ടി പി സെൻകുമാറിന്റെ പുനർനിയമനം: ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടി പി സെൻകുമാറിന്റെ പുനർനിയമനം നടപ്പാക്കാൻ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. സുപ്രീം കോടതി വിധി അന്തിമമാണ്. ഇത് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരുമാണ്. ഇത് സംബന്ധിച്ച നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെൻകുമാറിന്റെ പുനർ നിയമനം വൈകുന്നതിനെതിരെ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. അതെ സമയം വിധി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇന്ത്യൻ തിരിച്ചടി; പാക് സൈനിക പോസ്റ്റുകൾ തകർത്തു
ജമ്മു: സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാൻ സൈന്യത്തിന്റെ ക്രൂരതയ്ക്ക് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ട് പാക് സൈനിക പോസ്റ്റുകൾ തകർത്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് ജമ്മുവിലെ കൃഷ്ണഗാട്ടി ഏരിയയിലെ രണ്ടു പോസ്റ്റുകൾ സൈന്യം തകർത്തത്. അതിർത്തി രക്ഷാ സേന നടത്തിയ വെടിവെപ്പിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.
നേരത്തെ നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യൻ മേഖലയിലേക്ക് കടന്നുകയറിയ പാകിസ്ഥാൻ ബോഡർ ആക്ഷൻ തീം വെടിവെപ്പ് നടത്തിയിരുന്നു. ഈ വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുത്തു പാകിസ്ഥാൻ സൈന്യം വികൃതമാക്കിയിരുന്നു. ഇതിന് ശക്തമായ മറുപടി നൽകുമെന്ന് ഇന്നലെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്നു മുതല്‍ മലയാളം നിര്‍ബന്ധം
തിരുവനന്തപുരം: മേയ് ഒന്നുമുതല്‍ സെക്രട്ടേറിയറ്റിലും മറ്റെല്ലാ സര്‍ക്കാര്‍വകുപ്പുകളിലും ഓഫീസ് നടപടികള്‍ക്ക് മലയാളം നിര്‍ബന്ധമാക്കി. സര്‍ക്കുലറുകള്‍, കത്തിടപാടുകള്‍, ഫയല്‍ നടപടികള്‍, റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയെല്ലാം ഇനി മലയാളത്തിലായിരിക്കണം. വകുപ്പുമേധാവികളും ഓഫീസ് മേധാവികളും ഇക്കാര്യം ഉറപ്പുവരുത്തണം. ഭരണഭാഷാമാറ്റ നടപടികള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനംചെയ്ത് വീഴ്ചവരുത്തുന്നവര്‍ക്കെതിരേ നടപടിസ്വീകരിക്കും.സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്.
കേന്ദ്രസര്‍ക്കാര്‍, കേന്ദ്രസ്ഥാപനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി, ഇതരസംസ്ഥാനങ്ങള്‍, മറ്റുരാജ്യങ്ങള്‍ എന്നിവയുമായുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം. ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ നിബന്ധനയില്‍ നിന്നൊഴിവാക്കും. ഓഫീസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഓദ്യോഗികപദവിയും അടങ്ങുന്ന തസ്തികമുദ്രകള്‍ എന്നിവ മലയാളത്തിലും തയ്യാറാക്കണം. സംസ്ഥാനത്തിനകത്തെ ആവശ്യത്തിന് മലയാളം മുദ്രകള്‍ ഉപയോഗിക്കണം.ഔദ്യോഗികഭാഷ മലയാളമാക്കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് നിയമനിര്‍മാണം നടത്തിയത്. അതിന്റെ തുടര്‍ച്ചയായി 2015 ജനുവരി മുതല്‍ ഓദ്യോഗികഭാഷ മലയാളമാക്കി ഉത്തരവിറക്കിയെങ്കിലും പല വകുപ്പുകളും അത് പാലിക്കുന്നില്ല.
റേഷൻ സമരത്തിൽ നിന്ന് പിന്തിരിയണം
ചക്കരക്കല്ല്: ഒരുവിഭാഗം റേഷന്‍വ്യാപാരികള്‍ തിങ്കളാഴ്ച മുതല്‍ നടത്തുന്ന കടയടപ്പ് സമരത്തില്‍നിന്ന് പിന്മാറണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.സമരത്തില്‍നിന്ന് മുഴവന്‍ വ്യാപാരികളും പിന്തിരിയണമെന്നും സ്റ്റോക്ക് എടുത്ത് വിതരണം ചെയ്യണമെന്നും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മെമ്പര്‍ ടി.കെ.പ്രമോദനും ടി.എം.ബഷീറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു .
രാമന്തളി മാലിന്യ പ്രശ്‍നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുമെന്ന് സുരേഷ് ഗോപി
പയ്യന്നൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ എനിക്കും നിങ്ങൾക്കും വിശ്വാസമുള്ളതുകൊണ്ട് ആ വിശ്വാസത്തിൽ രാമന്തളി മാലിന്യ പ്രശ്‍നം ഉടൻ ഒത്തു തീർപ്പാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുരേഷ് ഗോപി എം പി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതനുസരിച്ചാണ് ഞാൻ ഇവിടെ വന്നത്. അതുകൊണ്ട് തന്നെ സമരം എത്രയും പെട്ടെന്ന് ഒത്തുതീർപ്പാക്കാമെന്ന വിശ്വാസവുമുണ്ട്. ന്യായമായ ഒരു സമീപനം പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്ന് ഉറപ്പു നല്കുകയുമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊടും ചൂട് നാളികേര കൃഷിയെ മോശമായി ബാധിക്കുന്നു
കണ്ണൂർ: ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും സംസ്ഥാനത്തെ നാളികേര കൃഷിയെ കനത്ത തോതിൽ ബാധിക്കുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. മണ്ണ്, ജലം, ജൈവ വൈവിധ്യം തുടങ്ങിയ പാരിസ്ഥിതിക അടിത്തറയെ ആകമാനം തകർക്കുന്ന കാലാവസ്ഥാ മാറ്റം നാളികേര കൃഷിയെ അപകടപ്പെടുത്തിത്തുടങ്ങിയതായി ഇത് സംബന്ധിച്ച് ഗവേഷണം നടത്തുന്നവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യ,ചൈന,പാകിസ്ഥാൻ, മാലിദ്വീപ്, ബംഗ്ലാദേശ് ഇനീ രാജ്യങ്ങളിലാണ് കാലാവസ്ഥാ മാറ്റം കൃഷിയിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയെങ്കിലും കേരളത്തിലെ നാളികേര കൃഷിയുടെ വേരറുക്കാൻ പോന്നതാണ് ഇപ്പോഴത്തെ താപവ്യതിയാനം എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. അന്തരീക്ഷ താപനില ഒരു പരിധി വരെ ഉയർന്നാലും നാളികേര കൃഷിയെ സാധാരണയായി ബാധിക്കാറില്ല. എന്നാൽ ഇപ്പോൾ സ്ഥിതി അങ്ങനെ അല്ല എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ.
എ ടി എമ്മിൽ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകൾ
മധ്യപ്രദേശ്: എ ടി എമ്മിൽ മഹാത്മാ ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകൾ. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ എസ് ബി ഐ എ ടി എമ്മിൽ നിന്നാണ് ഗാന്ധിജിയുടെ ചിത്രമില്ലാത്ത 500രൂപ നോട്ടുകൾ ലഭിച്ചത്. എസ് ബി ഐ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അച്ചടി പിശകാണെന്നായിരുന്നു വിശദീകരണം. നോട്ട് അധികൃതർ മാറ്റി നൽകുകയും ചെയ്തു. ഏപ്രിൽ 25നും സംസ്ഥാനത്തു ഇതുപോലൊരു സംഭവം ഉണ്ടായിരുന്നു. അന്ന് പക്ഷെ 2000രൂപ നോട്ടിലായിരുന്നു പ്രശ്‍നം.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് എല്‍പിജി ട്രക്ക് ഡ്രൈവര്‍മാര്‍ നാളെമുതല്‍ അനശ്ചിതകാല സമരം ആരംഭിക്കുന്നു
കൊച്ചി: നാളെ മുതൽ പാചക വാതക തൊഴിലാളികൾ വേതന വർദ്ധനവ് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക്. തൊഴിലാളി നേതാക്കളുമായി ലേബർ കമ്മീഷൻ ചർച്ച നടത്തിയിട്ടും അത് ഫലം കണ്ടില്ല. തുടർന്നാണ് തൊഴിലാളികൾ നാളെമുതൽ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. 1500 ല്‍ പരം ഡ്രൈവര്‍മാരാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. ഇത് വലിയതോതിലുള്ള പ്രതിസന്ധിയാണ് കേരളത്തില്‍ ഉണ്ടാക്കുക. സമരക്കാരുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ശ്രമം തുടരുന്നുവെന്നാണ് വിവരം.
ന്യൂ മാഹിയിൽ അനധികൃത കെട്ടിട നിർമാണം പെരുകുന്നു
തലശ്ശേരി: ന്യൂ മാഹി പഞ്ചായത്ത് കാര്യാലയത്തിന് സമീപം വിവിധ ഭാഗങ്ങളിൽ അനധികൃത കെട്ടിട നിർമാണം വ്യാപകം. മാഹി പുഴയോരത്തു നടന്ന അനധികൃത കെട്ടിട നിർമാണം പഞ്ചായത്ത് അധികൃതർ തടഞ്ഞിരുന്നു. പുഴയോരത്തെ പഴയ കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ പ്രവർത്തിയാണ് തടഞ്ഞത്. ഇതിനെതിരെ പഞ്ചായത്ത് നേരത്തെ നൽകിയ നോട്ടീസ് അവഗണിച്ച് രാത്രിയും അവധി ദിവസങ്ങളിലുമാണ് നിർമാണം നടത്തിയത്. പ്രവൃത്തി തടയണം എന്നാവശ്യപ്പെട്ട് ന്യൂ മാഹി പൊലീസിന് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.