കൊച്ചി: കൊച്ചി മെട്രോയിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ ആരംഭിക്കും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററിനുള്ളിലായിരിക്കും പരീക്ഷണ ഓട്ടം നടക്കുന്നത്. 11 സ്റ്റേഷനുകളാണ് ആലുവ-പാലാരിവട്ടം റൂട്ടിലുള്ളത്. അനുമതിയോടൊപ്പം ഗുണനിലവാര സര്‍ട്ടിഫിക്കറ്റു കൂടി കിട്ടിയതോടെ മെട്രോ യാത്ര സര്‍വീസുകള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ സാധിക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചിരുന്നു.
നീറ്റ് പരീക്ഷ : നാല് അധ്യാപികമാർക്ക് സസ്‌പെൻഷൻ
കണ്ണൂർ: നെറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തിൽ നാല് അദ്ധ്യാപികമാർക്ക് സസ്‌പെൻഷൻ. ഇൻവിജിലേറ്റർമാരായി ജോലിയിലുണ്ടായിരുന്ന പയ്യന്നൂർ കുഞ്ഞിമംഗലം റിസ്ക് സ്കൂൾ അദ്ധ്യാപികമാരെയാണ് സ്കൂൾ മാനേജ്‌മന്റ് ഒരു മാസത്തേക്ക് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഷീജ, ഷാഹിന, ബിന്ദു ,ഷഫീന എന്നിവർക്കെതിരെയാണ് നടപടി. സംഭവം വിവാദമായതോടെ സർക്കാർ അടിയന്തിരമായി ഇടപെടുകയും കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ഇൻവിജിലേറ്റർമാരായ അധ്യാപികമാരെ സസ്‌പെൻഡ് ചെയ്തത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സ്കൂൾ പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ കൂടെ റിപ്പോർട്ട് കിട്ടിയ ശേഷം തുടർനടപടി ഉണ്ടാവുമെന്ന് സ്കൂൾ മാനേജ്‌മന്റ് അറിയിച്ചു. നീറ്റ് പരീക്ഷയ്ക്കെത്തിയ തങ്ങളെ ഇൻവിജിലേറ്റർമാർ നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ചെന്നാണ് ചില വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ.
പുഞ്ചിരിക്കൂ ; അഭിരുചിയ്ക്കനുസരിച്ച് തൊഴിൽ തിരഞ്ഞെടുക്കാം
കണ്ണൂർ: പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അഭിരുചിയ്ക്കനുസരിച്ച് തൊഴിൽ തിരഞ്ഞെടുക്കാൻ ;സ്‌മൈൽ’ ക്യാമ്പുമായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം(അസാപ്). സംസ്ഥാന ഉന്നത പൊതു വിദ്യാഭ്യാസ വകുപ്പുകൾ ചേർന്നാണ് സ്‌മൈൽ എന്ന പേരിൽ മുന്ന് ദിവസത്തെ സൗജന്യ റെസിഡൻഷ്യൽ ക്യാമ്പ് ജി എച്ച് എസ് എസ് കൊട്ടിലയിൽ ആരംഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാർത്ഥികളാണ് ക്യാമ്പ് അംഗങ്ങൾ.പ്രമുഖരുമായുള്ള സംവാദം,സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ സെഷനുകൾ തുടങ്ങിയവയും ജില്ലയിലെ ഏക ക്യാമ്പിൽ നടക്കും.
വിദ്യാർത്ഥികളുടെ വസ്ത്രമഴിച്ച് പരിശോധന; ഖേദം പ്രകടിപ്പിച്ച് സി ബി എസ് ഇ
ന്യൂഡൽഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയ സംഭവം നിർഭാഗ്യകരമെന്ന് സി ബി എസ് ഇ . കണ്ണൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വസ്ത്രമഴിച്ച് ചില വിദ്യാർത്ഥിനികളെ പരിശോധിച്ച സംഭവത്തിൽ കുട്ടികളോട് പ്രിൻസിപ്പൽ നിരുപാധികം മാപ്പ് പറയണമെന്നും സി ബി എസ് സി നിർദേശിച്ചു.
മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെ തന്നെ വിശ്വാസയോഗ്യമായ പരീക്ഷാ നടത്താൻ നടപടിയെടുക്കുമെന്നും പ്രശ്നങ്ങൾക്ക് കാരണം ചിലരുടെ അമിതാവേശമാണെന്നും സി ബി എസ് ഇ അറിയിച്ചു.
പരീക്ഷയുമായി ബന്ധപ്പെട്ട ഡ്രസ്സ് കോഡ് അടക്കമുള്ള മാനദണ്ഡങ്ങൾ ബുള്ളറ്റിനിലും വെബ്സൈറ്റിലും അഡ്മിറ്റ് കാർഡിലും ഇമെയിലിലും എസ് എം എസ് മുഖേനെയും വിദ്യാർത്ഥികളെ അറിയിച്ചിരുന്നുവെന്നും സി ബി എസ് ഇ അറിയിച്ചു.
ഹയർ സെക്കണ്ടറി പരീക്ഷാ ഫലം മെയ് 15ന്
തിരുവനന്തപുരം : ഹയർ സെക്കണ്ടറി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് വിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കും.
ഇന്ത്യയെ ആക്രമിക്കാൻ നിയന്ത്രണ രേഖയിൽ സ്ഥാപിച്ചിരുന്ന ബങ്കർ പട്ടാളം തകർത്തു
ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടരുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടി നൽകി ഇന്ത്യ. നിയന്ത്രണ രേഖയിൽ ഇന്ത്യയെ ആക്രമിക്കാൻ സ്ഥാപിച്ചിരുന്ന പാക്ക് ബങ്കർ ഇന്ത്യൻ സേന പൂർണമായും തകർത്തു. മോട്ടോർ ഷെൽ ഉപയോഗിച്ചായിരുന്നു ആക്രമണം. അടുത്തിടെ പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് കടുത്ത പ്രകോപനങ്ങളാണ് ഉണ്ടായത്. തുടർന്നാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്കാൻ തീരുമാനിച്ചത്.
വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം വ്യാപകം; പരിശോധന ശക്തമാക്കി
തലശ്ശേരി: വിദ്യാർത്ഥികളിൽ വ്യാപകമാവുന്ന ലഹരി വസ്തു ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ലഹരി വസ്തുക്കൾ പിടികൂടാൻ പരിശോധന ശക്തമാക്കി. തലശ്ശേരി പരിസരത്തെ എല്ലാ സ്കൂൾ പരിസരത്തെയും കടകളിൽ നഗരസഭാ ആരോഗ്യ വിഭാഗം പരിശോധന നടത്തി കഴിഞ്ഞു.
നഗരസഭാ ആരോഗ്യ വിഭാഗം ലഹരി വസ്തുക്കൾ പിടികൂടിയാൽ പിഴ ഈടാക്കി പിടികൂടിയ വസ്തുക്കൾ നശിപ്പിക്കാനേ ഇവർക്ക് അധികാരമുള്ളൂ. അതിനാൽ ഒരിക്കൽ ലഹരി വസ്തു പിടികൂടുന്ന ഉടമ പിഴ ഒടുക്കിയ ശേഷം വീണ്ടും ഈ രംഗത്ത് കച്ചവടം പൊടി പിടിക്കുകയാണ്.ഇക്കാര്യം മനസ്സിലാക്കിയ ആരോഗ്യ വിഭാഗം നാർക്കോട്ടിക് വകുപ്പ് പ്രകാരം കേസെടുത്തു എക്സൈസ് വകുപ്പിന് കൈമാറാനുള്ള നടപടികൾ ആരംഭിച്ചു. എക്സൈസ് ഇത്തരം കേസുകൾ കൈകാര്യം ചെയ്‌താൽ ലഹരി വസ്തുക്കൾ പിടിച്ചെടുക്കുന്ന കടയുടമകൾക്ക് തടവ് ശിക്ഷ ലഭിക്കുകയും ചെയ്യും.
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി
കണ്ണൂർ : നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ചതായി പരാതി. പരീക്ഷാ ഹാളിലേക്ക് കയറുന്നതിന്റെ തൊട്ടു മുന്നേ ആയിരുന്നത്രേ ഈ പീഡനം. ഡ്രസ്സ് കോഡിന്റെ പേരിലായിരുന്നു ലജ്‌ജാകരമായ ഈ നടപടി. അതെ സമയം നിയമപ്രകാരം സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായുള്ള നടപടികളെ സ്വീകരിച്ചുള്ളു എന്നാണ് അധികൃതരുടെ നിലപാട്. പരിശോധനയ്ക്കിടെ മെറ്റൽ ഡിറ്റക്ടറിൽ നിന്ന് ബീപ്പ് ശബ്ദം വന്നപ്പോഴാണ് അടിവസ്ത്രം ഉൾപ്പെടെ ഉള്ള വസ്ത്രങ്ങൾ ഊരി പരിശോധിച്ചത്. പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വിദ്യാർത്ഥി തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മയും പരാതി ഉന്നയിച്ചു. പരീക്ഷ ചുമതല ഉള്ളവർ അടിവസ്ത്രം നിർബന്ധിച്ച് ഊരിപ്പിച്ചു എന്നാണ് മകൾ പറഞ്ഞതെന്നും ‘അമ്മ പറഞ്ഞു.
മെറ്റൽ ബട്ടൺ ഉള്ള ജീൻസ് ധരിച്ച് പരീക്ഷ ഹാളിലേക്ക് കടക്കാൻ അനുവദിക്കാത്തതിനാൽ ഒരു പെൺ കുട്ടിയുടെ പിതാവിന് അവസാന നിമിഷത്തിൽ കടകളായ കടകൾ അലഞ്ഞു നടന്ന് കട തുറപ്പിച്ച് പുതിയ വസ്ത്രം വാങ്ങിക്കേണ്ട ഗതികേടുണ്ടായി. ഉടുപ്പിന്റെ നീണ്ട കൈ വെട്ടിച്ചുരുക്കിയ ശേഷം മാത്രമേ മറ്റൊരു പെൺകുട്ടിയെ പരീക്ഷ ഹാളിലേക്ക് കയറ്റിയുള്ളു.
പൊതു കുളം ശുചീകരിക്കാൻ ജനമൈത്രി പോലീസും
കാഞ്ഞങ്ങാട് : ജലസ്രോതസ്സുകൾ സംരക്ഷിക്കാനുള്ള നാട്ടുകാരുടെ ഉദ്യമത്തിന് പിന്തുണയുമായി ഹൊസ്ദുർഗ് ജനമൈത്രി പോലീസും രംഗത്ത് വന്നു. അജാനൂർ പടിഞ്ഞാറേക്കര പാലക്കി വീട്ടിലെ കുളത്തിലെ ചെളി നീക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർക്ക് ജനമൈത്രി പോലീസ് തുണയായത്. മോട്ടോർ ഉപയോഗിച്ച് കുളത്തിലെ വെള്ളം വറ്റിച്ച ശേഷം ജെ സി ബി ഉപയോഗിച്ച് ചെളി നീക്കം ചെയ്തു. അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരൻ ഉദ്‌ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പോലീസ് സബ് ഇൻസ്‌പെക്ടർ സി കെ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.
ട്രെയിനുകളിൽ ടി ടി ഇ മാരുടെ ചൂഷണം തുടരുന്നു
കണ്ണൂർ: വേനലവധി വന്നതോടെ ട്രെയിനുകളിൽ കനത്ത തിരക്ക് തുടങ്ങി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യുന്നവർ ഇത് മൂലം കടുത്ത ദുരിതത്തിലാണ്. റിസർവേഷൻ ടിക്കറ്റ് എടുത്ത് കൺഫോം ആവാതെ ആർ എ സി , വൈറ്റിംഗ് ലിസ്റ്റ് തുടങ്ങിയ വിഭാഗത്തിൽ പെടുന്നവരെ മറയാക്കി പകൽക്കൊള്ള നടത്തുകയാണ് ടി ടി ഇ മാർ. ട്രെയിൻ പുറപ്പെട്ടതിന് ശേഷം ബർത്തുകൾ ഒഴിവുവരുന്ന മുറയ്ക്ക് ഇത് ആർ എ സി ടിക്കെറ്റുള്ളവർക്ക് നൽകണമെന്നാണ് നിയമം.
ആർ എ സി ടിക്കെറ്റുകൾ പൂർണമായും ഒഴിവായ ശേഷം പിന്നീട് വരുന്ന ഒഴിവുകൾ വെയ്റ്റിംഗ് ലിസ്റ്റ് യാത്രക്കാർക്കും മുൻഗണന അടിസ്ഥാനത്തിൽ നൽകണം. എന്നാൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കെറ്റുമായി വരുന്നവരെ സ്ലീപ്പർ ക്ലാസ്സിൽ കയറാൻ പോലും പല ടി ടി ഇ മാരും സമ്മതിക്കുന്നില്ല. ഇവരെ തിങ്ങി ഞെരുങ്ങുന്ന ജനറൽ കൊച്ചിലേക്ക് ആട്ടി ഓടിക്കുകയാണ്. ഇതിനു ശേഷമാണ് ഇവരുടെ പകൽ കൊള്ള തുടങ്ങുന്നത്.