കണ്ണൂർ: മന്ത്രി എം.എം.മണി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കെടുക്കുന്ന പരിപാടിയുടെ വേദിക്കു മുന്നിൽ .മണിയുടെ കോലം കത്തിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നീക്കം പോലീസ് തടഞ്ഞു. പ്രവർത്തകരുടെ കയ്യിലുണ്ടായിരുന്ന മന്ത്രിയുടെ കോലം പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ പൊലീസ് കോലം നശിപ്പിച്ചു. യൂത്ത് കോൺഗ്രസ് ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റിയടക്കം എട്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പൊതുപരിപാടികൾ കഴിയുന്നതു വരെ ടൗൺ പൊലീസ് സ്റ്റേഷനിൽ കരുതൽ തടങ്കലിൽ വച്ച പ്രവർത്തകരെ വൈകിട്ട് നാലിനു ജാമ്യത്തിൽ വിട്ടു.
പശുക്കൾക്കും ഇനി ആധാർ നിർബന്ധം
ന്യൂഡൽഹി: പശുക്കൾക്കും ആധാറിന് സമാനമായ തിരിച്ചറിയൽ രേഖ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങു. രാജ്യത്തെ എല്ലാ പശുക്കൾക്കും അവയുടെ പാരമ്പരകൾക്കും യു ഐ ഡി (യൂണിക്ക് ഐഡന്റിഫിക്കേഷൻ) നമ്പർ നൽകണമെന്നാണ് സമിതിയുടെ പ്രധാന ശുപാർശ. കടത്തുന്ന പശുക്കളെ എളുപ്പത്തിൽ കണ്ടെത്താൻ വേണ്ടിയാണിത്. പ്രായം, ഇനം, ലിംഗം, പാലുത്പാദനം, ഉയരം, നിറം,കൊമ്പിന്റെയും വാലിന്റെയും പ്രത്യേകത, പുള്ളികളും മറ്റ് അടയാളങ്ങളും എന്നീ വിവരങ്ങൾ തിരിച്ചറിയൽ രേഖയിൽ ഉൾപ്പെടുത്തണം. പശു സംരക്ഷണത്തിനും കാലിക്കടത്തു തടയുന്നതിനുമായി സുപ്രീം കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച നിർദേശമുള്ളത്.
ഈഡിസ് കൊതുകിന്റെ ലാർവയെ വീണ്ടും കണ്ടെത്തി
മട്ടന്നൂർ: ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകിന്റെ ലാർവയെ കഴിഞ്ഞ ദിവസവും മട്ടന്നൂരിൽ കണ്ടെത്തി. പോലീസ് ക്വാർട്ടേഴ്‌സ് പരിസരത്താണ് ആരോഗ്യ വകുപ്പ് കൊതുകിന്റെ സാന്നിധ്യം കണ്ടെത്തിയത്. കെട്ടിടങ്ങളുടെ മുകളിലും പ്ലാസ്റ്റിക് പാത്രങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് കൊതുക് പെരുകാൻ കാരണമാകുന്നുണ്ട്. ഡെങ്കി സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുറഞ്ഞെങ്കിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല.
കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ ഇനി സബ് ജയിൽ
കൂത്തുപറമ്പ്: കൂത്തുപറമ്പിൽ സബ് ജയിൽ അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. കുത്തുപറമ്പ പഴയ പോലീസ് സ്റ്റേഷനും സ്റ്റേഷനോട് ചേർന്ന് നേരത്തെ ഉണ്ടായിരുന്ന സബ് ജയിലും നവീകരിച്ചുകൊണ്ടാണ് പുതിയ ജയിൽ സ്ഥാപിക്കുക.
പെമ്പിളൈ ഒരുമൈ മണിയുടെ രാജിയാവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങി
തൊടുപുഴ∙ മൂന്നാറില്‍ മന്ത്രി എം.എം. മണിയുടെ രാജിയാവശ്യപ്പെട്ടു പെമ്പിളൈ ഒരുമൈയുടെ നേതാക്കളായ ഗോമതി, കൗസല്യ എന്നിവർ നിരാഹാര സമരം തുടങ്ങി. എം.എം. മണി മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും മാപ്പു പറയണമെന്നുമാണ് ആവശ്യം. സിപിഎമ്മുകാരുടെ ഭീഷണി ഭയന്ന് തൊഴിലാളികള്‍ സമരത്തില്‍നിന്നു വിട്ടുനിൽക്കുന്നത് കാരണം തൊഴിലാളികളുടെ കാര്യമായ പങ്കാളിത്തം ഉറപ്പാക്കാന്‍ സമരക്കാര്‍ക്കു കഴിഞ്ഞിട്ടില്ല എന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.
ഡേറ്റ ലയനം: നാലു ദിനം എസ്ബിഐയുടെ എടിഎം, ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും
തിരുവനന്തപുരം∙ എസ്ബിടി-എസ്ബിഐ ഡേറ്റ ലയനത്തിനു പിന്നാലെ മറ്റു നാല് അനുബന്ധ ബാങ്കുകളുമായി അക്കൗണ്ട് വിവരകൈമാറ്റം നടക്കുന്നതിന്റെ ഭാഗമായി മേയ് ആറ്, 13, 20, 27 തീയതികളിൽ എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് എന്നിവ നിശ്ചലമാകും. രാത്രി 11.30 മുതൽ പിറ്റേന്നു രാവിലെ ആറു വരെയാണ് ഇടപാടുകൾ സ്തംഭിക്കുക. എസ്ബിഐയുടെയും പഴയ എസ്ബിടിയുടെയും ശാഖകളും എടിഎമ്മുകളും ഇന്നലെ മുതൽ ഒറ്റ ശൃംഖലയിലാണു പ്രവർത്തിക്കുന്നത്. മൊബൈൽ ബാങ്കിങ് സംബന്ധിച്ച പരാതികളുമായി ഇന്നലെ ശാഖകളിൽ ഇടപാടുകാർ എത്തി. ഇവ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിയിട്ടുണ്ട്.
മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം∙ മന്ത്രി എം.എം. മണിക്കെതിരെ നിയമസഭയിൽ പ്ലക്കാർഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തിളത്തിലിറങ്ങി. മണി രാജിവയ്ക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നാണു പ്രതിപക്ഷം പ്രതിഷേധം നടത്തുന്നത്. ചോദ്യോത്തരവേള നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം, ചോദ്യോത്തരവേള നിർത്തിവയ്ക്കേണ്ട സാഹചര്യമില്ലെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. അടിയന്തരപ്രമേയം പരിഗണിക്കാമെന്നും സ്പീക്കർ വ്യക്തമാക്കി.
ജവാന്മാരെ ആക്രമിച്ചത് 300 ഓളം മാവോവാദികള്‍ ഉള്‍പ്പെട്ട സംഘം
സുക്മ: ഛത്തീസ്ഗഡിലെ സുക്മയില്‍ സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കുനേരെ ആക്രമണം . 150 ജവാന്മാര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് മാവോവാദികള്‍ ലക്ഷ്യംവച്ചത്. 26 ജവാന്മാര്‍ ഏറ്റുമുട്ടലിനിടെ വീരമൃത്യു വരിച്ചു. ജവാന്മാര്‍ നടത്തിയ വെടിവെപ്പില്‍ നിരവധി മാവോവാദികള്‍ കൊല്ലപ്പെട്ടുവെന്നും ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞു. ഗ്രാമവാസികളുടെ സഹായത്തോടെ ജവാന്മാരുടെ സാന്നിധ്യം കൃത്യമായി മനസിലാക്കിയ ശേഷമായിരുന്നു ആക്രമണമെന്നമെന്നാണ് ജവാന്മാരുടെ വെളിപ്പെടുത്തല്‍. മാവോവാദി ആക്രമണത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദജ്രമോദി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ് തുടങ്ങിയവര്‍ ശക്തമായി അപലപിച്ചു. ജവാന്മാരുടെ ധീരതയില്‍ അഭിമാനിക്കുന്നുവെന്നും അവരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.ഛത്തീസ്ഗഡിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം അദ്ദേഹം വിളിച്ചിട്ടുണ്ട്
ഏഴിമല നാവികഅക്കാദമിപ്ലാന്റ്: രമേശ് ചെന്നിത്തല കേന്ദ്രമന്ത്രിക്ക് കത്ത് നല്‍കി
കണ്ണൂര്‍: ഏഴിമല നാവികഅക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റിലിക്ക് കത്ത് നല്‍കി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ഇല്ലാതെ അശാസ്ത്രീയമായ നിലയിലുള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം കാരണം നാവിക അക്കാദമി മേഖലയിലെ ജനം ദുരിതത്തിലാണ്. നാട്ടുകാര്‍ രണ്ടു മാസമായി അക്കാദമിക്ക് മുന്നില്‍ സമരം നടത്തുകയാണ്.
പായത്ത് മദ്യശാല: പഞ്ചായത്തിലേക്ക് സര്‍വകക്ഷി മാര്‍ച്ചും ധര്‍ണയും
ഇരിട്ടി: പായം എരുമത്തടത്തില്‍ ബിവറേജസിന്റെ ചില്ലറമദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിന് അനുമതി നല്‍കാനുള്ള പഞ്ചായത്ത് നീക്കത്തിനെതിരേ ബുധനാഴ്ച രാവിലെ 11ന് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തില്‍ പായം പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. കണ്ണൂര്‍ കാല്‍ടെക്‌സില്‍ പ്രവര്‍ത്തിച്ചു!വന്നിരുന്ന ബിവറേജസിന്റെ മദ്യവില്‍പ്പനശാല കോടതിയുത്തരവിനെത്തുടര്‍ന്ന് ദേശീയപാതയോരത്തുനിന്ന് മാറ്റിയാണ് പായത്ത് സ്ഥാപിക്കുക.