മുംബൈ: എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള സര്‍ക്കുലര്‍ എസ്ബിഐ ഭാഗികമായി തിരുത്തി. നേരത്തേ എല്ലാ എടിഎം ഇടപാടുകള്‍ക്കും പണം ഈടാക്കുമെന്നാണ് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇപ്പോൾ മാസത്തില്‍ ആദ്യത്തെ നാല് എടിഎം ഇടപാടുകള്‍ സൗജന്യമാക്കി. നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നാണ് എസ്ബിഐ വൃത്തങ്ങള്‍ പറയുന്നത്. ജൂണ്‍ ഒന്നു മുതല്‍ സൗജന്യ എടിഎം സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു എന്നാണ് നേരത്തേ പുറത്തുവന്ന സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഓരോ ഇടപാടിനും 25 രൂപ വീതം ചാര്‍ജ് ചാര്‍ജ് ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കും; എൽ ഡി എഫ്
കണ്ണൂര്‍: ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍.ഡി.എഫ്. ജില്ലാകമ്മിറ്റി തീരുമാനിച്ചു.മേയ് 25 മുതലുള്ള ഓരാഴ്ചയാണ് സര്‍ക്കാരിന്റെ വാര്‍ഷികാചരണം നടക്കുന്നത്. 30-ന് കണ്ണൂരില്‍ ബഹുജനറാലി സംഘടിപ്പിക്കും. എല്‍.ഡി.എഫുമായി സഹകരിക്കുന്ന എല്ലാപാര്‍ട്ടികളെയും റാലിയില്‍ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു.
വന്യമൃഗശല്യം തടയുന്നതിന് മുന്‍ഗണന നൽകും
ഇരിട്ടി: കൊട്ടിയൂര്‍, ആറളം വന്യജീവി സങ്കേതങ്ങളില്‍നിന്ന് ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്ന വന്യമൃഗങ്ങളെ തടയുന്നതിനുള്ള മതില്‍ നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന് വനം മന്ത്രി കെ.രാജു നിയമസഭയില്‍ അറിയിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സണ്ണി ജോസഫ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
പാലപ്പുഴയില്‍ വെളിച്ചെണ്ണനിര്‍മാണയൂണിറ്റ് ഉദ്ഘാടനം നാളെ
ഇരിട്ടി: ഇരിട്ടി താലൂക്കിലെ നാളികേര കര്‍ഷകരുടെ കൂട്ടായ്മയായ ഇരിട്ടി കൊക്കനട്ട് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി പാലപ്പുഴയില്‍ ഒന്നേക്കാല്‍ കോടി രൂപ ചെലവില്‍ നിര്‍മിച്ച കൊപ്ര ഡയറിന്റെയും വെളിച്ചെണ്ണനിര്‍മാണ യൂണിറ്റിന്റെയും ഉദ്ഘാടനം ശനിയാഴ്ച 2.30ന് സണ്ണി ജോസഫ് എം.എല്‍.എ. നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാളികേര കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുകയാണ് കമ്പനി കൊണ്ട് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. വെളിച്ചെണ്ണ മില്ലിന്റെ സ്വിച്ച് ഓണ്‍ കര്‍മം പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്നയും നിർവഹിക്കും.
രാജരാജേശ്വരക്ഷേത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് സര്‍ക്കാര്‍വക ഇടത്താവളം പണിയും
തളിപ്പറമ്പ്: രാജരാജേശ്വരക്ഷേത്രം അതിഥിമന്ദിരത്തിനുസമീപം അയ്യപ്പഭക്തര്‍ക്ക് സര്‍ക്കാര്‍വക ഇടത്താവളം പണിയും. ആധുനിക സൗകര്യങ്ങളോടെ നിര്‍മിക്കാനാണ് പദ്ധതി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന 11 ഇടത്താവളങ്ങളിലൊന്നായിരിക്കും ഇത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ഇടത്താവളത്തിനുള്ള സ്ഥലം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രണ്ടു വര്‍ഷത്തിനകം പണി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് സുപ്രീംകോടതി ആറുമാസത്തെ തടവിന് വിധിച്ച കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കര്‍ണന്റെ മാപ്പപേക്ഷ സുപ്രീംകോടതി തള്ളി. മെയ് ഒമ്പതിനാണ് ജഡ്ജിമാര്‍ക്ക് എതിരെയുള്ള പരാമര്‍ശങ്ങളെ തുടര്‍ന്ന് സുപ്രീംകോടതി ജസ്റ്റിസ് കര്‍ണന് തടവുശിക്ഷ വിധിച്ചത്. രാജ്യത്ത് ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യത്തെ സിറ്റിങ് ജഡ്ജിയാണ് കര്‍ണന്‍. എന്നാല്‍, ശിക്ഷാ വിധി വന്നതോടെ കര്‍ണന്‍ കൊല്‍ക്കത്ത വിടുകയായിരുന്നു. കൊല്‍ക്കത്ത പോലീസ് ജസ്റ്റിസ് കര്‍ണനായി തിരച്ചില്‍ നടത്തുകയാണ്. മാപ്പപേക്ഷ തള്ളിയതോടെ ജസ്റ്റിസ് കര്‍ണന്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങുമെന്ന് സൂചനയുണ്ട്.
മൊബൈൽ പ്രണയം വിവാഹത്തിലെത്തി; മുഹൂർത്ത സമയത് വരൻ വീട്ടിൽ കിടന്ന് നല്ല ഉറക്കം
ഉദിനൂർ: മൊബൈലിലൂടെ യുവതിയെ പ്രേമിച്ച യുവാവ് നിശ്ചയിച്ച വിവാഹ ദിവസം മുഹൂർത്തത്തിൽ വധു പന്തലിൽ കാത്തിരിക്കെ വീട്ടിൽ കിടന്ന് നല്ല ഉറക്കം. ബുധനാഴ്ചനടന്ന സംഭവത്തിൽ 200പേർക്ക് സദ്യയൊരുക്കി വധുവിന്റെ ആൾക്കാർ കാത്തിരിക്കുമ്പോൾ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ അറിഞ്ഞത് വരൻ കല്യാണത്തിൽ നിന്ന് പിന്മാറിയെന്നായിരുന്നു. തുടർന്ന് വധുവിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ യുവാവിനെതിരെ വഞ്ചന കുറ്റത്തിന് പോലീസ് കേസെടുത്തു .
കിനാത്തിൽ തൊട്ടുകരയിലെ ഐ സി ഷിജുവും(26) സമീപ പ്രദേശത്തെ യുവതിയും തമ്മിലുള്ള വിവാഹമാണ് മുഹൂർത്തത്തിൽ വരൻ എത്താതെ മുടങ്ങിയത്. വധുവിന്റെ വീട്ടുകാർ ഇയാളുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു പോലീസ് വീട്ടിലെത്തിയപ്പോൾ മാത്രമാണ് വരന്റെ വീട്ടുകാർ വിവരം അറിഞ്ഞത്. യുവാവും യുവതിയും തമ്മിൽ മിസ്സ്ഡ് കോൾ വഴിയാണ് പ്രണയത്തിലാവുന്നത്. തുടർന്ന് മൊബൈൽ വഴി തന്നെ വളർന്ന പ്രണയത്തിന്റെ ഒടുവിൽ യുവാവ് തന്നെ സ്വന്തം വീട്ടുകാരെ അറിയിക്കാതെ കല്യാണത്തിനുള്ള സ്ഥലവും തീയ്യതിയും നിശ്ചയിക്കുകയായിരുന്നു. ഇതനുസരിച്ച് പെൺ വീട്ടുകാർ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിൽ ബുധനാഴ്ച വിവാഹത്തിനുള്ള ഒരുക്കവും നടത്തി കാത്തിരിക്കുമ്പോഴാണ് വരൻ കാലുമാറിയത്.
കോട്ടയത്തെ ബി ജെ പി ഹർത്താൽ തുടരുന്നു
കോട്ടയം : കോട്ടയത്തു ബി ജെ പി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം നിരത്തിലിറങ്ങി. കെ എസ് ആർ ടി സി യും സർവീസ് നടത്തുന്നുണ്ട്. കുമരകം പഞ്ചായത്തിൽ ബി ജെ പി അംഗങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
ഐ ടി മേഖലയിൽ 56,000 പേർക്ക് തൊഴിൽ നഷ്ടമായേക്കും
ബെംഗളൂരു : അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് ഭാരണകൂടം വിസ നയങ്ങളിലും മറ്റും കാതലായ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതോടെ ഇന്ത്യയിലെ പ്രമുഖ ഐ ടി കമ്പനികളിൽ ഉള്ളവർക്ക് തൊഴിൽ നഷ്ടമായേക്കും. ഈ വർഷത്തോടെ ഏഴ് പ്രമുഖ ഐ ടി കമ്പനികൾ 56 ,000പേരെ പിരിച്ചു വിടുമെന്നാണ് റിപ്പോർട്ട്. ഇൻഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, എച് സി എൽ ടെക്നോളോജിസ്, യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് കോർപ്പറേഷൻ, ഡി എക്സ് സി ടെക്നോളജി ഫ്രാൻസ് ആസ്ഥാനമായ കാപ്ജൈമിനി എസ് എ എന്നിവയാണ് പിരിച്ചു വിടലിനൊരുങ്ങുന്നത്. ഈ കമ്പനികളിലായി 12ലക്ഷം ജീവനക്കാരാണുള്ളത്.
രാംകോ ഗ്രൂപ്പ് ചെയർമാൻ പി ആർ രാമസുബ്രമണ്യ രാജ അന്തരിച്ചു
ചെന്നൈ: പ്രമുഖ വ്യവസായിയും രാംകോ ഗ്രൂപ്പ് ചെയർമാനുമായ പി ആർ രാമസുബ്രമണ്യരാജ (82) നിര്യാതനായി. രോഗ ബാധിതനായി ചികിത്സയിലായിരുന്നു. രാജ്യത്തെ അഞ്ചാമത്തെ സിമന്റ് കമ്പനിയായ രാംകോ, കൂടാതെ രാംകോ സിസ്റ്റംസ്, രാംകോ ഇൻഡസ്ട്രീസ്, രാജപാളയം മിൽസ്, തഞ്ചാവൂർ സ്പിന്നിങ് മിൽസ് തുടങ്ങിയ കമ്പനികളുടെ മേധാവിയാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ തമിഴ്‌നാട്ടിലെ രാജപാളയത് നടക്കും. രാംകോ ഗ്രൂപ്പ് സ്ഥാപകൻ പി എ സി രാമസ്വാമി രാജയാണ് പിതാവ്.