തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം വിജയം. 20,967 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടിയ (98.82) റവന്യു ജില്ല പത്തനംതിട്ടയും കുറവ് (89.65) വയനാടുമാണ്. 405 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 1,174 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്‌കൂള്‍ കോഴിക്കോട് ചാലപ്പുറം സര്‍ക്കാര്‍ ഹൈസ്‌കൂളാണ്. സിലബസ് പരിഷ്‌കരണത്തിനു ശേഷം ആദ്യമായി നടത്തിയ പരീക്ഷയാണിത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. സേ പരീക്ഷ 22 മുതല്‍ 26 വരെ നടക്കും. റീ വാല്യൂവേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
നിര്‍ഭയ കേസ് : നാല് പ്രതികള്‍ക്ക് വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
ന്യൂ ഡല്‍ഹി: ലോകമനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹിയിലെ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. രാജ്യത്തെ നടുക്കിയ സംഭവം പിന്നീട് നിര്‍ഭയ കേസ് എന്നറിയപ്പെട്ടത്. ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധശിക്ഷ വിധിച്ചതിനെതിരേ നാലുപ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.കേസ് വാദം കേട്ട മൂന്നംഗ ബഞ്ചിലെ ജസ്റ്റിസുമാരായിരുന്ന ദീപക് മിശ്ര, ആര്‍ ഭാനുമതി എന്നിവരാണ് വിധി പ്രസ്താവിച്ചത്. സമാനതകളില്ലാത്ത ക്രൂരതയാണ് നടന്നതെന്ന് സുപ്രീംകോടതി വിലയിരുത്തി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരാമര്‍ശം ഈ കേസില്‍ വളരെ ശരിയാണെന്നും കോടതി പറഞ്ഞു.
2012 ഡിസംബര്‍ 16 നാണ് ദില്ലിയില്‍ ഓടുന്ന ബസ്സില്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. രാജ്യത്തെ നടുക്കിയ സംഭവത്തില്‍ ഹൈക്കോടതി വിധിച്ച വധശിക്ഷക്കെതിരെ നാല് പ്രതികള്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഡല്‍ഹിയില്‍ ഓടുന്ന ബസില്‍വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പിന്നീട് മരിച്ചു. കേസിലെ പ്രതികളായ മുകേഷ്, പവന്‍, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നിവര്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.
ഫേസ്ബുക്കില്‍ ഇനി അക്രമം ഇല്ല
അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ഇതിനായി പ്രത്യേകം ആളുകളെ നിയമിക്കാനും ഫേസ്ബുക്ക് തീരുമാനിച്ചു. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. പോസ്റ്റു ചെയ്യുന്നതിന്റെ ഉള്ളടക്കം നിരീക്ഷിക്കാന്‍ പുതിയ ആളുകളെ നിയമിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. 3000പേരെയാണ് ഇതിനു വേണ്ടി പുതിയതായി നിയമിക്കുന്നത്.
സെൻ കുമാറിനെ ഇന്ന് തന്നെ ഡിജിപി ആയി നിയമിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: പോലീസ് മേധാവിയായി ടി പി സെൻ കുമാറിനെ ഇന്ന് തന്നെ നിയമിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെൻ കുമാർ കേസിൽ സുപ്രീംകോടതി വിധി സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കോടതി വിധി സർക്കാരിനെതിരെയുള്ള തിരിച്ചടിയാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരൻ ആവശ്യപ്പെട്ടു.
സെൻ കുമാറിനെ ഡി ജി പി ആയി പുനർ നിയമിക്കണമെന്ന് കഴിഞ്ഞ ഇരുപത്തി നാലിനാണ് കോടതി ഉത്തരവിട്ടത് എന്നാൽ കോടതി വിധിയിൽ വ്യക്തത വേണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും കാലതാമസം നേരിട്ടതിനെതിരെ സെൻ കുമാറും കോടതിയെ സമീപിക്കുകയായിരുന്നു .
പൂര നഗരിയിൽ പിഞ്ചു കുഞ്ഞിനോട് ക്രൂരത
തൃശൂർ : പൂരം നടക്കുന്ന മൈതാനിയിൽ പിഞ്ചു കുഞ്ഞിനോട് ക്രൂരത. പൊരി വെയിലിൽ പിഞ്ചു കുഞ്ഞിനെ ഉപയോഗിച്ച് അഭ്യാസ പ്രകടനം നടത്തുന്നു. അഭ്യാസം കാണാനും നൂറുകണക്കിനാളുകളാണ് ചുറ്റും കുടിയിരിക്കുന്നത്.
കല്ലേറു നടത്തുന്നവരെ പ്രതിരോധിക്കാന്‍ കല്ലുമായി 1000 സന്യാസിമാർ കശ്മീരിലേക്ക്
കാൺപുർ: കല്ലേറു നടത്തുന്നവരെ പ്രതിരോധിക്കാന്‍ കല്ലുമായി 1000 സന്യാസിമാർ കശ്മീരിലേക്ക്. കാൺപുർ ആസ്ഥാനമായ ജൻ സേനയാണ് ഒരു ട്രക്ക് നിറയെ കല്ലുമായി 1000 സന്യാസിമാരെ കശ്മീരിലേക്ക് അയയ്ക്കുന്നത്. ആവശ്യമുള്ളത് അനുസരിച്ചു കൂടുതൽപ്പേരെ അയയ്ക്കുമെന്ന് ജൻ സേന തലവൻ ബാൽയോഗി അരുൺ പുരി ചൈതന്യ മഹാരാജ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇക്കാര്യത്തിൽ അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്നു പുരി അറിയിച്ചു. എന്നാൽ എന്തുവന്നാലും തങ്ങളുടെ സംഘം പോകും. തടഞ്ഞാൽ മറ്റു വഴികൾ തേടും. എങ്ങനെയെങ്കിലും കശ്മീരിലെത്തി സംഘടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോകുന്ന വഴി കൂടുതൽ കല്ലുകൾ ശേഖരിച്ചായിരിക്കും അവരുടെ യാത്ര. കശ്മീരിലെ വിഘടനവാദികൾ നടക്കുന്ന ആക്രമണത്തിനു തിരിച്ചടിയാണു സന്യാസികൾ നടത്തുക. ഇതിൽ 500 പേർ സൈനികരെ വധിച്ചു മൃതദേഹങ്ങൾ വികൃതമാക്കിയ കൃഷ്ണ ഘാട്ടിയിലേക്ക് പോകുമെന്നും പുരി അറിയിച്ചു.
പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കും : കരസേന മേധാവി ബിപിൻ റാവത്ത്
ന്യൂഡൽഹി: അതിർത്തി പ്രകോപനം തുടരുന്ന പാക്കിസ്ഥാനു ശക്തമായ തിരിച്ചടി നൽകുമെന്നു കരസേന മേധാവി ബിപിൻ റാവത്ത്. തിരിച്ചടി നൽകാൻ ഇന്ത്യ സജ്ജമാണ് സുരക്ഷ ശക്തമാക്കിയതായും അദേഹം പറഞ്ഞു. അതിനിടെ, ഷോപ്പിയാനിലെ 25 ഗ്രാമങ്ങളിൽ നാട്ടുകാരെ ഒഴിപ്പിച്ച സൈന്യം ഭീകരർക്കായി പരിശോധന നടത്തി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കശ്മീരിൽ പരിശോധനകള്‍ നടത്തിയതെന്ന് റാവത്ത് അറിയിച്ചു.
ബാങ്കുകൾ കൊള്ളയടിക്കപ്പെടുകയാണ്. പൊലീസുകാർ കൊല്ലപ്പെടുന്നു. ഇതുകൊണ്ടാണ് പരിശോധനകൾ നടത്തിയത്. ഭീകരവിരുദ്ധ പോരാട്ടം ശക്തമാക്കാനുള്ള നടപടികൾ എടുത്തു – റാവത്ത് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം തെക്കൻ ഷോപ്പിയാനിലെ കോടതി സമുച്ചയം സംരക്ഷിക്കുന്ന പൊലീസ് പോസ്റ്റിൽ അതിക്രമിച്ചുകയറിയ ഭീകരർ ആയുധങ്ങൾ തട്ടിയെടുത്തിരുന്നു.
സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ടോമിന്‍ തച്ചങ്കരി പൊലീസ് ആസ്ഥാനത്ത് എഡിജിപി; അനില്‍കാന്ത് വിജിലന്‍സ് എഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് അഴിച്ചുപണി. സുപ്രിം കോടതി വിധിയു-aടെ അടിസ്ഥാനത്തില്‍ ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയായി സര്‍ക്കാര്‍ ഉടന്‍ നിയമിക്കുമെന്നാണ് വിവരം. ഇതിന് മുന്നോടിയായിട്ടുള്ള അഴിച്ചു പണിയാണ് നടന്നതെന്നാണ് സൂചന. പൊലീസിന്റെ സൈബര്‍ വിഭാഗം മേധാവിയായ ടോമിന്‍ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചു.
അനില്‍കാന്തിനെ വിജിലന്‍സ് എഡിജിപി യായി നിയമിച്ചു. ഐജി ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് മാറ്റി നിയമിച്ചിട്ടുണ്ട്. ഷെഫീന്‍ അഹമ്മദ് ആംഡ് ബെറ്റാലിയന്‍ ഡിഐജിയായി. ഹരിശങ്കറിനെ പൊലീസ് ആസ്ഥാനത്ത് ഐജിയാക്കി.
മുഹമ്മദ് ഷെബീര്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയാകും. എറണാകുളം റേഞ്ച് ഐജി പി വിജയന് കോസ്റ്റല്‍ പൊലീസിന്റെ അധികച്ചുമതല നല്‍കിയിട്ടുണ്ട്.
ചോദ്യം ചെയ്യലിന് ഇനി ശാസ്ത്രീയ രീതി
കണ്ണൂർ: ഇടിമുറിയും സ്റ്റേഷനിലെ ലോക്കപ്പ് മുറിയും ഇല്ല ,പ്രതികളെ ചോദ്യം ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി ആധുനിക രീതിയിലുള്ള ചോദ്യം ചെയ്യൽ മുറി പ്രവർത്തനമാരംഭിച്ചു. എ ആർ ക്യാമ്പിലെ ഒന്നാം നിലയിലാണ് ജില്ലാ പോലീസ് സേനയിൽ ആദ്യമായി ശാസ്ത്രീയ ഇന്റോരാഗേഷൻ മുറി ആരംഭിക്കുന്നത്.
പ്രതിയെ ചോദ്യം ചെയ്യുമ്പോൾ പ്രതിയുടെ ഭാവമാറ്റവും പെരുമാറ്റ രീതികളുമൊക്കെ അവരുടെ ശ്രദ്ധയിൽപ്പെടാതെ നിരീക്ഷിക്കാനും തെളിവുകൾ ശേഖരിക്കുന്നതിനും സാധിക്കുന്ന രീതിയിലാണ് മുറി തയ്യാറാക്കിയിരിക്കുന്നത്.
മുറിയുടെ ഒരു ഭിത്തിയുടെ ഭാഗം കണ്ണാടി ഉപയോഗിച്ചാണുള്ളത്. കണ്ണാടിക്ക് പുറത്തുള്ളവരെ പ്രതികൾക്ക് കാണാനാകില്ല. ചോദ്യം ചെയ്യൽ റെക്കോർഡ് ചെയ്യുന്നതിനും പിന്നീട് ആവശ്യമെങ്കിൽ വിശകലനം ചെയ്യുന്നതിനും ഉള്ള സൗകര്യവും മുറികളിൽ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽ നിന്നും വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുള്ളവരെ ഇവിടെ എത്തിക്കും. ഐ ജി പി വിജയനാണ് മുറി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യൽ മുറിയുടെ ഉദ്‌ഘാടനം കണ്ണൂർ റേഞ്ച് ഐ ജി മഹിപാൽ യാദവ് നിർവഹിച്ചു എസ് പി ശിവവിക്രം അധ്യക്ഷത വഹിച്ചു.
‘അപ്പക്കൂട് പെരുമ’ ഉത്ഘാടനം
തലശ്ശേരി: തലശ്ശേരി നഗരസഭയുടെ നൂറ്റി അൻപതാം വാർഷിക ഭാഗമായി നഗരസഭാ ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘അപ്പക്കൂട് പെരുമ 2017 ‘ കേക്കിന്റെ നാടായ തലശ്ശേരിക്ക് കൗതുകമായി. കേരളാ കേക്ക് അസോസിയേഷൻ സംഘടിപ്പിച്ച അപ്പക്കൂട് പെരുമ രാഗേഷ് എം പി ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സി കെ രമേശൻ അധ്യക്ഷത വഹിച്ചു.