതാണ് വാനാക്രൈ മാല്‍വേറുകളുടെ ശൈലി സിസ്റ്റം നേരെയാക്കാൻ 300 ഡോളറിൽ കൂടുതൽ മൂല്യമുള്ള ബിറ്റ് കോയിൻ നൽകണമെന്നാണ് ആവശ്യം. മൂന്നു ദിവസത്തിനകം നൽകിയില്ലെങ്കിൽ തുക ഇരട്ടി ആകുമെന്നും മുന്നറിയിപ്പുണ്ട്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തിലെ സുരക്ഷാ പിഴവ് മുതലാക്കിയാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഈ പിഴവ് ആദ്യം കണ്ടെത്തിയത് അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ.) ആണ്. ഇതുപയോഗിച്ച് അവര്‍ തയ്യാറാക്കിയ ‘സൈബര്‍ ആയുധം’ ചോര്‍ന്നതാണ് സൈബര്‍ ആക്രമണത്തിലേക്ക് വഴിതെളിച്ചത്.

സൈബർ ആക്രമണം; എല്ലാ എ ടി എമ്മുകളും അടിയന്തരമായി അടച്ചിടാൻ റിസേർവ് ബാങ്ക്

keralanews cyber attack

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ സൈബർ ആക്രമണത്തിനിരയായ സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി റിസേർവ് ബാങ്ക്. ഇതിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എല്ലാ എ ടി എമ്മുകളും അടച്ചിടാൻ റിസേർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകി. വിൻഡോസിന്റെ പുതിയ വേര്ഷനിലേക്ക് അപ്ഡേറ്റ് ചെയ്ത ശേഷം മാത്രം എ ടി എമ്മുകൾ പ്രവർത്തിപ്പിച്ചാൽ മതിയെന്നും ആർ ബി ഐ നിർദേശിച്ചിട്ടുണ്ട്.